സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ ബസ് ദുരന്തം. കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ നടുക്കം മാറും മുമ്പ് തിരുവനന്തപുരത്ത് നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കല്‍ മടവൂരിലാണ് സംഭവം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാല്‍വഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവര്‍ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു ഉടന്‍ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം.