ഡൽഹി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി, 10 വിമാനത്താവളങ്ങൾ അടച്ചു; 11 മണിക്ക് മന്ത്രിസഭാ യോഗം

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനമായ ഡൽഹിയടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കി. സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് സേനാ തലവൻമാരുമായും മന്ത്രി ചർച്ച നടത്തി
ഇന്ന് രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം നടക്കും. ജമ്മു കാശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. പത്ത് വിമാനത്താവളങ്ങൾ സുരക്ഷയെ മുൻനിർത്തി താത്കാലികമായി അടച്ചു. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്‌കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്
ഈ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി. വ്യോമഗതാഗതം ഭാഗികമായി താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു കാശ്മീരിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്