Novel

ശിശിരം: ഭാഗം 103

രചന: മിത്ര വിന്ദ

അങ്ങനെ മേടം മാസം ഒന്നാതീയതി,  മഞ്ഞിൽകുളിച്ചു ചെറിയ കുളിരും തണുപ്പുമൊക്കെ ചേർന്ന ആ പുലർകാലത്തു കണ്ണനെ കണിയക്കെ കണ്ടുകൊണ്ട് അവർ മൂവരും ഉമ്മറത്ത് നിന്നു.

അമ്മേ… ഐശ്വര്യമായിട്ട് കൈനീട്ടം തന്നെ,,

നകുലന്റെ ചോദ്യം കേട്ടപ്പോൾ ബിന്ദു പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി.

പോയ്‌ കുളിച്ചു ഐശ്വര്യമായിട്ട് വാ ചെക്കാ, എന്നിട്ടല്ലേ കൈനീട്ടം.
അവർ മകനെ നോക്കി കണ്ണുരുട്ടി..

ഇനിയിപ്പോ കിടന്നാലും ഉറക്കം വരില്ല,,, നേരമിത്രയും ആയില്ലേ
ബിന്ദു മുൻ വശത്തെ വാതിൽ അടച്ചു കുറ്റിയിട്ടു..

അമ്മുവും നകുലനും കൂടി തിരികെ റൂമിലേക്ക് കയറിപ്പോയി.

നകുലേട്ടന് പനി കുറവുണ്ടല്ലേ.
അവന്റെ നെറ്റിമേൽ തന്റെ കൈപത്തി വെച്ചു കൊണ്ട് അവൾ പരിശോധിച്ചു നോക്കി

ഹ്മ്മ്… പിന്നങ്ങനെ വല്യ കാര്യമായിട്ട് പനിച്ചില്ല പെണ്ണേ… മാറീന്നു തോന്നുന്നു.

കിടന്നിട്ട് ഉറക്കം വരാതെ അമ്മു എഴുന്നേറ്റു പോയ്‌ കുളിച്ചു വന്നപ്പോൾ നകുലനും വെറുതെ വാട്ട്‌സ്പ്പിൽ നോക്കി കിടക്കുകയാണ്

മരുന്നിന്റെ ആണോന്ന് അറിയില്ല, വല്ലാത്ത പരവേശം പോലെ തോന്നുന്നു.
അവളെ നോക്കി നകുലൻ പറഞ്ഞു

ഏട്ടന് ചായ എടുത്തോണ്ട് വരാം,ഒരഞ്ചു മിനുട്ട്,എന്ന് പറഞ്ഞുകൊണ്ട് അമ്മു അടുക്കളയിലേക്ക് പോയ്‌.
ബിന്ദു അപ്പോൾ കുളിച്ചു പൂജ മുറിയിൽ വിളക്ക് കൊളുത്തിയിരുന്നു.

അമ്മയിയുടെ അരികിലായി നിന്ന് അവളും പ്രാർത്ഥിച്ചു.

ആദ്യത്തെ കൈ നീട്ടം മോൾക്ക് ഇരിക്കട്ടെ..
ബിന്ദു  അവൾക്ക് 500ന്റെ ഒരു നോട്ടും കുറച്ചു നാണയങ്ങളും നൽകി.

അവൾ അവരുടെ കാലിൽ തൊട്ടു അനുഗ്രഹവും വാങ്ങി..
അമ്മുനെ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ അവർ ഒരു മുത്തം നൽകി..

എന്റെ മോൾക്ക് എന്നും നല്ലതേ വരൂ…..
വാത്സല്യത്തോടെ അവർ പറഞ്ഞപ്പോൾ അമ്മുന്റെ മിഴികൾ അറിയാതെ നിറഞ്ഞു.

മോൾടെ അമ്മയ്ക്ക് പകരമാവാനൊന്നും ഞാൻ ആളല്ല…കേട്ടിട്ടില്ലേ പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ലെന്ന്…. അത് സത്യ തന്നെയാ കേട്ടോ..എന്നാലും എന്നും നീയെനിക്ക് പ്രിയപ്പെട്ടവൾ ആണ് കുഞ്ഞേ,,, ഈ കുടുംബത്തിന്റെ ഐശ്വര്യം തന്നെയാണ് നീയ്..

അവളുടെ കവിളിൽ ഒന്ന് തലോടിയവർ പറഞ്ഞപ്പോൾ അമ്മു മന്ദഹസിച്ചു…
എന്നിട്ട് അവൾ ബിന്ദുനെ കെട്ടിപിടിച്ചു അവരുടെ കവിളിലും മാറി മാറി മുത്തം കൊടുത്തു.

ആഹ്, അമ്മേം മോളും കൂടി ഇവിടെ സ്നേഹ പ്രകടനം നടത്തിയ്ക്കോ, ബാക്കിയുള്ളോൻ ഇത്തിരി കട്ടൻചായ പറഞ്ഞിട്ട് നേരം എത്രയായീന്നോ…

നകുലന്റെ ശബ്ദം കേട്ടതും രണ്ടാളും അകന്നു മാറിയത്.

കോണിപ്പടി ഇറങ്ങി വന്ന ശേഷം അവരെ മാറി മാറി നോക്കി പേടിപ്പിച്ചു കൊണ്ട് അവൻ കൈയും കെട്ടി നിൽപ്പുണ്ട്..

യ്യോ…. സോറി നകുലേട്ടാ..ഇപ്പൊ തരാം..
അവൾ പെട്ടന്ന് അടുക്കളയിലേയ്ക്ക് ഓടി.

എന്താട…..

മകന്റെ നോട്ടം കണ്ടുകൊണ്ട് ബിന്ദു അവനെ നോക്കി..

ഹേയ് ഒന്നുല്ല… രണ്ട്പേരുടേം സ്നേഹം കണ്ടു കണ്ണു നിറഞ്ഞു പോയ്‌….
അവൻ തന്റെ കണ്ണു തുടയ്ക്കുന്നത് പോലെ കാണിയ്ക്കുകയാണ്

പോടാ കളിയാക്കാതെ..വല്യ തമാശയാണെന്ന അവന്റെ വിചാരം….

തമാശയൊന്നുമല്ല, സീരിയസ് ആയിട്ട് ആണ്….

ഓഹ്… ആയിക്കോട്ടെ കേട്ടോ..നല്ല അസ്സലായിട്ടുണ്ട്.

അമ്മയും മകനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ,കുടിക്കുവാനുള്ള ചായയുമായി അമ്മു അവരുടെ അരികിലേക്ക് വന്നു.

അവന്റെ കൂടാതെ ബിന്ദുവിനും അമ്മു ചായ എടുത്തു കൊണ്ടുവന്നിരുന്നു.

കാലത്തെ തന്നേ ശ്രീജയുടെ ഫോൺ കാൾ എത്തി. മകളോട് സംസാരിച്ചു കൊണ്ട് ബിന്ദു സെറ്റിയിൽപോയിരുന്നു.

****
മേടയിൽ വീട്ടിലും വല്യ ആഘോഷം ആയിരുന്നു.

കാലത്തെ മുതൽ ശ്രുതിയും മീനാക്ഷിയിം അടുക്കളയിലുണ്ട്.

സാമ്പാറും തോരനും പുളിശ്ശേരിയും ഒക്കെ അവർ ഉണ്ടാക്കി വെച്ചു.
പക്ഷെ അവിയൽ…. അത് അത്ര കാര്യമായിട്ട് ഉണ്ടാക്കാൻ രണ്ടാൾക്കും വശമില്ല..
ശ്രുതി മീനാക്ഷിയെ നോക്കി എന്തോ കണ്ണ്കൊണ്ട് ആംഗ്യം കാണിച്ചു.

അത് വേണോ ശ്രുതി..

വാ.. എന്തായാലും നോക്കാം… കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.

ശ്രുതി അടക്കം പറഞ്ഞപ്പോൾ മീനാക്ഷി ചിരിച്ചു.

അമ്മ വിഷുകൈനീട്ടം ഒക്കെ തന്ന സ്ഥിതിക്ക്, വല്യ പ്രശ്നം കാണില്ലന്നെ… നീ വാ..

മീനാക്ഷിയുടെ കൈയിൽ പിടിച്ചു കൊണ്ട് ശ്രുതി ഗിരിജയുടെ മുറിയിലേക്ക്പോയി.

അമ്മേ……

ശ്രുതി വിളിച്ചതും അവർ മുഖമുയർത്തി നോക്കി.

ഹ്മ്മ്… എന്താ ശ്രുതി.

അതമ്മേ, ഞങ്ങൾക്ക് അവിയൽ ഉണ്ടാക്കുവാൻ വശമില്ല.. ഒന്ന് വരാമോ…..കഷ്ണങ്ങളൊക്കെ നുറുക്കി വെച്ചേക്കുവാ.

അല്പം മടിച്ചു ആണെങ്കിലും ഒടുവിൽ ശ്രുതി ചോദിച്ചു.

ആഹ് വന്നേക്കാം, പ്രിയ ഇപ്പൊ വിളിക്കും അവളോട് ഒന്ന് സംസാരിയ്ക്കട്ടെ, എന്നിട്ടാവാം.

ഗിരിജയുടെ മറുപടി കേട്ടതും ശ്രുതിയ്ക്കും മീനാക്ഷിയ്കും സന്തോഷമായി.

അപ്പോളേക്കും പ്രിയയുടെ കാൾ വന്നു.

അവളോട് വിശേഷം ഒക്കെ ചോദിച്ച ശേഷം ഗിരിജ അടുക്കളയിലേക്ക് പോയി.

***
രസവും ഉള്ളിതീയലും, മാങ്ങാ അച്ചാറും, കാബ്ബേജ് തോരനും ആയിരുന്നു ബിന്ദു ഉണ്ടാക്കിയത്.
സതി പോയതു കൊണ്ട് അവിടെ വല്യ കാര്യമായിട്ട് ഒന്നും തന്നേ ചെയ്തില്ല. അത് വേണ്ടന്നു ഉള്ളത് നേരത്തെ അവർ തീരുമാനിച്ചതായിരുന്നു

മൂവരും ഒന്നിച്ചിരുന്നു ഉച്ചയ്ക്ക് ഊണ് കഴിച്ചത്.

അതിന് ശേഷം നകുലൻ വെറുതെ കവല വരെ ഒന്ന് പോയ്‌.

അവന്റെ കുറച്ചു കൂട്ടുകാർ ഉണ്ടായിരുന്നു.

ഇത്തിരി നേരം സൊറ പറഞ്ഞു ഇരുന്നപ്പോൾ അമ്മുന്റെ ഫോൺ കാൾ വന്നു.

ഏട്ടാ… പനി ഉള്ളതല്ലേ, ഇതെവിടെ…

ഞാനീ കവലേൽ ഉണ്ട് പെണ്ണേ, പെട്ടന്ന് വന്നേക്കാം..

ഹ്മ്മ്… അമ്മ പറഞ്ഞു കല്യാണ വീട് വരെ ഒന്ന് പോകണമെന്ന്.. ചുമ്മാ ഒന്ന് പോയിട്ട് വരട്ടെ..

ഞാനും കൂടി വന്നിട്ട് നമ്മുക്ക് ഒരുമിച്ചു പോകാമമ്മു..

ആഹ് എന്നാൽ ശരി, ഏട്ടൻ വാ. നമ്മുക്ക് എല്ലാവർക്കും കൂടിപ്പോകാം.

അവൾ ഫോൺ കട്ട്‌ ചയ്തു.

പിന്നീട് നകുലൻ വന്ന ശേഷം ആയിരുന്നവർ കല്യാണ വീട്ടിലൊക്കെ പോയതും.

അങ്ങനെ വിഷുവും കഴിഞ്ഞ്,അടുത്ത ദിവസം കല്യാണവും കൂടിയിട്ട് ആയിരുന്നു നകുലനും അമ്മുവും എറണാകുളത്തേയ്ക്ക് തിരിച്ചു പോയതും…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button