ശിശിരം: ഭാഗം 108
രചന: മിത്ര വിന്ദ
ഫോൺ ബെല്ലടിച്ചപ്പോൾ ആയിരുന്നു നകുലനും അമ്മുവും അകന്നു മാറിയത് പോലും.
അമ്മയാണ്.. നീ എടുത്തു പറയ്, സന്തോഷം ആകട്ടെ.
അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി.
നകുലേട്ടൻ പറയു, എനിയ്ക്കൊരു ചമ്മൽ പോലെ…
പിന്നെ… അമ്മ ഇതൊന്നും അറിയാത്ത ആളല്ലേ, നിന്ന് കിണുങ്ങാതെ അങ്ങോട്ട് പറ പെണ്ണെ..
അവൻ കോൾ അറ്റൻഡ് ചെയ്ത് അവളുടെ കാതിലേക്ക് ചേർത്തുവച്ചുകൊടുത്തു.. എന്നിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി
ഹലോ… അമ്മായി.
ആഹ് മോളെ, നിങ്ങൾ എവിടെയാണ് രണ്ടുപേരെയും മാറിമാറി വിളിക്കാൻ തുടങ്ങിയിട്ട് നേരം എത്രയായി…ഞാനെന്തോരം വിഷമിച്ചുന്നറിയാമോ,
ബിന്ദുവിന്റെ പരിഭവം അമ്മു കേട്ടു..
അമ്മായി ഞങ്ങൾ ഹോസ്പിറ്റലിൽ വരെ ഒന്ന് പോയതായിരുന്നു.ഇപ്പോ തിരിച്ചെത്തിയതേയുള്ളൂ.
യ്യോ ഹോസ്പിറ്റലിലോ എന്നാ പറ്റി മോളെ..അവൻ എന്തിയേ..
ഏട്ടൻ അപ്പുറത്തുണ്ട്, വേറെ കുഴപ്പമൊന്നുമില്ല അമ്മായി ഞങ്ങൾ ഇപ്പോൾ വീട്ടിൽ വന്നു കേറി
എന്തുപറ്റി മോളെ. എന്തിനാടി നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയത്..
അത് പിന്നെ എനിക്കൊരു തലകറക്കം പോലെ വന്നു..
യ്യോ… എന്നിട്ടോ.. ഡോക്ടർ എന്ത് പറഞ്ഞു.
കുഴപ്പമൊന്നുമില്ലമ്മായി, ഈ മാസം എനിക്ക് പീരീഡ്സ് ആയില്ലായിരുന്നു, അങ്ങനെ ഒന്ന് ചെക്ക് ചെയ്തപ്പോൾ റിസൾട്ട് പോസിറ്റീവ് ആണ്, വിശേഷം ഉണ്ടെന്ന ഡോക്ടർ പറഞ്ഞത്.
അവൾ വിക്കി വിക്കി പറയുന്ന കേട്ടപ്പോൾ, ബിന്ദു ആണെങ്കിൽ ഒരൊറ്റ കരച്ചിലായിരുന്നു.
ന്റെ മുരുകാ… പ്രാർത്ഥന കേട്ടല്ലോ നീയ്….. എന്റെ മകന് ഒരു കുഞ്ഞിനെ കൊടുക്കണേന്നു ഞാൻ എന്നും പ്രാർത്ഥിക്കുവാരുന്നു. ഇപ്പോഴെങ്കിലും ഈ സന്തോഷ വാർത്ത നീ അറിയിച്ചു തന്നല്ലോ
അത് പറഞ്ഞു അവർ വിതുമ്പി.
അമ്മുവിനും സങ്കടമായി,അവളുടെ മിഴികളും നിറഞ്ഞൊഴുകി.
ഡോക്ടർ എന്തു പറഞ്ഞു മോളെ, വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.
ഇല്ല അമ്മായി ഒരു കുഴപ്പവുമില്ല,പിന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ടില്ല കേട്ടോ, നാളെ കാലത്തെ ചെല്ലുവാനാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്. ഞങ്ങൾ കാഷ്വാലിറ്റിയിൽ ആയിരുന്നു പോയത് .
ആ നാളെ പോയാൽ മതി മോളെ, നിനക്ക് പിന്നെ തലകറക്കം വല്ലതുമുണ്ടായോ. സൂക്ഷിക്കണേ മോളെ, നകുലൻ പോയിക്കഴിഞ്ഞാൽ നീ ഒറ്റക്കല്ലേ ഉള്ളൂ, നാളെ ഡോക്ടറെ കണ്ടിട്ട് രണ്ടാളും കൂടി ഇങ്ങോട്ട് പോരെ, മോൾ ഇനി ഇവിടെ നിന്നാൽ മതി.. ഈ സമയത്തൊക്കെ അമ്മമാര് കൂടെയുണ്ടാവണം, ഇല്ലെങ്കിൽ ശരിയാവില്ല…നകുലിന് ജോലി ഉള്ളതുകൊണ്ട് അവന് ഇവിടെ നിൽപ്പൊന്നും പറ്റില്ലല്ലോ.
അവരതു പറയുകയും അമ്മുവിന്റെ മുഖം മങ്ങി. കാരണം നകുലനെ വിട്ടിട്ട് പോകുന്നത് അവൾക്ക് ചിന്തിക്കാൻ കൂടി വയ്യ..
എന്തായാലും നാളെ ഹോസ്പിറ്റലിൽ ചെല്ലട്ടെ അമ്മായി,എന്നിട്ട് എങ്ങനെയാണെന്ന് വെച്ചാൽ തീരുമാനിക്കാം.
ആഹ്
അത് മതി, എന്തെങ്കിലും കഴിച്ചോ മോളെ നീയ്.
ഇല്ല ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു എനിക്ക് ക്ഷീണം തോന്നിയത്. പിന്നെ പെട്ടെന്ന് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു.
അവൻ എന്തിയേ,ഒന്ന് കൊടുത്തേ മോളെ.
ആഹ് ഇപ്പോൾ കൊടുക്കാം… അവൾ നകുലനെ റൂമിൽ നിന്നു വിളിച്ചു.
അമ്മേ ചെടികൾക്കൊക്കെ വെള്ളം ഒഴിക്കുകയാണെന്ന് തോന്നുന്നു. ഏട്ടൻ പുറത്താണല്ലോ.
എങ്കിൽ പിന്നെ ഞാൻ അവനെ വിളിച്ചോളാം.. സുകുമാരിയമ്മയോട് ഒക്കെ ഈ വിവരം പറഞ്ഞോ മോളെ.
ഇല്ലമ്മേ ആരോടും പറഞ്ഞില്ല.ഞങ്ങൾ ഇപ്പോഴാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇനി നകുലേട്ടൻ അവിടേക്ക് പോയതാണോന്നുമറിയില്ല.
ആഹ്.. എന്നാപ്പിന്നെ മോളു വെച്ചോ, എന്നിട്ട് കുറച്ച് സമയം റസ്റ്റ് എടുക്കാൻ നോക്ക്. എന്നെങ്കിലും ഒക്കെ വയറു നിറച്ച് കഴിച്ചോണം കേട്ടോ .തളർച്ചയാണ് ക്ഷീണമാണ് എന്നും പറഞ്ഞ് ഇരുന്നു പോയേക്കരുത്.
ഇല്ലമ്മേ ഞാൻ ശ്രദ്ധിച്ചോളാം.
അവരോട് ഇത്തിരി നേരം കൂടി സംസാരിച്ച് അമ്മു ഫോൺ കട്ട് ചെയ്തു..
അതിനുശേഷം അവൾ ശ്രീജയെ വിളിച്ചു, അപ്പോഴേക്കും ശ്രീജ തുള്ളിച്ചാടുകയായിരുന്നു.
എന്തുപറ്റിയെന്ന് ചോദിച്ചു ശ്രീജയുടെ അമ്മായിയമ്മ അവളുടെ അടുത്തുനിന്ന് ബഹളം കൂട്ടി.ഇതൊക്കെ കേട്ടുകൊണ്ട് അമ്മു നിറഞ്ഞ സന്തോഷത്തോടെ നിൽക്കുകയാണ്.
അവളോട് വീഡിയോ കോളിൽ വരാൻ ശ്രീജ ആവശ്യപ്പെട്ടപ്പോൾ ഇത്തിരി കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് അമ്മു ഒഴിഞ്ഞുമാറി.
എന്നിട്ട് ഫോൺ കട്ട് ചെയ്തു. ഈ കോലത്തിൽ എങ്ങാനും ശ്രീജ ചേച്ചി എന്നെ കണ്ടാൽ.
അവൾ സ്വയം ഒന്നു നോക്കി.
എന്നിട്ട് വേഗം ഡ്രസ്സ് മാറി അവൾ പുറത്തേക്ക് ഇറങ്ങിപ്പോയി. നകുലനെ വിളിച്ചിട്ടൊന്നും അവൻ വിളി കേട്ടില്ല.
മിക്കവാറും സുകുമാരി ആന്റിയോട് പറയുവാനായി പോയതായിരിക്കും എന്ന് അവൾ ഊഹിച്ചു.
അടുക്കളയിലേക്ക് ചെന്ന് ചോറ് കറികളും ഒക്കെ ഒന്ന് ചൂടാക്കുവാനായി വച്ചു.
ഇത്തിരി കട്ടൻ ചായ കുടിക്കാം എന്നോർത്ത് അല്പം വെള്ളം തിളപ്പിക്കാൻ ആയി വെച്ചിട്ട് വീണ്ടും ഉമ്മറത്തേക്ക് വന്നു നോക്കി.
അപ്പോഴാണ് കാർ അവിടെ കിടപ്പ് ഇല്ലല്ലോ എന്ന് പോലും അമ്മൂ ശ്രദ്ധിച്ചത്.
ഈ നകുലേട്ടൻ ഇത് എവിടെ പോയതാ,,,,
അവൾ ഇത്തിരി നേരം ഉമ്മറത്ത് നിന്ന് ശേഷം അകത്തേക്ക് കയറി വാതിൽ അടച്ചു.
രണ്ടാൾക്കും ഉള്ള കട്ടൻ ചായ എടുത്തു വെച്ചപ്പോഴാണ് വണ്ടി വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടത്.
വാതിൽ തുറന്നപ്പോൾ രണ്ടുമൂന്ന് കവറുകളും ആയി കയറിവരുന്ന നകുലനെയാണ് അവൾ കണ്ടത്.
ഇതെന്താണ് ഏട്ടാ ഇതെല്ലാം,ശോ..
അവൻ ടേബിളിൽ കൊണ്ടുവന്ന നിർത്തിയ സ്വീറ്റ്സൊക്കെ കണ്ട് അമ്മു ഞെട്ടി നിൽക്കുകയാണ്.
ലഡുവും ജിലേബിയും ഹൽവയും,ചിപ്സും ചക്ക വറുത്തതും,എന്ന് വേണ്ട കുറെയേറെ സാധനങ്ങൾ ഉണ്ടായിരുന്നു.
അതിനോടൊപ്പം ഒരു ബട്ടർസ്കോച്ചിന്റെ കേക്കും ഉണ്ടായിരുന്നു.
എന്റെ നകുലേട്ടാ ഇത് എന്തൊക്കെയാണെന്ന്… ഇതെല്ലാം ആര് കഴിച്ച് തീർക്കും.
അവൾ അവനെ നോക്കി താടിക്ക് കയ്യും കൊടുത്തു നിൽക്കുകയാണ്.
അപ്പോഴേക്കും സുകുമാരിയാന്റിയും മോഹൻദാസ് അങ്കിളും കൂടി അവരുടെ അടുത്തേക്ക് കയറി വന്നു.
കൺഗ്രാജുലേഷൻസ് അമ്മുക്കുട്ടി… ഞാൻ പറഞ്ഞിരുന്നില്ലേ,, zഅധികം ദിവസങ്ങളുടെ ഒന്നും ആവശ്യമില്ല, ഉടനെ തന്നെ ഒരു കുഞ്ഞുവാവ വരുമെന്ന്.
ആന്റി വന്നു അവളെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഉമ്മ വച്ചു.
മോഹൻദാസ് വാത്സല്യത്തോടെ നോക്കിയപ്പോൾ അമ്മുവിനാണെങ്കിൽ വല്ലാത്ത നാണമായിരുന്നു…..തുടരും………