ശിശിരം: ഭാഗം 112

രചന: മിത്ര വിന്ദ
അമ്മുവിന് ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങൾ വലിയ കുഴപ്പമില്ലതെ കടന്നു പോയി.കാലത്തെ എഴുന്നേറ്റു വരുമ്പോൾ ഒരല്പം ക്ഷീണം, വോമിറ്റിംഗ്.. അങ്ങനെയൊക്കെ. കുറച്ചു കഴിഞ്ഞു അവൾ ഓക്കേയാകും.
നകുലൻ പോകുന്ന നേരം ആകുമ്പോൾ അമ്മുന്റെ ക്ഷീണമൊക്കെ മാറി അവൾ ഉഷാറാകും. അത് കണ്ടിട്ട് അവൻ ഇറങ്ങുവൊള്ളൂ.
പിന്നെ ഉപദേശങ്ങൾ ഏറെ പകർന്നു കൊടുക്കുമെങ്കിലും സുകുമാരിയാന്റി ഉള്ളത് നല്ലോരു സഹായമായിരുന്നമ്മുവിന്.
അവർ സദാ നേരവും അവളുടെ അടുത്ത് കാണും. അതുകൊണ്ട് സത്യത്തിൽ നകുലനും ഒരു സമാധാനമായിരുന്നു
അങ്ങനെ മൂന്നാമത്തെ ചെക്ക്പ്പിന് വേണ്ടി അമ്മുവും നകുലനും കൂടി പോയിട്ട് വന്ന ശേഷമായിരുന്നു അവൾക്ക് പതിവില്ലാതെ ശർദി തുടങ്ങിയത്.
യാത്ര ചെയ്ത കൊണ്ട് ആവുമെന്ന് കരുതി രണ്ടാളും അതത്ര കാര്യമാക്കി എടുത്തില്ല.
എന്നാൽ പിന്നീട് അങ്ങോട്ട് അത്യാവശ്യം നല്ല രീതിയിൽ അമ്മുന് ശർദി ആരംഭിച്ചു.
കാലത്തെ എഴുന്നേറ്റ് കഴിഞ്ഞാൽ, നിർത്താതെ ശർദ്ദി തന്നെ. ക്ഷീണം കാരണം അവൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി. ഒന്നിടവിട്ട ദിവസങ്ങളിൽ നകുലൻ അമ്മുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ് ഇട്ടു തിരിച്ചു കൊണ്ട് വരും.
സുകുമാരിയാന്റിയും അങ്കിളും കൂടി അവരുടെ മകളുടെ അടുത്തേക്ക് പോകുകയും കൂടി ചെയ്തപ്പോൾ അമ്മുന് ഒരു കൂട്ടിനു ആരും ഇല്ലാരുന്നു.
അങ്ങനെ നാട്ടിൽ നിന്നും ബിന്ദു മരുമകളെ നോക്കുവാനായി എത്തി.
അവർ വന്നപ്പോൾ അവൾക്കാശ്വാസം ആയത് പോലും.
മിക്കവാറും ദിവസങ്ങളിൽ അമ്മു ഹോസ്പിറ്റലിൽ ആയിരുന്നു.
രണ്ടാളെയും ഹോസ്പിറ്റലിൽ ഇറക്കിയ ശേഷം, നകുലൻ ഓഫീസിലേക്ക് പോകുന്നത്.
ഫ്ലൂയിഡ് ഒക്കെ കേറ്റി, എന്തെങ്കിലും ഭക്ഷണം ഒക്കെ കഴിച്ച് വൈകുന്നേരം ആകുമ്പോൾ നകുലൻ ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് വീട്ടിലേക്ക് പോകുന്നത്.
ഒരു മാസത്തോളം അങ്ങനെയായിരുന്നു കാര്യങ്ങൾ.
ഇടയ്ക്ക് ഒന്ന് രണ്ട് ദിവസത്തേക്ക് ശ്രീജ അമ്മുവിന്റെ അടുത്തു വന്നപ്പോൾ ബിന്ദു നാട്ടിലേക്ക് ഒന്ന് പോയിവന്നു.
അമ്മു ഭക്ഷണം ഒന്നും കഴിക്കാതെ ഒരുപാട് ക്ഷീണിച്ചു.. അവൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊണ്ടു വരുമെങ്കിലും മിട്ടായി പോലും വായിലിടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അമ്മു.
ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ അവൾക്ക് ശർദ്ദിയാണ്..
ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കും.. അസറ്റോൺ 2പ്ലസ്….
സിസ്റ്റർ പറയുമ്പോൾ അമ്മുവിന് അറിയാം കുറഞ്ഞത് ഒരു മൂന്നു ഫ്ലൂയ്ഡ് എങ്കിലും അവൾക്ക് ഇന്ന് എടുക്കേണ്ടി വരുമെന്ന്.
ഫുഡ് കഴിക്കാത്തത് കൊണ്ട് കൈയിലെ വെയ്ൻ ഒന്നും കാണാൻ പോലും കഴിയില്ല.അതുകൊണ്ട് ഏറെ പാട് പെട്ടായിരുന്നു കാനുലയൊക്കെ ഇടുന്നത് പോലും.
പാവം അമ്മു സുചി കാണുമ്പോൾ അവളെ വിറയ്ക്കാൻ തുടങ്ങും.
പക്ഷെ എല്ലാം തന്റെ കുഞ്ഞിന് വേണ്ടിയാണല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു.
അങ്ങനെയിരിക്കെ നകുലന് രണ്ടുമൂന്നു ദിവസത്തെ അവധി കിട്ടി. എന്നാൽ പിന്നെ താൻ ഒന്ന് വീട് വരെ പോയിട്ട് വരാം, എല്ലാം ഇട്ടെറിഞ്ഞു പോന്നതല്ലേ,കിഴക്കേ പാടത്ത് നാളികേരം ഒക്കെ പിരിക്കാറായിട്ടുണ്ട്, അതൊക്കെ മമ്മദ് മാപ്പിളയ്ക്ക് പിരിച്ചു കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്എന്ന് പറഞ്ഞ് ബിന്ദു നാട്ടിലേക്ക് പോരുകയും ചെയ്തു.
വീടും കാര്യങ്ങളൊക്കെ നോക്കുവാനായി അയൽ വീട്ടിലെ സ്ത്രീയെ ബിന്ദു ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ടിട്ട് പോകും. അതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല എന്ന് കരുതിയാണ് ബിന്ദു വന്നതും.
നന്നായി മഴ പെയ്തു തോർന്നു കിടക്കുകയായിരുന്നു,ചായിപ്പിന്റെ ഒരു വശത്തായി അല്പം വെള്ളം വീണു കിടന്നത് ബിന്ദു കണ്ടില്ല…എന്തോ എടുക്കുവാനായി അവിടേക്ക് പോയ ബിന്ദു വെള്ളത്തിൽ തെന്നി വീണു.
സഹായത്തിനു ഉണ്ടായിരുന്ന പെൺകുട്ടി എല്ലാവരെയും വിളിച്ച് ബഹളം വെച്ചാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.
അവിടെ ചെന്നപ്പോൾ അവരുടെ ഇടത് കൈക്ക് ഒടിവ് ഉണ്ടെന്ന് x ray എടുത്ത ഡോക്ടർ പറഞ്ഞു.
ഓപ്പറേഷൻ വേണമായിരുന്നു
അമ്മയ്ക്ക് വയ്യന്നറിഞ്ഞ് നകുലൻ അവരെ കാണുവാൻ വേണ്ടി എത്തി.
എന്നാൽ അവനു ഒപ്പം നിൽക്കുവാനൊന്നും പറ്റിയ സാഹചര്യമല്ലായിരുന്നു.
കാരണം അമ്മു അവിടെ ഒറ്റയ്ക്ക്.
അങ്ങനെ നാട്ടിലേക്ക് ശ്രീജയെ കൊണ്ടുവരുവാൻ തീരുമാനിച്ചു.
ഓപ്പറേഷൻ ചെയ്തതിനാൽ മൂന്നുമാസത്തെ റസ്റ്റ് വേണമായിരുന്നു ബിന്ദുവിന്.
അങ്ങനെ ആകെ കൂടി ഓരോരോ പ്രശ്നങ്ങൾ..
അമ്മുന്റെ കാര്യം ഓർക്കുമ്പോൾ ആയിരുന്നു ഏറെ വിഷമം.
സുകുമാരിയാന്റി ഇല്ലാത്തത് കൊണ്ട് പകലൊക്കെ അവൾ ഒറ്റയ്ക്ക് ആയി.
ഒരാഴ്ചയോളം അമ്മു അങ്ങനെ തനിച്ചായിരുന്നു.
പിന്നീട് നകുലൻ വർക്ക് ഫ്രം ഹോം എടുത്തു ജോലി തുടർന്നു.
അപ്പോൾപിന്നെ അമ്മുന് ഒരു സഹായത്തിനു നകുലൻ കൂടെ ഉണ്ടായിരുന്നു.
ദിവസംങ്ങൾ മുന്നോട്ട് പോയ്‌കൊണ്ടേയിരുന്നു.
രാത്രി ആകുമ്പോൾ അമ്മുന് ക്ഷീണം കൂടും.
കാലുകൾക്കൊക്കെ വല്ലാത്ത കടച്ചിലാണ്,ഒരുപാട് ബലം കൊടുക്കാതെ നകുലൻ അവൾക്ക് നന്നായി തിരുമ്മി കൊടുക്കും.
അമ്മുന് ഇത് അഞ്ചാം മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ വീർത്ത വയറിൽ തലോടിക്കൊണ്ട് നകുലൻ അങ്ങനെ കിടക്കും.
കുഞ്ഞാണെങ്കിൽ ചെറുതായി അനക്കമൊക്കെ വെച്ചിട്ടുണ്ട്.
അവന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞിന് അറിയാം.ആ ഒരു തുടിപ്പ് അമ്മുവും നകുലനും നോക്കി കാണും.
അതൊക്കെ കാണുന്നതായിരുന്നു രണ്ടാളുടെയും സന്തോഷം.
എത്ര വയ്യെങ്കിലും അമ്മുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും.
അവളെയിം ചേർത്തു പിടിച്ചുകൊണ്ട് നകുലൻ അങ്ങനെ കിടക്കും.
അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ മെല്ലെയോടി നടക്കും.
സത്യത്തിൽ അമ്മു പലപ്പോളും ഓർത്തിട്ടുണ്ട് നകുലേട്ടൻ എത്രമാത്രമാണ് തന്നേ സ്നേഹിക്കുന്നതെന്നു.
തന്റെ സതിയമ്മ ഉണ്ടായിരുന്ന്ങ്കിൽ ഇതുപോലെ ആയിരിക്കുമെന്ന് അവൾ ചിന്തിക്കും.
ഒരു സ്ത്രീയ്ക്ക് ഒരേ സമയം ഒരു നല്ല മകളാകാനും അമ്മയാകാനും സഹോദരിയാകാനും, ഭാര്യയാകാനും, മരുമകളാകനും ഓക്കേ കഴിയും….അതുപോലെ തന്നേയാണ് പുരുഷനും.
തന്റെ അമ്മ അല്ലെങ്കിൽ തനിക്കൊരു കൂടപ്പിറപ്പ് ഉണ്ടെകിൽ അവർ, ഒക്കെ ഈ സമയത്തു ചെയ്തു തരേണ്ട കാര്യങ്ങളാണ് നകുലേട്ടൻ തനിക്ക് ചെയ്ത് തരുന്നതും,തന്നേ ശുശ്രുഷിയ്ക്കുന്നതു…അതും ഈ ജോലിത്തിരക്കിന്റെ ഇടയിൽ പോലും
ചില ദിവസങ്ങളിൽ ഹോസ്പിറ്റലിൽ നിന്നും വന്നു കഴിഞ്ഞു ജോലിയ്‌ക്ക് കേറുന്നത്.
ആ ജോലി കഴിയുമ്പോൾ നേരം വെളുക്കും.താൻ സുഖമായി ഉറങ്ങുമ്പോളൊക്കെ പാവം ഏട്ടൻ ഉറക്കംവെടിഞ്ഞു ജോലിയിലാണ്.
എന്നിട്ടും ഒരു മടിയും കൂടാതെ അടുക്കളയിൽ കയറി തനിക്ക് കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കി വെയ്ക്കും.
അത്രമേൽ തനിക്ക് വയ്യാത്തത് കൊണ്ടാണ്.അല്ലായിരുന്നുങ്കിൽ നകുലേട്ടനെ ഇങ്ങനെ കഷ്ടപ്പെടുത്തത്തില്ലായിരുന്നു.
അവനെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ മിഴികൾ ഈറനണിഞ്ഞു.
അമ്മു…..നകുലൻ വിളിച്ചപ്പോൾ അവൾ കണ്ണു നിറച്ചുകൊണ്ട് അവനെ നോക്കി.
എന്താടാ… എന്ത് പറ്റി.
അവൻ അമ്മുനെ നോക്കി.
ഹേയ് ഒന്നുല്ല… വെറുതെ ഓരോന്ന് ഓർത്തു പോയ്.
അവൾ അവനെ നോക്കിയൊന്നു പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
വെറുതെ നുണ പറയരുത്,എന്തുപറ്റി? എന്താണ് എന്റെ അമ്മൂസിനിത്ര സങ്കടം….
അവളുടെ താടി പിടിച്ച് മേൽപ്പോട്ടുയർത്തി..
നകുലേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അല്ലേ.. എനിക്ക് സത്യം പറഞ്ഞാൽ ഒട്ടും വയ്യാത്തതുകൊണ്ടാണ്, അല്ലായിരുന്നെങ്കിൽ നകുലേട്ടനെ ഇങ്ങനെയിട്ട് കഷ്ടപ്പെടുത്തത്തില്ലായിരുന്നു..
അത് പറയുകയും വീണ്ടും അവളുടെ മിഴികൾ നിറഞ്ഞു.
എനിക്ക് കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ ഉണ്ടെന്ന് നിന്നോട് ആരാ അമ്മൂസെ പറഞ്ഞത്..
ശാസനയോടേ അവൻ അവളെ നോക്കി.
എന്റെ പ്രാണൻ അല്ലേടി നീയ്, എന്റെ രക്തത്തെയല്ലേ നീയീ ഉദരത്തിൽ പേറിയിരിക്കുന്നത്. എത്രമാത്രം വേദന സഹിച്ചാണ് നീ കടന്നു പോകുന്നത്, പച്ചവെള്ളം പോലും കുടിയ്ക്കാൻ പറ്റാതെ നേരെ ചൊവ്വേ ഒരു ഭക്ഷണം പോലും കഴിക്കാണ്ട് നിയ് വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് അതിലേറെ സങ്കടമാ… പിന്നെ എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയാണല്ലോ എന്നോർത്ത് ആണ് സമാധാനം.നമ്മുടെ മുത്തിന്റെ മുഖം ഒന്നു കാണാൻ വേണ്ടിയല്ലേ നമ്മൾ രണ്ടാളും കാത്തിരിയ്ക്കുന്നത്. അതിനിടയ്ക്ക് ഇങ്ങനെ വേണ്ടാത്ത ഒരു ചിന്തയും പാടില്ല കേട്ടോ..
അമ്മുനെ ചേർത്തു പിടിച്ചു ആ നെറുകയിൽ ചുണ്ടമർത്തികൊണ്ട് അവൻ പറഞ്ഞു ……തുടരും………