ശിശിരം: ഭാഗം 121
രചന: മിത്ര വിന്ദ
ശ്രീജയും പാറുക്കുട്ടിയും പോയതോടെ അമ്മുവിന് വല്ലാത്ത സങ്കടമായി.
ഈയൊരു സമയത്ത്, ഒരു സ്ത്രീയുടെ സഹായവും സാന്നിധ്യവും ഒക്കെ ഏറ്റവുമാവിശ്യമാണ്. പക്ഷേ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. തന്റെ അമ്മയുണ്ടായിരുന്നു എങ്കിൽ ഇങ്ങനെയൊരു അവസ്ഥ തനിക്ക് വരില്ലായിരുന്നു.
അമ്മു സങ്കടത്തോടെ കിടക്കുകയാണ്.
അമ്മുസേ……
നകുലൻ വിളിച്ചതും അവൾ മുഖം തിരിച്ചു നോക്കി.
ഹ്മ്മ്…
നീയെന്താ ഇങ്ങനെ കിടക്കുന്നത്. എന്തെങ്കിലും വയ്യാഴികയുണ്ടോടാ.
ഹേയ്.. കുഴപ്പമില്ല.. ശ്രീ ചേച്ചി പോയപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം പോലെ. ചേച്ചി ഉണ്ടല്ലോ എന്ന് കരുതി ഞാൻ സമാധാനിച്ചിരിക്കുകയായിരുന്നു. ഇതിപ്പോ നമുക്ക് ആരും ഇല്ലാത്ത അവസ്ഥയായല്ലോ ഏട്ടാ..
എടി പെണ്ണേ,,, ഈ നിൽക്കുന്ന നിന്റെ കെട്ടിയോൻ പോരേടി നിനക്ക്.. എന്തിനും ഏതിനും തയ്യാറായിട്ട് നിൽക്കുവല്ലേ നിന്റെ നകുലേട്ടൻ. പിന്നെന്തിനാ എന്റെ കൊച്ചിന് ഇത്രയ്ക്ക് സങ്കടം.. ദേ പൂവമ്പഴം പോലെ ഇരിക്കുവല്ലേ നമ്മുടെ കുഞ്ഞുവാവ.. നോക്കിയേടി.. എന്തൊരു സുന്ദരിക്കുട്ടിയാണന്നു.
നകുലൻ കുഞ്ഞിന്റെ കവിളിൽ ഒന്ന് തൊട്ടു നോക്കിയതും അവിടമാകെ റോസ് നിറമായി മാറി.
കണ്ണു വെക്കല്ലേ നകുലേട്ടാ.. കഷ്ടമുണ്ട് കേട്ടോ..
അവൾ നകുലിനെ നോക്കി നെറ്റി ചുളിച്ചു.
ഒന്ന് പോടീ… ഞാൻ അങ്ങനെ പറഞ്ഞു എന്ന് കരുതി, എന്താ ഇപ്പൊ സംഭവിക്കുന്നത് ഒന്ന് നോക്കട്ടെ.. അച്ഛടെ ചുന്ദരി വാവയല്ലേ ഇത്…
നകുലൻ ഒന്നുകൂടി തൊട്ടതും കുഞ്ഞ് ഞെട്ടി ഉണർന്ന് കരഞ്ഞു.
കണ്ടോ… മര്യാദയ്ക്ക് കിടന്നുറങ്ങിയ കുഞ്ഞാണ്..ഈ നകുലേട്ടന്റെ ഒരു കാര്യം. എനിക്കാണെങ്കിൽ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്.
അമ്മു മെല്ലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ തുടങ്ങിയതും നകുലൻ അവളെ താങ്ങിയിരുത്തി.
സോറി അമ്മു… റിയലി സോറി, ഇത്ര പെട്ടെന്ന് വാവ ഉണരുമെന്ന് ഞാൻ ഓർത്തില്ലടാ..
മറുപടിയായി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചിട്ട് അമ്മു കുഞ്ഞിനെ തന്റെ മടിയിലേക്ക് വെച്ചു.
എന്നിട്ടൊരുപ്രകാരത്തിൽ പാലുട്ടിയത്.
***
ശ്രീജയും കുട്ടിയും നാട്ടിലേക്ക് തിരിച്ചു പോരുകയാണെന്ന് അറിഞ്ഞതും ബിന്ദുവിനു പിന്നെയും ടെൻഷനായി. നകുലനെ കൂടെ കൂടെ അവർ വിളിച്ചുകൊണ്ടേയിരുന്നു.
അമ്മ യാതൊന്നും ഓർത്ത് സങ്കടപ്പെടേണ്ടെന്നും, താനൊരു ഏജൻസിയിൽ വിളിച്ച് അമ്മുവിന്റെയും കുഞ്ഞുവാവയുടെയും കാര്യം നോക്കുവാനായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അവൻ അറിയിച്ചു.
നകുലിന്റെ ഫ്രണ്ട് ആയ രാഹുൽ ആയിരുന്നു അവന് ഏജൻസിയിലെ നമ്പർ കൊടുത്തത്. അവന്റെ വൈഫിന്റെ ഡെലിവറി കഴിഞ്ഞ നേരത്ത് , ഇതുപോലെ ഒരു സ്ത്രീയെ അമ്മയുടെയും കുഞ്ഞിനെയും കാര്യങ്ങളൊക്കെ നോക്കുവാനായി , ഏജൻസി വഴിയാണ് അവർ റെഡിയാക്കിയത്. പ്രസവനന്തര ശുശ്രൂഷകൾ മാത്രം നന്നായി നോക്കി കൈകാര്യം ചെയ്യുന്ന ചില സ്ത്രീകൾ ഉള്ളതുകൊണ്ട് സിറ്റിയിലെ ആ ഏജൻസിയ്ക്ക് വളരെ ഡിമാൻഡ് ആണ്..
വീട്ടിൽ നിന്ന് താമസിക്കണമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിനെയും കാര്യങ്ങൾ നോക്കി അവർ തിരിച്ചു പോകും.
ഇതിപ്പോ നകുലനെ സംബന്ധിച്ച്,ഫുൾടൈം കൂടെയുള്ള ആള് വേണമായിരുന്നു.. അടുക്കളയിലെ സഹായത്തിനും കൂടി, അവർ നിൽക്കണം. പിന്നെ നകുലൻ രണ്ടാഴ്ച ലീവ് എടുത്തു. അതിൽ ഇപ്പോൾ തന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഇനി ഒരു പത്ത് ദിവസം കൂടി ബാക്കിയുള്ളൂ, അതിനുശേഷം അവൻ ജോലിക്ക് പോകുമ്പോൾ അമ്മുവും കുഞ്ഞും ഒറ്റയ്ക്കാകും. അതുകൊണ്ടാണ് മൂന്നുമാസത്തേക്ക് സ്ഥിരമായിട്ട് ഒരാളെ വിട്ടു നൽകണമെന്ന് അവൻ ഏജൻസിയിൽ അറിയിച്ചത്.
അതിൻപ്രകാരം ജയന്തി എന്ന പേരുള്ള ഒരു സ്ത്രീയെ ആയിരുന്നു അവർ അയച്ചത്.
അമ്മുവിന്റെയും കുഞ്ഞിനെയും അരികിൽ നിന്നും മാറാൻ സാധിക്കാത്തതിനാൽ, നകുലൻ ഏജൻസി വഴി അറിയിച്ചു അവരെ ഒന്ന് വീട്ടിലേക്ക് ആക്കുവാൻ. രാഹുലിന്റെ കയ്യിൽ വീട്ടിലെ ചാവിയൊക്കെ അവൻ കൊടുത്തു വിട്ടിരുന്നു.
നാല് ദിവസങ്ങൾക്ക് ശേഷം അമ്മുവിനെയും കുഞ്ഞുവാവയെയും ഡിസ്ചാർജ് ആക്കിയിരുന്നു.
അവരെത്തുന്നതിനു മുന്നേ റൂമുകൾ ഒക്കെ ഒന്ന് ക്ലീൻ ചെയ്ത് ഇടണം. അതിനുവേണ്ടി ജയന്തി കാലത്തെ എത്തി. രാഹുൽ ഒപ്പമുള്ളതിനാൽ പിന്നെ നകുലിനെ ടെൻഷൻ ഇല്ലായിരുന്നു.
ഏകദേശം രണ്ടു മണിയോടുകൂടി അമ്മുവും കുഞ്ഞുവാവയുമൊക്കെ വീട്ടിലെത്തിച്ചേർന്നത്.
വീടും പരിസരവും ഒക്കെ നല്ല ക്ലീൻ ആയിട്ട് കിടക്കുന്നത് കണ്ടപ്പോൾ , നകുലനും അമ്മുവിനും സന്തോഷമായി.
രാഹുലും അവന്റെ ഭാര്യയും അവരെ സ്വീകരിക്കുവാനായി ഉണ്ടായിരുന്നു.
ജയന്തിയെ ആദ്യമായി കാണുകയായിരുന്നു അമ്മുവും നകുലിനും. ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് രണ്ടാൾക്കും അവരെ ഇഷ്ടമായി.
50 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു ചേച്ചി.
അമ്മു വണ്ടിയിൽ നിന്നിറങ്ങിയ പാടെ അവർ ഓടിച്ചെന്ന് കുഞ്ഞിനെ വാങ്ങി.
രാഹുലിനും വൈഫിനും ഡ്യൂട്ടിക്ക് കയറേണ്ടതിനാൽ, ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ച് പെട്ടെന്ന് തന്നെ അവർ മടങ്ങിപ്പോയി.
വന്നപാടെ വേഷമൊക്കെ മാറ്റിയ ശേഷം, അമ്മു ചെറു ചൂടുവെള്ളത്തിൽ ഒന്നു മേല് കഴുകി.
ജയന്തി ചേച്ചി വെള്ളമൊക്കെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.
മേല് കഴുകിയിറങ്ങിയപ്പോൾ അമ്മുവിനു ശ്വാസം നേരെ വീണത്..
ആ നേരത്ത് നകുലൻ കുഞ്ഞുവാവയെയും കളിപ്പിച്ചുകൊണ്ട് ബെഡിൽ ഇരിപ്പുണ്ട്.
കിടക്കവിരിയൊക്കെ ജയന്തി മാറ്റി വിരിച്ചിട്ടുണ്ട്. ജനാലകളൊക്കെ തുറന്നിട്ടതിനാൽ നല്ല വെട്ടവും വെളിച്ചവും ഒക്കെയായി റൂമിൽ. കുഞ്ഞാണെങ്കിലും അതൊക്കെ നോക്കി അങ്ങനെ കിടക്കുകയാണ്.
നകുലിനും കൂടി പോയി ഒന്നു കുളിച്ച് ഫ്രഷായി വന്നശേഷം ഇരുവരും ഊണ് കഴിക്കുവാനായി വന്നു.
ചോറും കറികളും ഒക്കെ ജയന്തി റെഡിയാക്കി വെച്ചിട്ടുണ്ട്.
ചെറുപയർ മെഴുക്കുപുരട്ടിയും, ഉള്ളി മുളകു കൂട്ടിയ ഒരു ചമ്മന്തിയും, കൂർക്ക തോരൻ വെച്ചതും ആയിരുന്നു കറികൾ.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ജയന്തിയെക്കുറിച്ച് കൂടുതലായി നകുലനും അമ്മുവും അന്വേഷിച്ചത്.
അവരുടെ വീട് ഏജൻസി ഓഫീസിന്റെ അടുത്താണ്, ഭർത്താവ് നാലുവർഷം മുന്നേ മരിച്ചുപോയി. മക്കൾ ആരുമില്ല. സ്വന്തം വീട്ടിലാണ് ചേച്ചിയുടെ താമസം.ഒറ്റയ്ക്കായതുകൊണ്ട്
ഇങ്ങനെ ഏതെങ്കിലും ഒക്കെ വീട്ടിൽ ജോലിക്ക് പോയിയാണ് കഴിയുന്നത്.. പിന്നെ അവരുടെ കുടുംബത്തിൽ മിക്കവരും പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികളെയും കുഞ്ഞിനെയും ഒക്കെ കുളിപ്പിക്കുവാൻ പോകുന്നതാണ്. അതുകൊണ്ട് ചേച്ചിക്ക് അതൊക്കെ നല്ല വശമുണ്ടായിരുന്നു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മുവിനും സന്തോഷമായി.
തനിയ്ക്ക്, കാര്യങ്ങളൊക്കെ ചെയ്തു തരുവാൻ ഈ ചേച്ചി ഉണ്ടല്ലോ എന്ന സമാധാനവും.
***
അമ്മുവിന്റെ ഡെലിവറി കഴിഞ്ഞന്നും, അവൾക്ക് പെൺകുട്ടി ജനിച്ചുവന്നുമൊക്കെ
യദുവും മീനാക്ഷിയും അറിഞ്ഞിരുന്നു.
പക്ഷേ നകുലിനും യദുവും തമ്മിൽ അന്ന് വഴക്കുണ്ടായതിൽ പിന്നെ ഇതേവരെയായിട്ടും നേരിട്ട് സംസാരിച്ചിട്ടില്ല.. അതുകൊണ്ട് യദുവിനു മടിയായിരുന്നു നകുലനെ വിളിക്കുവാൻ.
എന്നാലും കിച്ചനോട് ചോദിച്ച് അവൻ വിവരങ്ങളൊക്കെ തിരക്കി.
മീനാക്ഷിയും യദു
വും പല ഹോസ്പിറ്റലുകളിൽ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഇതുവരെയായിട്ടും വിശേഷം ഒന്നുമായിരുന്നില്ല. എല്ലാ മാസവും ഒരുപാട് പ്രതീക്ഷകളോടെ മീനാക്ഷി കാത്തിരിക്കും. എന്നാൽ ചുവപ്പ് രാശി പടരുമ്പോൾ മീനാക്ഷിയുടെ ഹൃദയം അലമുറയിടും.. പൊട്ടിക്കരഞ്ഞുകൊണ്ട് നാല് ചുവരുകൾക്കുള്ളിൽ കഴിയുവാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ.എങ്കിലും അവൾ അതൊന്നും യദുവിനെ അറിയിച്ചതും ഇല്ല. അവനും വിഷമമുണ്ട്. പക്ഷേ തങ്ങൾ രണ്ടാളും മാത്രം വിചാരിച്ചാൽ ഇതൊന്നും പൂർണ്ണതയിൽ എത്തുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ഈശ്വരനോട് പ്രാർത്ഥിച്ച് അവർ കഴിഞ്ഞു പോയി.
കിച്ചനും ശ്രുതിയും കുഞ്ഞുവാവയും ഒക്കെ അവന്റെ ജോലി സ്ഥലത്താണ് താമസം.
ഇടയ്ക്കൊക്കെ ഗിരിജ അവിടെ പോയി വരും. കുഞ്ഞുള്ളതുകൊണ്ട് ഗിരിജയ്ക്ക് ഭയങ്കര സന്തോഷമാണ് അവിടെ നിൽക്കുവാന്.. ഇപ്പൊ അവർക്കും ഒരുപാട് മാറ്റങ്ങളായി. കുഞ്ഞിന്റെ കളിയും ചിരിയും കൊഞ്ചലും ഒക്കെ കേട്ട് മിക്കവാറും ദിവസങ്ങളിൽ ഗിരിജ കിച്ചന്റെ വീട്ടിൽ കഴിഞ്ഞുകൂടും. ….തുടരും………