Novel

ശിശിരം: ഭാഗം 123

രചന: മിത്ര വിന്ദ

ജയന്തി ചേച്ചി എഴുതിക്കൊടുത്ത ലിസ്റ്റിൻ പ്രകാരമുള്ള മുഴുവൻ സാധനങ്ങളും വാങ്ങിക്കൊണ്ടാണ് നകുലൻ മടങ്ങിവന്നത്.
വലിയൊരു മൺകലത്തിൽ അമ്മുവിന് കുളിക്കുവാനുള്ള വെള്ളമൊക്കെ, മരുന്നുകളും പച്ചിലകളും ഒക്കെ ചേർത്ത് തിളപ്പിച്ച്, രാത്രിയിൽ തന്നെ ഇട്ടിരുന്നു അവർ.
അതിനുശേഷം കലം മൂടിവെച്ച് , മുകളിലായി ഒന്ന് രണ്ട് കത്തികളൊക്കെ എടുത്തു വയ്ക്കുന്നത്  നകുലൻ കണ്ടു.
പെട്ടെന്ന് അവന്റെ നെറ്റി ചുളിഞ്ഞു.

ഇതെന്താ ചേച്ചി ഇങ്ങനെ ചെയ്യുന്നത്..?

അത് പിന്നെ മോനേ പണ്ടുള്ളവർ ,  പറയുന്നത്, രാത്രികാലങ്ങളിൽ ഒക്കെ  ഓരോ ചീത്ത ആത്മാക്കളുടെ ഉപദ്രവമുണ്ടാകും എന്നാണ്., ഇങ്ങനെ പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികളൊക്കെ ഉള്ള വീട്ടിൽ പാണലിന്റെയും ഈന്തിന്റെയുമൊക്കെ ഇലകൾ കൊണ്ട് വന്നു, പുരപ്പുറത്തിടും. അമ്മയ്ക്കും കുഞ്ഞിനും ഒരു ദോഷോം വരാതിരിക്കാനാണ് പിന്നെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ മുകളിലും ഇങ്ങനെ കരിക്കട്ടയും കത്തിയും എടുത്തു വെയ്ക്കും. ഒക്കെ ഓരോ വിശ്വാസമാണ്.

ഹ്മ്മ്……
അവനൊന്നു നീട്ടി മൂളി.
ഈ ആത്മാക്കളുടെ കാര്യമൊന്നും ചേച്ചി അമ്മുവിനോട് പറയരുത് കേട്ടോ അവൾക്ക് പേടിയാവും.

ഹേയ്..ഒരിക്കലുമില്ല മോനെ, മോന് ഇത് ചോദിച്ചതിന്റെ പേരിൽ ചേച്ചി പറഞ്ഞതാണ്…

ആഹ്…ആയിക്കോട്ടെ.
ഒന്ന് തലയാട്ടിക്കൊണ്ട് നകുലൻ അടുക്കളയിൽ നിന്നിറങ്ങി മുറിയിലേക്ക് പോയി.

ബെഡ്റൂമിൽ ചെന്നപ്പോൾ അമ്മയും മകളും സുഖമായ ഉറക്കത്തിലാണ്.

ആ കിടപ്പു നോക്കി അവൻ അല്പനിമിഷം അങ്ങനെ നിന്നു.
പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ, അതുമായി നകുലൻ പുറത്തേക്ക് പോന്നു..

ശ്രീജയായിരുന്നു മറുതലക്കൽ.

ഹലോ ശ്രീജെ.

ആഹ്, ഏട്ടാ അമ്മുവും കുഞ്ഞുമൊക്കെ എന്തുപറയുന്നു,.

സുഖമായിരിക്കുന്നു,, പാറുക്കുട്ടി എന്തിയേടി . കുഞ്ഞിന് പനിയൊക്കെ മാറിയോ ?

കുറഞ്ഞുവരുന്നു,,, പനിയങ് വിട്ടു പക്ഷേ ജലദോഷം, നല്ല കഫക്കെട്ട് ഉണ്ട് കേട്ടോ.

ഒന്ന് രണ്ട് തവണ കൂടി ഹോസ്പിറ്റലിൽ പോയി കാണിക്ക്, നീ അമ്മ പറയുന്നത് കേട്ട് ചെപ്പടിവിദ്യ കാണിച്ച് കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കരുത്.

ഇന്നും കൂടി ഹോസ്പിറ്റലിൽ പോയിട്ട് വന്നതാണ്.. മൂന്നാമത്തെ ബോട്ടിൽ ആന്റിബയോട്ടിക് ആണ് ഡോക്ടർ തന്നത്. അഡ്മിറ്റ് ആക്കാൻ ആവുന്ന പറഞ്ഞതാണ്. അതിനെ ഇഞ്ചക്ഷൻ എടുക്കുന്നത് ഓർക്കാൻ വയ്യ..

കുറഞ്ഞോളൂടി.. നീ ടെൻഷൻ അടിക്കേണ്ട, അമ്മയെവിടെ. അടുത്തുണ്ടോ..?

അമ്മ, നമ്മുടെ അപ്പുറത്തെ സുശീല ചേച്ചി വന്നിട്ടുണ്ട് അവരോട് സംസാരിച്ചു  ഇരിയ്ക്കുന്നു.

ഹ്മ്മ്…..

അമ്മു ഉറങ്ങുവാണോ ഏട്ടാ…

അതേടി…. ഞാൻ അങ്ങാടി മരുന്നൊക്കെ വാങ്ങിക്കുവാനായി പുറത്തേക്ക് പോയതായിരുന്നു..ജയന്തി ചേച്ചി കുറച്ച്, ലിസ്റ്റ് ഒക്കെ തന്നാണ് വിട്ടത്. അതൊക്കെയായിട്ടു
വന്നിട്ട് ഞാൻ ഇത്തിരി നടക്കാനൊക്കെ പോയി.

ഹ്മ്മ്…. നാളെ മുതൽ കുളി തുടങ്ങും അല്ലേ ചേട്ടാ…

ആഹ്…  അങ്ങനെയാ ചേച്ചി പറഞ്ഞത്

പാറുക്കുട്ടിക്ക് ഒട്ടും വയ്യാണ്ട് ആയതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും വന്നു നിന്നേനെ.

അതൊന്നും സാരമില്ല ശ്രീജേ,,,ജയന്തിചേച്ചി ആളൊരു പാവമാണ് വേറെ കുഴപ്പമൊന്നുമില്ല.. ചേച്ചി ആകുമ്പോൾ കാര്യങ്ങളൊക്കെ എല്ലാം അറിയാമല്ലോ… ഞാൻ ജോലിക്ക് പോയാലും, പ്രോബ്ലം ഇല്ല. ഇവിടെ വന്ന് നിൽക്കാൻ പറ്റിയില്ലല്ലോ
എന്നൊന്നുമോർത്തു നീ വിഷമിക്കുവൊന്നും വേണ്ട കേട്ടോ..  ഹോസ്പിറ്റലില് എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഓർത്തുനിന്ന സമയത്തല്ലേ നീ വന്നത്. അതുതന്നെ ധാരാളം.കുഞ്ഞിനെയും കൊണ്ട് രാത്രിയിൽ ട്രാവൽ ചെയ്തു വന്നതുകൊണ്ടാണ് അവൾക്ക് പനി പിടിച്ചത്. നീ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി. ഇപ്പോഴത്തെ പനിയാണ്.

നകുലൻ സഹോദരിയെ സമാധാനിപ്പിച്ചു.

ഏട്ടാ, ബാംഗ്ലൂരിൽ നിന്നും അമ്മ വിളിക്കുന്നുണ്ട്.
എങ്കിൽ പിന്നെ ഞാൻ വെച്ചോട്ടെ..

ആഹ് ശരിടി.
നകുലൻ ഫോൺ കട്ട് ചെയ്തു.
ഒന്നൂടെ റൂമിന്റെ വാതിൽക്കൽ ചെന്ന് അകത്തേക്ക് നോക്കി.
അപ്പോഴും ഉണ്ട് കുഞ്ഞുവാവ ഉണർന്നു കിടപ്പുണ്ട്. അമ്മു നല്ല ഉറക്കത്തിലും.

അവൻ ഒരു ചിരിയോടെ അകത്തേക്ക് കയറി ചെന്നു.

ചക്കരെ…. അഛെടെ പൊന്നെ..
അവന്റെ ശബ്ദം തിരിച്ചറിഞ്ഞതും കുഞ്ഞുസ് കണ്ണ് വെട്ടിച്ചു.

യ്യോ.. ഉണർന്നോ…
അമ്മു ചാടി എഴുന്നേൽക്കാൻ തുടങ്ങിയതും നകുലൻ അവളെ തടഞ്ഞു.
നീ കിടന്നോടി… ഞാൻ വാവയെ എടുത്തോളാം.

കുഞ്ഞുവാവയെ എടുത്തുകൊണ്ട് നകുലൻ റൂമിൽ നിന്നും ഇറങ്ങിപ്പോന്നു..

***
യദു ആണെങ്കിൽ  ഗുരുവായൂരിൽ ഹോട്ടൽ എലൈറ്റിൽ  ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ട് കിഴക്കേനടയിലേക്ക് പോകുവാൻ അവർക്ക് വളരെ എളുപ്പമായി.

റൂമിൽ എത്തിയ ശേഷം  അൽപ്പം ഒന്ന് കിടന്നു റസ്റ്റ്‌ എടുത്തു. എന്നിട്ട് കുളിച്ച് ഫ്രഷായി ഇരുവരും ക്ഷേത്രത്തിലേക്ക് പോയി. മീനാക്ഷിയാണെങ്കിൽ വീതി കസമുള്ള ഒരു സെറ്റുമുണ്ട്മായിരുന്നു ഉടുത്തത്.
ബോട്ടിൽ ഗ്രീൻ നിറമുള്ള ഒരു ബ്രോക്കേഡ് ബ്ലൗസും, അതിനോട് മാച്ച് ചെയ്യുന്ന വിധത്തിൽ പാലയ്ക്ക മാലയും, വലിയ ജിമ്ക്കി കമ്മലും  . ചുവപ്പു നിറമുള്ള വട്ടപ്പൊട്ടുമൊക്കെ തൊട്ട്, ഒരുങ്ങി ഇറങ്ങിയപ്പോൾ അവൾ അതിമനോഹരിയായിരുന്നു.

ഹോട്ടലിന്റെ വാതിൽക്കൽ തന്നെ മുല്ലപ്പൂവ് വിൽക്കുന്ന ചേച്ചിയെ കണ്ടു. നാലഞ്ചു മുഴം പൂവ് കൂടി അവൾ യദുവിനെകൊണ്ട് വാങ്ങിപ്പിച്ചു..
മുല്ലപ്പൂവും ചൂടി അവൾ യദുവിന്റെ വലം കയ്യിൽ പിടിച്ച്  കിഴക്കേ നടയിലേക്ക് നടന്നു..

കദളിപ്പഴവും മഞ്ഞപ്പട്ടുടയാടയും താമരപ്പൂവ് കൊണ്ടുള്ള മാലയും ഒക്കെയാണ് കണ്ണനു സമർപ്പിക്കുവാനായി ഇരുവരും വാങ്ങിയത്..

യദുവിന്റെ പരിചയത്തിൽ ഒരാൾ ഉള്ളതുകൊണ്ട്, ക്ഷേത്രത്തിൽ കയറുവാൻ അധികം തിക്കുംതിരക്ക് ഒന്നും കൂട്ടേണ്ടി വന്നില്ല..

അന്നത്തെ ചന്ദനംചാർത്തിൽ അസ്സൽ ഒരു അമ്പാടി കണ്ണൻ ആയിരുന്നു.. നെറുകയിൽ ഒരു കുഞ്ഞിമയിൽപ്പീലിയും, നെറ്റിമേൽ ഗോപക്കുറിയും,വാലിട്ടെഴുതിയ മിഴികളും, വലം കയ്യിൽ വെണ്ണയുമായി കുറുമ്പോടെ നിൽക്കുന്ന സുന്ദരനായ അമ്പാടികണ്ണനെ, മതിയാവോളം  മീനാക്ഷിയും യദുവും നോക്കി കണ്ടു..

ഇതുപോലൊരു ഉണ്ണിക്കണ്ണനെ തങ്ങൾക്കും നൽകണേ എന്ന് ഇരുവരും മനമുരുകി പ്രാർത്ഥിച്ചു..
തങ്ങൾക്ക് ഒരു ഉണ്ണി പിറന്നാൽ ആദ്യമായി, കുഞ്ഞിന്റെ  ചോറൂണ് നടത്തുന്നത്, ഗുരുവായൂരപ്പന്റെ തിരുനടയിൽ ആയിരിക്കുമെന്നും , കൊടിമരച്ചോട്ടിൽ വച്ചിരിക്കുന്ന, ഓട്ടുരളിയിൽ നിന്നും,  മഞ്ചാടി വാരിപ്പിച്ചേക്കാമെന്നും,  തുളസിമാല കൊണ്ട് കുഞ്ഞിന് തുലാഭാരം നടത്താമെന്നുമൊക്കെ അവർ ഇരുവരും ആ നടയിൽ നിന്ന് നേർച്ച നേർന്നു പ്രാർത്ഥിച്ചു..

അപ്പോളൊക്കെ യദുവിന്റെയും മീനാക്ഷിയുടെയും മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഒക്കെയും കേട്ടുകൊണ്ട് നിറപുഞ്ചിരിയോടെ ശ്രീലകത്തു കുടികൊള്ളുകയായിരിന്നു കണ്ണൻ..

അത്രമേൽ ദുഃഖത്തോടെ ആയിരുന്നു അവിടെ വന്നതെങ്കിലും, ഭഗവാനെ കണ്ടു തൊഴുത ശേഷം   ഒരു വല്ലാത്ത ആനന്ദനിർവൃത്തിയിലായിരുന്നു അവരിവരും..

താൻ കൂടെയുണ്ടെന്ന്, കണ്ണൻ മന്ത്രിക്കും പോലെ അവർക്ക് തോന്നി.ഒരാപത്തിലും കൈവെടിയുകയില്ലെന്നും, അനുഭവിച്ച ദുഃഖങ്ങൾക്കൊക്കെ, പകരമായി ഇനിയുള്ള കാലം, സന്തോഷത്തോടെ കഴിയാമെന്നു, മീനാക്ഷി താമസിയാതെ ഒരമ്മയാകുമെന്നുമെല്ലാം യദുവിന്റെ മനസ്സിൽ ആരോ വീണ്ടും വീണ്ടും പറഞ്ഞു.

അത് സാക്ഷാൽ ഭഗവാൻ തന്നെയാണെന്ന് അവൻ കരുതി.

ധർമ്മശാസ്താവിന്റെ മുൻപിലും അത്പോലെ സരസ്വതിദേവിയുടെ അരികിലും പുറത്തെ ഗണപതിയമ്പലത്തിലും ഒക്കെ തൊഴുതു സന്തോഷമായിട്ട് അവർ അതിലൂടെ നടന്നു.

കൃഷ്ണനാട്ടം രാത്രി ഏറെ വൈകി ആയതിനാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ മോഹിനിയാട്ടം നടക്കുന്നത് കാണാൻ വേണ്ടി മീനാക്ഷി യദുവിനെയും കൂട്ടി അവിടേക്ക് പോയി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!