ശിശിരം: ഭാഗം 129

രചന: മിത്ര വിന്ദ
താൻ വാങ്ങിക്കൊണ്ട് വന്ന ഡ്രെസ്സിൽ നിന്നും ഒരു നൈറ്റി മാത്രം എടുത്ത ജയന്തി ചേച്ചിയെ നകുലൻ വീണ്ടും നോക്കി.
ചേച്ചി….. ഞങ്ങൾ അത്രയ്ക്ക് സ്നേഹത്തോടെ ഇതെല്ലാം മേടിച്ചോണ്ട് വന്നിട്ട് ചേച്ചി ഇതെന്താ ഇങ്ങനെ….
മോനെ… ചേച്ചിയ്ക്ക് ഡ്രെസ്സൊക്കെ ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാന്നേ. വേറൊന്നും ഓർക്കല്ലേ.
അമ്മു എഴുന്നേറ്റു വന്നിട്ട് അവർക്കായി വാങ്ങിയതെല്ലാം എടുത്തു, എന്നിട്ട് ചേച്ചിയുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവരുടെ കൈയിൽ കൊടുത്തു..
യ്യോ… എന്റെ മോളെ, ഇത് എന്തോരം ആണെന്നെ… ഇത്രയൊന്നും വേണ്ട കേട്ടോ. .
ചേച്ചി.. കഷ്ടംഉണ്ട് കേട്ടോ.. ഇങ്ങനെയൊന്നും പറയല്ലേ,, സന്തോഷമായിട്ട് ഇതൊക്കെ അങ്ങ് വാങ്ങിക്ക്..
അവർ അതെല്ലാം വാങ്ങിച്ച് അവരുടെ മുഖത്തേക്ക് ചേർത്തു. എന്നിട്ട് അമ്മുവിനെ നോക്കിയപ്പോൾ ചേച്ചിയുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ട്.
ഇതൊക്കെ കൊണ്ട് പോയി റൂമിൽ വെച്ചിട്ട് വരു ചേച്ചി, അമ്മു പറഞ്ഞപ്പോൾ അവർ അതെല്ലാം ആയിട്ട് അവര് കിടക്കുന്ന മുറിയിലേക്ക് പോയി..
നകുലൻ വളയെടുത്ത് അമ്മുവിന് നേർക്ക് നീട്ടിയപ്പോൾ അവൾ അത് വാങ്ങി.
ഏട്ടാ… ചേച്ചിയ്ക്ക് ഇത് മേടിക്കാനും ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.
ശബ്ദം താഴ്ത്തി അമ്മു അവനോട് പറഞ്ഞു.
ഹമ്… അത് സാരമില്ല, എന്തായാലും നമ്മള് വാങ്ങിച്ചത് ചേച്ചിയ്ക്ക് കൊടുത്തിരിക്കും..
അമ്മു ചെറിയ ചിരിയോടെ അവനെ നോക്കി അവളുടെ തള്ള വിരൽ ഉയർത്തി കാണിച്ചു.
ചേച്ചിയെ വിളിയ്ക്ക്… റൂമിൽ കരഞ്ഞോണ്ട് നിൽപ്പാരിയ്ക്കും.
നകുലേട്ടാ..നാളെ നമ്മോടൊപ്പം ചേച്ചിയും കൂടി വരുന്ന കാര്യം പറഞ്ഞേക്കാം അല്ലെ. എന്തിനാ വെറുതെ പാവത്തിനെ സങ്കടപ്പെടുത്തുന്നെ.
ഹമ്.. അതേടാ… അത് കറക്റ്റ് ആണ്.
നകുലനും ശരി വെച്ചു.
ചേച്ചി…. ഇതെവിടെയാ.. ഇങ്ങു വന്നേ..
അമ്മു വിളിച്ചപ്പോൾ ജയന്തി ചേച്ചി കണ്ണീരൊക്ക തുടച്ചു കളഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് വീണ്ടും വന്നു…
ഇതെന്താ ഇങ്ങനെ കരയുന്നെ.. കഷ്ടം ഉണ്ട് കേട്ടോ.. ഞങ്ങളെക്കൂടി വിഷമിപ്പിയ്ക്കുവാണോ.
അവൾ ചോദിച്ചപ്പോൾ ജയന്തി ചേച്ചിയൊന്നു പുഞ്ചിരിയ്ക്കുവാൻ ശ്രെമിച്ചു
മോളെ….. ഒരുപാട് വീടുകളിൽ ഞാൻ ജോലിക്ക് പോയി നിന്നിട്ടുണ്ട്. ഒരു മാസത്തേയ്ക്കും ഒരു വർഷത്തേയ്ക്കും ഒക്കെ.. പക്ഷെ എന്താണെന്ന് അറിയില്ല, നിങ്ങളുടെ അടുത്ത നിന്നിട്ട് പോകുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം… ചിലപ്പോൾ നമ്മള് ഒരുപാട് അടുത്ത് പോയത് കൊണ്ട് ആവാം.. കുഞ്ഞും മോളും ഒക്കെ എന്റെ ജീവിതത്തിലെ ആരൊക്കെയൊ ആണെന്ന് ഓർത്തു പോയി..അതാ.
ഞങ്ങളു ചേച്ചിടെ ആരോ ആണെന്നോ… അങ്ങനെ ഓർത്തോണ്ട് ഇരിക്കുവാ… അത് ശരിയല്ലലോ ചേച്ചി…
നകുലൻ പറഞ്ഞപ്പോൾ ജയന്തി ചേച്ചിടെ മുഖം താണ് പോയി.
അവൻ എഴുന്നേറ്റ് വന്നിട്ട് ചേച്ചിടെ മുഖം പിടിച്ചു ഉയർത്തി.
ആരോ ആണെന്ന് അല്ല കേട്ടോ… ഇത് ചേച്ചിടെ മോൾ ആണ്, ഞാൻ ചേച്ചിടെ മോൾടെ ഭർത്താവും.. പിന്നെ അമ്മമ്മേടെ കുഞ്ഞു വാവയാണ് തൊട്ടിലിൽ കിടന്ന് ഉറങ്ങുന്നത്…
അവൻ പറയുന്ന കേട്ട് ചേച്ചി നകുലനെ നോക്കി ബദ്ധപ്പ്ട്ട് ഒന്ന് ചിരിച്ചു.
അമ്മു വന്നിട്ട് അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തപ്പോൾ പാവം ചേച്ചി അവളെ കെട്ടിപിടിച്ചു കരഞ്ഞു പോയി.
എന്റെ ചേച്ചിയല്ല.. അമ്മയാണ്,…. സതിയമ്മേ പോലെ ഞാൻ സ്നേഹിച്ചത് എന്റെ ജയന്തിചേച്ചിയെ ആണ്.. എന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ എനിക്ക് ചെയ്തു തരുന്നതു പോലെ തന്നെയാണ്, എല്ലാ കാര്യങ്ങളും ചേച്ചി ചെയ്തു തന്നത്. സ്വന്തം മകളെ പോലെയാണ് ചേച്ചി എന്നെ ശുശ്രൂഷിച്ചത്.ഞാനും നകുലേട്ടനും ജീവിച്ചിരിക്കുന്നത്രേം കാലം ചേച്ചിയും ഞങ്ങളുടെ ഒപ്പം കാണും… അത് എവിടെയാണോ അവിടെ… ഇനി ഒരിടത്തേയ്ക്കും ചേച്ചിയെ ഞങ്ങൾ പറഞ്ഞു അയക്കില്ല.. ഞങ്ങളുടെ കുടുംബത്തിലെ ഒരാള് തന്നെയാണ് ചേച്ചിയും..
അമ്മു പറഞ്ഞത് കേട്ട്കൊണ്ട് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ചേച്ചി.
എന്താ ഇങ്ങനെ നോക്കുന്നത്, ഞാൻ പറഞ്ഞതൊക്കെ സത്യമാണ്, ഞങ്ങളുടെ കൂടെ ചേച്ചിയും നാളെ നാട്ടിലേക്ക് വരുന്നുണ്ട്, അവിടെ കുറച്ചു ദിവസം നിന്നിട്ട് നമ്മൾ വീണ്ടും മടങ്ങി വരും, ഇനി ഒരിടത്തേക്കും ചേച്ചി പോകണ്ട, എന്റെ നകുലേട്ടന്റെയും വാവയുടെ ഒക്കെ കൂടെ, ചേച്ചിക്ക് താമസിക്കാം. ഒരിക്കലും ഒരു ജോലിക്കാരി ആയിട്ടല്ല, ഞങ്ങളുടെ കുടുംബത്തിലെ അമ്മ തന്നെയാണ് ചേച്ചി.
അവൾ പറയുന്നതൊക്കെ കേട്ടുകൊണ്ട് അവരു പിന്നെയും കണ്ണീർ പൊഴിച്ചു.
ചേച്ചി… ഇതെന്തിനാ ഇങ്ങനെ കരയുന്നത്, ഞങ്ങൾക്കു കൂടി സങ്കടമാകും കേട്ടോ.
അവരുടെ വലത്കൈയിലേക്ക് അമ്മു ഒരു വളകൂടി ഇട്ടു കൊടുത്തു.
കുഞ്ഞിനേയും എന്നെയും ഒക്കെ നോക്കിയത്തിനുള്ള കൂലി യായിട്ടു ഇത് കാണരുത് കേട്ടോ, എന്റെ അമ്മയ്ക്ക് ഞാനും ഏട്ടനും വാങ്ങികൊടുത്തത് പോലെ കണ്ടാൽ മതി..
അവരുടെ ഇരു കവിളിലും പിടിച്ചു കുലുക്കിക്കൊണ്ട് അമ്മു പറഞ്ഞു.
മോളെ… ഡ്രസ്സ് ഒക്കെ വാങ്ങി തന്നില്ലേ,, ഇ വള ഇത് എനിക്ക് വേണ്ട മോളെ …
അതെന്താ ചേച്ചി. ചേച്ചിക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക് മാറിയെടുക്കാം കേട്ടോ..
നകുലനായിരുന്നു അവരോട് പറഞ്ഞത്.
അയ്യോ സത്യമായിട്ടും ഇഷ്ടമാകാഞ്ഞത് അല്ല മോനെ.. ഇത്രയും വിലയുള്ള സാധനം ഒന്നും എനിക്ക് വേണ്ട,, മക്കൾ ഇതുമാത്രം ചേച്ചിയെ നിർബന്ധിക്കരുത്.
വള ഊരി മാറ്റുവാൻ അവർ ശ്രമിച്ചപ്പോൾ അമ്മു അത് തടഞ്ഞു.
അതേയ്…. ഞങ്ങൾ ചേച്ചിയുടെ മക്കളാണ്, സ്വന്തം അമ്മയ്ക്ക് എന്ത് കൊടുത്താലും മക്കൾക്ക് മതിയാവില്ല, അതുകൊണ്ട് മേലിൽ ഈ കയ്യിൽ നിന്നും ഈ വള ഊരി മാറ്റുവാൻ ചേച്ചി ശ്രമിക്കരുത്.. അഥവാ അങ്ങനെ ശ്രെമിച്ചാൽ അമ്മു ആരാണെന്ന് അരിയും കേട്ടോ.
അവൾ അവരെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.
പെട്ടന്ന് ആയിരുന്നു കുഞ്ഞു ഉണർന്നത്.
ജയന്തി ചേച്ചി മുറിയിലേക്ക് ഓടി പോകുന്നത് നോക്കി അമ്മുവും നകുലനും നിന്നു.
ചേച്ചി എത്ര പാവമാണ് അല്ലെ ഏട്ടാ…
ഹമ്…. എനിക്ക് ജയന്തി ചേച്ചിയെ ആദ്യം കണ്ടപ്പോൾ ഓർമ്മ വന്നത് സതിഅപ്പച്ചിയെ ആയിരുന്നു.. അപ്പച്ചിയുടെ അതേ രീതി പോലെ എനിക്ക് തോന്നി.
സത്യമായിട്ടും എനിക്കും തോന്നിയിട്ടുണ്ട്.. എന്റെ അമ്മയുടെ ആത്മാവ്, അയച്ചതാണ് ജയന്തി ചേച്ചിയെ എന്ന്. സാധ്യമേ പോലെ തന്നെയാണ് ചേച്ചി എന്നെ സ്നേഹിച്ചത്. ഒരുപാട് നാളുകളുടെ പരിചയമൊന്നുമില്ലങ്കിലും, ചേച്ചി നമ്മുടെ സ്വന്തമാണെന്ന് ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട്..
നിങ്ങളെ രണ്ടാളെയും ചേച്ചിയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ എനിക്ക് എന്തൊരു മനസ്സമാധാനമാണെന്നോ, എന്റെ അമ്മ പോലും ഇത്ര കരുതലോടുകൂടി നിന്നെ നോക്കില്ല പെണ്ണെ,,,
രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ കുഞ്ഞുവാവയെയും കയ്യിലെടുത്ത് ചേച്ചി അവരുടെ അടുത്തേക്ക് വന്നു.
മോളെ… വാവയ്ക്ക് വിശക്കാൻ തുടങ്ങിയെന്ന് തോന്നുന്നു, ഇത്തിരി പാല് കൊടുക്ക് കേട്ടോ.
ചേച്ചി പറഞ്ഞതും അമ്മു കുഞ്ഞിനെ മേടിച്ചു മാറോട് ചേർത്ത് പിടിച്ചു.
ജയന്തി ചേച്ചി, നാളെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ചേച്ചിടെ ഡ്രസ്സ് ഒക്കെ ചേച്ചി എടുത്തു വയ്ക്കു കേട്ടോ..രണ്ടാഴ്ച നമ്മള് അവിടെ നിന്നിട്ട് വരുവൊള്ളൂ.
നകുലൻ പുഞ്ചിരിയോടെ അവരെ നോക്കി പറഞ്ഞു…..തുടരും………