ശിശിരം: ഭാഗം 131
രചന: മിത്ര വിന്ദ
അമ്മ ഇത് എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. നമ്മളെല്ലാവരും കൂടി ഒരുമിച്ചാണ് പ്രിയയുടെ വീട്ടിലേക്ക് പോകുന്നത്, അങ്ങനെ പോകാൻ അമ്മയ്ക്ക് താല്പര്യമില്ലെങ്കിൽ, ആരും ഇന്നീ വീട്ടിൽ നിന്ന് ഇറങ്ങുന്നില്ല അത്രതന്നെ….
കിച്ചൻ ഗിരിജയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു
അമ്മയ്ക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്നുള്ളത് യദുവിന് ഉറപ്പായി. അതാണ് മീനാക്ഷിയെ വിലക്കുന്നതിന്റെ പ്രധാന ഘടകം. അമ്മ തന്നെ അത് പറയണം, അല്ലാണ്ട് പറ്റില്ല, അതുകൊണ്ട് തൽക്കാലം താൻ മൗനം പാലിച്ചേ മതിയാവൂ..
യദുവും ഗിരിജയെ ഉറ്റു നോക്കി നിൽക്കുകയാണ്..
കിച്ചൻ ഒരു വഴിക്ക് പോകാനായി ഇറങ്ങിയതല്ലേ, അവിടെ പോയേ പറ്റൂ, നിനക്കിനി താല്പര്യമില്ലെങ്കിൽ ഞാൻ ഒരു ഓട്ടോ വിളിച്ച് പൊയ്ക്കോളാം.
എന്നാലും അമ്മ മീനാക്ഷിയെ കൊണ്ടുപോകില്ല അല്ലേ.
അത് ചോദിക്കുമ്പോൾ അവന്റെ മിഴികൾ കൂർത്തു.
കൊണ്ടുപോകില്ല എന്നൊന്നും പറയുന്നില്ല, മറ്റൊരു ദിവസം പോകാല്ലോ.
അമ്മയുടെ സംസാരം ഒന്നും യദുവിൻ ഒട്ടും പിടിക്കുന്നില്ല, എങ്കിലും അവൻ പിടിച്ചുനിന്നു, എന്തായാലും കാര്യം അറിയണമല്ലോ
ഇന്ന് പോയിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പം അതുകൂടി കേൾക്കട്ടെ..
അമ്മയുടെയും മകന്റെയും സംസാരം കേട്ടുകൊണ്ട് മീനാക്ഷി ചങ്കുപൊട്ടിയാണ് നിൽക്കുന്നത്.
എടാ വിളക്ക് കൊളുത്തേണ്ടതല്ലേ. അതുകൊണ്ട് പറഞ്ഞതാ.
എങ്കിൽ പിന്നെ അമ്മ ഇവിടെ നിൽക്ക് ഞങ്ങൾ എല്ലാവരും കൂടി പോയിട്ട് വരാം, നാളെ കാലത്തെ അമ്മയോരോട്ടോ വിളിച്ചു പോയിക്കോളൂ. എന്നിട്ട് ഒന്നോ രണ്ടോ ദിവസം അവളുടെ കൂടെ നിന്നിട്ട് വന്നാൽ മതി. അപ്പൊ പ്രശ്നം തീർന്നല്ലോ.
അവൻ തന്നെ ഒരു സൊലൂഷൻ കണ്ടുപിടിച്ചു.
നിന്നോട് തർക്കിക്കാൻ ഞാനില്ല നീ ഇപ്പോ വരുന്നുണ്ടോ ഇല്ലയോ..
അമ്മ കാര്യം പറയൂ, നമ്മുടെ കൂടെ മീനാക്ഷി വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പ്രിയ അമ്മയോട് പറഞ്ഞോ.
ഇല്ല…… അവൾ ഒന്നും പറഞ്ഞിട്ടില്ല
പിന്നെന്താ അമ്മേ.. കാര്യ കേൾക്കട്ടെ. ഇതിപ്പോ വിളക്ക് കത്തീയ്ക്കലിന്റെ പ്രശ്നമൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായി. നേരെ ചൊവ്വേ അമ്മ മറുപടി പറയു..
കിച്ചൻ ചോദിച്ചതും ഗിരിജ ഒന്നു വല്ലാണ്ടായി.
എടാ മോനെ,,, അത് പിന്നെ മറ്റൊന്നും കൊണ്ടല്ല, പ്രിയ മോൾക്ക് കുറച്ചുനാൾ കൂടിയല്ലേ വിശേഷമൊക്കെ ആകുന്നത്, മീനാക്ഷിക്ക് ഇതുവരെയായിട്ടും കുട്ടികൾ ഒന്നും ആയിട്ടില്ല, അങ്ങനെയുള്ള സ്ഥിതിക്ക്, മീനാക്ഷിയെ പോലെയുള്ളവർ വന്നാൽ, ചിലപ്പോൾ പ്രിയ മോൾക്ക് കണ്ണേ ർ തട്ടും, എന്തിനാ വെറുതെ, രണ്ടുമൂന്നു മാസം കഴിയട്ടെ, എന്നിട്ട് പോകാം, അതിനൊന്നും ഞാൻ ഒരിക്കലും തടയില്ല, ഇതിപ്പോ പെട്ടെന്ന്, അത് ശരിയാവില്ല കിച്ചാ ..അതുകൊണ്ട് ഞാൻ പറഞ്ഞതാടാ…
ഗിരിജ പറയുന്നത് കേട്ടുകൊണ്ട് എല്ലാവരും അന്തിച്ചു നിന്നുപോയി.
പാവം മീനാക്ഷി…. അവളുടെ മിഴികൾ നിറഞ്ഞു തൂവി. സങ്കടം കണ്ട അവൾക്ക് വയ്യായിരുന്നു.
ഏറിവന്ന ദുഃഖത്തോടെ അവൾ മുഖമുയർത്തി നോക്കിയത് യദുവിനെ ആയിരുന്നു.
അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ യദുവിനും വല്ലാത്ത സങ്കടം തോന്നി.
അമ്മേ……
യദുവിന്റെ ശബ്ദം അവിടെ ആകെ മുഴങ്ങി.
തന്നെ അമർഷത്തോടെ നോക്കുന്ന യദുവിനെ കണ്ടപ്പോൾ ഗിരിജയും ഒന്നു വല്ലാണ്ടായി.
കിച്ചേട്ടാ നിങ്ങൾ മൂന്നുപേരും കൂടി പോയിട്ട് വരൂ എന്തായാലും ഇറങ്ങിയതല്ലേ..
രംഗം ശാന്തമാക്കുവാനായി യദുവിന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് മീനാക്ഷി കിച്ചനോടായി പറഞ്ഞു..
മീനാക്ഷിയെ പിടിച്ചുമാറ്റിയിട്ട് യദു അമ്മയുടെ അടുത്തേക്ക് വന്നു..
എന്റെ ഭാര്യ കണ്ടെന്ന് കരുതി അമ്മയുടെ മകളുടെ വയറ്റിൽ ഉള്ളത് അപ്രത്യക്ഷമായി പോകുമോ അമ്മേ…
അവൻ ഉച്ചത്തിൽ ചോദിച്ചതും ഗിരിജയ്ക്ക് കലി കയറി..
ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയെ, അവൻ അടിമുടി നോക്കി
അമ്മ എന്താണ് കരുതിയത്, എന്നുള്ളത് ഞങ്ങൾക്ക് മനസ്സിലായി, പിന്നെ അത് അമ്മയുടെ നാവിൽ നിന്ന് വരുവാൻ വേണ്ടിയാണ് ഞാൻ ഇത്രയും നേരം ഒന്നും മിണ്ടാതെ നിന്നത്, ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ, പ്രിയയുടെ കല്യാണം കഴിഞ്ഞിട്ട് നാളുകൾ കുറെ ആയല്ലോ, അവൾ ഇതുവരെ പ്രഗ്നന്റ് ആകാഞ്ഞത് മീനാക്ഷി അവളെ നോക്കിക്കൊണ്ട് നിന്നിട്ടാണോ, അതോ അവളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമോ… നാണമില്ലല്ലോ അമ്മേ ഇങ്ങനത്തെ വൃത്തികെട്ട ചിന്താഗതിയുമായി ഇരിക്കുവാന്. അമ്മയൊന്നും ഒരുകാലത്തും നന്നാകാൻ പോകുന്നില്ല.. അത്രയ്ക്ക് ദുഷിച്ച മനസ്സാണ് അമ്മയുടേത്.
അത് പറയുകയും അവനെ കിതച്ചു.
യദുവേട്ടാ വന്നേ പറയട്ടെ…
മീനാക്ഷി അവന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്.
വൃത്തികെട്ട സ്ത്രീയാണ് ഇവര്, അതുകൊണ്ടല്ലേ ഇത്തരത്തിൽ അമ്മ പറഞ്ഞത്. നേരെ തിരിച്ചായിരുന്നുവെങ്കിലോ
. ഇവിടെ മീനാക്ഷിയായിരുന്നു പ്രഗ്നന്റ് ആകുന്നതെങ്കിൽ, പ്രിയ ഇവളെ കാണുവാനായി ഓടി വരുമ്പോൾ, അമ്മ തടയുമായിരുന്നൊ.. പ്രിയ കണ്ടെന്നു കരുതി മീനാക്ഷിയുടെ വയറ്റിൽ ഉള്ള കുഞ്ഞു പോകുമോ..
അവൻ ഗിരിജയെ നോക്കി പിന്നെയും ഉച്ചത്തിൽ ചോദിച്ചു.
ഹ്മ്… അതിനൊക്കെ ഇത്തിരി നേരം പിടിക്കും, രണ്ടുപേരുംകൂടി, നോക്കിയിരുന്നാൽ മതി. എടാ പരബലി ഇടാനുള്ള യോഗം വേണം, അതറിയോ..
ഗിരിജ മീനാക്ഷിയെയും യദുവിനെയും നോക്കി പുച്ഛത്തിൽ പറഞ്ഞു..
സ്വന്തം അമ്മയുടെ നാവിൽ നിന്നും, അറം പറ്റിയ പോലുള്ള ആ വാചകങ്ങൾ കേട്ടപ്പോൾ, സത്യത്തിൽ യദു പതറി പോയിരുന്നു..
മീനാക്ഷിയ്ക്കും അത് കേട്ടപ്പോൾ സങ്കടം വന്നിട്ട് നെഞ്ച് വിങ്ങിപ്പൊട്ടി……തുടരും………