Novel

ശിശിരം: ഭാഗം 134

രചന: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തെ തന്നെ അമ്മുവും  നകുലനും ഒക്കെ ഉണർന്നു. സർപ്രൈസ് ആയിട്ട് ഇന്ന് നാട്ടിലേക്ക് പോകുകയാണ്. അമ്മയോടും ശ്രീജയോടും ഒന്നും പറഞ്ഞിട്ടില്ല ഇക്കാര്യം.
ജയന്തി ചേച്ചി രാവിലെ എഴുന്നേറ്റ്  ബ്രേക്ക് ഫാസ്റ്റ് ഒക്കെ ഉണ്ടാക്കിയിരുന്നു.
ഉപ്പുമാവും പഴവും ആയിരുന്നു കഴിക്കുവാനായി റെഡിയാക്കിയത്.

അമ്മു പറഞ്ഞതാണ് പോകുമ്പോഴേക്കും നമുക്ക് ഏതെങ്കിലും റസ്റ്റോറന്റിൽ കയറാമെന്ന്,
പക്ഷേ അവരു സമ്മതിച്ചില്ല..

കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ്  കാലത്തെ തന്നെ ചേച്ചി അടുക്കളയിൽ കയറിയിരുന്നു.

അങ്ങനെ രാവിലെ 9 മണിയോടുകൂടി  അവർ മൂവരും കുഞ്ഞുവാവയും ചേർന്ന് നാട്ടിലേക്ക് പുറപ്പെട്ടു.

ഇറങ്ങുന്നതിനു മുന്നേ നകുലൻ അമ്മയെ വെറുതെ ഒന്ന് വിളിച്ചു.. അമ്മുവിനോടും ബിന്ദു സംസാരിച്ചു.
പുഴമീൻ ഇത്തിരി കിട്ടിയിട്ടുണ്ടെന്നും, ശ്രീജ അത് വെട്ടി കൊണ്ടിരിക്കുകയാണെന്നും ഒക്കെ ബിന്ദു അവളോട് പറഞ്ഞു.

എന്ത് മീനാണ് അമ്മായി …?

വരാൽ ആണ് മോളെ,, ഇവിടെയൊക്കെ പാടങ്ങൾ വറ്റിച്ചു തുടങ്ങി, കൃഷി ഇറക്കാറായില്ലേ. ആ തെക്കേപ്പറമ്പിലെ രാമേട്ടൻ കൊണ്ടുവന്നു തന്നതാണ് വരാലും കാരിയും ഒക്കെ..

ഹ്മ്മ്….
അവളൊന്നു മൂളി.

മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ കിടപ്പുണ്ട്, ഇന്നലെ രാത്രിയില്, കുറച്ചു മാങ്ങ ഞാൻ അച്ചാർ ഇട്ടു. അപ്പോള് നിന്നെ ഞാനോർത്ത് കേട്ടോ. നിനക്ക് വലിയ ഇഷ്ടമല്ലേ മാങ്ങാ അച്ചാർ….

ആഹ്… അമ്മായി അതെല്ലാം സ്റ്റോക്ക് ചെയ്തോളു. ഇനി വരുമ്പോൾ എനിക്ക് തന്നു വിട്ടാൽ മതി.

നിങ്ങൾ ഇനി ഏത് കാലത്ത് വരാനാണ്,,, കോഴിയ്ക്ക് മുല വരുന്നപോലെയാണ് ഇവിടുത്തെ കാര്യങ്ങൾ.. എന്റെ കുഞ്ഞിനെ കാണാഞ്ഞിട്ട് എനിക്ക് ഇതുപോലെ ഒരു ദെണ്ണമില്ല..

അതും പറഞ്ഞ് ബിന്ദു കാലത്തെ കരയുകയായിരുന്നു.

അമ്മായി… നമ്മുടെയൊക്കെ സാഹചര്യം ഇങ്ങനെ ആയതുകൊണ്ടല്ലേ.. അതിനമ്മായി കരഞ്ഞിട്ട് എന്താ കാര്യം.പോട്ടെ.. വിഷമിക്കാതെ.

അമ്മു അവരെ സമാധാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു..

വെച്ചോടി..

ഹ്മ്മ്….

Oh.. ഞാൻ കരുതി എല്ലാം കയ്യീന്ന് പോയെന്ന്…

എന്റെ നകുലേട്ടാ ഞാൻ അമ്മായിയോട് ഉള്ള സത്യമങ്ങു പറയട്ടെ..

ദെ.. മിണ്ടിപ്പോകരുത്… ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ട് അവസാനം പടിക്കൽ കൊണ്ടുവന്നു കലമുടയ്ക്കാനോ.. നീ മേടിക്കും കേട്ടോ.

അവൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി.

ഒരുപാട് നേരം വേണോ മക്കളെ അവിടെ എത്താന്…
ജയന്തി ചേച്ചി അമ്മുവിനെ നോക്കി ചോദിച്ചു.

വൈകുന്നേരം ആവും ചേച്ചി….. ചേച്ചിക്ക് ക്ഷീണം തോന്നുമ്പോൾ പറഞ്ഞാൽ മതി
നമുക്ക് ഒന്ന് വണ്ടി നിർത്തി റസ്റ്റ് ചെയ്തിട്ട് പോകാം..

ഏയ്.. അതൊന്നും കുഴപ്പമില്ല. ചേച്ചി വെറുതെ ചോദിച്ചതാണ്.

കുഞ്ഞിനെ അവരുട മാറോടു ചേർത്ത് കൊണ്ട് സീറ്റിൽ ചാരികിടക്കുകയാണ് ജയന്തി..

**

മീനാക്ഷിയോട് ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞ് യദു കുറെ വിളിച്ചതാണ്. ആദ്യമൊക്കെ എതിർപ്പ് പറഞ്ഞെങ്കിലും ഒടുവിൽ അവന്റെ നിർബന്ധപ്രകാരം അവൾ പോകാമെന്ന് തീരുമാനിച്ചു.

അങ്ങനെയായിരുന്നു, ഡോക്ടറെ കാണുവാനുള്ള അപ്പോയിന്റ്മെന്റ് എടുക്കുവാനായി അവൾ ഹോസ്പിറ്റലിലേക്ക് വിളിച്ചത്..

അപ്പോഴാണ് അറിയുന്നത് മീനാക്ഷിയുടെ ഡോക്ടർ ഇന്ന് ലീവിലാണ് എന്നുള്ളത്.

എന്നാൽ പിന്നെ നാളെ പോകാം എന്ന് പറഞ്ഞ് അവൾ നാളത്തേക്ക് ബുക്ക് ചെയ്തു.

എനിക്ക് യാതൊരു കുഴപ്പവുമില്ല ഏട്ടാ.. പിന്നെന്തിനാ വെറുതെ ഒരു ദിവസം ലീവ് എടുത്ത് ഹോസ്പിറ്റലിലേക്ക് പോകുന്നത്.

എന്തായാലും നമുക്കൊന്ന് പോയി നോക്കാം, നിന്റെ മുഖത്തൊക്കെ വല്ലാത്ത ക്ഷീണം ഉണ്ട് മീനാക്ഷി. ഡോക്ടറെ കണ്ട് കാര്യം പറയാലോ.

പീരീഡ്സ് ആകുന്നതിനു മുൻപുള്ള ക്ഷീണമാണ് അതൊക്കെ രണ്ടുമൂന്നു ദിവസം കൊണ്ട് മാറും…

അത് തന്നെയാണെന്ന് നീ അങ്ങ് പറഞ്ഞു തള്ളാൻ വരട്ടെ.. ഡോക്ടറല്ലേ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.

Oh…. ഡോക്ടർ തന്നെ തീരുമാനിച്ചോട്ടെ, ഇന്നെന്തായാലും യദുവേട്ടൻ  ഓഫീസിലേക്ക് പോകാൻ നോക്ക്. നാളെ നമുക്ക് പറ്റുമെങ്കിൽ ഡോക്ടറെ പോയി കാണാം.

കിച്ചനും ശ്രുതിയും ഒക്കെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച ശേഷം  അവരുടെ വീട്ടിലേക്ക് മടങ്ങി പോകുവാനുള്ള തയ്യാറെടുപ്പിലാണ്.
ശ്രുതിയുടെ വീട്ടിലും ഒന്ന് കയറണം. അവളുടെ അമ്മയെയും ഒപ്പം കൂട്ടിയാണ് അവർ മടങ്ങുന്നത്. അതുകൊണ്ട് യദു ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ, കിച്ചനും ശ്രുതിയും  റെഡിയായി ഇറങ്ങിവന്നു.

കുഞ്ഞുവാവയെ എടുത്തു കൊണ്ട്  മുറ്റത്തുടെ ഒക്കെ മീനാക്ഷി ചുറ്റി നടന്നു..

എന്താണെന്നറിയില്ല…. വാവ പോകുവാണല്ലോ എന്നോർക്കും തോറും, മീനാക്ഷിക്ക് വല്ലാത്ത വിഷമം ആയിരുന്നു. എന്നാലും അവൾ അതെല്ലാം ഉള്ളിൽ ഒരുക്കി  നടന്നു. അല്ലാണ്ട് മറ്റു വഴിയൊന്നും അവൾക്കില്ലായിരുന്നു.

മീനാക്ഷി…. ഇടയ്ക്കൊരു ദിവസം നിങ്ങൾ രണ്ടാളും കൂടി അങ്ങോട്ടേക്കൊക്കെ ഇറങ്ങു കേട്ടോ..

കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുന്നതിനിടയിൽ ശ്രുതി പറയുകയാണ്.

വരാം ശ്രുതി…ഉറപ്പായും വരാം,ഒരു സെക്കൻഡ് സാറ്റർഡേ ഞങ്ങൾ രണ്ടാളും കൂടി വരാം.
മീനാക്ഷി അവളെ നോക്കി പുഞ്ചിരിച്ചു.

അമ്മ ഇനി എന്നാണോ ഇവിടേക്ക് വരുന്നത്.. അത് അങ്ങനെ ഒരു ജന്മം, ഒരിക്കലും നന്നാവില്ല എന്നുള്ളത് അമ്മയുടെ മൂർദ്ധവിൽ ആരോ എഴുതി വെച്ചിരിക്കുകയാണ്.

കിച്ചൻ ആരോടന്നല്ലാതെ പറഞ്ഞു..

അതൊക്കെ സ്വയം തോന്നേണ്ട കാര്യമല്ലേ കിചേട്ടാ,,,നമ്മക്കൊന്നും ഒന്നും ചെയ്യാൻ ആവില്ലന്നെ…

യദുവും തന്റെ ബൈക്കിലേക്ക് കയറവേ കിച്ചനോട് പറഞ്ഞു..

ആഹ്.. എന്തെങ്കിലും ആവട്ടെ. ഞാനിനി ഗുണദോഷിക്കാൻ ഒന്നും പോകത്തില്ല.

മീനാക്ഷി.. പോട്ടെ കേട്ടോ. ഇടയ്ക്ക് അങ്ങോട്ട് വരണേ.
ശ്രുതി അവളെ ഒന്നുകൂടി ഓർമിപ്പിച്ചു.

അവരുടെ വണ്ടി അകന്നു പോകുന്നത് നോക്കി പടിപ്പുര വാതിൽക്കൽ  മീനാക്ഷി അങ്ങനെ നിന്നു.

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികളെ  തന്റെ കൈവിരലുകളാൽ വകഞ്ഞു മാറ്റിക്കൊണ്ട്  അവൾ നോക്കിയത് സതിയുടെ കുഴിമാടത്തിങ്കലേയ്ക്ക് ആയിരുന്നു.

സാവധാനം മീനാക്ഷി അങ്ങോട്ട് നടന്നു.

ചെറിയ കളകളും പുല്ലുകളും ഒക്കെ  മുളച്ചു തുടങ്ങുമ്പോഴേക്കും അവൾ അതെല്ലാം പറിച്ചു കളഞ്ഞു വൃത്തിയാക്കിയിടും..
അതുകൊണ്ട് മുറ്റവും പരിസരവും ഒക്കെ  നന്നായിട്ടാണ് കിടക്കുന്നത്. ആൾതാമസം ഇല്ലാത്ത വീട് ആണെന്ന് പോലും ആരും പറയില്ല. അമ്മു ഇവിടേക്ക് വന്നിട്ട് ഒരുപാട് നാളുകളായിരുന്നു താനും. ആദ്യത്തെ ഒന്ന് രണ്ട് മാസമൊക്കെ ബിന്ദുവും ശ്രീജയും ഒക്കെ ഇടയ്ക്കൊക്കെ വരുമായിരുന്നു. പിന്നെപ്പിന്നെ അതില്ലാണ്ടായി.
അതിനുശേഷം മുതലാണ് മീനാക്ഷി വന്നു എല്ലാം വൃത്തിയാക്കി ഇടാൻ തുടങ്ങിയത്.ഗിരിജ വീട്ടിൽ ഇല്ലാത്തപ്പോഴാണ് മിക്കവാറും അവൾ വരുന്നത്. യദുവിന് പോലും അറിയില്ല ഈ കാര്യം ഒന്നും..
അടുത്ത വീട്ടിലെ വത്സലേച്ചിയോ മറ്റൊ, ഒരു ദിവസം ഗിരിജയോട് ഇക്കാര്യം പറഞ്ഞു കൊടുത്തു.

അന്ന് ഗിരിജയാണെങ്കിൽ മീനാക്ഷിയെ ഒരുപാട് കളിയാക്കി.

സതിയുടെ ശാപം ആയിട്ടാണോ നിന്റെ വയറ്റിൽ ഉണ്ണി പിറക്കാത്ത ത്, ഇനി അതിനുള്ള പ്രായശ്ചിത്തമാണോ പെണ്ണേ ഈ കാട് പറിച്ചു കൂട്ടുന്നത്,,
ഗിരിജ പറഞ്ഞതും മീനാക്ഷി മറുപടിയൊന്നും പറയാതെ തലകുനിച്ചിരിക്കുകയായിരുന്നു.

അന്നും പതിവുപോലെ അവൾ വന്ന്, എല്ലാം വൃത്തിയാക്കി അടിച്ചുവാരിയിട്ടു.

അപ്പച്ചി….. അപ്പച്ചി എന്നെനിയ്ക്ക് മാപ്പ് തരുന്നൊ, അന്നായിരിക്കും എന്റെ വയറ്റിൽ ഒരു ഉണ്ണി  പിറക്കുന്നത്.. അമ്മ പറഞ്ഞത് നൂറു ശതമാനം സത്യമാണ്.അപ്പച്ചിടെ ശാപമാണ് ഇന്നെന്റെ കണ്ണീർ ഇവിടെ വീഴുന്നത്.

നെഞ്ചുപൊട്ടിക്കൊണ്ട് മീനാക്ഷി സതിയേ അടക്കം ചെയ്ത മണ്ണിലേക്ക് നോക്കി വിതുമ്പി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!