രചന: മിത്ര വിന്ദ
സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ബിന്ദു കുളിയൊക്കെ കഴിഞ്ഞു അകത്തെ മുറിയിൽ ഇരിക്കുകയാണ്. ശ്രീജ അപ്പോളേക്കും അലക്കി ഉണങ്ങിയ തുണികൾ ഒക്കെ എടുത്തുകൊണ്ട് വന്നു. തണുപ്പ് വീണല്ലോ മോളെ, ഇത് എടുക്കാൻ താമസിച്ചോ നീയ്. ഹ്മ്മ്... കുഞ്ഞിന്റെ പിന്നാലെ നടന്നകൊണ്ട് ഓർത്തില്ലമ്മേ.. അമ്മ തുണി മടക്കി വെച്ചോളാമോ.. ഞാൻ ഒന്നു കുളിച്ചിട്ട് വരാം.. ആഹ് പോയി കുളിക്ക്. വിളക്ക് കൊളുത്താറായി.. അവർ തുണികൾ ഒന്നൊന്നായി മടക്കിവെച്ചു കൊണ്ട് സെറ്റിയിൽ ഇരുന്നു. പാറുക്കുട്ടി ആണെങ്കിൽ നല്ല ഉറക്കത്തിലും ആയിരുന്നു. പെട്ടന്ന് ആയിരുന്നു മുറ്റത്തൊരു വാഹനം വന്നു നിന്നത് പോലെ ബിന്ദുവിന് തോന്നിയത്. ഇതാരാണോ ഈ നേരത്ത്... അവർ പതിയെ എഴുന്നേറ്റു. ഉമ്മറത്തേക്ക് ഇറങ്ങിവന്നതും,ബിന്ദു ഞെട്ടിപ്പോയ്. എന്റെ മഹാദേവാ... ഒരൊറ്റ നിലവിളി ആയിരുന്നു അവർ. അമ്മേ... കുളിച്ചു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി വന്ന ശ്രീജ അമ്മയുടെ നിലവിളി കേട്ട് ഓടി ഇറങ്ങിവന്നു.. പുഞ്ചിരിയോട് കൂടി കുഞ്ഞുവാവയെയും കയ്യിലെടുത്ത് ഉമ്മറത്തേക്ക് കയറി വരുന്ന അമ്മുവിനെ കണ്ടതും രണ്ടാളും അവരുടെ അടുത്തേക്ക് ഓടി വന്നു. അച്ഛമ്മേടെ പൊന്നെ... ബിന്ദു ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചപ്പോൾ വാവയൊന്നു കണ്ണു ചിമ്മി തുറന്ന് അവരെ നോക്കി. എടാ.. അറിയുവോടാ നീയ്.. അച്ഛമ്മേടെ ചുന്ദരിവാവേ... അവർ കുഞ്ഞിനെ താലോലിച്ചുകൊണ്ട് മാറിലേക്ക് ചേർത്തു. മോളെ... അമ്മു ഇതെന്താ കുട്ടി ഒരു മുന്നറിയിപ്പുമില്ലാതെ... ഒന്നു വിളിച്ചു പോലും പറഞ്ഞില്ലാലോ.. അമ്മായിക്കും ശ്രീ ചേച്ചിക്കും ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി... അതല്ലേ വിളിച്ചു പറയാതെ വന്നത്. അമ്മു പുഞ്ചിരിയോടെ തുടർന്നു. ശ്രീജ ആണെങ്കിൽ കുഞ്ഞിനെ ബിന്ദുവിന്റെ കയ്യിൽ നിന്നും വാങ്ങി. മോളെ... യാത്ര ചെയ്തിട്ട് നിനക്ക് ക്ഷീണം വല്ലതുമുണ്ടോടി.. ഹേയ് കുഴപ്പമില്ല അമ്മായി.. ഇത്രയും ദിവസം ഒക്കെ ആയില്ലേ. അമ്മുനെ കെട്ടിപിടിച്ചു അവളുടെ ഇരു കവിളിലും ഉമ്മ കൊടുക്കുന്ന തന്റെ അമ്മയെ കണ്ടുകൊണ്ടായിരുന്നു നകുലൻ കയറിവന്നത്. ഒഹ്... അപ്പോ മരുമകളെ മാത്രം മതി അമ്മയ്ക്ക്... ഇങ്ങനെയൊരു സന്താനം കൂടി ഉണ്ട് കേട്ടോ.. ആദ്യമായി അമ്മേയെന്നു നീട്ടി വിളിച്ചവനാണ് ഞാൻ..അതു മറക്കണ്ട കേട്ടോ. നകുലൻ പറഞ്ഞതും ബിന്ദു മകന്റെ അടുത്തേക്ക് വന്നു. അവനും അതുപോലെ മുത്തം കൊടുത്തു. നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര ആഗ്രഹിച്ചതാണെന്നു അറിയാമോ മോനെ.. ഈ കുഞ്ഞിന്റെ മുഖം ഒന്ന് കാണാതെ,,, ഞാൻ ഒരുപാട് സങ്കടപ്പെട്ടതാണ്. എന്നും രാത്രില് ശ്രീജ മോളോട്, നിങ്ങളുടെയൊക്കെ കാര്യം പറഞ്ഞ കരയാനെ എനിക്ക് നേരം ഉണ്ടായിരുന്നുള്ളൂ, . അമ്മയ്ക്ക് വയ്യാണ്ടയതുകൊണ്ടല്ലേ, അല്ലാതെ മനപ്പൂർവ്വം വരാതിരുന്നത് ഒന്നുമല്ലല്ലോ.. സാരമില്ല.. പോട്ടെ. അമ്മ വിഷമിക്കാതെ.. ഞങ്ങൾ ഇങ്ങു വന്നല്ലോ. നകുലൻ അവരെ സമാധാനപ്പെടുത്തി. ജയന്തി.... എന്തൊക്കെ ഉണ്ട് വിശേഷം. ജയന്തി ഉണ്ടായിരുന്നതുകൊണ്ടാണ് എന്റെ അമ്മു, യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാതെ കഴിഞ്ഞത് കേട്ടോ. ബിന്ദു വന്നിട്ട് അവരുടെ കയ്യിലും പിടിച്ചു. ചേച്ചിയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. ക്ഷീണം കുറഞ്ഞോ.. ജയന്തി ചോദിച്ചു ആഹ് കുഴപ്പമില്ലന്നേ.. പിന്നെ ഇത്രയും പ്രായമൊക്കെ ആയില്ലേ, എവിടെയെങ്കിലും വീഴ്ച പറ്റിയാൽ ഇരിപ്പതാണ്.. കേറി വാ.. നമ്മൾക്ക് ചായ കുടിക്കാം.. ജയന്തി ചേച്ചിയെം കൂട്ടിക്കൊണ്ട് ബിന്ദു അമ്മായി അകത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് സത്യത്തിൽ അമ്മുവിന് സമാധാനമായത്. ചേച്ചിയെ കാണുമ്പോൾ അമ്മായിക്ക് എന്തെങ്കിലും ദേഷ്യം തോന്നുമോ എന്ന് അവൾ ഭയന്നിരുന്നു. പാറുക്കുട്ടിയെ വിളിച്ചുകൊണ്ട് നകുലൻ റൂമിലേക്ക് ചെന്നു. വാവ ആണെങ്കിൽ ഉറക്കത്തിൽ ആയിരുന്നു. അതൊന്നും വകവയ്ക്കാതെ അവൻ ശ്രീജയുടെ കുഞ്ഞിനെയും എടുത്ത് തോളത്തിട്ട് പുറത്തേക്ക് വന്നപ്പോൾ അമ്മു വന്നിട്ട് കുഞ്ഞിനെ മേടിച്ചു. പാറുക്കുട്ടാ... ചിറ്റേ മറന്നു പോയോട.. ശ്രീജയുടെ കയ്യിലിരിയ്ക്കുന്ന വാവയെ നോക്കി പാറുക്കുട്ടി ചിരിച്ചു. എടാ.. നിന്റെ അനിയത്തിവാവയാണ്.ഇഷ്ടമായോടാ... നകുലൻ ചോദിച്ചപ്പോൾ പാറുക്കുട്ടി പിന്നെയും ചിരിച്ചു. അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും അതീവ സന്തോഷത്തോടെ ഒത്തുകൂടി. നകുലനും അമ്മുവും കൂടി അവരുടെ റൂമിലേക്ക് ചെന്നു. ബെഡ്ഷീറ്റ് ഒക്കെ ഒന്ന് മാറ്റി വിരിക്കണോല്ലോ ഏട്ടാ.. കുറച്ചായിട്ട് അടഞ്ഞു കിടന്നത് കൊണ്ട് റൂമിലാകെ മറ്റൊരു ഗന്ധം ആയിരുന്നു. നകുലൻ ജനാലയൊക്കെ തുറന്നിട്ടു. നല്ല തണുത്ത കാറ്റ് അടിച്ചു കയറിവന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നിപ്പോയി നകുലനു വേഷമൊക്കെ മാറ്റി കുളിച്ചു വരാമെന്ന് പറഞ്ഞു അമ്മു വാഷ് റൂമിൽ പോകാൻ തുടങ്ങിയതും നകുലൻ അതു തടഞ്ഞു. എടിയേ... കുളം അപ്പോളും അവിടെയുണ്ട്.. ഒന്ന് നീന്തി തുടിച്ചാലോ..ആരും അറിയേണ്ടന്നെ.. ദേ മനുഷ്യാ.. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ.ഒരു കുളം.. കൊതിയാണേൽ പോയി ചാടിട്ട് വാ.. എന്നെ കൂട്ടണ്ട. എനിയ്ക്കോട്ടു സമയോം ഇല്ല... അമ്മു ആണെങ്കിൽ പിടിച്ച് ഒരു ഉന്തു വെച്ചു കൊടുത്തു. എന്നിട്ട് ചാടിത്തുള്ളി കുളിയ്ക്കാനായിട്ട് പോയി ഒരു നേർത്ത പുഞ്ചിരിയോടെ നകുലൻ കിടക്കയിലേക്ക് ഇരുന്നു..ഇങ്ങനെയൊരു കുറുമ്പത്തി. ഹ്മ്... വേണ്ടന്ന് വെച്ചിട്ടാ.. ഇല്ലെങ്കിലേ ഉറപ്പായിട്ടും ഞാൻ കുളത്തിലേക്ക് നിന്നെക്കൊണ്ട് പോയേനെ..ഞാനൊരു പാവമായി പോയത് നിന്റെ ഭാഗ്യം. പിറു പിറുത്ത് കൊണ്ട് അവൻ കിടക്കയിലേക്ക് വീണു. *** നാളെ ഡോക്ടർ ഉണ്ടല്ലോ അല്ലെ മീനാക്ഷി.. രാത്രിയിൽ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ യദു മീനാക്ഷിയോട് ചോദിച്ചു. എനിക്കൊന്നും അറിഞ്ഞുകൂടാ... എന്തിനാ ഇപ്പൊ ഇത്ര വെച്ച് ഹോസ്പിറ്റലിലേക്ക് പോകുന്നത്.. അതിനുമാത്രം പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. അതൊന്നും നീ അറിയേണ്ട... എന്തായാലും നാളെ ഹോസ്പിറ്റലിൽ പോയേ തീരൂ. 11 മണിയാകുമ്പോൾ ഞാൻ എത്തും. ആ സമയത്ത് നീ റെഡിയായി നിന്നാൽ മതി. എന്റെ യദുവേട്ടാ, ഞാൻ പറയുന്നതൊന്നും മനസ്സിലാക്കിയ്ക്കെ.. എനിക്ക് ഒരു കുഴപ്പവുമില്ലന്നേ.. അത് ഡോക്ടർ കൂടി പറയട്ടെ.. അല്ലാണ്ട് നീ സ്വയം ചികിത്സിക്കാൻ നിൽക്കണ്ട. അവൻ ഗൗരത്തിലായി. മറുത്തൊന്നും പറയാതെ മീനാക്ഷിയിരുന്നു. കാരണം എന്തേലും തർക്കുത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ യദുവിന് b ദേഷ്യം ആകും എന്ന് അവൾക്കറിയാം. അതുകൊണ്ട് നിശബ്ദത പാലിച്ചു നിൽക്കുന്നതാണ് നല്ലതെന്നും, മീനാക്ഷിക്ക് തോന്നി. നാളെ കാലത്തെ എന്തെങ്കിലും ഒഴിവു കഴിവുകൾ പറയാം. അങ്ങനെ യാത്ര മാറ്റി വെയ്ക്കാം. അവൾ ചില കണക്ക്ക്കൂട്ടലുകൾ നടത്തി......തുടരും………