ശിശിരം: ഭാഗം 136
രചന: മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ, മീനാക്ഷി എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
പാലപ്പത്തിനുള്ള മാവ് ഒക്കെ പൊളിച്ചു പൊന്തി പരുവമായി ഇരിപ്പുണ്ട്.
ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത്, അവൾ അത് നന്നായി ഒന്നൂടെ ഇളക്കി വച്ചു.
അതിനുശേഷം ചോറ് വെയ് lക്കുവാനായി, അടുപ്പത്ത് വിറകുകൾ ഒക്കെ എടുത്ത് കൂട്ടി..
തലേദിവസത്തെ മീൻ കറി വച്ചതും പൊരിച്ചതും ഒക്കെ ഇരിപ്പുണ്ട്, അതിന്റെ കൂടെ അല്പം വൻപയർ കൂടി തോരൻ വയ്ക്കുവാനായി അവൾ അരിച്ചെടുത്തു വെള്ളത്തിൽ ഇട്ടു. ഓരോരോ ജോലികളൊക്കെ അവൾ വേഗത്തിൽ തീർത്തുകൊണ്ടിരുന്നപ്പോഴാണ്, യദു ഉറക്കെ വിളിക്കുന്നത് മീനാക്ഷി കേട്ടത്.
അവൾ അടുക്കളയിൽ നിന്നും സ്വീകരണ. മുറിയിലേക്ക് ഇറങ്ങിവന്നു.
തന്റെ ഫോണും കയ്യിൽ പിടിച്ച് അവളുടെ അരികിലേക്ക് വരുന്നുണ്ടായിരുന്നു യദു..
എല്ലാം കുഴപ്പത്തിലായല്ലോ മീനാക്ഷി…
യദു വിഷമത്തോടെ മീനാക്ഷിയെ നോക്കി.
എന്താ യദുഏട്ടാ എന്തുപറ്റി…
ഇന്ന് എനിക്ക് അവധി കിട്ടത്തില്ലല്ലോടോ.
മീനാക്ഷി എങ്ങനെയാണ് ഹോസ്പിറ്റലിൽ പോകുന്നതിൽ നിന്നും ഒഴിവാകുന്നത് എന്നോർത്തപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ, യദുവിന് അന്നത്തെ ദിവസം ലീവ് കിട്ടാൻ, യാതൊരു മാർഗവും ഇല്ലെന്ന് അവളറിഞ്ഞതും മീനാക്ഷിക്ക് സന്തോഷമായി..
ഇനിയിപ്പോ എന്ത് ചെയ്യും മീനാക്ഷി….
എനിക്ക് വേറെ പ്രശ്നമൊന്നും ഇല്ലല്ലോ യദുഏട്ടാ, ഏട്ടൻ ഓഫീസിലേക്ക് പോകാൻ നോക്ക്, നേരം ഒരുപാട് ആയി.
അവൾ യദുവിനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു..
അപ്പവും മുട്ടക്കറിയും, ഇരിപ്പുണ്ട്. ഏട്ടൻ കൈ കഴുകി വന്നേ,ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം..
അവൾ അടുക്കളയിലേക്ക് പോയി..
യദുവിനുള്ള ലഞ്ച് ബോക്സ് റെഡിയാക്കി വെച്ച ശേഷം , അവൾ മുറ്റമൊക്കെ അടിച്ചുവാരുവാനായി തൊടിയിലേക്ക് ഇറങ്ങി.
യദുവേട്ടൻ പോയ ശേഷം വേണം
തനിക്ക് അപ്പച്ചിയുടെ വീട് വരെ ഒന്ന് പോകാനു. കാരണം, ഇന്ന് അപ്പച്ചി മരിച്ച നാളാണ്
, എല്ലാ മാസവും ഈ ദിവസം, അവരുടെ അസ്ഥിത്തറയിൽ മീനാക്ഷി ചെന്ന് നിലവിളക്ക് കൊളുത്തി വയ്ക്കും. എന്നിട്ട് കുറച്ചു സമയം അതിലൂടെയൊക്കെ ചുറ്റിപ്പറ്റി നടന്നിട്ട് അവൾ തിരിച്ചു വീട്ടിലേക്ക് കയറി പോരും. യദു പോകുവാൻ എങ്ങനെയും എട്ടര മണിയാകും, അതിനുശേഷം ആണ് മീനാക്ഷി താഴേക്ക് ഇറങ്ങുന്നത്.
ഗിരിജ ഉള്ള ദിവസങ്ങളിൽ വിളക്ക് കത്തിക്കലിന് മുടക്കം വരാറുണ്ട്. അല്ലാത്തപ്പോഴൊക്കെ അവൾ ഇത് കൃത്യമായിട്ട് ചെയ്തു പോരും.. പിന്നെ ഈ നേരത്ത് ഇങ്ങനെ നിലവിളക്ക് കൊളുത്തുന്നത് ദോഷമാണോ എന്നൊക്കെ അവളും ചിന്തിക്കാറുണ്ട്, എങ്കിലും അവളുടെ മനസ്സിന്റെ ഒരു സമാധാനത്തിനായി അത് അങ്ങനെ ചെയ്തു പോന്നു.
****കുഞ്ഞുവാവയെ നിലത്തു വയ്ക്കാതെ ബിന്ദു കൊണ്ടു നടക്കുകയായിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ വാവയ്ക്ക് വിശന്നു. അപ്പോഴേക്കും അമ്മു വന്നിട്ട് കുഞ്ഞിനെ റൂമിലേക്ക് വാങ്ങിക്കൊണ്ടു പോയി.
രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞ ശേഷം, ബിന്ദുവും ശ്രീജയും ജയന്തി ചേച്ചിയും ഒക്കെ ഉമ്മറത്ത് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്..
നകുലൻ ആണെങ്കിൽ ആരെയോ കാണുവാൻ ഉണ്ടെന്നു പറഞ്ഞ കവല വരെ പോയതാണ്.
10 മണിയോടുകൂടി അവൻ തിരിച്ചു വരുമെന്നും, അപ്പോഴേക്കും ഒരുങ്ങി റെഡിയായി നിന്നോളാനുമൊക്കെയാണ്, അമ്മുവിനോട് നകുലൻ പറഞ്ഞിരിക്കുന്നത്.
ഒരുപാട് നാളുകളായി അവൾ വീട്ടിലേക്ക് പോയിട്ട്.
വാവയെ തന്റെ അമ്മയെ കാണിക്കുവാനായി പോകുവാൻ അമ്മു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു..
കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം, അമ്മു ജയന്തി ചേച്ചിയെ വിളിച്ച് താൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു m അപ്പോൾ അവർക്കും അമ്മുവിന്റെ വീട്ടിലേക്ക് വരണമെന്ന് ആഗ്രഹം.
അതിനെന്താ ചേച്ചി പോയി റെഡിയായിക്കോളു… ഏട്ടൻ ഇപ്പോ വരും. നമുക്ക് പോയിട്ട് ഉച്ചയോടുകൂടി മടങ്ങി വരാം. അവിടെ ഒക്കെ ആകെ അലങ്കോലപ്പെട്ടാവും കിടക്കുന്നത്m എത്രയോ നാളുകളായി ഒന്ന് പോയിട്ട്.
ഇവിടുന്ന് നമുക്ക് രണ്ട് ചൂലൊക്കെ കൊണ്ടുപോകാം മോളെ, അല്ലെങ്കിൽ കവലയിലോ മറ്റോ കിട്ടുമോ. കിട്ടുമെങ്കിൽ അങ്ങനെ നോക്കാം.
ഹ്മ്….. കവലയിൽ ഉണ്ട് ചേച്ചി…നല്ല ബലമുള്ള ഈർക്കിലി ചൂല് കിട്ടും
ആഹ്, എന്നാൽപിന്നെ, അവിടുന്ന് രണ്ട് ചൂല് വാങ്ങാം. എന്നിട്ട് വീണ്ടും പരിസരവും ഒക്കെ വൃത്തിയാക്കിയിടാം മോളെ
ജയന്തി പറഞ്ഞു..
പത്തു മണിയാകുമ്പോഴേക്കും വരുവൊള്ളൂ എന്ന് പറഞ്ഞ നകുലൻ, 9 മണി ആകുന്നതിന് ഇപ്പുറത്ത് മടങ്ങിവന്നു.
നീയിതു എവിടെ പോയതായിരുന്നു മോനെ കാലത്തെ?
കാറിൽ നിന്നും ഇറങ്ങിയ നകുലനെ നോക്കി ബിന്ദു ചോദിച്ചു.
ഞാൻ നമ്മുടെ രാമേട്ടനെ ഒന്ന് കാണാനായി പോയതാ. വരാല് വല്ലതും കിട്ടുമോന്ന് നോക്കാൻ..
എന്നിട്ടോടാ….
വൈകുന്നേരത്തേക്ക് ഒന്ന് വിളിക്കാനാണ് ആള് പറഞ്ഞത്.. കിട്ടാനിത്തിരി പാടാണെന്ന്.
നമ്മുടെ തെക്കുവശത്തെ പാടത്തേക്ക് നീ ഒന്ന് ഇറങ്ങുമോനെ, ആ മുപ്പല്ലിയും കൂടെ എടുത്താൽ മതി.
വരാൽ ഉണ്ടെങ്കിൽ തടഞ്ഞോളും.
ഹ്മ്.. നോക്കാം ഉച്ച കഴിയട്ടെ.
അവൻ സോപാനത്തിൽ വന്നിരുന്നുകൊണ്ട് അമ്മയ്ക്ക് മറുപടി കൊടുത്തു.
നകുലന് ഒരു ഗ്ലാസ് ചായയുമായി, ശ്രീജ ഇറങ്ങി വരുന്നുണ്ട്.
പാറുക്കുട്ടി എവിടെ? ഉറങ്ങിയോടി..
ഹേയ് ഇല്ലന്നെ… അമ്മുവിന്റെ കൂടെ ഇരുന്ന് നെയിൽ പോളിഷ് ഇടുന്നുണ്ട്..
ശ്രീജ ചിരിയോടെ പറഞ്ഞു.
വലിയ മേക്കപ്പ്കാരിയാ,,, കുളിയൊക്കെ കഴിഞ്ഞു വന്നിട്ടുള്ള ആ ഒരുക്കം ഒന്ന് കാണേണ്ടതാണ്.. ബിന്ദു
പറയുന്നത് കേട്ട് ശ്രീജയും നകുലനും പുഞ്ചിരിച്ചു.
അമ്മു…
നകുലൻ ഉച്ചത്തിൽ വിളിച്ചു.
ദാ വരുന്നു നകുലേട്ടാ..
പാറുക്കുട്ടിയോട് കഥകൾ പറഞ്ഞുകൊണ്ട് അമ്മു ഇറങ്ങി വരുന്നുണ്ടായിരുന്നു.
നിനക്ക് വീട്ടിൽ പോകണ്ടേ, റെഡിയാവാൻ നോക്ക്.
ഹ്മ്… അവൾ തലയാട്ടി.
മോളെ അമ്മു… എങ്കിൽ പിന്നെ കാലത്തെ പോയിട്ട് വാ, കുറച്ചു കഴിഞ്ഞാൽ ഭയങ്കര വെയിലാണ്.
ഹ്മ്… ജയന്തിചേച്ചിയും വരുന്നുണ്ട് അമ്മായി, ഞങ്ങൾ ചെന്നിട്ട് അവിടെ ഒക്കെ ഒന്ന് അടിച്ചു വാരി വൃത്തിയാക്കിയിട്ട് വരാം.
മ്മ്.. മോള് ഒരുപാട് കുനിയുവൊന്നും ചെയ്യരുത് കേട്ടോ, നടുവിനു വേദന പിന്നെ വിട്ടു മാറില്ല.
ഞാൻ അടിച്ചു വാരിക്കോളാം ചേച്ചി, ഈ കുട്ടിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ലാട്ടോ.
കുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട് ചേച്ചിയും അവരുടെ അടുത്തേക്ക് അപ്പോഴേക്കും എത്തി.
ഉറക്കിക്കിടത്തിയ ആള് ഇത്രവേഗം എണീറ്റോ..
അമ്മു അവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി പിടിച്ചു.
ഇപ്പൊ പൂച്ചയുറക്കമാണ്, 10 മിനിറ്റ് ഉറങ്ങിയിട്ട് ചാടി എണീറ്റ് പോന്നു.
കുഞ്ഞിന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മു പിന്നെയും പറഞ്ഞു…..തുടരും………