Novel

ശിശിരം: ഭാഗം 15

രചന: മിത്ര വിന്ദ

സതിയുടെ റിപ്പോർട്ട് ഒക്കെ വാങ്ങി പരിശോധിച്ച ശേഷം നകുലൻ അതിന്റെ ഒന്ന് രണ്ട് ഫോട്ടോസ് അവന്റെ ഫോണിലേക്ക് പകർത്തി.

പേടിക്കാൻ ഒന്നുമില്ല അപ്പച്ചി, എന്തായാലും ഞാൻ എന്റെ ഫ്രണ്ടിനെ ഒന്ന് കാണിച്ചു നോക്കട്ടെ, പിന്നെ ഡോക്ടർ പറഞ്ഞതുപോലെ കേൾക്ക്, നന്നായി റസ്റ്റ് ഒക്കെ എടുക്ക്, ജോലിക്കൊന്നും പോകണ്ട, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, വിളിച്ചാൽ മതി കേട്ടോ.

ആദ്യമായിട്ടായിരുന്നു സതിക്ക് നകുലനീൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായത്.

ഇടയ്ക്ക് ഒരു തവണ, അമ്മു രണ്ടാൾക്കും ഉള്ള കാപ്പിയുമായി ഉമ്മറത്തേക്ക് വന്നു.

എന്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ മോനെ സങ്കടം, എനിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഇവൾക്കാരുമില്ല, അതോർത്ത് മാത്രമേ എന്റെ നെഞ്ച് പൊട്ടുവൊള്ളൂ.
സതിയുടെ വാക്കുകൾ ഇടറി.

അവരെയൊന്ന് ദഹിപ്പിച്ചു നോക്കിയിട്ട് അമ്മു അകത്തേക്ക് വീണ്ടും കയറി പോയി.

നകുലൻ ആണെങ്കിൽ സത്യത്തിൽ മറുപടിയൊന്നും പറഞ്ഞതുമില്ല.

അപ്പോഴേക്കും കിച്ചുവിന്റെയും യദുവിന്റെയും കല്യാണ കാര്യത്തെക്കുറിച്ച് സതി അവനോട് സംസാരിച്ചു.

ഹ്മ്മ്….
അവനൊന്നു മൂളി..

കുറച്ചു സമയം ഇരുന്ന് സംസാരിച്ച ശേഷം നകുലൻ അവിടെ നിന്നും യാത്രപറഞ്ഞ് ഇറങ്ങി..

അമ്മു അടുക്കളയുടെ, ജനാല വഴി അവൻ പോകുന്നത് ഒന്ന് എത്തി നോക്കി.
കുറച്ചു മുന്നേ നകുലൻ പിടിച്ച് അവളെ ചേർത്തുനിർത്തിയത് ഓർത്തപ്പോൾ, പെണ്ണിന് ആകെക്കൂടി ഒരു വല്ലായ്മ പോലെ.
ഒരു നെടുവീർപ്പോടുകൂടി അവൾ അമ്മയുടെ അടുത്തേക്ക് വീണ്ടും ചെന്നു.

മോളെ പോയി കുളിച്ചിട്ട് വാടി വിളക്ക് കൊളുത്തി നാമം ജപിക്കണ്ടേ…

ആഹ് കുളിയ്ക്കാൻ പോകുവാ, ആ സാധനം ഇറങ്ങി പോകാതെ എങ്ങനെ ആണ് ഇങ്ങോട്ട് വരുന്നേ എന്നോർത്ത് ഞാൻ അടുക്കളേൽ നിൽക്കുവാരുന്നു.

അവൻ ഇവിടെ ഇരിപ്പുണ്ടെന്ന് കരുതി നിനക്ക് കുളിക്കാൻ പോകുന്നതിന് എന്താടി കുഴപ്പം.

ഓ ഒരു കുഴപ്പവുമില്ല അത്രയ്ക്ക് പത്തരമാറ്റ് തങ്കം അല്ലേ അമ്മയുടെ പൊന്നാങ്ങളേടെ മോന്..

കലിപ്പിൽ അമ്മു വെളിയിലേക്ക് ഇറങ്ങിയതും സതി താടിയ്ക്ക് കൈയും കൊടുത്തു കൊണ്ടിരുന്നു.

അയാൾ ഇന്നൊന്നു വന്നെന്നു കരുതി അമ്മ ഒരുപാട് അങ്ങ് പൊങ്ങാൻ നിൽക്കേണ്ട, അങ്ങേരുടെ സ്വഭാവം നാട്ടിലൊക്കെ പാട്ടാണ് അറിയാല്ലോ…

എന്തോന്ന് സ്വഭാവമാടി, അവൻ ഈ കരവിട്ടു പോയിട്ട് തന്നെ വർഷം നാലഞ്ച് ആയി, എഞ്ചിനീയറിങ് കഴിഞ്ഞപ്പോഴേ, എന്തോ ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ് അവൻ, എറണാകുളത്ത് ഉള്ള കമ്പനിയിൽ അല്ലേ ജോലി ചെയ്യുന്നത്. പിന്നെ ആളുകളൊക്കെ എന്തെങ്കിലുമൊക്കെ പറയും എന്നു കരുതി, ഞാൻ അതൊന്നും വിശ്വസിക്കില്ല. എനിക്ക് യദു കുട്ടനും കിച്ചനും നകുലനും ഒക്കെ ഒരുപോലെയാണ്.,.

യദു ഏട്ടനെയും കിച്ചേട്ടനെയും പോലെയൊന്നുമല്ല നകുലിന്റെ സ്വഭാവം. അയാള് അടുത്ത് വരുമ്പോൾ തന്നെ മദ്യത്തിന്റെ മണമാണ്, പിന്നെ ആ ചുണ്ടിന്റെയൊക്കെ കോലം കണ്ടില്ലേ സിഗരറ്റ് വലിച്ചു വലിച്ച് ആ കറയാണ് ചുണ്ടത്ത് മുഴുവനും.അയാളുടെ കൈയിൽ ഇല്ലാത്ത വഷളത്തരങ്ങൾ ഒന്നുമില്ല, ഏതെങ്കിലും പെണ്ണിനെ കൊണ്ട് ഒരു ദിവസം കേറി വരുമ്പോൾ അറിയാം തനിക്കൊണം.. അന്ന് എന്റെ അമ്മ ഇതൊക്കെ തന്നെ പറയണം കേട്ടോ, പുന്നാര മോനെ കുറിച്ച്.

അറപ്പോടുകൂടി അമ്മു പറഞ്ഞ് നിർത്തിയതും  സതി വായും പൊളിച്ച് തൂണിൽ ചാരി നിന്നു..

“അപ്പച്ചി.. വണ്ടിടെ തക്കോൽ എടുക്കൻ മറന്നു.. ”

നകുലിന്റെ ശബ്ദം കേട്ടതും അമ്മുവിനെ വിറച്ചു പോയി.
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ അതേ നിൽപ്പ് തുടർന്നു.

മോനേ……
സതി എന്തോ പറയുവാൻ തുടങ്ങിയതും അവൻ പെട്ടെന്ന് കയ്യെടുത്ത് വിലക്കി.

ഞാൻ പോകുവാ അപ്പച്ചി..നേരം വൈകി

വരമ്പത്ത് കൂടി വേഗത്തിൽ നടന്നുപോകുന്ന നകുലിനെ നോക്കി സതി സങ്കടത്തോടെ നിന്നു.

യാതൊരു കൂസലും ഇല്ലാതെ കുളിക്കാൻ കയറിപ്പോകുന്ന മകളെ കണ്ടതും അവർക്ക് ഇത്തിരി ദേഷ്യം തോന്നാതെ ഇല്ല.

***
ഒരാഴ്ച വേഗത്തിൽ കടന്നുപോയി.
ഇതിനോട് ഇടയ്ക്ക് യദുവിന്റെയും കിച്ചന്റെയും പെണ്ണുകാണൽ ചടങ്ങും കഴിഞ്ഞു.
ശ്രുതിയുടെ വീട്ടിൽനിന്ന് ആദ്യം ആളുകൾ എത്തിയത്. വീടും ചുറ്റുപാടും പരിസരവും ഒക്കെ അവർക്കൊക്കെ വല്ലാതെ ബോധിച്ചു. ചെക്കന്റെ വീട്ടിൽ നിന്നും വേണ്ടപ്പെട്ട ആളുകൾ പെണ്ണിന്റെ വീട്ടിലേക്കും പോയി.
മീനാക്ഷിയുടെ അച്ഛനും അമ്മയും ഒക്കെ, ഗവൺമെന്റ് ജോലിക്കാർ ആയതിനാൽ അവർക്ക് ഞായറാഴ്ച മാത്രമേ അവധി ഉണ്ടായിരുന്നുള്ളൂ.
ഈ വരുന്ന ഞായറാഴ്ച കാലത്തെ 11 മണിയാകുമ്പോഴേക്കും, മീനാക്ഷിയുടെ ബന്ധുമിത്രാദികൾ ഒക്കെ,യദുവിന്റെ വീട്ടിലേക്ക് എത്തുമെന്ന്, പ്രിയ, വിളിച്ച് അറിയിച്ചു.

എല്ലാവരും അതീവ സന്തോഷത്തിലാണ്.
പക്ഷേ യദുവിന്റെ മുഖം മാത്രം തെളിച്ചമില്ലാതെ ആയിരുന്നു.

ഒരു ദിവസം, പിഎസ്സി കോച്ചിങ് സെന്ററിൽ നിന്നും, ഇറങ്ങിവരുന്ന അമ്മുവിനെ കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു.

എന്തു പറ്റിയെട്ടാ പതിവില്ലാതെ ഈ നേരത്തു?
അമ്മു അവനെ കണ്ട് ആകാംക്ഷയോടെ ചോദിച്ചു.

ഒന്നുമില്ലെടി, നിന്നോടൊന്നു സംസാരിക്കണം എന്ന് തോന്നി. നീ ഫ്രീയാണോ, അതോ വേറെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ.

എനിക്ക് എന്ത് പ്രോഗ്രാം ആണ് യദുവേട്ടാ,,

എങ്കിൽ നമുക്ക് കുറച്ച് നടന്നാലോ..

ഇവിടെ നിന്നും വീട് വരെ നല്ല ദൂരമില്ലെ യദുവേട്ടാ. അരമണിക്കൂർ മിച്ചമുണ്ട് അപ്പോഴേക്കും എന്റെ കാല് കഴച്ചോടിയും.

അതൊന്നും സാരമില്ല നീ വന്നേ..
യദുവിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോഴേ അമ്മുവിന് മനസ്സിലായി കാര്യം എന്തോ സീരിയസ് ആണെന്ന്.

10 മിനിറ്റ് കഴിഞ്ഞിട്ടും അവൻ ഒന്നും പറയാതെ അങ്ങനെ നടക്കുകയാണ്.

എന്താ  യദുവേട്ട എന്തെങ്കിലും പ്രശ്നം ഉണ്ടോ.എന്താണെങ്കിലും എന്നോട് പറയൂ.

അമ്മുവിന് ആകെ കൂടി ടെൻഷനായി.

അമ്മു എനിക്ക് ഈ കല്യാണത്തിന് തീരെ താല്പര്യമില്ല…

മുഖവുര ഒന്നും കൂടാതെ അവൻ അമ്മുവിനോട് പറഞ്ഞു..

ങ്ങെ.. താല്പര്യമില്ലെന്നോ ഏട്ടനീത് എന്തു വർത്തമാനം പറയുന്നത്…
അവളുടെ നെറ്റി ചുളിഞ്ഞു.

ഞാൻ പറഞ്ഞത് സത്യമാണ്. മീനാക്ഷിയെ ജസ്റ്റ് ഒന്ന് പോയി കണ്ടു എന്നേയുള്ളൂ, അതും അമ്മയുടെയും പ്രിയയുടെയും ഒക്കെ നിർബന്ധം മൂലം. പക്ഷേ എനിക്ക് ഒരിക്കലും ആ കുട്ടിയെ  വിവാഹം കഴിക്കുവാൻ താല്പര്യമില്ല.

എന്തു പറ്റിയേട്ടാ,എന്താണ് ഇപ്പോൾ ഇങ്ങനെ തോന്നാന്..?

എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്..അവൻ പറഞ്ഞു

ഈശ്വരാ ഈ യദുഏട്ടൻ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്. ആരെയാണ് എന്റെ യദുവേട്ടൻ ഇഷ്ടപ്പെടുന്നത് , എന്നിട്ട് എന്നോട് ഇതേവരെയായിട്ടും ഒന്ന് സൂചിപ്പിച്ചു പോലുമില്ലല്ലോ, സത്യം പറ ഏട്ടാ ആരാണ് ആള്..

ആൾക്ക് എന്നെ ഇഷ്ടമാണോ എന്ന് അറിയില്ലെടി..

ആഹ് ബെസ്റ്റ്… എന്റെ  യദുഏട്ടനെ ഇഷ്ടപ്പെടാത്ത ഏതു പെൺകുട്ടിയാണ് ഉള്ളത്… അതൊക്കെ നമുക്ക് സെറ്റ് ആക്കാം ആദ്യം ആൾ ആരാണെന്ന് പറ..

അവൾ വീണ്ടും വീണ്ടും ചോദിച്ചതും യദു മുഖംകുനിച്ചു..

പ്ലീസ്.. ഒന്ന് പറഞ്ഞേ യദുവേട്ട ആരാണ് ആള്.. ഒരുപാട് ദൂരത്തെങ്ങാനും ആണോ, അതോ…

ദൂരത്തൊന്നും അല്ല.. എന്റെ അരികിൽ ഉണ്ട്…അവൻ അമ്മുവിനെ നോക്കി പറഞ്ഞു.
അവൻ പറയുന്നത് കേട്ടതും അമ്മു ഞെട്ടിപോയി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button