Novel

ശിശിരം: ഭാഗം 30

രചന: മിത്ര വിന്ദ

കിടക്ക വിരിച്ചിട്ടുണ്ട് നകുലേട്ടാ,കേറി പോരേ കേട്ടോ.

ഞാൻ ഇവിടെ കിടന്നോളാം, നീ വാതിൽ അടച്ചിട്ട പൊയ്ക്കോ.
അവൻ അരഭിത്തിയിൽ കയറി ഇരുന്നു.

അകത്തെ മുറിയിൽ കിടക്കാം. തണുപ്പ് അടിച്ചു പനി വല്ലതും പിടിയ്ക്കും.

സാരമില്ല, നീ ഒരു ബെഡ്ഷീറ്റ് എടുത്തു തന്നാൽ മതി.

അകത്തു വന്നു കിടക്കു നാകുലേട്ട,,
അവൾ പിന്നെയും കെഞ്ചി.

വേണ്ടമ്മു. അത് ശരിയാവില്ല,, ഞാൻ ഇവിടെ കിടന്നോളാം.

ഒടുവിൽ അമ്മു ചെന്നു ബെഡ്ഷീറ്റ് എടുത്തു. ഒപ്പം ഒരു തലയിണയും, പായും.

അതൊക്കെ ആയിട്ട് അവൾ ഉമ്മറത്തേക്ക് വന്നു..
തറയിലേക്ക് വിരിച്ചു,

നീ പോയ്‌ കിടന്നോ, ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്കു, വെളുപ്പിനെ ഞാൻ എഴുന്നേറ്റ് പോകും.

നാകുലേട്ടനു അകത്തു വന്നു കിടന്നാൽ എന്താണ്, ചുമ്മാ ഓരോ പരിപാടി… അവൾ അവനെ ഒന്ന് കലിപ്പിച്ചു നോക്കി.

നിനക്ക് പേടി ആയതു കൊണ്ട്, ഞാൻ കേറി വരാത്തത്.ഇനി ഞാൻ വന്നാൽ പിന്നെ നിന്റെ ഉറക്കം നഷ്ടപ്പെടും.
അവൻ കിടന്ന ശേഷം അമ്മുനെ നോക്കി പറഞ്ഞു.

അമ്മു അകത്തേയ്ക്ക് കയറി, വാതിൽ ചാരി.

എടി അത് കുറ്റിയിട് കേട്ടോ,,

അവൻ പറഞ്ഞ പ്രകാരം അമ്മു ചെയ്തു. എന്നിട്ട് അവളുടെ മുറിയിലേയ്ക്ക് പോയി
ഉറക്കം വരാതെ തിരിഞ്ഞും  മറിഞ്ഞും കുറേ നേരം കിടന്നു.
അമ്മയാണ് ഓർമകളിൽ മുഴുവൻ നിറഞ്ഞു നിന്നത്.

സ്ഥിരമായി വെയ്ക്കുന്ന അലാറം അഞ്ച് മണിക്ക് ശബ്ധിച്ചു.
അമ്മു പെട്ടന്ന് കിടക്ക വിട്ട് എഴുന്നേറ്റു..

ഓടി ചെന്നു മുൻവശത്തെ വാതിൽ തുറന്ന് നോക്കി.
നകുലൻ ഉറങ്ങുന്നുണ്ട്.

വാതിൽ ചാരിയ ശേഷം അവൾ വീണ്ടും അകത്തേക്ക് വലിഞ്ഞു., എന്നിട്ട് അടുക്കള പുറത്തൂടെ വെളിയിലേക്ക് ഇറങ്ങി..

അമ്മയെ അടക്കം ചെയ്ത സ്ഥലത്തേക്ക് നടന്നു. നേരം പര പരാന്നു വെളുത്തു വരുന്നേ ഒള്ളു.
കുറച്ചു സമയം അവിടെ ചെന്നു നിന്നു..

മോളെ, നീ ഇനി കരയല്ലേ അമ്മക്ക് സങ്കടം ആവും കേട്ടോ..
കാതിൽ മുഴങ്ങി കേട്ടു അമ്മയുടെ വാക്കുകൾ..

എന്നാലും അവൾക്ക് തന്റെ മിഴികളെ അനുസരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അത് അങ്ങനെ നിറഞ്ഞു തൂവി.

അമ്മു,, ഞാൻ പോകുവാ കേട്ടോ.

നകുലന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി.

കാപ്പി എടുക്കാം, നാകുലേട്ടാ, ഒരു മിനിറ്റ്.

അവന്റെ മറുപടി കേൾക്കാതെ അവൾ പെട്ടന്ന് ഓടി.

ഗ്യാസ് കത്തിച്ചു വെള്ളം വെച്ച ശേഷം അവൾ പൊടിയും പഞ്ചസാരയും ഒക്കെ എടുത്തു വെച്ചു.

അഞ്ചു മിനിറ്റിനുള്ളിൽ കട്ടൻ കാപ്പിയും ആയിട്ട് അമ്മു നകുലന്റെ അടുത്ത വന്നു.

പായും തലയിണയും ഒക്കെ മടക്കി അവൻ കസേരയിൽ വെച്ചിട്ടുണ്ട്.

നകുലേട്ടാ കാപ്പി.ചൂടുണ്ട് കേട്ടോ.
അരഭിത്തിയിലേക്ക് അവൾ അത് വെച്ചു…

ഇന്നിനി വരണ്ട നകുലേട്ടാ, ഞാൻ ഒറ്റയ്ക്ക് കിടന്നോളാം, എനിക്ക് പേടിയൊന്നുമില്ല.
അമ്മു പറഞ്ഞപ്പോൾ നകുലൻ അവളെ ഒന്ന് നോക്കി.

ഞാൻ വന്നിട്ട് ഈ ഉമ്മറത്തു കിടക്കുന്നതിനു നിനക്ക് എന്താ ബുദ്ധിമുട്ട്.?
ഗൗരവത്തിൽ നകുലൻ അമ്മുനെ നോക്കി.

എന്തിനാ വെറുതെ, അതുകൊണ്ട് അല്ലെ…

അതുകൊണ്ടാ പറഞ്ഞേ അങ്ങോട്ട് പോരാൻ, അപ്പൊ അത് കേൾക്കില്ല, അതെങ്ങനെയാ അനുസരണ തീരെ ഇല്ലാലോ നിനക്ക്, സ്വന്തം ഇഷ്ട്ടപ്രകാരം അല്ലെ എന്തും ചെയ്യുന്നതും തീരുമാനിക്കുന്നതും.

കാപ്പി എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് നകുലൻ അല്പം ദേഷ്യത്തിൽ പറഞ്ഞു.

കാപ്പി കുടിച്ചു എഴുന്നേറ്റു ഗ്ലാസ്‌ അവൾക്ക് നേർക്ക് നീട്ടി എങ്കിലും അമ്മു അത് മേടിക്കാൻ കൂട്ടാക്കാതെ മുഖം തിരിച്ചു പിടിച്ചു നിന്നു.

അവളുടെ വലം കൈയിൽ പിടിത്തം ഇട്ട് കൊണ്ട് ആ കൈലേക്ക് നകുലൻ ഗ്ലാസ്‌ വെച്ചു കൊടുത്തു.

അമ്മു നോക്കിയപ്പോൾ കണ്ടു തന്റെ തൊട്ടരുകിൽ ചേർന്ന് നിൽക്കുന്നവനെ.

വൃന്ദ വിശ്വനാഥൻ എന്ന ഈ നിൽക്കുന്ന അമ്മുന്റെ കാര്യങ്ങളിൽ അവകാശം ഉള്ളവരായി ആരേലും ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അത് ഈ നകുലൻ ആണ്. മറ്റാരുമല്ല, നിന്റെ അമ്മയാണ് എനിക്ക് കൈ പിടിച്ചു തന്നത്.അതുകൊണ്ട് എനിക്ക് എപ്പോ വേണേലും ഈ വീട്ടിൽ വരാം, ഇവിടെ കിടക്കാം, പോകാം..ആരുടേം സമ്മതം ആവശ്യമില്ല,,കേട്ടല്ലോ.

പറഞ്ഞ ശേഷം അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് നകുലൻ ഇറങ്ങി പോകുകയും ചെയ്തു.

**

ശ്രുതി ആണെങ്കിൽ നേരത്തെ എഴുന്നേറ്റു, കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ എത്തി.

ഗിരിജയോടൊപ്പം ഓരോ ജോലികൾ ചെയ്തു അരികിൽ നിൽപ്പുണ്ട്.
പ്രിയ മുറ്റം അടിച്ചു വാരി കഴിഞ്ഞു കേറി വന്നപ്പോൾ ശ്രുതി അവൾക്ക് ഒരു കപ്പ് കാപ്പി എടുത്തു കൊടുത്തു..

സമയം അപ്പോൾ ഏകദേശം 7മണി ആയി.

മീനാക്ഷിയേ കണ്ടില്ലലോ, എഴുന്നേറ്റില്ലേ ആവോ?

പ്രിയ ആരോടെന്നല്ലാതെ പറഞ്ഞു.

ശ്രുതി ഒന്നും മിണ്ടാതെ കൊണ്ട് നാളികേരം തിരുമ്മി വെക്കുന്നുണ്ട്.

അപ്പോളാണ് കിച്ചൻ അവിടേക്ക് വന്നത്.

അമ്മേ.. ഇത്തിരി കട്ടൻ തന്നെ?

അവൻ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്ന് കൊണ്ട് ഗിരിജയോടായി പറഞ്ഞു.

മോളെ,ശ്രുതി, ആ ഫ്ലാസ്കിൽ കാപ്പി ഇരിപ്പുണ്ട്. ഇവന് എടുത്തു കൊടുക്ക്, ഞാൻ ഈ പുട്ടിനു ഒന്ന് നനയ്ക്കട്ടെ.

ശ്രുതി ആണെങ്കിൽ പെട്ടെന്ന് തന്നെ അവനു കാപ്പി എടുത്തു കൊടുക്കുകയും ചെയ്തു.

“അമ്മു അവിടെ ഒറ്റയ്ക്ക്,എന്തൊരു കഷ്ടം ആണ്, അവളെ വിളിച്ചിട്ട് വരത്തും ഇല്ല…ആജന്മ ശത്രു ആയ നകുലൻ ആണ് ഇന്നലെ അവൾക്ക് കൂട്ട് കിടന്നത് ”

നമ്മൾ എല്ലാവരും ചെന്നു മാറി മാറി വിളിച്ചത് അല്ലെ കിച്ചേട്ടാ, ആ കുട്ടി വരില്ലെന്ന് ഒരേ വാശി.. അത് ഇത്തിരി കടുപ്പം അല്ലെ….
ശ്രുതിയുടെ അഭിപ്രായം തന്നെ ആയിരുന്നു ഗിരിജയ്ക്കും..

പക്ഷെ പ്രിയ അത് എതിർത്തു.

അമ്മേ, എത്ര ആണേലും ഈ മുറ്റത്തു ഓടി നടന്നു കളിച്ചു വളർന്ന കുട്ടിയല്ലേ അവള്. പെട്ടെന്ന് ഒരു ദിവസം അവളോട് അങ്ങനെ ഒക്കെ മീനാക്ഷി പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല. അവളുടെ സ്ഥാനത്തു ആരായാലും ഇങ്ങനെ ഒക്കെ സംഭവിക്കൂ….

പ്രിയ വിശദീകരിച്ചു.

നമ്മൾ ആരും തന്നെ ഒരക്ഷരം പോലും അവൾക്ക് വേണ്ടി ഉരിയാടിയില്ല, മീനാക്ഷിയുടെ പക്ഷം ചേർന്ന് എല്ലാവരും നിന്നത് അതിനേക്കാൾ ഏറെ അവളെ നൊമ്പരപ്പെടുത്തി.ആ കുട്ടി ഇങ്ങനെ ഒക്കെ വീട്ടിത്തുറന്നു പറയും എന്ന് ആര് കണ്ടു..

പ്രിയ താടിക്ക് കയ്യും കൊടുത്തു ഇരിക്കുകയാണ്.

ഇപ്പൊ ഞാൻ ആയോ പ്രിയേച്ചി ഇവിടുത്തെ കുറ്റക്കാരി,..

തൊട്ട് പിന്നിൽ നിന്നും മീനാക്ഷിയുടെ ശബ്ദം കേട്ടതും എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button