Novel

ശിശിരം: ഭാഗം 35

രചന: മിത്ര വിന്ദ

നകുലേട്ടാ,എനിക്ക് കല്യാണം ഒന്നും വേണ്ട, തീരെ താല്പര്യവും ഇല്ലാ… എങ്ങനെ എങ്കിലും ഒരു ജോലി മേടിച്ചു ഇനിയുള്ള കാലം ഞാൻ കഴിഞ്ഞോളം.. എനിക്ക് കൂട്ടിനു പോലും വരണ്ട. ഒറ്റയ്ക്ക് കഴിയുന്നത് ആണ് എനിക്ക് ഇഷ്ട്ടം. ആരെയും ബുദ്ധിമുട്ടിക്കാൻ തീരെ താല്പര്യം ഇല്ലാ. അതുകൊണ്ടാ… എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെകിൽ നകുലേട്ടൻ ഇങ്ങോട്ട് വരരുത്… പ്ലീസ്..

അത് പറയുമ്പോൾ അമ്മുന്റെ മിഴികൾ നിറഞ്ഞു തൂവി.

അത് കണ്ടതും നകുലന്റെ നെഞ്ചിൽ ഒരു വല്ലാത്ത പിടപ്പ്. ഒപ്പം ഒരു വിങ്ങലും. കാരണം അവളുടെ വാക്കുകൾ അത്രത്തോളം അവനെ തളർത്തിയെന്ന് വേണം കരുതാൻ.

പതിയെ കൈ ഉയർത്തി അവൻ അവളുടെ കവിളിലേ കണ്ണീര് തുടച്ചു മാറ്റി. എന്നിട്ട് ആ കവിളിൽ ഒന്ന് തട്ടി.

എന്നിട്ട് ഒന്നും പറയാതെ അവളുടെ അരികിൽ നിന്നും മാറി.

പോയ്‌ കിടന്നോ, നേരം ഒരുപാട് ആയമ്മു..
നകുലൻ വിളിച്ചു പറഞ്ഞു.
എന്നിട്ട് വാതിൽ കടന്നു പുറത്തേക്ക് പോയ്‌.
കതക് അടച്ചോടി… ഞാൻ ഇവിടെ കിടന്നോളാം.

നാകുലേട്ടാ മഴയല്ലേ.. ഇങ്ങോട്ട് കേറി വാ..

അമ്മു ഒരുപാട് തവണ അവനെ വിളിച്ചു നോക്കി.

അരഭിത്തിയിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു നകുലൻ. അമ്മുനോട് ഒരക്ഷരം പോലും അവൻ സംസാരിച്ചില്ല.കുറച്ചു നേരം നോക്കി നിന്നിട്ട് അമ്മു അകത്തേക്ക് പിൻവാങ്ങി.

ആ രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാതെ നകുലനും അമ്മുവും ഒരു ചുവരിന്റെ വ്യത്യാസത്തിൽ കിടന്നു.

വെളുപ്പിനെ ഉണർന്ന് വന്നു അവൾ വാതിൽ തുറന്ന് നോക്കിയപ്പോൾ നകുലൻ അവിടെ ഇല്ലായിരുന്നു.

അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു. അവിടമാകെ നിരീക്ഷിച്ചു.
പക്ഷെ അവൻ പോയെന്ന് അവൾക്ക് മനസിലായി.

നകുലേട്ടന് സങ്കടം ആയി, അറിയാം, പക്ഷെ…. വേണ്ട, ഒരിയ്ക്കലും ശരിയാവില്ല…

അമ്മു തീർച്ചപ്പെടുത്തി.

അന്ന് പകലും ശ്രീജ അമ്മുന്റെ അടുത്ത് വന്നിരുന്നു.കുറേ സമയം അവളുടെ ഒപ്പം ഇരുന്നിട്ട് ഉച്ച കഴിഞ്ഞു ആയിരുന്നു മടങ്ങി പോയതും.

പിറ്റേ ദിവസം സഞ്ചയനം ആയതിനാൽ വീട്ടിൽ കുറച്ചു കസേരയും രണ്ട് മൂന്നു മേശകളും ഒക്കെ നകുലൻ എടുത്തു കൊണ്ട് വന്നു…

അമ്മു സഹായിക്കാനായി ചെന്നു എങ്കിലും അവൻ അവളെ നോക്കുക പോലും ചെയ്തില്ല

എന്നാലും അവളും അവന്റെ പിന്നാലെ പോയി.

വരമ്പത്തു കൂടെ എല്ലാം ചുമന്നു കൊണ്ട് മുറ്റത്തേക്ക് വയ്ക്കുന്ന നകുലനെയും അമ്മുനെയും മേടയിലെ ഉമ്മറത്തു ഇരുന്നു യദു കാണുന്നുണ്ട്.

എല്ലാം വീടിന്റെ കോണിൽ ഒതുക്കി ഇട്ടിട്ട് നകുലൻ ഒന്ന് നിവർന്നപ്പോൾ അമ്മു അവനു ഒരു ഗ്ലാസ്‌ നാരങ്ങാ വെള്ളം കൊണ്ട് വന്നു കൊടുത്തു.

അവൻ പക്ഷെ അത് മേടിക്കാതെ ഇറങ്ങി പോയപ്പോൾ അമ്മുന് കണ്ണു നിറഞ്ഞു.

നകുലൻ പോകുന്നതും നോക്കി കരഞ്ഞോണ്ട് നിന്ന് പോയ്‌ അവൾ.
ഫോൺ കസേരയിൽ വെച്ചിട്ട് എടുക്കൻ മറന്ന് പോയ നകുലൻ പെട്ടന്ന് തിരിഞ്ഞ് വന്നപ്പോൾ അമ്മു കരഞ്ഞു കൊണ്ട് നിൽക്കുന്നത് ആണ് അവൻ കണ്ടത്.

ഞാൻ കവലേന്നു വെള്ളം കുടിച്ചിട്ട് വന്നേ, അതുകൊണ്ട് ഇനി ഇപ്പൊ വേണ്ട….

ഫോൺ എടുത്തു ഷർട്ടിന്റെ പോക്കെറ്റിൽ ഇട്ട് കൊണ്ട് നകുലൻ പറഞ്ഞു.
എന്നിട്ട് അമ്മുന്റെ കൈയിൽ ഇരുന്ന വെള്ളം മേടിച്ചു പാതി കുടിച്ചു.

ഇനി ഇതിന്റെപേരിൽ കണ്ണീര് ഒഴുക്കണ്ട. പിന്നെ രാത്രിയിൽ എനിക്ക് വേണ്ടി അത്താഴം ഒന്നും ഒരുക്കി നോക്കി ഇരിക്കേണ്ട..എനിക്കൊട്ടും വേണ്ട താനും.കേട്ടല്ലോ..

കടുപ്പത്തിൽ പറഞ്ഞു കൊണ്ട് നകുലൻ പിന്നെയും നടന്നുപോയി..

അമ്മു മുറ്റത്തു കിടന്ന തുണികൾ എല്ലാം പെറുക്കി വീട്ടിലേക്ക് കയറി.

നാളെ കുറച്ചു ആളുകളെ ഒക്കെ വിളിച്ചിട്ടുണ്ട്. ബന്ധുക്കളെ മാത്രം.. ആരൊക്കെ വരും എന്നൊന്നും അറിയില്ല.

കുറച്ചു പച്ചരിയും ഉഴുന്നും എടുത്തു വെള്ളത്തിൽ ഇട്ടു വെച്ച്.. ഇഡലി ഉണ്ടാക്കുവാൻ വേണ്ടി.
ശ്രീജയും കാലത്തെ വരും. വന്നിട്ട് അവളും കൂടി ചേർന്ന് സാമ്പാർ ഉണ്ടാക്കാം എന്ന് ഒക്കെ പറഞ്ഞിട്ടാപോയത്.

മുറ്റവും പരിസരവും ഒക്കെ ഒന്നൂടെ അടിച്ചു വാരി വൃത്തിയാക്കി. തുണിയെല്ലാം മടക്കി അടുക്കി വെച്ചു. ചോറും തക്കാളി രസവും, ബീൻസ് തോരനും ഇരിപ്പുണ്ട്. കുറച്ചു മുളക് കൊണ്ടാട്ടം കൂടി വറത്തു നകുലന് ചോറ് കൊടുക്കാം എന്ന് കരുതിയത് ആയിരുന്നു.ഇനി ഇപ്പൊ ആള് കഴിക്കില്ല.. ഒരു നെടുവീർപ്പോടെ അമ്മു ഉമ്മറത്ത് അങ്ങനെ ഇരുന്നു.

തൊട്ടരുകിൽ അമ്മ ഉള്ളതായി അവൾക്ക് തോന്നി..
മിക്കവാറും ദിവസങ്ങളിൽ ഈ നേരത്തു അമ്മയോടൊപ്പം ഇരുന്ന് കഥകൾ പറയും  അമ്മേടെ അംഗനവാടിയിലേ കാര്യവും മറ്റും.
അന്നേരം ആയിരിക്കും മിക്കവാറും യദുഏട്ടൻ വരുന്നത്. പിന്നീട് താൻ അവിടന്ന് പിൻ വാങ്ങും എന്നിട്ട് അപ്പച്ചിയും മകനും കൂടിയാണ് കഥകൾ.
താൻ ആ നേരത്തു, മേടയിലേക്ക് പോകും. അവിടെ അമ്മായിയോടൊപ്പം അടുക്കളയിൽ കൂടും. കിച്ചേട്ടനും കൂടി വന്നാൽ പിന്നെ ആകെ ബഹളം ആണ്.

എങ്ങനെ കഴിഞ്ഞത് ആണ് എല്ലാരും കൂടി.അമ്മ ആണെകിൽ സ്വന്തം മക്കളെ പോലെ ആയിരുന്ന അവരെ ഒക്കെ സ്നേഹിച്ചേ.. ഇത്തിരി ചേമ്പോ കാച്ചിലോ പുഴുങ്ങിയാൽ യദുക്കുട്ടനും കിച്ചനും കൊടുത്തിട്ടേ അമ്മ കഴിക്കൂ…

എന്നിട്ട് ഒടുവിൽ ആ അമ്മയ്ക്ക് ചിതയ്ക്കു കൊള്ളി വെയ്ക്കാൻ ഒന്ന് വിളിച്ചപ്പോൾ ഇരുവരും പിന്നോട്ട് മാറി പോയ്‌.
ഓർക്കും തോറും അവൾക്ക് ഇടനെഞ്ചു വിങ്ങി പൊട്ടി.കണ്ണുനീർ ഒഴുകി ഒഴുകി പോയികൊണ്ടെ ഇരുന്നു.
അമ്മയ്ക്ക് വയ്യാണ്ടായ ആ ദിവസം.. വരമ്പത്തൂടെ നകുലേട്ടൻ അമ്മയെ എടുത്തു ഓടിയത്… തന്റെ ഒപ്പം എല്ലാത്തിനും കൂടെ നിന്നു.ഒടുവിൽ
ആരെയും കൂസാതെ നകുലേട്ടൻ വന്നതും അമ്മയുടെ ചിത കത്തിച്ചതും..

അമ്മു…..
അടുത്ത വീട്ടിലെ വത്സചേച്ചി വന്നു വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button