Novel

ശിശിരം: ഭാഗം 47

രചന: മിത്ര വിന്ദ

നകുലന്റെ പിന്നാലെ അമ്മു മുകളിലേക്ക് ഉള്ള സ്റ്റെപ്സ് ഒന്നൊന്നായി കേറി പോയി. നേരെ ചെല്ലുമ്പോൾ ഇടത് വശത്തെ ആദ്യത്തെ റൂം.. അതായിരുന്നു നകുലന്റെത്.
അവൻ അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്നു. എന്നിട്ട് അകത്തേക്ക് കേറി.

മടിച്ചു നിൽക്കുന്ന അമ്മുനെ അവൻ ഒന്നു നോക്കി..
പെട്ടെന്ന് നകുലൻ അവളുടെ വലം കൈയിൽ പിടിത്തം ഇട്ടു.

കേറി വാടി,,, ഒന്നുല്ലേലും നിന്റെ കെട്ടിയോൻ അല്ലെ കൂടെയുള്ളത്.
കാതോരം അവന്റെ ശബ്ദം കേട്ടതും അമ്മു പിടഞ്ഞു കൊണ്ട് മുഖം ഉയർത്തി.

ദേ, അഞ്ചാറു പിള്ളേരെ പെറ്റു വളർത്തേണ്ട ആളാ, ഇങ്ങട് വാടി…
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അമ്മു ചുണ്ട് കൂർപ്പിച്ചു ആ മുഖത്തേക്ക് നോക്കി.

ഹോ… ഈ പെണ്ണിന്റെ ഒരു നോട്ടം, ഇനി നടന്നു വരാൻ ബുദ്ധിമുട്ട് ആണേലേ ഞാൻ എടുത്തോണ്ട് ഇങ്ങു കേറാം..

കണ്ണു ചിമ്മി തുറക്കും മുന്നേ അമ്മു ഒന്നു ഉയർന്നു പൊങ്ങി, നാകുലേട്ടാ… വിട്ടേ, ചെ, അവർ ആരേലും കാണും.
അവന്റെ തോളിൽ കിടന്നു അമ്മു കുതറി.

അപ്പോളേക്കുമവൻ അകത്തു കേറിയ ശേഷം തിരിഞ്ഞു വന്നു വാതിൽ അടച്ചു, ഒരു കൈ കൊണ്ട് കുറ്റിയിട്ടു.

അമ്മു ഊർന്ന് ഇറങ്ങാൻ തുടങ്ങിയതും അവൻ അല്പം കൂടെ ബലത്തിൽ പിടിച്ചു.

ദേ… ഞാൻ അമ്മായിയെ വിളിക്കും കേട്ടോ.. എന്നേ താഴെ ഇറക്കു നകുലേട്ടാ…
അവൾ അവന്റെ തോളത്തു ശക്തിയിൽ ഇടിച്ചു.

ശോ… പിന്നേം മെലിഞ്ഞു കേട്ടോടി, ഇന്നലെ ഇത്തിരി കൂടി കനമുണ്ടായിരുന്നു..
അമ്മുനെ താഴെ നിറുത്തിക്കൊണ്ട് നകുലൻ പറഞ്ഞു.

എന്നേ ഇങ്ങനെയൊന്നും ചെയ്യുന്നത് എനിക്ക് ഇഷ്ട്ടമല്ല കേട്ടോ..ഇനി മേലിൽ ഇതൊന്നും ആവർത്തിക്കരുത്.

അവൾ അവനെ നോക്കി പേടിപ്പിച്ചു.

ഓഹ്.. ഉത്തരവ് മഹാറാണി…. അടിയൻ അങ്ങയുടെ കല്പന സ്വീകരിച്ചിരിക്കുന്നു.
പറയുന്നതിനൊപ്പം നകുലൻ തന്റെ ഷർട്ട്‌ ഊരി മാറ്റി. എന്നിട്ട് ബനിയൻ മാത്രം ഇട്ടു കൊണ്ട് കണ്ണാടിയിടെ മുന്നിൽ ചെന്നു നിന്നു.

താടിയൊക്കെ ഒന്ന് ഉഴിഞ്ഞു കൊണ്ട് ഒരു പുരികം മേല്പോട്ട് ഉയർത്തി..

അമ്മു ആണെങ്കിൽ കട്ടിലിന്റെ ക്രാസയിൽ പിടിച്ചു കൊണ്ട് അനങ്ങാതെ നിൽക്കുകയാണ്. വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു അവള്.

ടി പെണ്ണേ, ഈ വേഷമൊക്കെ മാറ്റി താഴേക്ക് ചെല്ല്.. എന്നിട്ട് അമ്മായിമ്മേം നാത്തൂനേമൊക്കെ അടുക്കളയിൽ സഹായിക്കാൻ നോക്ക്.
അമ്മുന്റെ തോളിലൂടെ കൈ ഇട്ടു കൊണ്ട് നകുലൻ പറഞ്ഞു.പെട്ടന്ന് അവൾ അവന്റെ കൈ വിടുവിച്ചു,

നകുലേട്ടൻ ഒന്ന് ഇറങ്ങി പോയെ, ഞാനീ വേഷം ഒക്കേ മറ്റട്ടെ.
അമ്മു ഗൗരവത്തിൽ പറഞ്ഞു

അതെന്താ, നാകുലേട്ടൻ കാണാൻ പാടില്ലാത്തത് എന്തേലും ഇതിന്റെ അകത്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ കുട്ടാ..
അവൻ അമ്മുന്റെ വയറിൽ ഒന്നു തോണ്ടാൻ വന്നതും പെട്ടന്ന് അവൾ പിന്നോട്ട് നീങ്ങി.

ദേ.. നകുലേട്ടാ വേണ്ട കെട്ടൊ, എനിക്ക് ഇതൊന്നും……

അവൾ പൂർത്തിയാക്കും മുന്നേ നകുലൻ ആ വായ പൊത്തി..

വേണ്ടാത്ത വർത്താനം ഒന്നും പറയാതെ പെണ്ണേ… ഞാൻ പോയേക്കാം..

അവൻ അമ്മുനെ ഉമ്മ വെയ്ക്കും പോലെ കാണിച്ചു കൊണ്ട് വാതിൽ തുറന്നു ഇറങ്ങി.

അമ്മു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് ബെഡിൽ ഇരുന്നു..

എന്നിട്ട് മുറിയിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു..
പണ്ടും ഇത് തന്നേ ആയിരുന്നു നകുലേട്ടന്റെ മുറിയെന്ന് അവൾ ഓർത്തു. ഒരിക്കൽ പോലും താൻ ഇവിടേക്ക് കേറി വന്നിട്ടില്ല, അമ്മായിയുടെ വഴക്കും ചീത്തവിളിയും കേട്ട് കൊണ്ട് താനും അമ്മയും കൂടി ഇവിടെ കഴിഞ്ഞത് എല്ലാമായിരുന്നു അവൾക്ക് അപ്പൊ ഓർമ വന്നത്.

അത്യാവശ്യം വലിപ്പമുള്ള ഒരു മുറിയാണ്. ഡബിൾകോട്ടിന്റെ ഒരു കട്ടിലും, പിന്നെ ഒരു മേശയും കസേരയും, അലമാരയും ഒക്കെ കിടപ്പുണ്ട്. അവൾ എഴുന്നേറ്റ് വാഷ്റൂമിലേക്ക് പോയി.
ബിന്ദുഅമ്മായി വാങ്ങി വെച്ചിരുന്ന ചുരിദാർ അവൾക്ക് പാകമായിരുന്നു.അതു ഇട്ടു കൊണ്ട് ഇറങ്ങിയശേഷം, ഉടുത്തോണ്ടു വന്ന മുണ്ടും നേര്യതും മടക്കി കസേരയിലേക്ക് വെച്ചു.അപ്പോളേക്കും ശ്രീജേച്ചി കേറി വന്നു.

ആഹ് മോളെ…. ഇത് കുഴപ്പമില്ലല്ലോ അല്ലെ?
ചുരിദാറിലേയ്ക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു.

കൃത്യമാണ് ചേച്ചി, അമ്മായി ഷേപ്പ് ചെയ്തു വെച്ചത് കൊണ്ട്,

ഹമ്… കുറച്ചു സാധനങ്ങളൊക്കെ അമ്മ വാങ്ങി വെച്ചിട്ടുണ്ട്, ഇതാ, ഇത് നോക്ക്.
ശ്രീജ അലമാര തുറന്നു,
അതിൽ രണ്ടു നല്ല ചുരിദാറു കൂടി ഇരിപ്പുണ്ട്, ഒപ്പം ഇന്നേർസും…

ഇതൊക്കെ കൂടി ഒന്ന് നോക്ക് കേട്ടോ മോളെ, ഇല്ലെങ്കിൽ മാറി എടുക്കാം. പിന്നേ കുറച്ചു കഴിഞ്ഞു ടൗണിൽ പോയിട്ട് നിനക്ക് ആവശ്യമുള്ളത് ഒക്കെ മേടിയ്ക്കാം.
ശ്രീജ പറഞ്ഞപ്പോൾ അമ്മു ഒന്നും മിണ്ടാതെ അവളുടെ പിന്നാലെ താഴേയ്ക്ക് ഇറങ്ങി പോയി.

നകുലനും അമ്മയും കൂടി എന്തൊക്കെയോ വാക്പ്പോര് നടത്തുന്നുണ്ട്.

എന്റമ്മേ, അമ്മ പറയുന്നതും കേട്ട് ഇവിടെ നിൽക്കാൻ പറ്റില്ലന്നെ, എനിക്ക് ജോലിക്ക് പോണം, പുതിയ കമ്പനിയിലേക്ക് ആണ് ഇനി കേറാൻ പോകുന്നത്, തുടങ്ങും മുന്നേ എനിക്ക് അവരോട് ലീവ് ചോദിക്കാൻ പറ്റുമോ…?

ആഹ് പിന്നല്ലാതെങ്ങനാ, ഒരു പെങ്കൊച്ചിനേം കൊണ്ട് ഇന്നിങ്ങോട്ട് കേറി വന്നിട്ട്, ഉച്ച കഴിഞ്ഞു ഇറങ്ങി പോകാനോ. അതൊന്നും നടക്കില്ല നാകുലാ.ഇതെന്തോന്ന് ഇടപാടാ.

അമ്മേ, ഇന്ന് പോയിട്ട്, മറ്റന്നാളു ഞാൻ വരും, പിന്നെ തിങ്കളാഴ്ച കാലത്തെ പോകാം, അല്ലാതെ പെട്ടെന്ന് അമ്മ പറയുമ്പോലെ ലീവ് ഒന്നും പറ്റില്ല…

എടാ… നിനക്ക് ഈ കൃഷിയും കാര്യങ്ങളും ഒക്കെ നോക്കി നടത്തി ഇവിടെ തുടരാൻ വയ്യേ, എന്തിനാടാ വെല്ലോന്റേം മുന്നിൽ പോയി ഓച്ചനിച്ചു നിൽക്കുന്നത്,, നാണക്കേട് അല്ലെ.

അമ്മുവും ശ്രീജയും കൂടെ അടുക്കളയിലേക്ക് വന്നപ്പോൾ ബിന്ദു പെട്ടന്ന് തിരിഞ്ഞു നോക്കി.

ആഹാ, ഞാൻ അടിച്ചു വച്ചത് ഒക്കെ കൃത്യം ആയിരുന്നു അല്ലെ ശ്രീജേ,
അമ്മുനെ നോക്കി അവർ പറഞ്ഞപ്പോൾ അവൾ ചെറുതായി മന്തഹസിച്ചു.

പാറുക്കുട്ടി ഉറങ്ങിയൊ ചേച്ചി ?

മ്മ്.. ഉറങ്ങിടാ, കുളിപ്പിച്ച് കഴിഞ്ഞു ഉറക്കം വരുന്നുണ്ടായിരുന്നു. പിന്നെ ചിറ്റ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ ഉറങ്ങാതെ കാത്തു നിന്നത് ആണേ.
ശ്രീജ ചിരിച്ചു കൊണ്ട് പറഞ്ഞു.

അമ്മു വെറുതെ നിൽക്കുന്നത് കണ്ട് കൊണ്ട് നകുലൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് നാളികേരം ചിരകാൻ വേണ്ടി അമ്മ എടുത്തു വെച്ചത് അവളുടെ കൈയിലേക്ക് കൊടുത്തു.
മടിച്ചു നിൽക്കാതെ,
അമ്മായിക്ക് ഇത് അങ്ങട് ചിരകി കൊടുക്ക് അമ്മൂസേ.
അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ അടുക്കളയിൽ നിന്നും ഇറങ്ങി പോയി.

താൻ ചെയ്തോളാം എന്ന് പറഞ്ഞുകൊണ്ട് ശ്രീജ അതു മേടിക്കാൻ തുടങ്ങിയെങ്കിലും അമ്മു അതു തടഞ്ഞു.

അവിയലും സാമ്പാറും പുളിശ്ശേരിയും, തോരനും, മെഴുക്കുപുരട്ടിയും ഇഞ്ചിപുളിയും പപ്പടവും പായസവും ഒക്കെ ഉച്ച ആയപ്പോൾ റെഡി ആയിരുന്നു.

എല്ലാവരും ഒന്നിച്ചിരുന്നു തൂശനിലയിൽ ആഹാരം കഴിച്ചു.

നകുലനു ഇന്ന് തന്നേ മടങ്ങണം, ആ ഒരു വിഷമത്തിൽ ആയിരുന്നു ശ്രീജയും അമ്മയുമൊക്കെ.

അവൻ തന്റെ തുണികൾ ഒക്കെ അടുക്കി പെറുക്കി ബാഗിൽ വെച്ചു കൊണ്ട് ഇരുന്നപ്പോൾ അമ്മു മുറിയിലേക്ക് വന്നു.

അമ്മു……ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ താഴെ ശ്രീജേടേ കൂടെ കിടന്നോളു, ഞാൻ അവളോട് പറഞ്ഞോളാം കേട്ടോ.

നകുലേട്ടൻ പറയുവൊന്നും വേണ്ട, അതു അപ്പോളത്തെ സാഹചര്യം പോലെ ഞാൻ ചെയ്തോളാം.

ഹമ്…. ഇഷ്ട്ടം പോലെ ചെയ്തോളു,, എനിക്ക് ഇപ്പൊ ഇറങ്ങണം, ഇല്ലെങ്കിൽ ഒരുപാട് ലേറ്റ് ആകും എറണാകുളത്ത് എത്തുമ്പോൾ.

അവൻ പിന്നെയും എന്തൊക്കെയോ സാധനങ്ങൾ ഒക്കെ എടുത്തു വെയ്ക്കുകയാണ്, കൂടെ അവളോടും സംസാരിക്കുന്നുണ്ട്.

നീ നാളെ ശ്രീജേ കൂട്ടി വീട്ടിലോട്ട് പോയാൽ മതി, എന്നിട്ട് എന്താണന്നു വെച്ചാൽ എടുത്തിട്ട് പോരേ, കേട്ടോ….

ഹമ്…..

നകുലൻ പെട്ടന്ന് വാഷ്റൂമിൽ പോയി, ഒന്നൂടെ ദേഹം കഴുകി ഇറങ്ങി വന്നു.തല കുളിച്ചില്ല, ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരും,,
അവൻ ടർക്കികൊണ്ട് ദേഹം ഒക്കെ നന്നായി തുടയ്ക്കുന്നുണ്ട്. എന്നിട്ട് ഒരു ഷർട്ടും പാന്റും എടുത്തു ഇട്ടു.
അമ്മു അപ്പോൾ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി നിൽക്കുകയാണ്.

എടി… കഴിഞ്ഞു, കേട്ടോ.ഇനി ഇങ്ങോട്ട് നോക്കിക്കോ

അവളുടെ നോട്ടോ നിൽപ്പും കണ്ടപ്പോൾ അവനു ചിരി വന്നു..
ഫോണും ചാർജറും എടുത്തു വെച്ച ശേഷം ലാപ്ടോപ് കൂടി എടുത്തു നകുലൻ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു.

പെട്ടെന്ന് എന്തോ ഓർത്തപോലെ അതു നിലത്തേക്ക് വെച്ചു.

തന്റെപിന്നിൽ നിന്നവളെ ആഞ്ഞൊന്നു പുൽകി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button