Novel

ശിശിരം: ഭാഗം 54

രചന: മിത്ര വിന്ദ

അമ്പലത്തിൽ എത്തിയ ശേഷം ഇരുവരും കൂടി വഴിപാട് കൗണ്ടറിലേക്ക് നടന്നു.
അമ്മുന്റെയും അവന്റെയും പേരും നാളും ഒക്കെ പറഞ്ഞു നകുലൻ അർച്ചനയ്ക്ക് രസീത് എടുത്തു.
അമ്മ പറഞ്ഞ പോലെ ചെമ്പരത്തിപൂവ് കൊണ്ട് ഒരു മാല കൂടി വാങ്ങി നടയിൽ വെച്ചു സമർപ്പിച്ചു.
നിറഞ്ഞ മനസോടെ നകുലൻ ദേവിയുടെ മുന്നിൽ നിന്നു അമ്മുവും ഒത്തു പ്രാർത്ഥിച്ചു.
ജീവിതത്തിൽ ഒരു പെണ്ണിനോട് പ്രണയം തോന്നിയെങ്കിൽ അതു തന്റെ അരികിലായി നിൽക്കുന്നവളിൽ മാത്രം ആയിരുന്നു.തന്റെ ഓരോ സ്പന്ദനങ്ങളിലും ഒരു ദലമർമ്മരം പോലെ നിറഞ്ഞു നിന്നവൾ .സ്വന്തമാക്കി തരണേയെന്നു ആയിരം ആവർത്തി താൻ യാചിച്ചത് ഈ തിരുനടയിൽ ആയിരുന്നമ്മേ. എന്റെ മനസ്,,,,,,അതു നിന്നോളം അറിഞ്ഞ മാറ്റാരുണ്ട് അല്ലെ…
നകുലൻ ഒരു പുഞ്ചിരിയോടെ ദേവിയമ്മയെ നോക്കി. ആനന്ദത്താൽ അവന്റെ മിഴികോണിൽ ഒരു അശ്രുബിന്ദു ഉരുണ്ടു കൂടി….
ഇത്ര നാളും ഞാൻ കാത്തിരുന്നല്ലോ, ഇനി എന്നേ പൂർണമായും അംഗീകരിയ്ക്കുന്ന നാളു വരെയും ഞാൻ കാത്തിരുന്നോളാം.
നാകുലേട്ടൻ ഇല്ലാതെ എനിക്ക് ഈ ജന്മം പൂർത്തിയാവില്ലെന്ന് എന്റെ അമ്മുസ് പറയട്ടെ അല്ലെയമ്മേ..

ശ്രീകോവിലിൽ കുടി കൊള്ളുന്ന ദേവിയമ്മയെ നോക്കി അവൻ പറയുകയാണ്

നകുലാ…… താലി ഒക്കെ പൂജിച്ചോണ്ട് പോയത് ഇതിനാണ് അല്ലെ… എന്നിട്ട് ഒന്നും പറയാഞ്ഞത് മോശം ആയിട്ടൊ..

വിഷ്ണു നമ്പൂതിരി, തിടപ്പള്ളിയിൽ നിന്നും ഇറങ്ങി വരവേ നകുലനെ നോക്കി ചോദിച്ചു.
അവന്റെ അരികിലായി നിന്ന അമ്മുവും കേട്ടു. അവൾ പെട്ടന്ന് മുഖം തിരിച്ചപ്പോൾ നകുലൻ കണ്ണ് ചിമ്മി കാണിച്ചു.

ഇല ചീന്തിൽ കിട്ടിയ അർച്ചന പ്രസാദത്തിലെ സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ അണിഞ്ഞ സിന്ദൂരത്തിന്റെ മുകളിലായി കുറച്ചുടേ ഇട്ടു കൊടുത്തു നകുലൻ.

എന്തൊ… വല്ലാത്ത ആത്മസംതൃപ്തി അവനു തോന്നി.

അപ്പോൾ എല്ലാം തീരുമാനിച്ചുറപ്പിച്ചു ആയിരുന്നു അല്ലെ…
അവന്റെ ബുള്ളറ്റിലേയ്ക്ക് കയറുന്ന നേരം അമ്മു ആരാഞ്ഞു.

പതിനൊന്നു വർഷം മുന്നേ തീരുമാനിച്ചുറപ്പിച്ചതാടിപെണ്ണേ.പ്രാബല്യത്തിൽ എത്താൻ ഇത്തിരി കാലതാമാസം എടുത്തുന്നു മാത്രം.

കാവിമുണ്ട് അല്പം തെറുത്തു മുകളിലേക്ക് കയറ്റി വെച്ചു കൊണ്ട് നകുലൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.
പെട്ടെന്ന് അറിയാതെ അമ്മു അവന്റെ തോളിൽ കൈ വെച്ചു.
എന്നിട്ട് അതേപോലെ പിന്നോട്ട് വലിക്കുകയും ചെയ്തു.
അത് അവിടെ ഇരുന്നത് കൊണ്ട് എന്താടി ഇത്ര പ്രശ്നം,,
അമ്പലത്തിലെ ആർച്ച് കടന്നു വെളിയിലേക്ക് ഇറങ്ങവേ നകുലൻ അമ്മുവിനോട് ചോദിച്ചു.

അവള് പക്ഷേ അതിനു മറുപടിയൊന്നും പറയാതെ പതിവുപോലെ തന്നെ ഇരുന്നു.

നിനക്ക് വിശക്കാൻ തുടങ്ങിയോ,  നമുക്ക് കഴിച്ചിട്ട് പോയാലോ

വേണ്ട നകുലേട്ടാ അമ്മായി,ഫുഡ് ഒക്കെ ഉണ്ടാക്കുന്നുണ്ട്. പിന്നെ ഉച്ചയാകുമ്പോൾ നമുക്ക് വീട് വരെ ഒന്ന് പോയാലോ,, ഇന്നലെ, മഴയായിരുന്നു അതുകൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റിയില്ല.

മ്മ്…. പോയേക്കാം,  താമസിക്കാതെ തിരിച്ചു വരണം, എനിക്ക് വേറെ കുറച്ചു പരിപാടികൾ ഉണ്ട്.

അവൻ പറഞ്ഞതും അമ്മു തലയാട്ടി.

രണ്ടാളും വീട്ടിലെത്തിയപ്പോൾ പാറുക്കുട്ടി ഉണർന്ന് ശ്രീജയുടെ കയ്യിൽ ഉണ്ട്

അമ്മുവിനെ കണ്ടതും അവൾ കയ്യും കാലും ഇളക്കി ചിരിക്കാൻ തുടങ്ങി.

അമ്മു ശ്രീജയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി താലോലിച്ചു.
കൊണ്ട് അകത്തേക്ക് കയറി.

തിരക്കുണ്ടായിരുന്നോ അമ്മു അമ്പലത്തില്.

കുറച്ച് ആളുകളെ  ഉണ്ടായിരുന്നുള്ളൂ ചേച്ചി..
അമ്മു അടുക്കളയിലേക്ക് പോകവേ ശ്രീജയോട് പറഞ്ഞു.

ബിന്ദു ചോറ് വെയ്ക്കാൻ വേണ്ടി വെള്ളം എടുത്തു അടുപ്പത്തു വെയ്ക്കുകയാണ്.

അമ്മായി… കാപ്പി കുടിച്ചാലോ നകുലേട്ടനു വിശക്കുന്നു, കഴിക്കാൻ എടുക്കാൻ പറഞ്ഞു.

ആഹ് എടുത്തു വെച്ചോടി മോളെ, ഞാനീ അരി ഒന്നടുപ്പത്തു ഇടട്ടെ, ഇപ്പൊ വരാം..

ബിന്ദു കുറച്ചു അരി അളന്നു ഒരു പാത്രത്തിൽ എടുത്തു വെച്ച്. എന്നിട്ട് കുറച്ചു വെള്ളം ഒഴിച്ചു. കുതിർക്കാൻ വെച്ചു.

ശ്രീജ ചായയ്ക്ക് ഉള്ള പാല് എടുത്തു ഒഴിച്ചു.
അമ്മു… നീ പോയി വേഷം മാറ്റി വാ, ഇല്ലെങ്കിൽ അഴുക്കാകും ഞാൻ ഇതെല്ലാം എടുത്തു വെച്ചോളാം പെണ്ണെ…

ശ്രീജ വഴക്ക് പറഞ്ഞതും അമ്മു കുഞ്ഞിനെയും ആയിട്ട് മുകളിലേക്ക് പോയി.

നകുലൻ ഫോണിൽ നോക്കി ബെഡിൽ കിടപ്പുണ്ട്.

അവൾ മാറ്റി ധരിക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തു. എന്നിട്ട് കുഞ്ഞിനെ കൊണ്ട് വന്നു നകുലന്റെ അടുത്ത് ഇരുത്തി.

വാവയെ ഒന്നു പിടിച്ചേ നകുലേട്ടാ,ഞാനീ ചുരിദാർ ഒന്നു മാറട്ടെ..
അവൾ പറഞ്ഞതും നകുലൻ എഴുന്നേറ്റു. പാറുക്കുട്ടിയെ എടുത്തു.

അമ്മു പോയതും കുഞ്ഞ് കരയാൻ തുടങ്ങി.

ഇപ്പൊ വരാട… കരയല്ലേ…
അവൾ വിളിച്ചു പറഞ്ഞു.

ചിറ്റ വരുന്നേ…. അവളേ ആ ഉടുപ്പ് മാറട്ടെ, എന്നിട്ട് പെട്ടന്ന് വരും കെട്ടൊ, നമ്മൾക്ക് റ്റാറ്റാ പോയാലോ.. പാറുക്കുട്ടാ.. നമ്മൾക്ക് റ്റാറ്റാ പോകാം..

നകുലൻ ഓരോന്ന് പറഞ്ഞു കുഞ്ഞിനെ സമാധാനിപ്പിച്ചു. അപ്പോളേക്കും അമ്മു ഓടി വന്നു.

വാടാ പൊന്നെ. കരയണ്ട ട്ടൊ…
അവൾ കുഞ്ഞിനെ പൊക്കി എടുത്തു ആ വയറ്റിൽ ഇക്കിളി കൂട്ടി കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി.

എല്ലാവരും ഒരുമിച്ചു ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു. ഉച്ചക്ക് ഊണിനു ഉള്ളത് ഒക്കെ അമ്മുവും ശ്രീജയും ച്ചേർന്നു വെച്ചുണ്ടാക്കി.

നകുലനും അമ്മയും കൂടി തൊടിയിലൂടെ നടക്കുകയാണ്. കുറച്ചു പച്ചക്കറികൾ ഒക്കെ ബിന്ദു നട്ടിട്ടുണ്ട്. അതിൽ മൂപ്പായത് എല്ലാം പറിച്ചു  എടുക്കുകയാണ്.
വള്ളിപ്പയറും പാവയ്ക്കയും പച്ച മുളകും ഉണ്ടായിരുന്നു.

പാവയ്ക്ക തീയല് വെയ്ക്കമ്മേ,,,
അധികം മൂത്തിട്ടില്ലല്ലോ.

ഇനി വൈകുന്നേരം ആവട്ടെ മോനേ, അവള്മാര് ഇപ്പൊ കറിയെല്ലാം ആക്കിട്ടുണ്ട്.

ആഹ്.. എന്നാൽ പിന്നെ മതി.

ഉച്ചയ്ക്ക് ഊണും കഴിഞ്ഞു നകുലനും അമ്മുവും കൂടി അവളുടെ വീട്ടിൽ പോകാനിറങ്ങി.

മോളെ…പാത്രങ്ങൾ ഒക്കെ ഇരിക്കുന്നത് നീ എടുത്തോണ്ട് പോരേ, നാളെ എറണാകുളത്തു പോകുമ്പോൾ കൊണ്ട് പോകാ നിങ്ങൾക്ക്…ഇനി ഇപ്പൊ അതെല്ലാം വെറുതെ ഇരുന്നു നശിച്ചു പോകില്ലേ…
ബിന്ദു പറഞ്ഞു.
അമ്മു തല കുലുക്കി.

അടുത്ത വരവിനു ഞാൻ വന്നാൽ പോരേ നകുലേട്ടാ,ഇപ്പൊ ധൃതി കൂട്ടണോ.
വീട്ടിലേക്ക് പോകുമ്പോൾ അമ്മു അവനോട് ചോദിച്ചു.

നിനക്ക് എന്നെ കാണണം എന്നൊന്നും ആഗ്രഹം കാണില്ലാരിക്കും, പക്ഷെ എനിക്ക് അങ്ങനെയല്ല…എന്റെ അമ്മുസിനെ എപ്പോളും കണ്ടോണ്ട് ഇരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാ….

ആർദ്രമായ പ്രണയത്തോടെ നകുലൻ പറഞ്ഞതും അമ്മു പിന്നീട് ഒന്നും മിണ്ടിയില്ല.

വീട്ടിലെത്തിയ ശേഷം അമ്മു എല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടു. എന്നിട്ട് അകത്തേക്ക് കേറി ചെന്നു. അലമാര തുറന്നു കുറച്ചു ഡ്രസ്സ്‌ എടുത്തു, പുതിയ കുറച്ചു പാത്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അതെല്ലാം എടുത്തു വെച്ചു, പിന്നെ മിക്സി, റൈസ് കുക്കർ,കുറച്ചു പാത്രങ്ങൾ എല്ലാം അവൾ പായ്ക്ക് ചെയ്തു. തന്റെ അമ്മേടെ പ്രിയപ്പെട്ട കുറച്ചു സാരികൾ ഉണ്ടായിരുന്നു. അതും എടുത്തു തന്റെ ഡ്രെസ്സിന്റെ കൂടെ ബാഗിൽ വെച്ചു. അപ്പോളേക്കുമവൾക്ക് നെഞ്ചു പൊട്ടി.

അമ്മേ…… ഞാൻ ഇട്ടിട്ട് പോയെന്ന് ഓർക്കല്ലേ… എനിക്ക് വേറെ യാതൊരു നിവർത്തിയില്ലമ്മേ…..

അവിടെ നിന്നും ഇറങ്ങുമ്പോൾ അമ്മയെ അടക്കം ചെയ്തിടത്തു വന്നു അവൾ മൂകയായി പറഞ്ഞു..
നകുലൻ വന്നു അവളെ ചേർത്തു പിടിച്ചു.

അപ്പച്ചി കൂടെ ഉണ്ടാവും… ഞാൻ പറഞ്ഞില്ലെടി… പിന്നെ എന്തിനാ ഒരു സങ്കടം…
അവൻ പറഞ്ഞതും അവൾ കണ്ണുനീർ തുടച്ചു കൊണ്ട് അവനെ ഒന്നു നോക്കി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button