രചന: മിത്ര വിന്ദ
നകുലന്റെ സ്നേഹം ആവോളം അനുഭവിച്ചുകൊണ്ട് അമ്മു ജീവിച്ചുപോന്നപ്പോൾ മേടയിൽ തറവാട്ടിൽ ലഹള പൊട്ടിപുറപ്പെടുകയായിരുന്നു. അത്രയും കാലം എല്ലാവരും ഒരു കുടക്കിഴിൽ സന്തോഷത്തോടെ കഴിഞ്ഞു പോന്നതാണ്. പക്ഷെ മീനാക്ഷിയുടെ തന്റെടവും അഹങ്കാരവും കൂടിക്കൂടി വന്നപ്പോൾ ശ്രുതിയും വിട്ട്കൊടുക്കാൻ തയ്യാറായില്ല. കിച്ചനും അവളുടെ ഒപ്പം ചേർന്നപ്പോൾ ഗിരിജയേറെ വിഷമിച്ചു. മീനാക്ഷിയുടെ പക്ഷംച്ചേർന്നു ഗിരിജ ശ്രുതിയെ വഴക്ക് പറഞ്ഞതും കിച്ചൻ അമ്മയോട് വഴക്ക് ഉണ്ടാക്കി. എന്റെ ദൈവമേ, ഇന്നേവരെയ്ക്കും എന്നോട് ഒരു വാക്ക് പോലും എതിർത്തു പറയാത്ത ചെക്കനാ..അമ്മയെന്നു തികച്ചു വിളിക്കാതെ നടന്നനീയ്.... ഇങ്ങനെയൊക്കെ അമ്മയോട് എതിർത്തു പറയാറായി അല്ലേടാ.നീ എങ്ങനെ മാറിപ്പോയി മോനേ..? കണ്ണും മൂക്കും പിഴിഞ്ഞ്കൊണ്ട് അവർ ചോദിച്ചതും കിച്ചൻ അമ്മയെയൊന്നു കലിപ്പിൽ നോക്കി. ഈ നിൽക്കുന്ന മീനാക്ഷിയെ പോലെതന്നേ ഇവളും അമ്മയുടെ മരുമകളാണ്.. വേർതിരിവ് കാണിച്ചതും എതിർത്തു പറയുന്നതുമൊക്കേയെന്റെ അമ്മയാ. അല്ലാതെ ഞാനോ ഇവളൊ അല്ല..മീനാക്ഷിയുടെ വാക്കും കേട്ട് അമ്മ തുള്ളാൻ നിന്നാൽ അവസാനം അമ്മേടെ ഗതി അധോഗതിയാകും, അതിനു യാതൊരു മാറ്റവുമില്ല.. അവൻ കടുപ്പിച്ചു പറയുന്ന കണ്ടതും മീനാക്ഷി ദേഷ്യത്തിൽ പല്ലിരുമ്മി. ഞാൻ ഒരുപാട് തവണ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു, അതൊന്നും അമ്മയ്ക്ക് മനസിലാവാത്ത സ്ഥിതിക്ക് ഇനി എന്റെ മുന്നിൽ മറ്റൊരു മാർഗം ഉണ്ട്, അതേയുള്ളു ഒരേയൊരു മാർഗവും, ആശ്വാസവും..... ശ്രുതി, നിന്റെ സാധനങ്ങൾ ഒക്കെയെടുത്തു പായ്ക്ക് ചെയ്യൂ.. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം.. താനിത് പറയുമ്പോൾ പൊട്ടികരയുന്ന അമ്മയെയാണ് കിച്ചൻ പ്രതീക്ഷിച്ചതെങ്കിലും, ഗിരിജ പക്ഷെ പറഞ്ഞത് മറ്റൊരു കാര്യം ആയിരുന്നു. ആഹ്... മാറുന്നതൊക്കെ നല്ലത് തന്നെയാ, അല്ലേലും ചേട്ടനുമനിയനുംകൂടി ഒരു വീട്ടിൽ പറ്റില്ലന്നേ... പിന്നീട് വല്യ വഴക്കാകും.പല വീട്ടിലെയും കാര്യം എനിക്ക് അറിയാം, അതുകൊണ്ടാ മോളെ.. എന്തോ വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അമ്മ, അരുകിൽ നിന്ന മീനാക്ഷിയോട് പറയുന്നത് കേട്ട് കിച്ചൻ തന്റെ മുറിയിലേക്ക് നടന്നു. ഉടനെഎങ്ങോട്ടും പോകുവൊന്നും വേണ്ട കിച്ചേട്ടാ, കുറച്ചുടേ അഡ്ജസ്റ്റ് ചെയ്യാം. അവൻ മുറിയിലേക്ക് വന്നപ്പോൾ ശ്രുതി, സാവധാനം പറഞ്ഞു. നിനക്ക് ആവശ്യംഉള്ളത് ഒക്കെ എടുത്തൊ. ഇനി പിന്നീട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, അതാണ്. കിച്ചൻ താനിട്ടിരുന്ന ഷർട്ട് ഊരിമാറ്റി വേറൊന്നും ധരിച്ചു.എന്നിട്ട് നേരെ അലമാര തുറന്നു. കിച്ചേട്ടാ... ഞാൻ പറയുന്നതൊന്നും കേട്ടെ... ശ്രുതി വന്നു അവന്റെ തോളിൽ പിടിച്ചു കുലുക്കി. ഇനി ഇവിടെ തുടരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എന്റെ അമ്മ പറഞ്ഞത് നീയും കേട്ടില്ലേ, അത്രയ്ക്ക് അന്തസ് ഇല്ലാത്തവനല്ലടി കിച്ചൻ... കുറച്ചു ഷർട്ടും പാന്റും ഒക്കെയെടുത്തു കിച്ചൻ ബാഗിലെക്ക് തള്ളി കേറ്റി. നിന്റെ സാധനങ്ങളൊന്നും ഇല്ലേഎടുക്കാൻ.. അതോ... അവൻ അല്പം ദേഷ്യത്തിൽ ശബ്ദം ഉയർത്തിയതും ശ്രുതി കരഞ്ഞോണ്ട് തുണികൾ ഒക്കെ എടുത്തു മടക്കി. സർട്ടിഫിക്കറ്റ്സൊ അല്ലെങ്കിൽ വാല്യൂബ്ൾ ആയിട്ടുള്ള ഡോക്യുമെന്റ് ഏതേലും ഉണ്ടോ.. ഹമ്.... ആഹ് അതെല്ലാം എടുത്തു സൂക്ഷിച്ചു വെയ്ക്കാൻ നോക്ക്.ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ല. കിച്ചാ.... പുറത്തു നിന്നും യദുവിന്റെ വിളിയൊച്ച.. പാതി ചാരിയ വാതിൽ തുറന്നുകൊണ്ട് അവൻ അകത്തേയ്ക്ക് കയറി വന്നു. ആഹ്..... എന്താടാ, നീയിന്നു നേരത്തെ വന്നോ? കിച്ചൻ പിന്തിരിഞ്ഞു അവനെ നോക്കി ചോദിച്ചു. ഇതെങ്ങോട്ടാ രണ്ടാളും കൂടി. എല്ലാം പെറുക്കികെട്ടുവാണോ. ബാഗു മറ്റൊരോ സാധനങ്ങളും കൂടി നിരന്നുഇരിയ്ക്കുന്നത് കണ്ടു കൊണ്ട് യദു നെറ്റി ചുളിച്ചു. മ്മ്... പോയേക്കാം യദു, ഇനി ഇവിടെ തുടർന്നാൽ, അത് ശരിയാവില്ലടാ.. ഇതെന്തൊക്കെയാ നീയീ പറയുന്നേ, എന്ത് ശരിയാവില്ലന്ന.. ചുമ്മാ ഓരോ പ്രശ്നം ഉണ്ടാക്കാന്, നീ വന്നേ, ഒന്ന് പറഞ്ഞു രണ്ടാമത്തെത്തിനു വീട് വിട്ട് ഇറങ്ങി പോകുവാ.. സാരമില്ലടാ, നമ്മുടെ രണ്ടാളുടെയും കുടുംബജീവിതം തകരാതിരിക്കാനാണെന്ന് കരുതിയാൽ മതി. ഇല്ലെങ്കിൽപിന്നെ നമ്മുടെ ഈ മിണ്ടാട്ടം, അതും കൂടിയില്ലാതാകും. ട, മീനാക്ഷിടേ ഭാഗത്തു തെറ്റുണ്ട്, അത് എനിക്ക് അറിയാം, ഈ കാര്യങ്ങളൊക്ക ഞാൻ അവളോട് പറഞ്ഞതുമാ, ഇനി അനുസരിച്ചില്ലങ്കിൽ ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. വേണ്ടട... ഇനി ഇതിന്റെ പേരിൽ രണ്ടാളും കൂടി വഴക്കിനു പോകണ്ട. ഞങ്ങൾ ഇവിടെന്നു ഇറങ്ങികഴിഞ്ഞാൽ ഒക്കെ നേരെയാവും. പറയുന്നത്തിനൊപ്പം കിച്ചൻ തന്റെ ബാഗും എടുത്തു തോളിൽ ഇട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങി. ടാ... നീയിതു ആരെ തോൽപ്പിക്കാനുള്ള പുറപ്പാടാണ്? കിച്ചാ, ഞാൻ പറയുന്ന കേട്ടെ,,,, പിന്നാലെ നടന്നു യദു ഓരോന്ന് പറഞ്ഞങ്കിലും കിച്ചൻ തിരിഞ്ഞു നോക്കാതെ നടന്നു. അവർ രണ്ടാളും ഉമ്മറത്തേക്ക് വന്നപ്പോൾ ഗിരിജ ഒരക്ഷരം മിണ്ടാതെ താടിയ്ക്ക് കയ്യും കൊടുത്തു കസേരയിൽ ഇരിപ്പുണ്ട്. അമ്മേ... കിച്ചനെ വിളിച്ചു അകത്തു കേറ്റിയ്ക്കെ, വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ, യദു അമ്മയെ നോക്കി ദേഷ്യപ്പെട്ടു, പക്ഷെ അവരതൊന്നും മൈൻഡ് ചെയ്തില്ല. യദുവിന്റെ തോളിലൊന്നു തട്ടിയിട്ട് കിച്ചൻ മുറ്റത്തേക്ക് ഇറങ്ങി. ശ്രുതിയാണെങ്കിൽ ഗിരിജയെ നോക്കി, പക്ഷെ അവർ മുഖം വെട്ടിത്തിരിച്ചു. മീനാക്ഷിയെ അവിടെയൊന്നും കണ്ടതുമില്ല. ബൈക്ക് അകന്നു പോകുന്ന നോക്കി യദു ഉമ്മറത്തേ തൂണിൽ പിടിച്ചു നിന്നു. അവന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഒഴുകി വന്നു. പോട്ടെടാ, പെണ്ണുമ്പിള്ളേടെ വാക്കും കേട്ട് പോയിട്ട് വരട്ടെ, സമാധാനം ആകുന്നെങ്കിൽ ആവട്ടെ. പൊറുതിയ്ക്ക് പോയതല്ലേ, പോയി ജീവിയ്ക്കട്ടെ. യദു കരയുന്നത് കണ്ടതും ഗിരിജ മകന്റെ അടുത്തേക്ക് വന്നുനിന്നു. മിണ്ടരുത്, ഒരക്ഷരം പോലും മിണ്ടരുത്,നിങ്ങളെപ്പോലെ ഒരു ദുഷ്ടയായ സ്ത്രീയ്, കൊടിയ വിഷമാണ് നിങ്ങൾ, മക്കളെ വേർതിരിച്ചു കാണാനേ നിങ്ങൾക്കറിയൂ.... ആ ശ്രുതി, അവളെത്ര നല്ലയൊരു പെൺകുട്ടിയായിരുന്നു, ഇവിടുത്തെ അടുക്കളയിൽ കിടന്നെല്ലാജോലിയും തീർത്ത ശേഷമല്ലേ ആ പാവം ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്, അവൾക്ക് ഇത്തിരി സഹായം ചെയ്തു കൊടുക്കാൻ അമ്മയെങ്കിലും കൂടെ നിന്നിരുന്നെങ്കിൽ ഇന്നീ വീട് വിട്ട് കിച്ചൻ ഇറങ്ങില്ലാരുന്നു.അതെങ്ങനെയാ പണ്ട് മുതലേ അമ്മേടെ സ്വഭാവം ഇങ്ങനല്ലേ..... അമ്മ അനങ്ങാക്കള്ളിയാ, അമ്മുനെ ഇട്ടു പണിയിച്ചു, അവളൊരു പാവം ആയതുകൊണ്ട് അമ്മേടേ കുരിട്ടുബുദ്ധി മനസിലായില്ലതിന്.. പക്ഷെ എല്ലാവരും അമ്മുനെപോലെയല്ലമ്മേ.... കിച്ചൻ എത്ര വട്ടം അമ്മയോട് പറഞ്ഞു ഇവിടെ വേർതിരിവ് കാണിക്കരുതെന്ന്, എന്നിട്ട് കേട്ടോ ഇല്ലാലോ.... ഒടുക്കം എന്തായി... അവനു ഇഷ്ട്ടം ഉണ്ടായിട്ട് പോയതല്ലമ്മേ... അത്രമാത്രം നെഞ്ച് പൊട്ടി ആ പാവം പടിയിറങ്ങിയത്. കിതച്ചു കൊണ്ട് യദു അമ്മയെ നോക്കി ഉച്ചത്തിൽ പറഞ്ഞു. എന്നിട്ട് അകത്തേക്ക് കേറാൻ തുടങ്ങിയതും അവനെ കൊല്ലാൻ ഉള്ള ഭാവത്തിൽ നിൽക്കുന്ന മീനാക്ഷിയെ ആയിരുന്നു കണ്ടത്...തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…