Novel

ശിശിരം: ഭാഗം 67

രചന: മിത്ര വിന്ദ

എന്താ അമ്മു.. നീ കിടക്കുന്നില്ലേ.

നകുലന്റെ ശബ്ദം കേട്ടതും അമ്മു പെട്ടെന്ന് എഴുന്നേറ്റു.

നകുലേട്ടനു ചോറ് എടുക്കാം, എന്തേലും കഴിച്ചിട്ട് കിടക്കാം.

എനിയ്ക്ക് ഇനിയൊന്നും വേണ്ട,നന്നായിയൊന്നു ഉറങ്ങണം..നീ എന്തേലും കഴിച്ചാരുന്നോ.

ഇല്ല്യാ… ഒരുമിച്ചു കഴിക്കാന്ന് കരുതി.

നീ പോയി കഴിച്ചിട്ട് വാ, എനിയ്ക്ക് വിശപ്പില്ല…

ഒരു പിടിയെങ്കിലും കഴിയ്ക്ക് നകുലേട്ടാ,ഉച്ചയ്ക്ക് ഇത്തിരി ചോറ് കഴിച്ചതല്ലേയൊള്ളു..

അമ്മു അവനെ പിന്നെയും നിർബന്ധിച്ചു കൊണ്ടേയിരുന്നു.

ഓഹ്, ഇന്നിനി സാരമില്ല,, നാളെയാവട്ടെടി.
അവൻ വീണ്ടും ബെഡിലേക്ക് കിടന്നു.

അമ്മു കുറച്ചു നിമിഷങ്ങൾ കൂടി അങ്ങനെ നിന്നിട്ട് അടുക്കളയിലേക്ക് പോന്നു.ബാക്കിയിരുന്ന ഭക്ഷണമൊക്കെ എടുത്തു, അവൾ ഫ്രിഡ്ജിലേക്ക് വെച്ചോണ്ട് ഇരുന്നപ്പോൾ നകുലനും അങ്ങോട്ട് വന്നു.

നീയൊന്നും കഴിക്കുന്നില്ലേ?
അവൻ ചോദിച്ചതും അമ്മു മുഖം താഴ്ത്തി. എന്നിട്ട് ഫ്രിഡ്ജിന്റെ ഡോർ തുറക്കാൻ ഭാവിച്ചതും നകുലൻ അവളുടെ കൈയിൽ കയറിപ്പിടിച്ചു.

കുറച്ചു എടുത്തൊ, ഇനി നീയും കൂടി വെറുതെ പട്ടിണി കിടക്കേണ്ട..
അവനെനോക്കി മനോഹരമായി ഒന്ന് ചിരിച്ചുകൊണ്ട് അമ്മു രണ്ട് പ്ലേറ്റ് എടുത്തു വെച്ചു.
ഒരുപാട് വേണ്ട കെട്ടൊ, നീ കഴിയ്ക്കില്ലെന്ന് അറിയാവുന്നകൊണ്ട് എഴുന്നേറ്റ് വന്നതാ..
അങ്ങനെ ഒരുമിച്ചിരുന്നു ഇരുവരും ആഹാരം കഴിച്ചെഴുന്നേറ്റു.

പതിനൊന്നുമണി കഴിഞ്ഞു അവര് വന്നു കിടന്നപ്പോൾ.

നകുലേട്ടാ,അമ്മായി പറഞ്ഞത് സത്യം ആണോ,കിച്ചേട്ടൻ ഇറങ്ങി പോയോ അവിടന്നു.
കിടന്ന ശേഷം അമ്മു അവനോട് ചോദിച്ചു

സാധ്യത വെച്ച് നോക്കുമ്പോൾ പോയിക്കാണും,പിന്നെ പൂർണമായും സ്ഥിതീകരിയ്ക്കാൻ ആയിട്ടില്ല.വേറെയരോടേലും കൂടി ചോദിച്ചുറപ്പിച്ചാൽ മാത്രം പോയെന്ന് കരുതാം.

ശോ… എന്തൊരു കഷ്ടാല്ലേ..

എന്ത് കഷ്ടം….
നകുലൻ അമ്മുനെയൊന്നു മുഖം തിരിച്ചു നോക്കി

അല്ലാ,കിച്ചേട്ടനൊക്കെ പോയതേ ,എത്ര സന്തോഷമായിട്ട് കഴിഞ്ഞതാ അവരെല്ലാരും കൂടി.ഒന്നര മാസം കൊണ്ട് എന്തെല്ലാം പ്രശ്നം ഉണ്ടായി.

നിനക്ക് വിഷമമുണ്ടോ അവൻ പോയത്….
നകുലൻ അമ്മുനെ ഉറ്റുനോക്കുന്നത് മുറിയിലെ നിലാവെളിച്ചത്തിൽ അവൾ കണ്ടു.

അങ്ങനെ ചോദിച്ചാൽ,എനിക്ക് പെട്ടെന്ന് അത് കേട്ടപ്പോൾ,എന്തോ ഒരു വിഷമം.

മ്മ്…. അവര് സന്തോഷമായിട്ട് കഴിഞ്ഞത് കൊണ്ടാണോടി വിഷമമായത്.

ആഹ്.. അങ്ങനെ വേണേലും പറയാം.

. ശരി,എന്നാൽ പിന്നെ തിരിച്ചു നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെടി.
അവന്റെ ശബ്ദം പെട്ടന്ന് ഗൗരവത്തിലായി.

കിച്ചനും യദുവുമൊക്കെ സ്നേഹത്തോടെ ആ വീട്ടിൽ കഴിഞ്ഞതിനേക്കാൾ സന്തോഷത്തോടെ,സമാധാനത്തോടെ ജീവിച്ചത് നീയും അപ്പച്ചീയും അല്ലാരുന്നോടി..എങ്ങനെ ആയിരുന്നു നിങ്ങള് രണ്ടാളും, നിനക്ക് പിന്നെ, പണ്ട് കിച്ചേട്ടനും യദുവേട്ടനും മതിയാരുന്നു. അവിടുത്തെ അടുക്കളയിൽ കേറിയിറങ്ങി നടന്ന സമയത്ത് നാലക്ഷരം ഇരുന്നു വായിച്ചു പഠിക്കെടിന്നു ഞാനെത്ര തവണ പറഞ്ഞിട്ടുണ്ട്. അതെങ്ങനെയാ പട്ടിടെ വില പോലും തരില്ലാരുന്നു, ഒന്ന് അടുത്തു വരുമ്പോൾ നീഎന്നെ ആട്ടിയോടിക്കുവല്ലാരുന്നോ. ഞാനൊരു പാവമായത് കൊണ്ട് പിന്നേം നാണക്കെട്ടും പിന്നാലെ വന്നു. അത്രയ്ക്ക് സ്നേഹിച്ച കൊണ്ടു മാത്രം… യദുവേട്ടാന്ന് തികച്ചു പോലും വിളിക്കാത്തവനാ ഒടുവിൽ നിന്നെ….. വേണ്ട കൂടുതലൊന്നും എന്നേക്കൊണ്ട് പറയിക്കല്ലേ അമ്മു..എന്നിട്ട് ഒടുവിൽ ആര് കാരണമാടി അപ്പച്ചി പോയത്, അത്രയും കാലോം എന്തോരം സ്നേഹത്തോടെ കഴിഞ്ഞതാ, തിരിഞ്ഞു നോക്കിയോടി ഒരുത്തനേലും..പിന്നേം കൂറ് നിനക്കവരോട് തന്നേ.
ചുമ്മാ ഇരിക്കുമ്പോൾ ഒന്ന് ചിന്തിച്ചു നോക്കെടി…

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നകുലൻ ചെരിഞ്ഞു കിടന്നപ്പോൾ അമ്മുന്റെ മിഴികൾ ഈറനണിഞ്ഞു.

തേങ്ങൽ അടക്കാൻ പാട്പെട്ട്കൊണ്ട് അവൾ വായ പൊത്തിപിടിച്ചു. ചുവരിനോട് പിന്നെയും ച്ചേർന്നു കിടന്നു..

കരയണ്ട, അതിനു വേണ്ടി പറഞ്ഞതുമല്ല, നീയവരെയൊക്കെ മനസിലാക്കിയതിന്റെ ഒരംശം പോലും എന്റെ സ്നേഹം തിരിച്ചറിയാൻ ശ്രെമിക്കുന്നില്ല.. ആ ഒരു വിഷമം കൊണ്ടു പറഞ്ഞു പോയതാ.

വീണ്ടും അവന്റെ ശബ്ദം മുഴങ്ങി.
പക്ഷെ അമ്മു ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന്.

അല്പം കഴിഞ്ഞതും നകുലൻ ഉറങ്ങിന്ന് അമ്മുന് മനസിലായി.

സ്നേഹിച്ചിരുന്നില്ല, സത്യമാണ്, വെറുപ്പ് കാട്ടിട്ടുണ്ട്, ഒരുപാട്…..അവരോടൊക്കെ ആയിരുന്നു അടുപ്പോം ഒക്കെ നേരാ….. പക്ഷെ, പക്ഷെ ഇപ്പൊ,ഈ അമ്മു ജീവിക്കുന്നത് ഒരേയൊരാൾക്ക് വേണ്ടി മാത്രമാണ്…. ഇല്ലെങ്കിൽ എന്റെ അമ്മേടെ ഒപ്പം പോയേനെ…. ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചേനെ… പക്ഷെ, അത്രമാത്രം എന്നേ സ്നേഹിച്ചിരുന്നുന്ന് ഓർത്തപ്പോൾ, മനസിന്റെ കോണിൽ എവിടെയോ ഒരു കൊളുത്തിവലിയ്ക്കൽ, ആരും സഹായത്തിനു പോലും ഇല്ലാത്ത നേരത്തു എന്റെമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്,,, അന്നവിടെ വെച്ചു എന്റെമ്മ എന്നേ വിട്ട് പോയെന്നറിഞ്ഞപ്പോൾ, ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ആകെക്കൂടെ ഉണ്ടായിരുന്ന ഒരേയൊരാള്.. ഒടുവിൽ അമ്മയുടെ ചിതയ്ക്കു തീ കൊളുത്താൻ പോലും കിച്ചേട്ടനും യദുവേട്ടനും വരാതെ മാറി നിന്നപ്പോൾ മകന്റെ സ്ഥാനത്തു നിന്ന് എല്ലാം നടത്തി, അമ്മയ്ക്ക് വേണ്ടി കർമം ചെയ്തു, ഒറ്റയ്ക്ക് ഈ ഭൂമിയിലായെന്നു തോന്നിയ നിമിഷം, തന്റെ കൂടെ നിന്നവൻ. തനിയ്ക്ക് കാവലായിട്ട് ഉമ്മറത്തേ വരാന്തയിൽ തണുത്തു മരവിച്ചു കിടന്നു…
എല്ലാം കൂടി ഓർത്തപ്പോൾ ചങ്ക് പൊട്ടിപോകും പോലെ അവൾക്ക് തോന്നി.
എത്രയൊക്കെ ശ്രമിച്ചിട്ടും അവൾ കരഞ്ഞു പോയിരിന്നു.

മുറിയിൽ വെളിച്ചം വീണതും, പെട്ടെന്ന് അമ്മു കണ്ണും മുഖവുമൊക്കെ തുടച്ചു.

അമ്മു…..
അവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി.

ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് സങ്കടമായോടി..
ചോദിച്ചു കൊണ്ട് അവൻ വീണ്ടും അവളെ കുലുക്കി.

സോറി പെണ്ണേ, പോട്ടെ വിട്ട്കള.. ഞാൻ ചുമ്മാ.. അപ്പോളത്തെ ദേഷ്യത്തിനു പറഞ്ഞതല്ലേടി…അതിനിത്രമാത്രം കരയണോ……
അവളുടെ കരച്ചില് കണ്ടതും നകുലനു പിന്നേം വിഷമമായി.

ടി…. കരയാതെന്നെ…. നാളെ നാട്ടിലേക്ക് പോകാം, എന്നിട്ട് അവിടെ ചെന്നിട്ട് കാര്യങ്ങളൊക്കെ തിരക്കാം.. എന്തേ പോരെ….

എനിയ്ക്ക് എങ്ങോട്ടും പോകണ്ട.. ആരുടേം കാര്യം തിരക്കുവേം വേണ്ട…അമ്മായി പറയുന്ന കേട്ടപ്പോൾ വെറുതെ ചോദിച്ചതാ….
വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button