ശിശിരം: ഭാഗം 70

ശിശിരം: ഭാഗം 70

രചന: മിത്ര വിന്ദ

ചൂട് വെള്ളത്തിൽ കുളിച്ചിറങ്ങി വന്ന ശേഷം കിടക്കയിൽ ഇരുന്ന് കൊണ്ട് നകുലൻ ഇടതു കൈകൊണ്ട് തല തോർത്തുകയാണ്. ആ സമയത്ത് അമ്മു അവന്റെ അടുത്തേയ്ക്ക് ചെന്നു. നകുലേട്ടാ ഞാൻ തോർത്താം .. ഇങ്ങു തരു...പറയുന്നതിനൊപ്പം അവൾ തോർത്തു മേടിച്ചു അവന്റെ മുടിയിലെ വെള്ളം ഒക്കെ നന്നായി ഒപ്പി, അത്രമേൽ അടുത്തായി അവളുടെ സാമിപ്യം.... നകുലൻ ഒരുനിമിഷം മുഖമുയർത്തി നോക്കിനിന്നു. മുഖത്തെയും കഴുത്തിലേയും വെള്ള തുള്ളികൾ അവൾ തുടച്ചു, എന്നിട്ട് വലം കൈകൊണ്ട് അവന്റെ മുടി വെറുതെയൊന്നു മാടിയൊതുക്കി. അപ്പോളേക്കും അവന്റെയുള്ളിൽ ഒരു തരിപ്പ് ആയിരുന്നു. തന്റെ പെണ്ണിന്റെ സാമിപ്യം, അവളുടെയൊരു തലോടൽ, ആ സ്നേഹം..... എത്രയോ കാലം ആയിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു ഇതൊക്കെ.. ബനിയൻ ഇടുന്നുണ്ടോ നകുലേട്ടാ... അമ്മു പെട്ടന്ന് ചോദിച്ചു. ങ്ങെ....... എന്താടി. അവനാണെങ്കിൽ ഈ ലോകത്തൊന്നും അല്ലാരുന്നു. അല്ലാ... ബനിയൻ ഇടണോ, അതോ... ഓഹ്... വേണ്ട, അത് കേറ്റി ഇടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്,ഇവിടെയിപ്പോ നമ്മള് മാത്രമല്ലേയൊള്ളു.. മ്മ്...... ഞാൻ ചോറെടുത്തു വെയ്ക്കാം, കഴിച്ചിട്ട് മെഡിസിൻ എടുക്കണ്ടേ. ഇല്ലെങ്കിൽ വേദനയുണ്ടാവും. തിരിഞ്ഞു പോകാൻ തുടങ്ങിയവളുടെ കൈത്തണ്ടയിൽ പെട്ടന്ന് അവൻ പിടിച്ചു... എന്താ നകുലേട്ടാ... ചോദിച്ചു കൊണ്ട് അവൾ അവനെനോക്കി.. ഹേയ്... ഒന്നുല്ല, എന്റെ പെണ്ണിനെയൊന്നു കാണട്ടെന്നേ.... ഒരുകണ്ണിറുക്കി അവൻ പറയുമ്പോൾ അമ്മുവിന്റെ മിഴികൾ ഒന്ന് കുറുകി. കുറച്ചു മുന്നേ പറഞ്ഞത് ഒന്നൂടെ പറഞ്ഞിട്ട് പോടീ... എന്ത്? നീ എന്നേ കെട്ടിപിടിച്ചു എന്തൊക്കെയോ പറഞ്ഞില്ലേ, അതൊക്കെ തന്നേ. ഞാനതൊന്നും ഓർക്കുന്നില്ല, കൈ വിട്ടേ, നേരം ഒൻപതുമണിയായി. നകുലേട്ടനു വിശക്കുന്നില്ലേ... അവൾ കൈ വിടുവിക്കുവാൻ ശ്രെമിച്ചപ്പോൾ നകുലൻ വീണ്ടും, വലിച്ചടുപ്പിച്ചു. കൈയിളകും നകുലേട്ടാ, മാറുന്നുണ്ടോ.. അവനു വേദനഎടുത്താലോ എന്ന് കരുതി അമ്മു അധികം ബാലപ്രയോഗത്തിന് നിന്നില്ലയിരുന്നു. ഒന്ന് പറഞ്ഞേടി അമ്മുസേ.... കേൾക്കട്ടെ, എന്നേ കെട്ടിപിടിച്ചു എന്താരുന്നു പറഞ്ഞത്. നകുലേട്ടനിത്തിരി കൂടുന്നുണ്ട് കേട്ടോ, മാറിയ്‌ക്കെ, നേരം ഒരുപാട് ആയി. ശബ്ദം ഒക്കെ മാറ്റി ഗൗരവത്തിൽ പറയുന്നവളെ അവൻ സാകൂതം നിരീക്ഷിച്ചു. എന്നിട്ട് കൈയിലേ പിടുത്തം അയച്ചു. എനിയ്ക്ക് എന്തേലും പറ്റിയാൽ, നിനക്ക് ആരുമില്ലെന്നും, നീ ഒറ്റയ്ക്ക് ആകുമെന്നും തമ്പുരാനു അറിയാം പെണ്ണെ.. അതുകൊണ്ടല്ലേ ഒരു കുഴപ്പവും കൂടാതെ എന്നേ ഇങ്ങോട്ട് എത്തിച്ചത്..ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഇന്ന് ഇപ്പൊ ഞാൻ ഇവിടെ...... അത് പറയുകയും അവന്റെ വാക്കുകൾ മുറിഞ്ഞു. അമ്മു അവന്റെ മുഖത്തേക്ക് നോക്കിനിൽക്കുകയാണ്. ഒരു ലോറി വരുന്നുണ്ടായിരുന്നു. അയാൾ ചവിട്ടി നിറുത്തി.. നകുലൻ പറഞ്ഞു നിറുത്തിയപ്പോൾ അമ്മുന്റെ മിഴികൾ സജലമായി.. നമ്മൾക്ക് ഇവിടുന്ന് പോകാം നകുലേട്ടാ, നമ്മുടെ നാട് മതിയാരുന്നു. അവിടെ എന്താ ഒരു കുറവ്. ജീവിക്കാൻ ഉള്ളത് എല്ലാം കിട്ടുന്നില്ലേ.. പിന്നെന്തിനാ ഈ ജോലി. അമ്മേം ഒറ്റയ്ക്കല്ലേ... പോകാം നകുലേട്ടാ. അവനെ നോക്കി കരഞ്ഞുകൊണ്ട് പറയുകയാണ് അമ്മു. കിട്ടിയ ജോലി കളയാൻ പറ്റുമോടി അമ്മുവേ.. എത്രകാലം കാത്തിരുന്നിട്ടാണെന്ന് നിനക്ക് അറിയോ പെണ്ണേ... ഇതിനേക്കാൾ ശമ്പളം നാട്ടിൽ കൃഷി ചെയ്താൽ ഉണ്ടാക്കാൻ പറ്റും നകുലേട്ടാ..ആളെ വെച്ചു പണിയിപ്പിയ്ക്കുവല്ലേ, ഏട്ടൻ കഷ്ടപെടുവൊന്നും വേണ്ടന്നെ.. ആഹ് നീ ചെല്ല്, ചെന്ന് ഭക്ഷണം എടുത്തു വെയ്ക്ക്, ഇതൊക്കെ പിന്നീട് ചിന്തിക്കാം... അവൻ അമ്മുന്റെ ചുമലിൽ തട്ടി. കറികൾ ഒക്കെയെടുത്തു അമ്മു ചൂടാക്കി വെച്ചു. ചെറുപയർ തോരനും, പുളിശ്ശേരിയും,മീൻ വറുത്തതും ആയിരുന്നു കറികൾ. ടേബിളിൽ വെച്ചിട്ട് അവൾ നകുലനെ വിളിച്ചു. അവൻ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് ഇറങ്ങി വന്നു. ഭക്ഷണത്തിനു മുന്നേ ഗുളികയുണ്ടാരുന്നു. അത് എടുത്തു അമ്മു അവന്റെ നേർക്ക് നീട്ടി. ഫോൺ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് നകുലൻ കട്ട്‌ ചെയ്തു.എന്നിട്ട് ഗുളിക മേടിച്ചു കഴിച്ചു. അമ്മു ഒരു പ്ലേറ്റിലേക്ക് ചോറും കറികളും നിരത്തി. എന്നിട്ട് നകുലന്റെ അടുത്തേക്ക് വന്നു നിന്നു. ഒരു സ്പൂൺ എടുക്കാമോടി... അവൻ ചോദിച്ചുകൊണ്ട് അമ്മുനെ നോക്കിയപ്പോൾ അവൾ ചെറുപയർ തോരനും മീൻ വറുത്തതും കൂട്ടി ഒരു ഉരുള ഉരുട്ടി നകുലന്റെ നേർക്ക് നീട്ടി. ഒരു സ്പൂൺ ഇങ്ങെടുക്ക് പെണ്ണേ, ഞാൻ കഴിച്ചോളാം.. വായ തുറക്കാൻ മടിച്ചു കൊണ്ട് നകുലൻ പിന്നെയും പറഞ്ഞു. കൊഞ്ചാതെ കഴിയ്ക്ക് നകുലേട്ടാ...എന്തിനായിനി സ്പൂണൊക്കെ.. അവൾ നെറ്റി ചുളിച്ചുകൊണ്ട് നകുലനെ നോക്കി. എന്നിട്ടല്പം കൂടെ അടുത്തേക്ക് വന്നു നിന്നു.വീണ്ടും നീട്ടി. എന്തിനാ ഇത്രയ്ക്ക് മടികാട്ടുന്നെ, വേറാരും അല്ലാലോ, ഞാനല്ലേ.. അമ്മു കുറെ നിർബന്ധിച്ചപ്പോൾ അവൻ വാ തുറന്നത്. എന്താണെന്നറിയില്ല.. അവന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം പോലെ... പാതി കഴിച്ചു കഴിഞ്ഞപ്പോൾ അവൻ കൈഎടുത്തു വിലക്കി. മതി, ഇത്രേം മതി പെണ്ണേ, വയറു നിറഞ്ഞു. അവൻ എഴുനേൽക്കാൻ തുടങ്ങുയതും അമ്മു സമ്മതിച്ചില്ല.കുറച്ചുടെ കഴിക്കണം.. അല്ലാണ്ട് പറ്റുല്ല..അവിടെയിരിക്കു നകുലേട്ടാ.. അവൻ ഒരുപാട് ശ്രെമിച്ചു, പക്ഷെ അമ്മു അത് മുഴുവൻ കഴിച്ചു തീർത്തിട്ടാണ് നകുലനെ അനങ്ങാൻ പോലും സമ്മതിച്ചത് . വാഷ് ബേസിനിൽ പോയി വായ കഴുകി തിരിഞ്ഞപ്പോൾ കണ്ടു തനിയ്ക്ക് തന്ന അതേ പാത്രത്തിൽ ഭക്ഷണം എടുത്തു കഴിയ്ക്കുന്ന അമ്മുനെ. എന്തിനാ എല്ലാ പ്ലേറ്റും കൂടിഎടുക്കുന്നെ, അതുകൊണ്ടാ... അവന്റെ നോട്ടം കണ്ടതും അമ്മു പറഞ്ഞു. അപ്പോൾ ഒരു ചിരിയോടെ നകുലൻ ചെന്നു സെറ്റിയിലിരുന്ന്. അമ്മയെ വിളിച്ചരുന്നോ നീയ്. അവന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി. ഗിരിജമ്മായി വീട്ടിൽ വന്ന കാര്യമൊന്നും നകുലനോട് അവള് പറഞ്ഞിരുന്നില്ല..ഈ വെപ്രാളത്തിന്റെ ഇടയ്ക്ക് അത് വിട്ട് പോയിരിന്നു. ഫോൺ എടുത്തു സ്‌പീക്കർ ഓൺ ചെയ്തു കൊണ്ട് അവൻ സെറ്റിയിലേക്ക് ചാരിക്കിടന്നു.. ബെല്ലടിച്ചു തീർന്നെങ്കിലും ബിന്ദു കാൾ അറ്റൻഡ് ചെയ്തില്ല.. അമ്മ കിടന്നോ ആവോ... ഒന്നൂടെ നകുലൻ ട്രൈ ചയ്തു. ഞാൻ വിളിച്ചു സംസാരിച്ചതാ നകുലേട്ടാ.. എപ്പോ... അഞ്ചു മണിയ്ക്ക് മുന്നേ.... അമ്മ എന്നേ വിളിച്ചില്ലലോടി.. അങ്ങനെ വിളിക്കാതെ ഇരിയ്ക്കുന്നത് അല്ല... ഹേയ്... കുഴപ്പമൊന്നുമില്ലന്നേ... നേരത്തെ കിടന്ന് കാണും... അവൾ പെട്ടെന്ന് പറഞ്ഞു.പിന്നീട് നകുലൻ അവരെ വിളിക്കാനേ പോയില്ല. ഹമ്..... എന്നാൽപ്പിന്നെ നാളെ വീട്ടിലേക്ക് പോകാം,നിനക്കും അതല്ലേ ഇഷ്ട്ടം,അമ്മയും ഒറ്റയ്ക്ക് അല്ലെയൊള്ളു...ഞാൻ ഇനി ഒരു മാസം റസ്റ്റ്‌ ആണ്.. അത് കേട്ടതും അമ്മു ഒന്ന് ഞെട്ടി. ഈശ്വരാ അവിടേക്ക് ചെല്ലുമ്പോൾ ഗിരിജമായി.. ഏട്ടന് ഡ്രൈവ് ചെയ്യാൻ പറ്റില്ലാലോ.. അപ്പൊ പിന്നെഎങ്ങനെയാ... നോക്കട്ടെ, ആരെയേലും കിട്ടുമോന്നു.. ഇല്ലെങ്കിൽ ബസിനു പോകാം... അവൻ മറുപടിയും കൊടുത്തു. * യദുവിനെ കാണാതെ വിഷമിച്ചു ഇരിക്കുവാണ് മീനാക്ഷി. നേരം പത്തര കഴിഞ്ഞു. അമ്മ വഴക്കുണ്ടാക്കി വീട് വിട്ട് പോയപ്പോൾ ആ പിന്നാലെ യദുവും ഇറങ്ങിയതായിരുന്നു. ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ ആദ്യമായി അവൾക്ക് ഭയം തോന്നി.ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അന്നും അത് സ്വിച്ച്ട് ഓഫ് ആയിരുന്നു.......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story