ശിശിരം: ഭാഗം 75
രചന: മിത്ര വിന്ദ
ഉമ്മറത്തോട്ട് ഗിരിജ കേറി വന്നതും കണ്ടു വാതിലിനു കുറുകെ നിൽക്കുന്ന നകുലനെ.
അവരെ ചുട്ടെരീച്ചു കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആയിരുന്നു നകുലൻ.
അവന്റെ ആ ഭാവം കണ്ടതും അമ്മു മുന്നോട്ട് ചെന്നു നകുലന്റെ കൈയിൽ പിടിച്ചു.
കേറി വാ നകുലേട്ടാ..ഇത്ര ദൂരം യാത്ര ചെയ്തു മടുത്തില്ലേ..
അമ്മു മെല്ലെ അവനോട് പറഞ്ഞു.
പോയിരിക്കെടി അവിടെ……
അവന്റെ ഒരൊറ്റ അലർച്ചയിൽ എല്ലാവരും നടുങ്ങിപ്പോയി.
കുത്തിതിരിപ്പ് ഉണ്ടാക്കാൻ വേണ്ടിയാണോ ഈ സ്ത്രീയെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്…
ബിന്ദുനോടായിരുന്നു അവന്റെ ചോദ്യം.
ഇതെന്തൊക്കെയാ മോനേ നീയീ പറയുന്നേ. ആർക്ക് കുത്തിതിരിപ്പ് ഉണ്ടാക്കിന്നാടാ നകൂലാ..
ഗിരിജ ചോദിച്ചതും ഉമ്മറത്ത് കിടന്ന ഒരു കസേര എടുത്തു ഇടതു കൈകൊണ്ട് അടിച്ചു പൊട്ടിച്ചു നകുലൻ.
ദേ തള്ളേ,ചെറിയമ്മയാണെന്ന് ഒന്നും ഞാൻ നോക്കില്ല… എന്റെ സ്വഭാവം അറിയാല്ലോ.. എന്റെ പെണ്ണിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയാൽ… കിച്ചനോ യദുവോ അല്ല ഞാന്…..
അവൻ ഗിരിജയുടെ അടുത്തേയ്ക്ക് വന്നു.
ഒരു ജാതകവും പൊരുത്തവും, ഗ്രഹനിലയും ഒന്നും വേണ്ട എനിക്കും ഇവൾക്കും ജീവിയ്ക്കാൻ..പരസ്പരം സ്നേഹം മാത്രം മതി.. അല്ലാണ്ട് എനിക്ക് അപകടം ഉണ്ടായത് എന്റെ പെണ്ണിന്റെ ദോഷം കൊണ്ട് ആണെന്ന് പറഞ്ഞു കുടുംബത്തിൽ വഴക്ക് ഉണ്ടാക്കിക്കാൻ വന്നാലുണ്ടല്ലോ…. ചെറിയമ്മയാണെന്ന് ഒന്നും നോക്കില്ല.. ഈ കസേര എടുത്തു അടിച്ച പോലെ അടിച്ചു പൊട്ടിക്കും ഞാന്…
പല്ല് ഞെരിച്ചു കൊണ്ടവൻ പറഞ്ഞതും മൂവരും അനങ്ങാതെ നിൽക്കുകയാണ്.
കുടുംബമൊക്കെ വീതം വെച്ചു ഇറങ്ങിപോയത് അല്ലെ, എന്നിട്ട് ആരെ കെട്ടിയ്ക്കാനാ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്….അതോ എന്റെയമ്മ ക്ഷണിച്ചോ നിങ്ങളെ.
നകുലാ, നീയൊന്ന് മിണ്ടാതെരിയ്ക്ക് ചെറുക്കാ…
ബിന്ദു മകനെയൊന്നു അനുനയിപ്പിക്കാൻ ശ്രെമിച്ചു.
അമ്മ മിണ്ടരുത്.. വഴിയേ പോയ വയ്യാവേലിയെയൊക്കെ വിളിച്ചു അകത്തേക്ക് കേറ്റിയിരുത്തിയിട്ട് സത്കരിച്ചതും പോരാ…. എന്നിട്ട് കൊണ കൊണ വർത്താനം കൂടി.
എടാ.. മിണ്ടാതെന്നു പറഞ്ഞില്ലെടാ…
ബിന്ദുവും മകനോട് ദേഷ്യപ്പെട്ടു.
ഞാൻ മിണ്ടുന്നില്ല, ചേടത്തിo അനിയത്തിo കൂടി ചെല്ലു, പണിയ്ക്കരെ ഒന്ന് കണ്ടിട്ട് വാ, എന്നിട്ട് എന്റെമ്മുന് ജാതക ദോഷം ഉണ്ടെന്ന് പറയിക്ക്..
നീ എന്തിനാ മോനേ എഴുതാപ്പുറം വായിക്കുന്നെ, ഗിരിജ എന്തേലും പറഞ്ഞുന്ന് വെച്ചു… ഞാൻ ഉടനെ പോകുമോടാ..
പത്തിൽ പത്തു പൊരുത്തവും ഒത്തിണങ്ങിയ രണ്ട് രാജകുമാരിമാർക്ക് നിലവിളക്ക് കൊടുത്തു അകത്തേക്ക് കേറ്റിയിട്ട് മാസം രണ്ടായില്ലല്ലോ.. അതിനു മുന്നേ നാലും നാല് വഴിയ്ക്കക്കി. ഇനി എന്റെ കുടുംബത്തിൽ കേറി കളിയാക്കാൻ വേണ്ടി തള്ള കുറ്റീയും പറിച്ചു വന്നേക്കുന്നു… പോയി ആളും തരോമറിഞ്ഞു കളിയ്ക്ക് ചൊറിയമ്മേ…
അവൻ പുച്ഛഭാവത്തിൽ പറഞ്ഞപ്പോൾ ഗിരിജയുടെ മിഴികൾ നിറഞ്ഞു തൂവി.
ഇവിടെ നിന്ന് പൂങ്കണ്ണീരൊഴുക്കാതെ വേഗം സ്ഥലം കാലിയാക്ക്. ബാക്കിയുള്ളോരൂ കുറെ യാത്ര ചെയ്തു മടുത്തു വന്നതാ ഇപ്പൊ.
പറഞ്ഞു കൊണ്ട് അവന് അമ്മുന്റെ തോളത്തു കൈയിട്ടുകൊണ്ട് അവളെ ചേർത്തു പിടിച്ചു..
എന്റെ പെണ്ണിനെക്കുറിച്ച് മോശമായിട്ട് എന്തേലും പറഞ്ഞാലുണ്ടല്ലോ അത് പെറ്റതള്ളയാണേലും ശരി നകുലന്റെ സ്വഭാവം മാറും. പിന്നെ ഞ്ഞഞ്ഞാ പിഞ്ഞാ വെച്ചിട്ട് കാര്യമില്ല കേട്ടോ…
അതും പറഞ്ഞു കൊണ്ട് അവൻ അമ്മുന്റെ തോളിൽ ഒന്നമർത്തി.
ഗിരിജ അകത്തേക്ക് പോകുന്ന കണ്ടതും ബിന്ദു സങ്കടത്തോടെ മകനെ നോക്കി.
ഇവിടെ നിന്നോട്ടെ മോനേ, എനിയ്ക്കൊരു കൂട്ടാകുല്ലോടാ..
അവർ ചോദിച്ചു.
തത്കാലം അമ്മയ്ക്ക് ഈ കൂട്ട് വേണ്ട. ഒള്ള കഞ്ഞില് പാറ്റയെ എടുത്തു ഇട്ടിട്ട് ഇറങ്ങി പോന്ന സാധനമാ. അതുകൊണ്ട് വേഗം ഈ ചീത്തകൂട്ട്കെട്ട് ഒഴിവാക്കിക്കാൻ നോക്ക്. ഇല്ലെങ്കിൽ വൈകാതെ ഇതേയവസ്ഥയാരിക്കും വരുന്നേ…
നകുലേട്ടൻ ഒന്ന് പയ്യെ പറഞ്ഞേ, വെറുതെയോരോന്ന് പറഞ്ഞു ഒച്ച വെയ്ക്കാതെന്നേ… ആളുകൾ ശ്രെദ്ധിയ്ക്കാൻ തുടങ്ങി കേട്ടോ.
വഴിയേ പോകുന്നവരൊക്കെ നോക്കുന്ന കണ്ടു അമ്മു പെട്ടന്ന് പറഞ്ഞു..
നിനക്കിട്ടു വെച്ചിട്ടുണ്ട്.. മുറിയിലേക്ക് വാ കേട്ടൊ. ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചു നടക്കാനല്ലേ നിനക്ക് അറിയൂ……
അമ്മുനെ വഴക്ക് പറഞ്ഞു നിന്നപ്പോൾ ഗിരിജ ഒരു ബാഗും എടുത്തു പുറത്തേക്ക് വന്നു.
പോട്ടെ ബിന്ദുചേച്ചി…. ഇനി ഞാൻ ആയിട്ട് നകുലന്റെ ജീവിതം തല്ലികെടുത്താൻ നിൽക്കുന്നില്ല…എന്റെ കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. വന്നു കേറിയ പെണ്ണുങൾ കൊണമില്ലെങ്കിൽ പിന്നെ അമ്മായിമ്മയ്ക്കയി കുറ്റം. അതല്ലേ നാട്ടു നടപ്പ്. ആഹ്
നിങ്ങളെങ്കിലും സന്തോഷമായിട്ട് ജീവിയ്ക്ക് ചേച്ചി..
ഗിരിജ മുറ്റത്തേയ്ക്ക് ഇറങ്ങി.
ഞങ്ങള് സന്തോഷം ആയിട്ട് തന്നെയാ ഇത്രേം കാലോം ജീവിച്ചത്, ഇനിയും അങ്ങനെ തന്നേ കഴിയും… അതിന് നല്ല മനസ് കൂടി വേണം… അല്ലാണ്ട് വിഷം ഉള്ളിൽ കുത്തിനിറച്ചു വീട് വിട്ടു ഇറങ്ങിപ്പോകുവല്ല വേണ്ടത്..
നകുലൻ ഉച്ചത്തിൽ പറയുന്നത് പടിപ്പുര എത്തുമ്പോൾ ഗിരിജ കേട്ടു.
എന്റെ പൊന്ന്മോനേ, നീയൊന്ന് അടങ്ങു.. ഇതെന്നതൊക്കെയാട നീ പറയുന്നേ..
ബിന്ദു വന്നിട്ട് മകനെ തുറിച്ചു നോക്കി.
പോയി ഒരു കട്ടൻ എടുക്കമ്മേ… വന്നിട്ട് നേരം കുറച്ചു ആയി, ചായയൊ വെള്ളോ എന്തേലും തന്നോ…
അവൻ കണ്ണുരുട്ടിയതും ബിന്ദു പെട്ടന്ന് അടുക്കളയിലേക്ക് പോയി.
അവൻ റൂമിൽ എത്തിയപ്പോൾ അമ്മു ഷോളൊക്കെ അഴിച്ചു മാറ്റിയിട്ട് മുടി അഴിച്ചു വിടർത്തിയിട്ട് നിൽപ്പുണ്ട്. കുളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ആള്.
വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ മുഖം തിരിച്ചു നോക്കി.
ഓഹ്… എന്തൊരു നിൽപ്പാ പെണ്ണേയിത്…. കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു.
അവൻ അടുത്തേക്ക് വന്നു അവളെയൊന്നു മൊത്തത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു.
മറുപടിയൊന്നും പറയാതെ അമ്മു അവനെ സൂക്ഷിച്ചു നോക്കി. എന്നിട്ട് കുളിക്കാൻ പോകാനായി ഭാവിച്ചതും നകുലൻ ഇടം കൈകൊണ്ട് അവളുടെ വയറിൽ ചുറ്റി പിടിച്ചു.
നകുലേട്ടാ…..വിട്ടേ, എനിക്ക് കുളിക്കണം…..
അവൾ നിന്നു കുതറി.
നമ്മൾക്ക് ഒരുമിച്ചു കുളിച്ചാലോടി…. അടിപൊളി ആരിക്കും…
കാതോരം അവന്റെ ശബ്ദം.
നിങ്ങൾക്ക് നാണമില്ലെന്നുള്ളത് പണ്ടേഎനിക്ക് അറിയാം, പക്ഷെ അമ്മുനെ ആ കൂട്ടത്തിൽ ഉൾപ്പെടുത്തെണ്ട കേട്ടോ…
അവൾ അവന്റെ കൈയിൽ അല്പം പ്രയോഗിച്ചു പിടിച്ചു..
വടക്ക് വശത്തെ കുളം ഇപ്പോളും ഉണ്ട്… ഒന്ന് വാടിയമ്മു…. ആഗ്രഹം കൊണ്ടല്ലേ….
അത് പറയുമ്പോൾ അവന്റെ മിഴികളിൽ പ്രണയം തുളുമ്പി നിന്നു.
നകുലേട്ടൻ ചെല്ല്,, അത്രക്ക് ആഗ്രഹം ആണെങ്കിൽ അതങ്ങട്
തീർത്തോന്നേ… അതിനിപ്പോ ആരാ തടസം.
തോർത്ത് എടുത്തു തോളത്തു ഇട്ടു കൊണ്ട് അമ്മു വാഷ്റൂമിലേക്ക് നടന്നു.
ഹമ്….ഞാനൊന്ന് ആഗ്രഹിച്ചെങ്കിൽ അത് നടത്തിയേ തീരൂ. അതിനു യാതൊരു മാറ്റോം ഇല്ലടി അമ്മുസേ….
അവൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ചിരിയോടെ അമ്മു കേറി വാതിൽ അടച്ചു……തുടരും………