ശിശിരം: ഭാഗം 78

ശിശിരം: ഭാഗം 78

രചന: മിത്ര വിന്ദ

യദുവേട്ടൻ ഇങ്ങനെ കുടിച്ചു നശിയ്ക്കരുത്, എന്നോട് ഉള്ള വാശിയ്ക്ക് സ്വന്തം ജീവിതം കളയണ്ട, ഇനി കുടിച്ചിട്ട് വരുകയാണെൽ ഞാൻ ഒരിക്കലും ഏട്ടൻ പറയുന്നത് അനുസരിക്കില്ല. ഇവിടെത്തന്നെ നിൽക്കും.. എങ്ങോട്ടും പോകില്ല ഉറപ്പ്... അവൾ പറഞ്ഞതും യദു മീനാക്ഷിയെ ഒന്ന് നോക്കി. എന്റെ കാര്യങ്ങളിൽ ഇടപെടാൻ നീ വന്നേക്കരുത്, അതെനിയ്ക്ക് ഇഷ്ടമല്ല, ഞാനെന്തു ചെയ്യണം, ചെയ്യേണ്ട എന്നൊക്കെ  എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിൽ കൈകടത്താൻ നിയും ഞാനും ആയിട്ട് യാതൊരു ബന്ധവുമില്ല. ഇനി മേലിൽ ഇത് ആവർത്തിയ്ക്കരുത്. മീനാക്ഷിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് യദു ഇറങ്ങിപ്പോയി. *** കാലത്തെ എഴുന്നേറ്റ് ബിന്ദുഅമ്മായിയുടെ ഒപ്പം അടുക്കളയിൽ എത്തിയതാരുന്ന് അമ്മു. അപ്പവും ചിക്കൻ കറിവെച്ചതും ആയിരുന്നു ബ്രേക്ക്‌ഫസ്റ്റ്നു. അതൊക്ക ഉണ്ടാക്കുവാൻ അമ്മു അവരെ സഹായിച്ചു. എന്നിട്ട് മുറ്റം അടിച്ചു വാരുവാൻ വേണ്ടി അവള് ഇറങ്ങിപ്പോയി വീടും പരിസരവുമൊക്കെ അടിച്ചു വാരി വൃത്തിയാക്കി അമ്മു കയറി വന്നപ്പോൾ കുറച്ചു സമയമെടുത്തു. മോളെ... നകുലൻ എഴുന്നേറ്റില്ലേ, നേരം കുറെയായല്ലോടി, നീ ചെന്നു അവനെ വിളിച്ചേ.. ആഹ്, ഞാൻ വിളിയ്ക്കാ, ചിലപ്പോൾ ഉണർന്ന് കിടക്കുവാകും. അവൾ ഒരു ഗ്ലാസ്സിലേക്ക് ചായ പകർന്നെടുത്തു. എന്നിട്ട് നേരെ മുകളിലേയ്ക്ക് പോയി. ഇവിടിരുന്ന് ഫോൺ കാണുവാരുന്നോ, താഴേക്ക് കാണാഞ്ഞിട്ട് അമ്മായിയ്ക്ക് ആകെ പരവേശം. ഞാനിപ്പോ എണീറ്റെയൊള്ളു. ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ലെടി. അതുകൊണ്ട് ഒത്തിരി ലേറ്റ് ആയി ഉറങ്ങിത്.അതിന്റെയാണോന്ന് അറിയില്ല, വല്ലാത്ത ക്ഷീണം ഹമ്... ഇത് കുടിക്ക്, എന്നിട്ട് കുളിയൊക്കെ കഴിയുമ്പോൾ ക്ഷീണമൊക്കെ മാറും.ചൂട് വെള്ളത്തിൽ കുളിക്കാം, ദ്ദേഹത്തെ വേദന മാറും. അവൾ ചായ അവനു നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു. ചൂട്വെള്ളം വേണ്ട പെണ്ണേ, ഒന്നാമത് ഭയങ്കര ചൂടാണ്, നകുലൻ ചായ കുടിച്ചു ഇരിക്കുകയാണ്. പക്ഷെ അപ്പോളും അവന്റെ മുഖം ഗൗരവത്തിലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ.. അവന്റെ ആ ഭാവം കണ്ടതും അമ്മു പെട്ടന്ന് ചോദിച്ചു. കാരണം എന്നും അവളെ കാണുമ്പോൾ കുസൃതി നിറഞ്ഞ നോട്ടം നോക്കിയവൻ പെട്ടന്ന് മാറിയ പോലെയവൾക്ക് തോന്നിയിരുന്നു. ഓഫീസിൽ ഒരു മീറ്റിംഗ്, ഞാനില്ലാതെ പറ്റില്ലന്ന് ഹെഡ് വിളിച്ചു പറഞ്ഞു. വയ്യാതിരിക്കുന്ന ഏട്ടനെങ്ങന പോകാന, കാര്യം പറഞ്ഞില്ലേയേട്ടാ.. ഹമ്.. പറഞ്ഞു, പക്ഷെ അയാളങ്ങോട്ട് സമ്മതിച്ചു തരുന്നില്ല, അതല്ലേ പ്രോബ്ലം... എന്നിട്ട്, ഏട്ടൻ തിരിച്ചു പോകാനാണോ? എറണാകുളത്തല്ലടി മീറ്റിംഗ്, മുംബൈയ്ക്ക് പോണം.ഒരാഴ്ച്ചത്തെ പ്രോഗ്രാം യ്യോ... അതൊന്നും നടക്കില്ല, മുംബൈക്ക് ഒക്കെ പോകാന്നു വെച്ചാൽ, വേണ്ട നകുലേട്ടാ, വരാൻ പറ്റില്ലെന്ന് പറയു. ഹമ്.. ഞാൻ കുറെ തവണ പറഞ്ഞു, അയാളുടെ തീരുമാനം നോക്കട്ടെ. എന്നിട്ടാവാം ബാക്കി. പോകുവൊന്നും വേണ്ടന്നേ... അതും ഒരാഴ്ച്ചയോ... നടക്കില്ലട്ടോ...അത്രേം ദിവസം എനിയ്ക്ക് കാണാണ്ടിരിയ്ക്കാൻ പറ്റുല്ല. അത് പറയുകയും പെണ്ണിന്റെ കണ്ണു നിറഞ്ഞു പോയി.. നകുലൻ നോക്കിയപ്പോൾ അവള് കവിളിലേ കണ്ണീർ തുടച്ചു മാറ്റുന്നുണ്ട്. ഹാ,  നീ കരയുവാണോ അമ്മു , ഞാനതിന് എങ്ങോട്ടും പോകുന്നില്ലല്ലോ. നകുലൻ അവളെപ്പിടിച്ചു തന്റെയരികിലായ് ഇരുത്തി. എന്നിട്ട് ഇടം കൈയുയർത്തി ആ കണ്ണീർ തുടച്ചു.. കണ്ണ് നിറയ്ക്കല്ലേ അമ്മുസേ... എനിയ്ക്കിത് കാണുന്നത് വിഷമമാ കേട്ടോ.. നകുലൻ അവളുടെ നെറുകയിൽ തലോടി. നകുലേട്ടനെ പിരിഞ്ഞു ഒരു നിമിഷംപോലും എനിയ്ക്ക് കഴിയില്ല,, ഒരിടത്തും പോകാന് ഞാൻ സമ്മതിച്ചു തരില്ല, ജോലി ചെയ്തു കഷ്ടപ്പെട്ട് വന്നു കുടുംബം പോറ്റെണ്ട ഗതികേട് തത്കാലം ഏട്ടനില്ലല്ലോ... പിന്നെന്താ ഇങ്ങനെ പെടാപ്പാട്പ്പെടുന്നെ... എടി, ഇതതിന് ചെറിയ ജോലിയൊന്നുമല്ല... ഒരു ലക്ഷം രൂപയ്ക്ക് മേലേ സാലറിയുണ്ട്. നല്ല കമ്പനിയാടി. ഐ ടി ഫീൽഡിൽ ഉള്ളവരൊക്കെ ഇതുപോലെയൊരു ജോലികിട്ടാൻ കൊതിയ്ക്കുവാ പെണ്ണേ... നിനക്ക് ഇതിനെപറ്റിയൊന്നും വല്യ അറിവില്ലാത്തത് കൊണ്ടാണ്. അവൻ വിശദീകരിച്ചതും അമ്മു മറുപടിയൊന്നും പറയാതെയിരുന്നു. ആഹ് പിന്നെ മറ്റൊരു കാര്യമുള്ളത് നമ്മള് എറണാകുളത്ത് നിക്കുന്നതാടി നല്ലത്,എന്ത്കൊണ്ടും എല്ലാംകൊണ്ടും... അത് പറഞ്ഞപ്പോൾ അമ്മു അവനെയൊന്നു സൂക്ഷിച്ചു നോക്കി. ഗിരിജചൊറിയമ്മേപ്പോലെ എന്റെ അമ്മയും അത്ര മോശക്കാരിയൊന്നുമല്ല, ഉറങ്ങികിടക്കുന്ന സിംഹം എപ്പോളാ സട കുടഞ്ഞെഴുന്നേറ്റ് വരുന്നെന്നു അറിയില്ലല്ലോ..സ്ഥിരമായി ഇവിടെ നിൽക്കുമ്പോൾ ചിലപ്പോ പുള്ളിക്കാരിയ്ക്ക് ഇളകിയാലോന്നേ അവൻ പറഞ്ഞതു അമ്മു കണ്ണു മിഴിച്ചു ഇരുന്നു. എന്റെ കൊച്ചിനെയാരും വിഷമിപ്പിക്കുന്നത് എനിയ്ക്ക് ഇഷ്ട്ടമല്ല, അതുകൊണ്ടല്ലെടാ.അമ്മുന്റെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് അവൻ പറഞ്ഞു. ബിന്ദുവമ്മായി പ്രശ്നമാണോയേട്ടാ... അവൾ ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു ഹേയ്... അങ്ങനെയൊന്നുമില്ലടി.. പണ്ടത്തെ രീതിയിൽ നിന്നൊക്കെ മാറ്റം വന്നിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല,എന്നാലും... അത് വേണ്ട, ശരിയാകില്ലമ്മു... നമ്മൾക്ക് അവിടേക്ക് തിരിച്ചു പോകാം.ഞാനും നീയും മാത്രമായിട്ട് ഒരു ജീവിതം.. നമ്മുടെ കൊച്ചു കൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും, കുറുമ്പും, കുസൃതിയും, പ്രണയവും, പരിഭവവും.... അങ്ങനെയങ്ങനെ...... എത്ര നാളായിട്ട് ഞാൻ ആഗ്രഹിക്കുന്നതാണെന്നോ, പ്രാർത്ഥിക്കുന്നതാണെന്നോടി.... അത് പറയുമ്പോൾ അവന്റെ മിഴികളിൽ അവളോട്ഉള്ള പ്രണയം തുളുമ്പിനിന്നു. അമ്മുവും ഒരു നിമിഷത്തേയ്ക്ക് നകുലനെ നോക്കിയിരുന്നു. എടി, അമ്മയെ നോക്കത്തില്ലെന്നോ, അന്വേഷിയ്ക്കത്തില്ലെന്നോ ഒന്നുമല്ല ഞാൻ പറഞ്ഞത്, അമ്മയ്ക്ക് ഇപ്പൊ 54വയസ് കഴിഞ്ഞേയൊള്ളു.... ഫുള്ളി ആക്റ്റീവാണ്, പിന്നെ ഞാൻ ജോലിക്ക് പോയി തുടങ്ങിയ നാൾ മുതൽ അമ്മ ഇവിടെയൊറ്റയ്ക്കാണ്..എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. നീയിനി ഇതേകുറിച്ചൊന്നും യാതൊരു ടെൻഷനുമടിക്കേണ്ട കെട്ടോ.. ഹമ്.... അമ്മു തല കുലുക്കി. പിന്നെ... ആ ഫ്ലാറ്റ് ലെ ജീവിതമാണ് നിനക്ക് പ്രശ്നം, അതുകൊണ്ട് ഞാനൊരു വീട് റെഡിയാക്കിയിട്ടുണ്ട്...എന്റെ ഒരു ഫ്രണ്ട് ന്റെ ആന്റി താമസിക്കുന്ന വീടാണ്, പുള്ളിക്കാരിടെ ഹസ്ബൻഡ് മരിച്ചു പോയി, ഒരു മോളുള്ളത് കാനഡയിലാണ്. അവരുടെ വീട്ടിൽ നമ്മൾക്ക് കൂടാം, അതാകുമ്പോൾ നിനക്ക് മിണ്ടാനും പറയാനും ഒരാളുമായി.ആന്റിയെ എനിക്ക് മൂന്നാല് വർഷമായിട്ട് അറിയാം, സെക്രട്ടറിയേറ്റിൽ ആയിരുന്നു വർക്ക്‌ ചെയ്യുന്നത്. ഇപ്പൊ റിട്ടയർഡ് ആയി. ഭയങ്കര പാവമാണ് പുള്ളിക്കാരി .ഇനി ഇവിടെന്ന് നമ്മള് പോകുന്നത് അങ്ങോട്ടാണ്,ആന്റിടെ കൂടെ നിൽക്കാം. അതൊന്നും കുഴപ്പമില്ല നകുലേട്ടാ,നമ്മൾക്ക് ഫ്ലാറ്റിൽ താമസിക്കാംന്നേ... എനിക്ക് പതിയെ ശീലമായിക്കോളും. ഇത്‌ പെട്ടെന്ന് നമ്മുടെ നാട്ടീന്നു പോന്ന കൊണ്ടുള്ള ബുദ്ധിമുട്ടാ, ഒക്കെ സാവധാനം ഓക്കേയാവും.. ഹമ്.... ശരിയാണ്. പക്ഷെ കുറച്ചു ദിവസത്തേയ്ക്ക്ങ്കിലും ആന്റിടെ കൂടെ നിൽക്കാം, ഇന്നും കൂടി വിളിച്ചു, നമ്മളോട് ചെല്ലാൻ പറഞ്ഞു. മ്മ്.... നകുലേട്ടന്റെ ഇഷ്ട്ടം.പക്ഷെ വേറെ എവിടെയെങ്കിലും ഒരു ചെറിയ വീട് നോക്കാം ഏട്ടാ, ആന്റിടെ മോള് ഇനി എപ്പോ വരുമെന്ന്ഒന്നും നമ്മൾക്ക് അറിയില്ലലോ... പിന്നീട് അവർക്ക് ഒരു ശല്യമാകണ്ട... ജസ്റ്റ്‌ പോയിട്ട് രണ്ട് ദിവസം നിൽക്കാം. എന്നിട്ട് ഫ്ലാറ്റിലേക്ക് തിരിച്ചു പോരാം. ആഹ്, അങ്ങനെയെങ്കിലങ്ങനെ, എന്റെ അമ്മുട്ടൻ പറയുംപോലെ, എന്തെ... അവൻ അമ്മുന്റെ വലംകൈയിൽ പിടിച്ചു കൊണ്ട് അവളുടെ അണിവിരലിൽ ഒരു ഞൊട്ട പൊട്ടിച്ചു.. ഹാവു.. ഇതെന്താ നകുലേട്ടാ...വേദനിച്ചുട്ടോ.. അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ അവൻ അവളെ കിസ്സ് ചെയ്യുന്നത്പോലെ ചുണ്ട് കൂർപ്പിച്ചു. അത് കണ്ടതും അമ്മു പുഞ്ചിരിച്ചു.. ഇനിയെന്നാടിയമ്മു .......... നിരാശനായി അവൻ അവളുടെ മുഖത്തേക്ക് നോക്കി. എന്ത്...... അമ്മു അജ്ഞത നടിച്ചു കൊണ്ട് നാകുലനെയും നോക്കി... മാസം ഒന്ന് കഴിഞ്ഞു ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ തുടങ്ങിട്ട്. എനിയ്ക്കുമില്ലെടി വികാരവിചാരങ്ങളൊക്കെ.... ഓഹോ... ആ ഒരു വിചാരം മാത്രമേ ഒള്ളൂല്ലേ..... കാള വാല് പൊക്കിയതേ തോന്നിയെനിക്ക് എന്നിട്ട് എന്താടി നീയാതൊന്നും മനസിലാക്കാത്തത്... സമയം ആയിട്ടില്ല മകനെ,,, അതുകൊണ്ടല്ലെ.... എങ്കിൽ പിന്നെ നീയാ രാഘവപണിയ്ക്കരുടെ അടുത്ത് പോയിട്ട് സമയോം മുഹൂർത്തോം കുറിപ്പിച്ചിട്ട് വാടി.. എന്നിട്ട് ബാക്കി നോക്കാം.. എന്തേ... നകുലൻ പറയുന്നത് കേട്ടു അമ്മു കിലുങ്ങി ചിരിച്ചു.....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story