ശിശിരം: ഭാഗം 89
രചന: മിത്ര വിന്ദ
ഗിരിജേച്ചി ഇവിടെ ഒന്നും ഇല്ലായിരുന്നോ, കണ്ടിട്ട് കുറച്ചുദിവസമായല്ലോ.
ബസ്സിൽ വന്നിറങ്ങിയശേഷം, വീട്ടിലേക്ക് നടന്നുവരികയായിരുന്നു ഗിരിജ. അപ്പോഴാണ്, അവർക്ക് ഉള്ള പാല് കൊണ്ടുവന്നു കൊടുക്കുന്ന മണിക്കുട്ടന്റെ അമ്മയെ കണ്ടത്.
ഞാനെന്റെ മോളുടെ അടുത്ത് ആയിരുന്നു വത്സേ, അവൾക്ക് സുഖമില്ലതേ ഹോസ്പിറ്റലിൽ ആയിരുന്നു,അപ്പോ അവിടെ വരെ ഒന്ന് പോയതാ,ചെന്നപ്പോൾ അവളു എന്നെ വിടില്ല, കുറച്ചുദിവസം അമ്മ ഒപ്പം നിൽക്കന്നുപറഞ്ഞു ആകെ ബഹളം, ഇവിടെയിപ്പോൾ ആളും പേരും ഒക്കെ ഉണ്ടല്ലോ, അതുകൊണ്ട് പ്രിയമോളുടെ വീട്ടിൽ ആയിരുന്നു.
ആരെങ്കിലും വഴിയിൽ വെച്ച് കണ്ടാൽ എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ പറയുവാനുള്ള മറുപടി ഒക്കെ മുൻകൂട്ടി കരുതി വച്ചു കൊണ്ടായിരുന്നു, ഗിരിജ വന്നത്.
കിച്ചൻ വാടകവീട്ടിൽ നിന്ന് തിരിച്ചു വന്ന വിവരമൊന്നും അവർ അറിഞ്ഞിരുന്നില്ല,
വഴിയിൽ കണ്ടവരോടൊക്കെ കുശലം പറഞ്ഞു ഒടുവിൽ ഗിരിജ വീട്ടിലെത്തിയപ്പോൾ, മീനാക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അമ്മ വരുന്നത് കണ്ടതും അവൾ ഇറങ്ങിച്ചെന്നു.
മീനാക്ഷിയെ ദഹിപ്പിക്കും മട്ടിൽ ഒന്നു നോക്കിയ ശേഷം അവർ മുറിയിലേക്ക് കയറിപ്പോയി.
പെട്ടെന്ന് തന്നെ അവള് ഫോൺ എടുത്ത് യദുവിനോട് വിവരമറിയിച്ചു..
കിച്ചേട്ടൻ പറഞ്ഞ പോലെ തന്നെയല്ലേ..
ചിരിയോടെ യദു ചോദിക്കുന്നത് അവൾ കേട്ടു..
ഉടുത്തിരുന്ന സാരിയൊക്കെ മാറ്റി ഒരു നൈറ്റിയും എടുത്തുഇട്ടു, ഗിരിജ ഉമ്മറത്തേക്ക് വന്നിരുന്നു.
മീനാക്ഷി അപ്പോൾ അവർക്ക് കുടിക്കുവാൻ ഒരു ഗ്ലാസ് കട്ടൻ ചായ കൊണ്ടുവന്നു വച്ചു.
നിനക്ക് ചായയൊക്കെ ഇടാൻ അറിയാമോ, അതോ വേലക്കാരെ ആരെയെങ്കിലും നിയമിച്ചു തന്നോ നിന്റെ കെട്ടിയോൻ
പുച്ഛഭാവത്തിൽ അവർ അവളെ നോക്കി ചോദിച്ചു.
എന്നാൽ മീനാക്ഷി മറുപടിയൊന്നും പറയാതെ പിന്തിരിഞ്ഞു അടുക്കളയിലേക്ക് പോയി..
പുട്ടും കടലക്കറിയും ആയിരുന്നു,
കാലത്തെ ബ്രേക്ഫാസ്റ്റിന്.
അവൾ ഒരു പ്ലേറ്റിലായി അതും എടുത്ത് ഡൈനിങ് റൂമിലേക്ക് വന്നു.
അമ്മേ… കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്, എഴുന്നേറ്റ് വരൂ.
മീനാക്ഷി വിളിച്ചതും ഗിരിജ ഒന്ന് അവളെ അടിമുടി നോക്കി.
സത്യം പറഞ്ഞാൽ അവർക്ക് നല്ല വിശപ്പുണ്ടായിരുന്നു, പ്രിയ മോളുടെ വീട്ടിൽ നിന്ന് കാലത്തെ പോന്നതു കൊണ്ട് ഒന്നും കഴിച്ചിരുന്നില്ല. എന്നാലും അവരുടെ ആത്മാഭിമാനം പെട്ടെന്ന് അവരെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ അനുവദിച്ചില്ല..
അമ്മേ… വന്നു കഴിയ്ക്ക്, അമ്മയ്ക്ക് വിശക്കുന്നില്ലേ.
അവൾ വീണ്ടും ചോദിച്ചു.
പക്ഷേ അത് കേട്ട പാവം പോലും ഗിരിജ നടിച്ചില്ല.
കുറച്ച് സമയം കൂടി നോക്കിയിട്ട് അവർ എഴുന്നേറ്റ് വരുന്നില്ലെന്ന് മനസ്സിലാക്കിയതും, മീനാക്ഷി അതെല്ലാം എടുത്ത് അകത്തേക്ക് കൊണ്ടുപോയി.
കുറച്ച് തുണികൾ നനച്ചിടുവാൻ ഉണ്ടായിരുന്നു, അതുകൊണ്ട് അവൾ അതെല്ലാം എടുത്ത്, പിന്നാമ്പുറത്തേക്ക് പോയി.
അവൾ തുണി നനയ്ക്കുന്ന ശബ്ദം കേട്ടതും ഗിരിജ മെല്ലെ എഴുന്നേറ്റു..
ഡൈനിങ് റൂമിൽ വന്ന് നോക്കിയപ്പോൾ, അവിടെയൊന്നും ഇരിപ്പില്ലായിരുന്നു.
ദേഷ്യം വന്നുവെങ്കിലും,വിശപ്പ് സഹിക്കാനാവാതെ അവർ അടുക്കളയിലേക്ക് പോയി, എന്നിട്ട്, തന്നെ താനെ എടുത്ത് കഴിച്ചു.
പ്രിയയാണെങ്കിൽ പലതവണ ഗിരിജയുടെ ഫോണിലേക്ക് വിളിക്കുവാൻ ശ്രമിച്ചു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.
അതിനുശേഷം അവൾ കിച്ചനെ വിളിച്ചപ്പോൾ,അമ്മ വീട്ടിലെത്തിയ കാര്യം അവൻ അറിയിച്ചു. അതുകേട്ടതും പ്രിയയ്ക്ക് സമാധാനമായി. അപ്പോഴാണ് അവൻ വാടകവീട്ടിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വന്നത് അവളോട് പറഞ്ഞത്.
കിച്ചേട്ടാ എല്ലാവരും കൂടി ഒരുമിച്ച് സമാധാനത്തോടെ കഴിയാൻ നോക്ക്,വെറുതെ എന്തിനാ,വേറെ വീട്ടിലേക്ക് പോകുന്നത്. ഏട്ടനു അഥവാ വീട് വയ്ക്കണമെങ്കിൽ, നമ്മുടെ സ്ഥലത്ത് നോക്കിയൽ പോരെ, എന്തിനാ വാടകകാശ് കളയുന്നത്,
അവൾ സങ്കടത്തോടെ അവനോട് ചോദിച്ചു.
കിച്ചൻ, കുറച്ച് തിരക്കിലായിരുന്നു അതുകൊണ്ട്, വൈകുന്നേരം വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ഫോൺ സംഭാഷണം അവസാനിപ്പിച്ചു,..
അമ്മയുടെ ഫോൺ ഓഫ് ആയിട്ടിരിക്കുവാണോ…?പ്രിയ വിളിച്ചിട്ട് കിട്ടുന്നില്ലന്നു.. ഇതാ ഇപ്പോ എന്റെ ഫോണിൽ വിളിച്ചതാണ്.
മീനാക്ഷി അവളുടെ ഫോണുമായി ഉമ്മറത്തേക്ക് വന്നു എന്നിട്ട് ഗിരിജയുടെ നേർക്ക് നീട്ടി.
എനിക്ക് ആരോടും ഒന്നും പറയാനില്ല, പറച്ചിൽ ഒക്കെ കഴിഞ്ഞശേഷമാണ് ഞാൻ അവിടുന്ന് പോന്നത്, അവളുടെ സമാധാനം ഞാനായിട്ട് തല്ലിക്കൊടുത്തുന്നില്ല,,മീനാക്ഷി ഫോൺ വെച്ചോളൂ.
അവർ മുന്നോട്ടു തന്നെ നോക്കിയിരിയ്ക്കുകയാണ്.
അമ്മ പറയുന്നതൊക്കെ പ്രിയ ഫോണിലൂടെ കേട്ടിരുന്നു.
പ്രിയ തന്നെയാണ് ഫോൺ കട്ട് ചെയ്തത്.
അന്ന് ഉച്ചയ്ക്കും മീനാക്ഷി അവരെ ഭക്ഷണം കഴിക്കുവാനായി വിളിച്ചു, പക്ഷേ ഗിരിജ എഴുന്നേറ്റ് ചെന്നില്ല..
ഒരേ വാശിയിലായിരുന്നു അവര്.
യദുവും കിച്ചനും വന്ന ശേഷം എല്ലാം റെഡിയാക്കം എന്ന് മീനാക്ഷി ഓർത്തു.
***
നകുലൻ അന്നുച്ചയ്ക്ക് ശേഷം വരുവൊള്ളൂ, അതുകൊണ്ട് അമ്മു ലഞ്ച് അത്ര കാര്യമായിട്ട് ഉണ്ടാക്കിയില്ല. രസവും പപ്പടവും മാത്രം ആയിരുന്നുള്ളത്.
വൈകുന്നേരം ഒരു ചിക്കനൊക്കെ കൊണ്ട് വരാമെന്ന് അവൻ വിളിച്ചു പറഞ്ഞു. അതിനു വേണ്ടിയുള്ള പ്രെപറേഷൻ ഒക്കെ നേരത്തെ അമ്മു ചെയ്തു വെച്ചു..
ആ നേരത്തു ബിന്ദുഅമ്മായി വിളിച്ചു. അവരോട് ഇത്തിരി നേരം സംസാരിച്ചു നിന്നു.അപ്പോളേക്കും ശ്രീജ വാട്സാപ്പിൽ ഗ്രൂപ്പ് കോൾ ചെയ്തു. പാറുക്കുട്ടിയെ അമ്മയെയും അമ്മുവിനെയും ഒക്കെ കാണിച്ചു. കുറെ നേരം അങ്ങനെ പോയി
വീണ്ടും അവൾ തന്റെ ജോലികൾ തുടർന്നു.
നകുലൻ എത്തിയപ്പോൾ അന്ന് അഞ്ചു മണി കഴിഞ്ഞിരുന്നു..
ചിക്കനും, ചപ്പാത്തിയും ഒക്കെ അവൻ വാങ്ങിക്കൊണ്ടുവന്നു.
അമ്മു പെട്ടന്ന് കറിയൊക്കെ ഉണ്ടാക്കാൻ തുടങ്ങി
ഓഫീസിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് അവൻ അടുക്കളയിൽ വന്നിരുന്നു..
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആണെങ്കിൽ പോലും അവൻ വളരെ താൽപര്യത്തോടെ ആയിരുന്നു അമ്മുവിനോട് പറയുന്നത്, എല്ലാം കേട്ടുകൊണ്ട് അവളും അവനോടൊപ്പം ചേർന്നു.
അമ്മുവിന് ഒരുപാട് മാറ്റങ്ങൾ വന്നു എന്ന്, നകുലിന് തോന്നിത്തുടങ്ങി.
നേരത്തെ എല്ലാത്തിനും അവൾ ഒരു അകൽച്ച കാണിയ്ക്കുമായിരുന്നു, പക്ഷെ ഇപ്പോൾ ദിവസം ചെല്ലും തോറും അമ്മുന് തന്നോട് താല്പര്യം ആയി തുടങ്ങിയിരിക്കുന്നു.ഹ്മ്മ്…. മാറ്റിഎടുക്കാം…
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..തുടരും………