Novel

ശിശിരം: ഭാഗം 92

രചന: മിത്ര വിന്ദ

തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ..

അവന്റെ പാട്ട് കേട്ട്കൊണ്ട് അമ്മു ഇരു കൈകളും എളിയ്ക്ക് കുത്തി അവനെ നോക്കി.

ഇളക്കം കൂടുന്നുണ്ട് കെട്ടോ..

പിന്നല്ലാതെ.. ഇനി ഇളകാതെ പറ്റുമോടി പെണ്ണേ. എത്ര ദിവസം ആയി, കാത്തിരിയ്ക്കുന്നു.

അമ്മുവിന്റെ നെറ്റിയിലേക്ക് തന്റെ നെറ്റിമുട്ടിച്ചുകൊണ്ട് നകുലൻ കണ്ണിറുക്കി.

ഹോസ്പിറ്റലിൽ പോകാൻ നേരമായി, ഇങ്ങനെ നോക്കി നിന്നാൽ മതിയോ പോകണ്ടേ.

അമ്മു തന്റെ ചെരുപ്പ് എടുത്ത് കാലിലേക്കിട്ടുകൊണ്ട് അവനെയൊന്നു നോക്കി.

നകുലന്റെ കണ്ണുകൾ അവളുടെ പാദങ്ങളിലേക്ക് നീണ്ടു.

ഇളം റോസ് നിറമുള്ള നെയിൽ പോളിഷ് ആണ് ഇട്ടിരിക്കുന്നത്. നീണ്ടു മെലിഞ്ഞ നഖങ്ങൾക്ക് ഒരു പ്രേത്യേക അഴകാണ്.. പക്ഷെ ഒരു കുറവ് ഉണ്ട്… അത് കുറെയായി താൻ, നികത്തുവാൻ ആഗ്രഹിക്കുന്നു.  ഇന്നെന്തായാലും അത് സാധിച്ചേ തീരൂ… അവൻ തീർച്ചപ്പെടുത്തികൊണ്ട് അവളെ നോക്കി തല കുലുക്കി

നകുലിനെയും അമ്മുവിനെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് അവന്റെ ഒരു ഫ്രണ്ട് വന്നിട്ടായിരുന്നു.

അവന് വലിയ കുഴപ്പങ്ങളൊന്നും ഇല്ലാഞ്ഞതിനാൽ, പെട്ടെന്ന് തന്നെ  ഡോക്ടർ എക്സറേയൊക്കെ എടുത്തു നോക്കിയശേഷം കയ്യിലെ കെട്ടഴിച്ചു മാറ്റി.

കുറച്ചു മെഡിസിൻസ് ഒക്കെ കൊടുത്ത്, എന്തെങ്കിലും ആവശ്യം വന്നാൽ ഇനി വിസിറ്റ് ചെയ്താൽ മതി എന്ന് അവരോട് പറഞ്ഞു.

ഡ്രൈവ് ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ, ഒരാഴ്ച കൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

അങ്ങനെ ഉച്ചയോടു കൂടി ഇരുവരും ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി.

നകുലന്റെ കൂട്ടുകാരൻ പാർക്കിങ്ങിൽ അവരെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു..
രണ്ടാളും കൂടി അവിടേക്ക് നടന്നു പോയ്‌
എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട്, ഫുഡ് കഴിക്കാം എന്ന് പറഞ്ഞ് നകുലൻ  ഒരു റസ്റ്റോറന്റിന്റെ പേരൊക്കെ ഫ്രണ്ടിന് പറഞ്ഞു കൊടുത്തു..

ഫുഡ്‌ ഒക്കെ കഴിച്ച ശേഷം അമ്മുനെ വീട്ടിൽ ആക്കിയിട്ടു അവനു ഓഫീസിലേക്ക് ഒന്നു പോകേണ്ടത് ഉണ്ടായിരുന്നു..

നകുലേട്ടൻ പെട്ടന്ന് വരുമോ?

കാറിൽ നിന്നു ഇറങ്ങും മുന്നേ അമ്മു അവനോട് ചോദിച്ചു.

ഞാൻ വിളിക്കാം,ഇന്ന് ചിലപ്പോൾ ഒരു മീറ്റിംഗ് കാണും, അത് തീരുന്ന പോലെ…

ഹ്മ്മ്….. പെട്ടന്ന് വന്നേക്കണേ..

അവന്റെ കൈത്തണ്ടയിൽ ഒന്ന്  തന്റെ കൈകൊണ്ട് തട്ടിയ ശേഷം അമ്മു കാറിൽ നിന്നും ഇറങ്ങിപോയത്.

ഏകദേശം ഒരു മാസത്തോളം ആയിട്ട് നകുലൻ  കൂടെ ഉണ്ടായിരുന്നതിനാൽ അന്ന് അമ്മൂന് തിരികെ റൂമിൽ എത്തിയശേഷം വല്ലാത്തൊരു സങ്കടം പോലെ.

ആ സമയത്ത് ആയിരുന്നു ബിന്ദു അവളെ ഫോണിൽ വിളിച്ചത്.
ഹോസ്പിറ്റലിൽ പോയ വിവരങ്ങൾ ചോദിച്ചറിയുവാൻ ആണ്.

നകുലേട്ടന്റെ കൈയിലെ കെട്ടൊക്കെ അഴിച്ചുമാറ്റി എന്നും എന്തോ അത്യാവശ്യത്തിനുവേണ്ടി ഓഫീസിലേക്ക് പോയതാണെന്നുമൊക്കെ അവൾ ബിന്ദുവിനോട് പറഞ്ഞു..

എടി മോളെ പ്രിയയുടെ വീട്ടിൽ നിന്നും ഗിരിജ തിരിച്ചുവന്നു കേട്ടോ,  അതുപോലെ കിച്ചനും ശ്രുതിയും വാടകവീട്ടിലെ താമസം മതിയാക്കി മേടയിലേക്ക് വന്നെന്ന് ഒക്കെ ഇവിടെ ജോലിക്ക് വരുന്ന ശാരദ പറഞ്ഞു.

നകുലൻ അവിടെ ഇല്ലെന്ന് അറിഞ്ഞതും ബിന്ദു അവളോട് പറഞ്ഞു.

ഗിരിജമ്മായിമ് കിച്ചേട്ടനും വന്നോ തിരിച്ച് അതേതായാലും നന്നായി അല്ലേ അമ്മായി…

ശരിയാടി മോളെ, പ്രിയ ഇന്നലെ എന്നെ ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു, ഇവിടുന്നല്ലേ ഗിരിജ അവളുടെ അടുത്തേക്ക് പോയത്,എന്നോട് കുറെ കരയുകേം പറയുകേം ഒക്കെ ചെയ്തു,ആ കൊച്ച് എന്തെടുക്കാനാ, അവിടെ ചെന്നിട്ട് ഗിരിജ, അവളുടെ അച്ഛന്റെ അമ്മയുടെയുമൊക്കെ  അടുത്ത് ആളാകാൻ നോക്കിന്നു.

ശോ… നേരാണോ അമ്മായി.

ഹ്മ്മ്… അതേന്നു.

പ്രിയ നിർബന്ധിച്ച് അവിടുന്ന് പറഞ്ഞയക്കുവായിരുന്നു ഗിരിജയെ, പിന്നെ അവളോടും പിണങ്ങി, ഇപ്പൊ തിരിച്ചു വന്നിട്ടും മക്കളോടും മരുമക്കളോടും ഒന്നും മിണ്ടുന്നില്ല, ഭയങ്കര ദേഷ്യത്തിലാ ആള്..

ഇതെന്തിനാ ഈ ഗിരിജമ്മായി ഇപ്പോഴും ഈ വാശിയും വൈരാഗ്യവും വെച്ചുകൊണ്ടിരിക്കുന്നത് അതും സ്വന്തം മക്കളുടെ അടുത്ത്..

ആഹ്… ആർക്കറിയാം അല്ലേലും പണ്ട് മുതലേ ഈ ഗിരിജയുടെ ഒരു പ്രത്യേക സ്വഭാവമാണ്, ആർക്കും ഇഷ്ടപെടത്തില്ല. പിന്നെ മക്കളൊക്കെ അറിവായ ശേഷം കുറെ മാറ്റങ്ങളൊക്കെ വന്നുന്നായിരുന്നു ഞാൻ കരുതിയത്.

കിചേട്ടൻ എന്തുപറ്റി അമ്മായി പെട്ടെന്ന് തിരിച്ചു പോന്നത്, അപ്പോൾ ശരിക്കും ഗിരിജമ്മായിയും ആയിട്ടായിരിക്കും പ്രശ്നമല്ലേ..

എന്റെ പൊന്നുമോളെ യദു ഭയങ്കര കുടിയായിരുന്നെടി, എല്ലാരും കൂടി ഇട്ടെറിഞ്ഞു പോയതും അവനു ആകെ സമനില തെറ്റിന്നു… ഒരു ദിവസം, കവലയിൽ വെച്ചോ മറ്റോ, കിച്ഛൻ യദുവിനെ കണ്ടു.

അവിടെവച്ച്  അവനോട് കരയുകയും പറയുകയും ഒക്കെ ചെയ്തുന്നു, അങ്ങനെയാ കിച്ചൻ മടങ്ങി വന്നത്.. ഇതൊക്കെ ഇന്നലെ പ്രിയ വിളിച്ചപ്പോഴാണ് എന്നോട് പറഞ്ഞത്, പ്രിയ കഴിഞ്ഞ ദിവസം വന്നിട്ടുണ്ടായിരുന്നു വീട്ടില്, എന്നിട്ട് പോലും ഗിരിജ ഒരക്ഷരം ആ കൊച്ചിനോട് മിണ്ടിയില്ലത്രേ,അതിന്റെ സങ്കടത്തിലാ എന്നെ വിളിച്ചത്..

ഹ്മ്മ്……ഇപ്പോൾ അവരെല്ലാവരും തമ്മിൽ സോൾവ് ആയി കാണും അല്ലേ അമ്മായി….?

മീനാക്ഷി പോസ്റ്റ് ഓഫീസിൽ അല്ലായിരുന്നു ജോലി ചെയ്യുന്നത്, ടെമ്പററി പോസ്റ്റ് ആയിരുന്നു അത് , ഇപ്പോ മീനാക്ഷി വീട്ടിലുണ്ട്. പകലൊക്കെ മീനാക്ഷിയും ഗിരിജയും മാത്രമേ ഉള്ളൂ അവിടെ. അവളാണെങ്കിൽ പലപ്പോഴും ഗിരിജോടും മിണ്ടാനായി ചെന്നെന്ന്, a ഗിരിജ പക്ഷേ ശീത സമരത്തിൽ അല്ലേ, പിന്നെ യദും കിച്ചനും ഒക്കെ പറഞ്ഞു,  അമ്മ അമ്മയുടെ തെറ്റുകൾ ഒക്കെ മനസ്സിലാക്കുന്ന ഒരു ദിവസം വരുമെന്നും ഇനി കൂടുതലൊന്നും മിണ്ടാൻ ചെല്ലേണ്ടന്നും..

അങ്ങനെ ബിന്ദുവിന്റെയും മരുമകളുടെയും സംസാരം കുറെയേറെ നേരം നീണ്ടുപോയിരുന്നു.

അമ്മായി ഞാൻ എന്നാൽ വെച്ചേക്കുക ഹോസ്പിറ്റലിൽ പോയിട്ട് വന്നതേയുള്ളൂ ഡ്രസ്സ് പോലും മാറിയില്ല…ഇനി എല്ലാം ചെയ്യാൻ കിടക്കുവാ

ഹ്മ്മ്… എന്നാൽ വെച്ചോടി മോളെ. അവൻ വന്നിട്ട് ഞാൻ വിളിച്ചോളാം.

ഫോൺ കട്ട് ചെയ്ത ശേഷം, അമ്മു ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

കിച്ചേട്ടനും ശ്രുതി യും മടങ്ങി വന്നത് അവൾക്ക് ഒരുപാട് സന്തോഷമായിരുന്നു.അതുപോലെ തന്നേ ഗിരിജമ്മായി കൂടി വന്നെന്നറിഞ്ഞപ്പോൾ, സത്യം പറഞ്ഞാൽ ആശ്വാസമായി. അല്ലെങ്കിൽ അവര് പ്രിയയുടെ വീട് കുളംതൊണ്ടും എന്ന് അമ്മുവിന് വ്യക്തമായി അറിയാമായിരുന്നു..
പിന്നെ മേടയിൽ വീട്ടിൽ കിച്ചേട്ടൻ ഉള്ളതുകൊണ്ട് ഗിരിജമ്മായിയുടെ ഒരുപാട് അടവുകളൊന്നും ഇനി പയറ്റാൻ പറ്റില്ലെന്നും അവളോർത്തു.

കാലത്തെ ഹോസ്പിറ്റലിലേക്ക് ധൃതിവച്ചു പോയതുകൊണ്ട്, ചോറും കറികളും ഒക്കെ വൈകുന്നേരത്തേക്ക് ഉണ്ടാക്കാമെന്ന് അമ്മു കരുതിയിരുന്നു.

അതുകൊണ്ട് അവൾ നേരെ അടുക്കളയിലേക്ക് പോയി. ആദ്യം ഒരു ഗ്ലാസ് ചായ ഇട്ടു കുടിച്ചു ഒന്നുഷാറായി.  അതിനുശേഷം ചോറ് വെക്കാനുള്ള കാര്യങ്ങളൊക്കെ നോക്കി, കുറച്ച് തൈര് ഫ്രിഡ്ജിൽ ഇരുപ്പുണ്ടായിരുന്നു, അതുവെച്ച് ഒരു പുളിശ്ശേരി  ഉണ്ടാക്കാം,  പിന്നെ കുറച്ച് ബീൻസ് ഉണ്ട്. ഒരു തോരനും വയ്ക്കാം, തലേദിവസത്തെ കിളിമീൻ വാങ്ങിയത് അരച്ച് തിരുമ്മി വറക്കുവാനായി വെച്ചിട്ടുണ്ടായിരുന്നു, അതെടുത്ത് തണുപ്പ് പോകുവാനായി വെളിയിലേക്ക് വെച്ചു. കുറച്ച് ഉള്ളിതീയലും ഇരിപ്പുണ്ട്.

അവൾ വേഗത്തിൽ തന്നെ ചോറും കറികളും ഒക്കെ ഉണ്ടാക്കി.

അതിനുശേഷം റൂം ഒക്കെ ഒന്നുകൂടി അടിച്ചു വാരി ക്ലീൻ ചെയ്തു.

സമയം അപ്പോൾ അഞ്ചര മണി കഴിഞ്ഞിരുന്നു. ഏട്ടൻ ഇതുവരെ വന്നില്ലല്ലോ ഒന്ന് വിളിച്ചു നോക്കാം.

അവൾ ഫോൺ എടുത്ത് നകുലനെ കോൾ ചെയ്തു.

ആഹ് അമ്മു..ഞാൻ .കുറച്ചു വൈകും കേട്ടോ.

അതെന്താ നകുലേട്ടാ
മീറ്റിംഗ് കഴിഞ്ഞില്ലേ…

ഹ്മ്മ്.. കഴിഞ്ഞു.. കുറച്ചുദിവസമായില്ലേ ഫ്രണ്ട്സിനെ ഒക്കെ ഒന്ന് മീറ്റ് ചെയ്തിട്ട്,  അതുകൊണ്ട് ഞാൻ അവരോട് ഒപ്പം പുറത്തുണ്ട്.. നീ ടെൻഷനടിക്കേണ്ട പെട്ടെന്ന് വന്നേക്കാം….

അവനത് പറയുകയും അമ്മുവിന്റെ മുഖം ഒന്നിരുണ്ടു.

കമ്പനി കൂടിയിട്ട് വരുവാൻ ആണോ നകുലേട്ടന്റെ പ്ലാന്.? അതാണോ പതിവില്ലാത്ത ഈ മീറ്റിങ്ങ്.

അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഗൗരവത്തിലായി

ഹ്മ്മ്….കണ്ടുപിടിച്ചു.. കൊച്ച് ഗള്ളി..
അവന്റെ മറുപടി കേട്ടതും അമ്മു ദേഷ്യത്തിൽ ഫോണ് കട്ട്‌ ചെയ്തു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button