Novel

ശിശിരം: ഭാഗം 10

രചന: മിത്ര വിന്ദ

അങ്ങനെ ആ ദിവസവും കടന്നുപോയി.

അടുത്ത ദിവസം കാലത്തെ  മേടയിൽ വീട്ടിൽ നിന്നും എല്ലാവരും കൂടി പ്രിയയെ കാണുവാൻ പോവുകയാണ്.യദുവും
കിച്ചനും പിന്നെ ഗിരിജയും ലീല അമ്മായിയും.. എന്തായാലും വണ്ടിയിൽ ഇടയുണ്ടല്ലോ, അതുകൊണ്ട് സതിയെയും അമ്മുവിനെയും കൂട്ടാം എന്നു പറഞ്ഞ്,ലീല അവരെ വിളിക്കുവാനായി താഴേക്ക് ഇറങ്ങിപ്പോയി..

ഞായറാഴ്ച ആയതിനാൽ,അമ്മു അടുത്തുള്ള ദേവീക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു.

ലീല ചെന്നപ്പോൾ സതി അവല് നനയ്ക്കുകയാണ്,,

ആഹ് ലീലേച്ചിയെ.കേറി വായോ.

എന്നടുക്കുവാ സതി നീയ്, ഡോക്ടർ പറഞ്ഞ പോലെ കേൾക്കാൻ വയ്യേ നിനക്ക്.

ഹോ… ഇത്തിരി അവലു നനച്ചുന്നേ ഉള്ളു ചേച്ചി… അമ്മുക്കുട്ടി ആണെങ്കിൽ നാളികേരം ഒക്കെ ചിരവി തന്നിട്ടാ പോയത്.. ചേച്ചി ഇരിയ്ക്ക്.. ഞാൻ ഇത്തിരി കട്ടൻ തിളപ്പിക്കാം..

പറഞ്ഞു കൊണ്ട് തന്നെ കാപ്പി ഉണ്ടാക്കുവാൻ ഉള്ള ചരുവം എടുത്തു അതിൽ വെള്ളം ഒഴിച്ച് സതി അടുപ്പത്ത് വെച്ച് കഴിഞ്ഞു.

” ന്റെ സതിയെ,ഞാനിപ്പോ ഇതിനൊന്നും  വന്നതല്ല ഇങ്ങോട്ട്, പ്രിയമോളുടെ വീട് വരെ പോകാം എന്ന് കരുതിയാ, വണ്ടിക്ക് ഇടയുണ്ടല്ലോ,നീയും അമ്മുവും കൂടി പോരുന്നോ കൂടെ..

ഗുളിക ഒക്കെ കഴിച്ചിട്ടാണോ എന്നറിയില്ല ചേച്ചി, വല്ലാത്ത ക്ഷീണമാ, ഞാൻ പിന്നെ പൊക്കോളാം, അമ്മു വരുന്നുണ്ടോ എന്ന് അവളോട് ചോദിക്കാം, മിക്കവാറും പോരും, അവൾക്ക്, പ്രിയ മോളെ കാണാൻ കൊതിയായെന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞിട്ടിരിക്കുവാ…

അമ്മു വരാറായോ..?

“ഉവ്വ്‌… അരമണിക്കൂറിനുള്ളിൽ അവളിങ്ങ് എത്തും,, വരുന്നുണ്ടെങ്കിൽ അവള് അങ്ങോട്ട് പോന്നോളും.
സതി എടുത്തു കൊടുത്ത കട്ടൻ ചായയും കുടിച്ചിട്ട് വൈകാതെ തന്നെ ലീല അവിടെ നിന്നും ഇറങ്ങി പോയി.

അമ്മു അമ്പലത്തിൽ തൊഴുതു ഇറങ്ങി ഇട വഴിയിൽ കൂടിവേഗം വീട്ടിലേക്ക് നടന്നു.
നേരെ ചെന്നത് നകുലന്റെ മുന്നിൽ ആയിരുന്നു.

അവൾ നാല് പാടും നോക്കുന്ന കണ്ടതും നകുലൻ ഒരു വഷളൻ ചിരിയൊക്കെ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..

ഹ്മ്മ്…. നോക്കണ്ടടി, നിന്റെ രക്ഷകൻമാർ ആരും വരുന്ന ലക്ഷണം ഒന്നും ഇല്ലന്നേ…..

അവളുടെ നേർക്ക് അല്പം കൂടി അടുത്ത് വന്നു, നകുലൻ പറഞതും അമ്മു പിന്തിരിഞ്ഞു ഓടി..

ടി… നിക്കെടി അവിടെ..

പിന്നാലെ അവനും പാഞ്ഞു… ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് അവൾ ഓടി കയറിയതും ഒരു ഓട്ടോ വന്നു നിറുത്തി.
നോക്കിയപ്പോൾ അടുത്ത വീട്ടിലെ സരസമ്മ ചേച്ചിയാണ്.

മോളെ… വീട്ടിലോട്ട് ആണോടി..

അതേ ചേച്ചി.

എന്നാ പിന്നെ കേറിയ്ക്കോ..ഞാനും അങ്ങോട്ടാ..

അവർ പറഞ്ഞതും അമ്മു ഓട്ടോയിൽ ചാടി കയറി.
കവലയിൽ കിടന്നു ഓടുന്ന സനൂപ്ന്റെ ഓട്ടോ ആണ്.
അവളുടെ പരിഭ്രാമവും നോട്ടവും കണ്ടു സനൂപ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നകുലൻ പാഞ്ഞു വരുന്നത് അവൻ കണ്ടു.

മറ്റൊരു വാഹനം വന്നപ്പോൾ അതിനു കടന്ന് പോകാൻ കഴിയാഞ്ഞത് കൊണ്ട് സനൂപ് പെട്ടെന്ന് വണ്ടി മുന്നോട്ട് എടുത്തു പോയി.

സരസമ്മ ചേച്ചി ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും അമ്മു മുക്കിയും മൂളിയും മറുപടി പറയുകയാണ് ചെയ്തത്..

എങ്ങനെ എങ്കിലും വീട് എത്തിയാൽ മതി എന്നായിരുന്നു അവൾക്ക് അപ്പോൾ.

സതി ആണെങ്കിൽ മകളെയും കാത്തു പാടവരമ്പത്തു വന്നു നിൽപ്പുണ്ടായിരുന്നു.

ഓട്ടോയിൽ നിന്നും ആദ്യം ഇറങ്ങിയത് അമ്മു ആയിരുന്നു. പിന്നെയും ഒന്ന് രണ്ട് വീടുകൾ കഴിഞ്ഞാണ് ചേച്ചിയ്ക്ക് ഇറങ്ങേണ്ടത്.

സതിയെ ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് അവർ മുന്നോട്ട് പോയി..

മോളെ, മേടയിൽ നിന്ന്, എല്ലാവരും കൂടി പ്രിയമോളുടെ വീട്ടിൽ പോവാണത്രേനമ്മൾ വരുന്നുണ്ടോ എന്ന് അറിയുവാൻ ലീല ചേച്ചി വന്നിരുന്നു,എനിക്ക് വയ്യ ആകെ ക്ഷീണമാണ്, നീയും കൂടി പോകുന്നോ അവരുടെ ഒപ്പം
.
ഞാനില്ലമ്മേ,  പ്രിയേച്ചിയെ വേറൊരു ദിവസം പോയി കാണാം.
.അലസമായി പറഞ്ഞുകൊണ്ട് അമ്മു സതിയോടൊപ്പം മുറ്റത്തേക്ക് കയറി.

നിനക്കെന്തു പറ്റി മുഖമൊക്കെ ആകെ വല്ലാതിരിക്കുന്നല്ലോ… എന്താടി എന്തേലും പ്രശ്നം ഉണ്ടായോ…?

എന്തു പ്രശ്നമാണ് അമ്മേ, വെയിലുകൊണ്ട് വന്നതിന്റെ ക്ഷീണമാണ്, അല്ലാതെ പിന്നെന്താ….

അമ്മു തന്റെ ഷോൾ എടുത്തു മാറ്റിയ ശേഷം അടുക്കളയിലേയ്ക്ക് ചെന്നു.

അവല് നനച്ചു വെച്ചിട്ടുണ്ട് വാ മോളെ കഴിക്കാം…

ഹ്മ്മ്… അമ്മ ഇതുവരെ ഒന്നും കഴിച്ചില്ലേ…..

നീയും കൂടി വന്നിട്ട് ആവാം എന്ന് കരുതി.

ഞാൻ പ്രത്യേകം പറഞ്ഞിരുന്നതല്ലേ അമ്മയോട് എന്തെങ്കിലും എടുത്തു കഴിച്ചോണം എന്ന്..

രണ്ട് റസ്കും കൂട്ടി ചായ കുടിച്ചു..  അപ്പോഴേക്കും വയറു നിറഞ്ഞു മോളെ..,

ഇരുവർക്കും കഴിക്കുവാനുള്ള പ്ലേറ്റ് എടുത്തുകൊണ്ടുവന്ന് അവൽ അതിലേക്ക് പകർന്നു വെയ്ക്കുകയാണ് സതി.

അപ്പച്ചി…

യദുവിന്റെ ശബ്ദം കേട്ടതും സതി വിളി കേട്ടു.

മോനേ… കേറി വാടാ,,

അമ്മു ഒരു തോർത്തു എടുത്തു കഴുത്തിലൂടെ ചുറ്റി താഴേക്ക് ഇട്ടു കൊണ്ട് ചായ വെച്ചു.

അമ്പലത്തിൽ ഇട്ട് കൊണ്ടുപോയ ചുരിദാർ ആണെങ്കിൽ കുറച്ചു ടൈറ്റ് ആണ്. അതുകൊണ്ട് അവൾ തോർത്ത്‌ എടുത്തു ഇട്ടത്.

അപ്പച്ചി ഗുളിക കഴിചില്ലേ ഇതേ വരെ ആയിട്ടും.കൃത്യസമയത്ത് മരുന്നും ഭക്ഷണവും ഒക്കെ കഴിക്കണമെന്ന് ഡോക്ടർ ഇന്നലെ പ്രത്യേകം പറഞ്ഞതല്ലേ.എന്നിട്ട് എന്തേ അത് കേൾക്കാഞ്ഞത്.

യദുവേട്ടൻ അമ്മയെ ശകാരിക്കുന്നത് കേട്ടുകൊണ്ട് അമ്മു, അവന് കഴിക്കുവാനുള്ള അവലും കട്ടൻ ചായയും എടുത്ത് കൊണ്ടുവന്നു അരഭിത്തിയിൽ വച്ചു.
എന്നിട്ട് വീണ്ടും അകത്തേക്ക് പോയ ശേഷം അമ്മയ്ക്കുള്ളതും കൂടി കൊണ്ട് വന്നു കൊടുത്തു..

അവരുടെ രണ്ടുപേരുടെയും ഒപ്പം ഇരുന്ന് കഴിക്കുവാൻ അമ്മുവിനെ നിർബന്ധിച്ചാലും അവൾ വരികയില്ലെന്നുള്ളത് യദുവിനെ കൃത്യമായി അറിയാം. അതുപോലെതന്നെ സതിയ്ക്കും.

ഇരുവരും അവളെ വിളിക്കാനും തുനിഞ്ഞില്ല.

അകത്തെ ചായ്പ്പിൽ ഇരിന്നു കൊണ്ട് അമ്മു വേഗം കാപ്പി കുടിച്ചു.

ആ നേരത്ത് ഒക്കെ നകുലൻ തന്നെ ഓടിച്ചത് ആയിരുന്നു അമ്മുവിന്റെ മനസില്.

സതിയുടെ ഫോൺ ബെൽ അടിച്ചപ്പോൾ അമ്മു അതെടുത്തു നോക്കി.

ശാരദ ടീച്ചർ…
അമ്മയുടെ കൂട്ടുകാരിയാണ്.
അവൾ ഫോൺ കൊണ്ട് ചെന്നു അവർക്ക് കൊടുത്തു.

വീടിന്റെ അകത്തു റേഞ്ച് കുറവായതിനാൽ അവർ ഫോണു മേടിച്ചു പിന്നാപ്പുറത്തേക്ക് പോയി.

രണ്ടാളും കഴിച്ച പാത്ര എടുത്തു കൊണ്ട് അമ്മു അടുക്കളയിലേക്കും.

പാത്രം കഴുകി വെച്ച ശേഷം അവൾ തിരിഞ്ഞതും യദുവിന്റെ മുഖത്തേക്ക് ആണ് നോക്കിയത്.

നിന്നോട് പറഞ്ഞത് അല്ലായിരുന്നോ നകുലൻ മടങ്ങി പോകുന്ന വരെ ഒറ്റയ്ക്ക് ഒരിടത്തും പോകരുതന്നു..എന്നിട്ട് എന്തിനാ ഇന്ന് അമ്പലത്തിലേയ്ക്ക് എഴുന്നള്ളിയത്.

യദു ദേഷ്യത്തിൽ ചോദിച്ചത് അമ്മുവിന്റെ മുഖം താണ് പോയി…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button