Novel

ശിശിരം: ഭാഗം 2

രചന: മിത്ര വിന്ദ

അമ്മു ഓടി വരുന്നത് കണ്ടു അവളെ ദേഷ്യത്തിൽ നോക്കി കൊണ്ട് നിൽക്കുകയാണ് സതി..

“അമ്മ ഇറങ്ങിയില്ലേ ഇതു വരെ ആയിട്ടും.. മണി ഒൻപതു ആകാറായല്ലോ ”

നീ ഇത്രയും വൈകിയത് എന്താ, ഇനി എപ്പോളാ കുളിച്ചു ഒരുങ്ങി പോണത്..?

ആ അടുപ്പിൽ തീ കത്താൻ പാടായിരുന്നു അമ്മേ.. കുറേ നോക്കിട്ടാ ഒന്ന് തീ പിടിച്ചു വന്നേ..

പാഞ്ഞു ചെന്നു ഒരു ചുരിദാർ ടോപ്പും വലിച്ചെടുത്തു കൊണ്ട് അമ്മു ബാത്‌റൂമിലേയ്ക്ക് ഓടി.

വെളിയിൽ ആണ് അവരുടെ ബാത്‌റൂമ്.

ഹ്മ്മ്.. അവിടെ അടുപ്പിലു തീയും കൂട്ടി നടന്നോ, നാലക്ഷരം പഠിച്ച ഒരു ജോലി നേടേണ്ട നേരത്താണ്..

ബാത്റൂമിൽ കയറി വാതിൽ അടയ്ക്കുമ്പോൾ അമ്മ ഉറക്കെ ശകാരിക്കുന്നത് അവൾ കേട്ടു.

കുളി കഴിഞ്ഞു ഓടി ഇറങ്ങി വന്നപ്പോൾ അമ്മ ബാഗും എടുത്തു ഇറങ്ങിയിരുന്നു.

നീ എന്തെങ്കിലും കഴിച്ചോ മോളെ?

“കഴിച്ചോളാം അമ്മേ.. പൊയ്ക്കോളൂന്നേ…”

തലമുടി അഴിച്ചു ഒന്നൂടെ തോർത്തി കെട്ടി വെച്ചു അവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.
കുറച്ചു പൌഡർ എടുത്തു മുഖത്തേക്ക് ഇട്ടു. നനഞ്ഞ മുഖം ആയതു കൊണ്ട് അവിടെവിടെ ഒക്കെ പറ്റി പിടിച്ചിട്ടുണ്ട്.

ഒരു പഴയ കോട്ടൺ ഷോൾ അലമാരയിൽ നിന്നും വലിച്ചു എടുത്തു. എന്നിട്ട് മുഖം അമർത്തി തുടച്ചു.

കുറച്ചു കണ്മഷി എടുത്തു മോതിരവിരൽ കൊണ്ട് കണ്ണിൽ ഒന്ന് വരച്ചു.
പൊട്ട് തൊട്ടിട്ടു അതിന്റെ മേലേ കൃഷ്ണൻ കോവിലിൽ നിന്നും കിട്ടിയ ചന്ദന തൊട്ടു.

അടുക്കളലേക്ക് ഓടി ചെന്നിട്ട് ഒരു സ്റ്റീൽ പ്ലേറ്റിൽ കുറച്ചു കഞ്ഞിയിം ചെറു ചൂടുള്ള കഞ്ഞിവെള്ളവും പകർന്നു.
ഒരു ഉപ്പിലിട്ടതും കൂടി അതിന്റെ മീതെ ഇട്ടിട്ട് വേഗം കോരി കുടിച്ചു.

അതിന്റെ ഇടയ്ക്ക് തന്നെ അമ്മ എടുത്തു വെച്ച ചോറും പൊതി കൊണ്ട് പോയി ബാഗിലേക്ക് തിരുകി കേറ്റി.

കഞ്ഞി കുടിച്ച ശേഷം മുടി അഴിച്ചു തോർത്തി വിടർത്തി ഇട്ടു.

ഒരു ഷോൾ എടുത്തു ഇരു സൈഡിലും പിന്ന് കുത്തി ഉറപ്പിച്ചു..

സമയം പോയല്ലോ കണ്ണാ…

മേശമേൽ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിനു ഒരു ഉമ്മയും കൊടുത്തിട്ട് വാതില് പൂട്ടി ഇറങ്ങി.

മുറ്റത്തു നിന്നു കൊണ്ട് തന്നെ ഇരു കാതുകളുടെയും പിന്നിൽ നിന്നും കുറേശ്ശ മുടിയെടുത്ത് കുളി പിന്നൽ പിന്നിയിട്ടു..

അല്പം തുളസി കതിരും കൂടി ഇറത്തു എടുത്തു കൊണ്ട് മുടിയിൽ തിരുകിയ ശേഷം ബാഗും എടുത്തു തോളിൽ ഇട്ടു കൊണ്ട് പാട വരമ്പിലൂടെ ഓടി പോയി..

ചെമ്മൺ പാതയിലൂടെ വേഗത്തിൽ നടന്നു പോയപ്പോൾ ആണ് പിന്നിൽ നിന്നും ഒരു ബുള്ളറ്റിന്റെ കാതടിപ്പിക്കുന്ന ശബ്ദം അടുത്ത് വന്നത്.

അതാരാണ് എന്ന് അറിയാവുന്നത് കൊണ്ട് അമ്മു തിരിഞ്ഞു നോക്കാതെ ഓരം ചേർന്നു നിന്നു.

ബുള്ളറ്റ് അടുത്ത് വന്നതും എതിർവശത്തുനിന്നും ഒരു കാർ കൂടി വരുന്നുണ്ടായിരുന്നു,

അമ്മു ഇത്തിരി കൂടി ഒതുങ്ങി നിന്നപ്പോൾ ബുള്ളെറ്റ് അവളുടെ അടുത്തൂടെ വന്നു കടന്നു പോയി.

ഇളം നീല ഷർട്ടും ക്രീം നിറം ഉള്ള പാന്റും അണിഞ്ഞു ബുള്ളറ്റിൽ പാഞ്ഞു പോകുന്നവനെ നോക്കി അവൾ സ്പീഡിൽ നടന്നു.

എന്റെ കിച്ചേട്ടൻ ആയിരുന്നുവെങ്കിൽ, പണ്ടേക്ക് പണ്ടേ ഇപ്പോൾ ഞാൻ കോച്ചിംഗ് സെന്ററിൽ ചെന്നേനെ., ഇതിപ്പോ ഈ ദുഷ്ടൻ  ആയിപ്പോയില്ലേ, എന്ത് ചെയ്യാനാ… ഹ്മ്മ്, വിധി,, ഒക്കെ അനുഭവിച്ചല്ലേ തീരൂ..

ആത്മഗതം പറഞ്ഞുകൊണ്ട് അമ്മു  മുന്നോട്ട് നടന്നു.

****

മൊത്തത്തിൽ 150 ഓളം കുട്ടികൾ, ഉള്ള ഒരു കോച്ചിംഗ് സെന്റർ ആണത്.

ഓരോ ക്ലാസിനെയും ഡിവൈഡ് ചെയ്ത് നാലായി തിരിച്ചിരിക്കുകയാണ്.
ആകെ മൊത്തത്തിൽ മൂന്ന് റൂം ആണ് ഉള്ളത്.
കുട്ടികൾക്ക് ഇരിക്കുവാനായി രണ്ടെണ്ണമാണ് ക്രമീകരിച്ചിരുന്നത്.

മറ്റേത് ഒരു ചെറിയ റൂം ആയതുകൊണ്ട്, പഠിപ്പിക്കുന്ന, അധ്യാപകർ ഒക്കെ, റസ്റ്റ് എടുക്കുന്നത് അവിടെയാണ്

ആദ്യത്തെ ബാച്ച് 10 മുതൽ 12.30 വരെ..

50 കുട്ടികളാണ് ആ ക്ലാസ്സിൽ ഉള്ളത്.
ബാക്കി വരുന്നവരിൽ 60 പേര് ഒരു മണി മുതൽ, 3 30 വരെ,പിന്നെ 4 മുതൽ 5വരെ പത്താം ക്ലാസ്സ്‌ കുട്ടികൾക്ക് ആയി ട്യൂഷനും ഉണ്ട്..

രാവിലെ കയറി കഴിഞ്ഞാൽ അഞ്ചുമണി കഴിയും അമ്മു ട്യൂഷൻ സെന്ററിൽ നിന്നും ഇറങ്ങുമ്പോൾ.

12000 രൂപ ഒരു മാസത്തെ അവളുടെ ശമ്പളം..
ഞായറാഴ്ച ഒഴികെ എന്നും അവൾക്ക് പോകണം താനും..

ട്യൂഷൻ സെന്ററിൽ എത്തിയപ്പോൾ ആകെ വിയർത്തു കുളിച്ചണ്‌ കേറി വന്നത്.

കവലയിൽ ഓട്ടോ ഓടിക്കുന്ന രൂപേഷ് ഇല്ലെടി…അവനു നിന്നെ ഇഷ്ട്ടം ആണെന്ന്….

ഒപ്പം പഠിച്ചിരുന്ന മേഘ വന്നിട്ട് അമ്മുവിനോട് ശബ്ദം താഴ്ത്തി പറഞ്ഞു..

പെട്ടന്ന് അമ്മു അവളെ ഒന്ന് കനപ്പിച്ചു നോക്കി.

“ആ വെള്ളം അങ്ങട് വാങ്ങി വെച്ചേയ്ക്കൻ അവനോട് പോയി പറയെടി….പിന്നെ മേലിൽ ഇനി ദൂതും ആയിട്ട് നീ വന്നു പോകരുത്.. കേട്ടല്ലോ ”

കൂട്ടുകാരിയെ കണ്ണുരുട്ടി പേടിപ്പിച്ച ശേഷം, അമ്മു റൂമിലേക്ക് കയറി പോയി.

മേഘയും അമ്മുവും ഡിഗ്രി മുതൽക്കേ ഒരുമിച്ചു ആയിരുന്നു.
ഇപ്പൊ ഇവിടെ പി എസ് സി സെന്ററിൽ വരാൻ തുടങ്ങിയിട്ട് ഒരു മാസം ആയതേ ഒള്ളു.

രൂപേഷ് മേഘയുടെ വീടിന്റെ അടുത്ത് ആണ് താമസം.
അമ്മുവിനെ അവനു പണ്ട് മുതൽക്കേ ഇഷ്ടം ആയിരുന്നു മ്

പക്ഷെ കിച്ചനെയും അതിനേക്കാൾ ഉപരി യദുവിനെയും പേടി ആയത് കൊണ്ട് എല്ലാം ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നു.

ഇപ്പൊ പറ്റിയ ഒരു അവസരം വന്നപ്പോൾ അവൻ തന്റെ മനസ്സ് തുറന്നുകാട്ടിയതാണ്.

എന്നാൽ അമ്മു ആ ടൈപ്പ് പെൺകുട്ടി ഒന്നുമല്ല.

വീട്ടിൽ ഭയങ്കര ഒച്ചയും ബഹളവും ഒക്കെ ആണെങ്കിലും, നാലാളുടെ മുന്നിൽ ചെന്നാൽ അവൾ ഡീസെന്റാണ്.
കോച്ചിംഗ് സെന്ററിൽ എല്ലാവർക്കും അമ്മുവിനെ വലിയ കാര്യമാണ് ഞാനും. അവളെക്കാൾ, പ്രായമേറിയ, ഒരുപാട് പേര് പഠിക്കാൻ വരുന്നുണ്ട് ആ സ്ഥാപനത്തിൽ,  എല്ലാവരും അവളെ വൃന്ദ ടീച്ചർ എന്നാണ് വിളിക്കുന്നത്.

അങ്ങനെ കൃത്യം പത്തുമണിക്ക് തന്നെ അന്നത്തെ ക്ലാസും ആരംഭിച്ചു.

അതിനുശേഷം വൈകുന്നേരം അഞ്ചുമണി വരെ അമ്മു ബിസി ആണ്.

തിരികെ വീട്ടിൽ എത്തിയ ശേഷം വേഷം പോലും മാറാതെ നിലത്തു കുറേ സമയം കിടക്കും.

“വായലച്ചു മടുക്കുവാ എന്റെ കുഞ്ഞ്.എത്ര എത്ര പരീക്ഷ എഴുതി
.. ഇനി എന്നാണോ നിനക്ക് ഒരു ജോലി കിട്ടുന്നത്,”

അന്നും വൈകുന്നേരം അമ്മു നിലത്തു കിടക്കുകയാണ്.

സതിയമ്മ ആണെങ്കിൽ അവളുടെ അടുത്ത് ഒരു കസേരയിൽ ഇരുന്നു പതം പെറുക്കുന്നുണ്ട്.

അമ്മു ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു..

ശരിയാ അമ്മ പറഞ്ഞേ.. എത്ര എത്ര ടെസ്റ്റ്‌ എഴുതി.. എന്നിട്ടും ഇതേ വരെ ആയിട്ട് ഭാഗ്യ ദേവത തന്നെ കടാക്ഷിക്കുന്നില്ലലോ.

യദുവേട്ടൻ ആണെങ്കിൽ രണ്ടാമത് എഴുതിയ പരീക്ഷയ്ക്ക് ജോലി കിട്ടി.കിച്ചേട്ടൻ പിന്നെ കുറച്ചു തവണ കോച്ചിങ് സെന്റർ ഇൽ ഒക്കെ പോയിരിന്നു.

എല്ലാവരെയുംക്കാൾ നന്നായിട്ട് താൻ ആണ് പഠിച്ചു വന്നത്..
എന്നിട്ടും..

അപ്പച്ചി…..

പുറത്തു നിന്നും ഒരു വിളിയൊച്ച കേട്ടതും അമ്മു ചാടി എഴുന്നേറ്റു.

നിലത്തു ചുരുണ്ടു കൂടി കിടന്ന ഷോൾ എടുത്തു കൊണ്ട് മുഖം ഉയർത്തിയതും യദുവേട്ടൻ മുന്നില്..

പെട്ടന്ന് ഷോൾ എടുത്തു മാറിലേക്ക് വിടർത്തി ഇട്ടു കൊണ്ട് അവനു കേറാൻ വേണ്ടി അവൾ ഒതുങ്ങി നിന്നു.

“അപ്പച്ചി ഇല്ലേ ഇവിടെ ”

ഇല്ല ദുബായ് വരെ പോയതാ… എന്തെ മോനും പോണോ..

പിറു പിറുത്തു കൊണ്ട് അമ്മു അകത്തേക്ക് നടന്നു……….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Related Articles

Back to top button