ശിശിരം: ഭാഗം 5
Aug 21, 2024, 23:03 IST

രചന: മിത്ര വിന്ദ
നേരം വൈകുന്നു എന്ന് പറഞ്ഞു യദു വഴക്ക് പറഞ്ഞപ്പോൾ കിച്ചൻ പെട്ടന്ന് ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് പോയി. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഷോളിന്റെ തുമ്പിൽ പിടിച്ചു കശക്കി കൊണ്ട് അമ്മു നിൽക്കുന്നത് കണ്ടു. നിനക്ക് അപ്പച്ചിയുടെ കൂടെ പോകാൻ വയ്യാഞ്ഞിട്ടാണോ, അതാവുമ്പോൾ ചിറ്റൂർ മുക്ക് വരെ അപ്പച്ചി ഉണ്ടല്ലോ, അവിടുന്ന് പിന്നെ നിറയെ കുട്ടികൾ സ്കൂളിൽ പോകാനും ഒക്കെ ഇല്ലെ... കടുപ്പത്തിൽ അമ്മുവിനെ നോക്കിക്കൊണ്ട് യദു മുന്നോട്ടു നടന്നു. " ഈ സമയത്ത് നഗുലേട്ടൻ ഇങ്ങനെ വരുമെന്ന് ഞാൻ ഓർത്തില്ല, അല്ലായിരുന്നുവെങ്കിൽ അമ്മയുടെ ഒപ്പം പോയേനെ " "വൈകുന്നേരം, നീ ഒറ്റയ്ക്ക് വരണ്ട കേട്ടോ, ഏട്ടനോട് ഞാൻ വിളിച്ച് പറഞ്ഞോളാം, എന്നിട്ട് ചേട്ടന്റെ ഒപ്പം പോന്നാൽ മതി. ഹമ്.... പിന്നീട് വായനശാലയുടെ വാതിൽക്കൽ എത്തും വരെയും ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല. അവിടെയാണ് ബസ്റ്റോപ്പ്.യദുവിന് ടൗണിലേക്ക് പോകാൻ, ബസ്സില് അരമണിക്കൂറോളം എടുക്കും. താൻ കാരണമാണല്ലോ യദുവേട്ടൻ ഇന്ന് ലേറ്റ് ആയത് എന്ന് അമ്മുവിന് അവനോട് ഒന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. മെല്ലെ ഒന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ ഗൗരവത്തിൽ, മറ്റെവിടേക്കോ നോക്കിനിൽക്കുന്ന യദുവിനെയാണ് അവൾ കണ്ടത്.. പിന്നീട് അവനോട്, കൂടുതൽ ഒന്നും പറയാതെ കൊണ്ട്, അമ്മു ട്യൂഷൻ സെന്ററിലേക്ക് പോയി. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ അവൾ ആകെ തിരക്കാണ്. കുട്ടികളെ പഠിപ്പിക്കലും എക്സാം ഇടുന്നതും, പുതിയ പുതിയ വാർത്ത വിവരങ്ങൾ അറിയിക്കുന്നതും ഒക്കെ അവളുടെ കടമയും കൂടിയാണ്. അങ്ങനെ സമയം പോകുന്നത് അറിയില്ല. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോഴായിരുന്നു, അമ്മു ഫോൺ എടുത്തു നോക്കിയത്. കിച്ചേട്ടന്റെ മെസ്സേജ് വാട്സ്ആപ്പിൽ വന്നു കിടപ്പുണ്ട്.. നാല് 40 ആകുമ്പോൾ, താഴെ ഇറങ്ങി നിൽക്കണമെന്നും, താൻ അവിടെ വെയിറ്റ് ചെയ്തോളാം എന്നും ആയിരുന്നു അറിയിപ്പ്. യദുവേട്ടൻ വിളിച്ചു പറഞ്ഞതിൽ പ്രകാരമാണ് ഈ മെസ്സേജ് എന്ന് അവൾക്ക് തോന്നി. ഓക്കേ എന്ന് മറുപടിയും അവൾ അയച്ചു. ഇനി ഈ കാര്യങ്ങളൊക്കെ അമ്മ അറിയുമ്പോൾ എന്തൊക്കെ പുകിലുണ്ടാകുമെന്ന് ഓർത്തിട്ട് അവൾക്കാകെ ഭയം തോന്നി.. ഒന്നാമത്തെ കാര്യം തന്റെ ഓരോ ചലനങ്ങളിലും അമ്മയ്ക്ക് വല്ലാത്ത പേടിയാണ്, നകുലേട്ടന്റെത് ഒരുമാതിരി കെട്ട സ്വഭാവമാണ്, തന്നെ കാണുമ്പോഴൊക്കെ മനപ്പൂർവ്വം, ചൊറിയുന്ന ഓരോ വർത്തമാനം പറഞ്ഞുകൊണ്ട് പിന്നാലെ കൂടും, അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല, മറ്റത്തുകാവിലെ പൂരത്തിനും, കൃഷ്ണൻ കോവിലിലെ ആറാട്ടിനു, ഒക്കെ പോകുമ്പോൾ ഒരുമാതിരി ഇളിച്ച മോന്തയും ആയിട്ട്, എവിടെയെങ്കിലും നിന്ന് വായി നോക്കൂ, എന്നിട്ട് കുപ്പിവളയും ചാന്തുപൊട്ടും ഒക്കെ വാങ്ങിത്തരാം എന്നും പറഞ്ഞ് പിന്നാലെ കൂടും,താൻ ആണെങ്കിൽ നകുലേട്ടന്റെ മുഖത്ത് പോലും നോക്കാതെ അമ്മയോടും അമ്മയിയോടും ഒപ്പം പോരും. ഒപ്പം പ്രിയ ചേച്ചിയും കാണും..നകുലേട്ടന്റെത്,ഈ വൃത്തികെട്ട സ്വഭാവം ആണെങ്കിൽ പോലും, ശ്രീജ ചേച്ചി വളരെ പാവമായിരുന്നു. പലവിധ ഓർമ്മകളിലൂടെ അമ്മു കുറച്ച് സമയം അങ്ങനെ ഇരുന്നു. എന്നിട്ട് വീണ്ടും ക്ലാസ്സ് റൂമിലേക്ക് പോയി. ** ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു കുറച്ചു സമയം ഒന്ന് നടു നിവർത്തി കിടക്കുകയായിരുന്നു ഗിരിജ. അപ്പോളാണ് കാളിംഗ് ബെൽ ശബ്ധിച്ചത്. ഇതിപ്പോ ആരാണോ ആവോ..അവർ പതിയെ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു. അയ്യോ, ഇതാരാ ലീല ചേച്ചിയോ,അല്ലേയ് ഈ വഴി ഒക്കെ അറിയാമോ ചേച്ചിയേ... എനിക്ക് ഈ വഴിയും തൊടിയും ഒക്കെ നിശ്ചയം ഉണ്ട്, നീയല്ലേ, തറവാട്ട് വീടൊക്കെ മറന്നുപോയത്... ഗിരിജയുടെ മൂത്ത ആങ്ങളയുടെ ഭാര്യയാണ് ലീല.. ആങ്ങള മരിച്ചു പോയിട്ട് അഞ്ചുവർഷമായി. അവർക്ക് രണ്ടു പെൺകുട്ടികളായിരുന്നു. മക്കൾ രണ്ടാളും വിവാഹം കഴിഞ്ഞ് ഭർതൃ വീടുകളിൽ സുഖമായി കഴിയുന്നു.. അങ്ങനെയിരിക്കുമ്പോൾ ഒരു തോന്നൽ തോന്നി ലീല ഇടയ്ക്ക് ഗിരിജയുടെ അടുത്ത് വന്നു കുറച്ചു നാളുകൾ നിൽക്കും ഗിരിജിക്കും വളരെ കാര്യമാണ് അവരെ.പണ്ടത്തെ കഥകളൊക്കെ പറഞ്ഞ് രണ്ടാളും അങ്ങനെ കൂടും. ലീലയെ വിളിച്ച് അകത്തേക്കിരുത്തി നല്ല തണുത്ത സംസാരം ഒരു സ്റ്റീൽ കപ്പിൽ എടുത്തുകൊണ്ടുവന്നു ഗിരിജ കൊടുത്തു.. പ്രിയ മോൾക്ക് സുഖമല്ലേ ഗിരിജേ... സുഖമായിരിക്കുന്നു ചേച്ചി,പിന്നേ എന്നും വിളിക്കും കാലത്തെയും വൈകിട്ടും,, ആ പതിവ് മാത്രം ഇതേവരെ തെറ്റിച്ചിട്ടില്ല,, ഒന്നു വരാൻ പറഞ്ഞിട്ട് അവൾക്ക് ഇതേവരെ നേരം ഒത്തില്ല, കാണാൻ കൊതിയാകുക... എങ്കിൽ പിന്നെ നിനക്ക് അങ്ങോട്ടേക്ക് ഒന്നും പോയി കൂടായിരുന്നോ? ഹമ്... അതെങ്ങനെയാ ഇവിടെ, രണ്ടാൾക്കും വാശിയല്ലേ,പെങ്ങൾ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു.. അല്ലാണ്ട് അങ്ങോട്ടേക്ക് പോകില്ല എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുകയാണ് ഇരുവരും. അങ്ങനെ വാശി പിടിച്ചിരുന്നാൽ പറ്റുമോ, അന്യ കുടുംബത്തിലേക്ക് പെൺകുട്ടികളെ അയച്ചു കഴിഞ്ഞാൽ, അവരുടെ നേരവും കാലവും ഒക്കെ നോക്കണ്ടേ, അവിടെയാണെങ്കിൽ സനിതയും സവിതയും,എന്തെങ്കിലും വിശേഷ ദിവസം ഉണ്ടെങ്കിൽ മാത്രം വരുവൊള്ളൂ.. രണ്ടുമാസം കൂടുമ്പോൾ ഞാൻ ഒന്ന് പോയി കാണും, പിള്ളേരെ കാണാൻ കൊതിയാകൂടി. സബിതയുടെ മോൾക്ക് ആണെങ്കിൽ എന്നെ വലിയ കാര്യമാ... അമ്മമ്മ ഇങ്ങോട്ട് വരാൻ പറഞ്ഞ എന്നും കാലത്തെ ഫോൺ വിളിക്കും, അവിടെ ചെന്ന് കഴിഞ്ഞിട്ട് മടങ്ങി പോരാനാണ് അതിലും പാട്, നമ്മുടെ വയറിന്മേൽ വന്നു വട്ടം പിടിച്ച് നിൽക്കും,,,, കൊച്ചുമക്കളെ കുറിച്ച് പറയുമ്പോൾ ലീലയ്ക്ക് നൂറു നാവായിരുന്നു. എന്തായാലും ശരി ഈ ഞായറാഴ്ച നമ്മൾക്കെല്ലാവർക്കും കൂടി പ്രിയമോളുടെ വീടുവരെ ഒന്ന് പോകാം എന്ന് ഒടുവിൽ ഇരുവരും ചേർന്ന് തീരുമാനിച്ചു.. ലീല ചേച്ചിക്ക് കഴിക്കുവാനുള്ള ഊണൊക്കെ വിളമ്പിക്കൊടുത്ത ശേഷം,ഗിരിജ പതിയെ പിന്നാമ്പുറത്തേക്ക് ഇറങ്ങി. മഴയ്ക്ക് ചെറിയ കാറും കോളും ഉള്ളതിനാൽ, ഉണങ്ങിയ തുണികൾ ഒക്കെ അവർ എടുത്ത് അകത്തേക്ക് കൊണ്ടുവന്നു. സതിയ്ക്കും മോൾക്കും ഒക്കെ എന്തുണ്ട് വിശേഷം.. ഊണ് കഴിക്കുന്നതിനിടയിൽ, ലീല ഉറക്കെ ചോദിച്ചു. അമ്മു എന്നും കാലത്തെ വരും, അടുക്കളയിൽ എന്തെങ്കിലുമൊക്കെ ചെയ്യുവാന്.ആ കുട്ടി സഹായിക്കുന്നതു കൊണ്ടല്ലേ ഞാൻ ഇങ്ങനെ പിടിച്ചു നിൽക്കുന്നത്. അവൾ വന്നിട്ട് എല്ലാം അടിച്ചു വാരി തൂത്തുവാരി വൃത്തിയാക്കി തരും, ചോറിന് കറികളൊക്കെ അവൾ വന്ന ശേഷമാണ് ഉണ്ടാക്കുന്നത്, കാലത്ത്, കാപ്പിയുടെ കാര്യം എന്തേലും ഞാൻ നേരെയാക്കി വയ്ക്കും, ബാക്കിയൊക്കെ അവൾ വന്ന ശേഷമാണ്,ഇല്ലെങ്കിൽ ഞാൻ എന്നേ വീണു പോയേനെ. ഹമ്... കല്യാണം ഒക്കെ നോക്കുന്നുണ്ടോ ആ കുട്ടിക്ക്? 21 വയസ്സ് കഴിഞ്ഞതേയുള്ളൂ, പിന്നെ സതിയാണെങ്കിൽ അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു അയക്കണമെന്ന് പറഞ്ഞാണ്... അവളുടെ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ കല്യാണമാണ് ഈ ഞായറാഴ്ച, യദുക്കുട്ടനോ മറ്റോ ഇന്നലെ അവിടെ ചെന്നപ്പോൾ സതിയോടു വിവരമൊന്നു പറഞ്ഞു,. സതിയാണെങ്കിലു നമ്മുടെ നാട്ടിൽ ഒരു ബ്രോക്കർ ഉണ്ട്, മോഹനൻ എന്നാണ് അയാളുടെ പേര്. പുള്ളിക്കാരനെ വിളിച്ചു നല്ല പയ്യന്മാർ ഉണ്ടെങ്കിൽ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു, അതിന്റെ പേരിൽ അമ്മു കാലത്തെ വന്നു യദു കുട്ടനോട് ഭയങ്കര വഴക്കായിരുന്നു.. വഴക്കു കൂടിയിട്ടൊക്കെ കാര്യമുണ്ടോ ഗിരീജേ,അവൾക്ക് ആവതുള്ളപ്പോൾ മകളെ കെട്ടിച്ചയക്കണമെന്ന് ആഗ്രഹം ഇല്ലാണ്ട് ഇരിക്കുമോ... ആ പെൺകൊച്ചിനെ പറഞ്ഞു മനസ്സിലാക്കാം, മംഗല്യഭാഗ്യം എന്നൊക്കെ പറയുന്നത് ഒരു നേരത്തെ നടന്നില്ലെങ്കിൽ പിന്നെ വലിയ ബുദ്ധിമുട്ടാണ്, ലീല അത് പറയുമ്പോൾ, ഗിരിജയും തലകുലുക്കി സമ്മതിച്ചു.. ശരിയാണെന്നുള്ള അർത്ഥത്തിൽ......തുടരും.........