അങ്ങനെ നമ്മൾ ഇതും നേടി; വിഴിഞ്ഞം യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെ തുടർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖം കമ്മീഷനിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
അങ്ങനെ നമ്മൾ ഇതും നേടി, എന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുകയാണ്. അതുകൊണ്ട് തന്നെ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറും. നിർമാണം ഈ രീതിയിൽ പൂർത്തിയാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഇത് വെറുമൊരു തുറമുഖത്തിന്റെ കവാടം തുറക്കൽ അല്ല. മൂന്നാം മില്ലേനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാ കവാടം തുറക്കൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളതത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു തുറമുഖത്തിന്റെ നിർമാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയിൽ 5370.86 ലക്ഷം കേരളം വഹിച്ചു. ബാക്കി 2497 കോടി അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്. 8687 കോടിയാണ് ആക ചെലവ്. 818 കോടിയുടെ വിജിഎഫ് കേന്ദ്രം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു