🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 54

രചന: റിൻസി പ്രിൻസ്
എന്റെ കൂട്ടുകാരുടെ ഒക്കെ ചേട്ടന്മാരെ മീൻ വിൽക്കാനാ പോകുന്നത്. അത്രയ്ക്ക് ബുദ്ധിമുട്ടാ ബി ടെക്ക് ഒക്കെ കഴിഞ്ഞാൽ നല്ലൊരു ജോലി കിട്ടാൻ.
” നിന്നെ ഞാൻ അങ്ങോട്ട് വിടുന്നത് പഠിക്കാൻ വേണ്ടി മാത്രമല്ല
” പിന്നെ
മനസ്സിലാവാതെ അവൾ ചോദിച്ചു
” ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ നീ വളരെ വ്യക്തമായിട്ട് മനസ്സിൽ കുറിച്ചിട്ടോണം.
“പപ്പ എന്താണെന്നുവെച്ചാൽ മനസ്സിലാകുന്ന രീതിയിൽ പറ. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
“മരിയ നിൽക്കുന്ന ആ വീട്ടിലെ ആളുകളെയൊക്കെ നിനക്കറിയാലോ..? അവരിന്നാളെ ഇവിടെ വന്നപ്പോൾ നീയും കണ്ടതല്ലേ.?
ജോണി ചോദിച്ചു
“അവിടെയാണോ എന്നെ നിർത്താൻ പോകുന്നത്.?
അവൾ താല്പര്യം ഇല്ലാതെ പറഞ്ഞു
” അല്ല അവരുടെ കൂടെ ഒരു ചെക്കൻ ഉണ്ടായിരുന്നില്ലെ.?
” അവരുടെ മോൻ ഇല്ലേ..? എന്താ പേര്.? അത് ഞാൻ ഓർക്കുന്നില്ല.
അയാൾ പേര് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
” ആ പയ്യൻ ഡോക്ടർ ആണ്.
” അതിന്..?
അവൾ താല്പര്യമില്ലാതെ ചോദിച്ചു..
” എടീ നിന്റെ ആന്റിക്ക് അവരുടെ മോള് ജീനയെ ആ ചെറുക്കനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. അത് അവന്റെ സ്വത്ത് കണ്ടിട്ടാ. നിനക്ക് അറിയില്ല അവരുടെ ആസ്തിയും കാര്യങ്ങളും ഒക്കെ. പോരാത്തതിന് അവൻ ഒരു ഡോക്ടറും. എന്താണെങ്കിലും ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നും ഉണ്ടാവില്ല എന്നത് ഉറപ്പ്. പിന്നെ ഏതു അമ്മയും മകൾക്ക് അങ്ങനെയൊരു മരുമകനെ കിട്ടാനല്ലേ ആഗ്രഹിക്കു. അവൾ ആഗ്രഹിച്ചത് തന്നെ ഞാനും ആഗ്രഹിക്കുന്നു ഇപ്പോൾ. നിനക്ക് മനസ്സിലായോ..?
അയാൾ ചോദിച്ചപ്പോൾ മനസ്സിലാവാത്തത് പോലെ അവൾ അയാളെ നോക്കി.
” എടി പൊട്ടി, അവനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചാലോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
അങ്ങനെ പറഞ്ഞപ്പോൾ അവൾ ഞെട്ടി അയാളെ നോക്കി.
” ഇത്ര ചെറുപ്പത്തിലെ കല്യാണം കഴിക്കാനോ.? പപ്പാ എന്തുവാ ഈ പറയുന്നത്. എടി നിന്നോട് ഞാൻ നാളെ കല്യാണം കഴിക്കണമെന്നൊന്നുമല്ല പറഞ്ഞത്. ഞാൻ നിന്നെ തൽക്കാലം അവിടെ എൻജിനീയറിങ് പഠിക്കാൻ കൊണ്ട് വിടുക ആണ്. എന്റെ ഉദ്ദേശം പ്രധാനമായി ഇതാണെന്ന് ആണ് നിന്നോട് പറഞ്ഞത്. നിന്റെ തള്ളയുടെ മോൾ ആയതുകൊണ്ട് ആണ് ഞാൻ മുൻപേ പറഞ്ഞത്. അവിടെ ചെന്ന് ആരുടേയും തലയിൽ തൂങ്ങരുതെന്ന് ആണ് ഉദ്ദേശിച്ചത്. ഈ ഒരു ഉദേശത്തിന്റെ പുറത്താ ഞാനിപ്പോ നിന്നെ ചെന്നൈയിലേക്ക് വിടുന്നത്.
അയാൾ അത്രയും പറഞ്ഞപ്പോൾ അയാൾ പറഞ്ഞുവന്നത് ഏകദേശം അവൾക്ക് മനസ്സിലായിരുന്നു.
തന്നെയും സോളമനേയും കൂടുതൽ അടുപ്പിക്കുവാൻ വേണ്ടിയാണ് ഈ പോക്ക്. അത് തന്നോട് തുറന്നു പറയാനുള്ള മടി കൊണ്ടാണ് ഇത്രയും വളഞ്ഞ് പപ്പാ മൂക്ക് പിടിക്കുന്നത്.
” പപ്പ പറയുന്നത് ഞാൻ അവിടെ ചെന്ന് അയാളെ പ്രേമിക്കണമെന്ന് ആണോ.?
അവൾ തുറന്നു അയാളോട് ചോദിച്ചു. പെട്ടെന്ന് മകൾ അങ്ങനെ ചോദിച്ചപ്പോൾ അവൾക്ക് മുന്നിൽ താൻ ചെറുതായി പോകുന്നതുപോലെ അയാൾക്ക് തോന്നിയിരുന്നു.
” നീ അങ്ങനെ ഭാരിച്ച കാര്യങ്ങൾ ഒന്നും ചെയ്യേണ്ട. ഞാന് ഈ കാര്യം എന്താണെങ്കിലും സണ്ണിയോട് സംസാരിക്കുന്നുണ്ട്. നീയൊന്നു മനസ്സിലാക്കാൻ വേണ്ടി ഞാൻ പറഞ്ഞെന്നേയുള്ളൂ. അല്ലാതെ നീ അവിടെ പോയി അവനെ പ്രേമിക്കാനും അവനോട് കൊഞ്ചാനും ഒന്നും നിൽക്കണ്ട.. പിന്നെ അവർക്ക് നിന്നെ ഇഷ്ടമാകുന്ന തരത്തിലുള്ള ചില പ്രവർത്തികൾ ഒക്കെ ചെയ്തേക്കണം. പ്രത്യേകിച്ച് അവന്. അവനും ആയിട്ടുള്ള നിന്റെ കല്യാണം കഴിഞ്ഞാൽ നിന്റെ ജീവിതം തന്നെ രക്ഷപ്പെട്ടു. പപ്പയൊക്കെ ഇനി എത്ര കാലത്തേക്ക് ആണ്. അവനെ കെട്ടിയാൽ നിനക്ക് രാജ്ഞിയെ പോലെ ജീവിക്കാം. ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അവരുടെ രണ്ടുപേരുടെയും ഒറ്റ മകൻ ആണ് അവൻ അവരുടെ രണ്ടുപേരുടെയും സ്വത്തിന്റെ ഏക അവകാശി..! കല്യാണം കഴിഞ്ഞാൽ പിന്നെ അതിനൊക്കെ നിനക്ക് അവകാശമുണ്ടാകും. ഈ കണ്ട വസ്തുക്കൾ ഒക്കെ നിനക്കും നിനക്കും അവനും ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും മാത്രമുള്ളത് ആണ്. പിന്നെ നീ എന്തിനാ ജോലിയൊക്കെ ചെയ്ത് കഷ്ടപ്പെടുന്നത്. നിനക്ക് റാണിയെ പോലെ ജീവിക്കാൻ കഴിയും. അതിനുവേണ്ടി നീ ചെയ്യേണ്ടത് അവരുടെ പ്രീതി പിടിച്ചുപറ്റി നിൽക്കുക എന്നത് മാത്രമാണ്.
അയാൾ അത്രയും പറഞ്ഞപ്പോൾ കാര്യങ്ങൾ ഏകദേശം ജീനയ്ക്കും മനസ്സിലായി. അയാൾ പറയുന്നത് ശരിയാണെന്ന് അവൾക്ക് തോന്നി. ഇന്നത്തെ കാലത്ത് പഠിച്ച് ജോലി കിട്ടി നല്ല രീതിയിൽ ജീവിക്കുക എന്നൊക്കെ പറയുന്നത് എത്രകാലം കാത്തിരുന്നാൽ നടക്കുന്ന കാര്യമാണ്. അവന്റെ മുഖം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അവൻ നല്ല സുന്ദരനാണെന്ന് ആദ്യം കണ്ട ദിവസം തന്നെ തോന്നിയിരുന്നു. ജെസ്സി ആന്റിയുടെ മകളായ ജീന ചേച്ചിയും അക്കാര്യം തന്നോട് പറഞ്ഞിരുന്നു.
“എന്നാ ഗ്ലാമറാടി ആ ചെറുക്കന്. മരിയ ആ വീട്ടിലാണോ താമസിക്കുന്നത്.? ഇനി അവരെങ്ങാനും തമ്മിൽ പ്രേമത്തിൽ ആവോ.?
അന്ന് ജീന ചേച്ചിയുടെ ഭയം അതായിരുന്നു. ചേച്ചി അങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോഴാണ് അവനെ ശ്രദ്ധിച്ചത്. ശരിക്കും ഒരു സിനിമ നടനെ പോലെ തോന്നുന്ന സൗന്ദര്യം ആയിരുന്നു അവന്.. പ്രത്യേകിച്ച് ആകർഷണങ്ങളൊന്നും അപ്പോൾ തനിക്ക് തോന്നിയിരുന്നില്ല. പക്ഷേ ജീന ചേച്ചിയ്ക്ക് അവനെ നന്നായി ഇഷ്ടപ്പെട്ടു എന്ന് അന്നു തന്നെ തോന്നിയിരുന്നു. അതുകൊണ്ടാവും ഒരു കല്യാണ ആലോചനയിലേക്ക് അവര് പോയത്.
“ആന്റി അറിയുമ്പോൾ പ്രശ്നം ആവില്ലേ..? അവര് കല്യാണ ആലോചിക്കാൻ പറഞ്ഞിട്ട് നമ്മുടെ കാര്യം മുൻപോട്ട് കൊണ്ടുപോകുമ്പോൾ അവർക്ക് അതൊരു ഇഷ്ടക്കേട് ആവില്ലേ..
അവൾ പപ്പയോടു ചോദിച്ചു
” എടി പൈസ കിട്ടും എന്ന് പറഞ്ഞാൽ ആരാടീ സ്വന്തവും ബന്ധവും ഒക്കെ നോക്കുന്നത്. ആ കാര്യങ്ങളെക്കുറിച്ച് നീ പേടിക്കേണ്ട. പിന്നെ ഈ കാര്യം നീ നിന്റെ അമ്മയോടും പറയാൻ നിൽക്കണ്ട. തൽക്കാലം നമ്മൾ രണ്ടുപേരും അറിഞ്ഞാൽ മതി. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ..?
അവൾ അതെന്ന് തല കുലുക്കി.
അയാൾ പുറത്തേക്കിറങ്ങിയപ്പോൾ പപ്പ പറഞ്ഞതുപോലെ വിവാഹം നടക്കുകയായിരുന്നുവെങ്കിൽ തനിക്ക് രാജകുമാരിയെ പോലെ ജീവിക്കാമായിരുന്നു എന്ന് അവളും ചിന്തിച്ചു. പിന്നെ ജോലി ഒന്നും ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. പൊതുവേ എല്ലാ കാര്യങ്ങളിലും മടിയുള്ള അവൾക്ക് ഇതിലും മികച്ച ഒരു ഓപ്ഷൻ ലഭിക്കാനില്ല എന്ന് പറയുന്നതാണ് സത്യം.
” നാളെ ഞാൻ ചെന്നൈ വരെ ഒന്ന് പോവാ,
ബെറ്റിയോട് ജോണി പറഞ്ഞപ്പോൾ അവർ മനസ്സിലാവാതെ അയാളെ തരാൻ നോക്കി.
” ചെന്നൈയിലേക്കോ..? എന്താ അത്യാവശ്യമായിട്ട്,
മരിയയെ കാണാൻ എന്താണെങ്കിലും അയാൾ പോകില്ല എന്ന് ഉറപ്പുള്ളതു കൊണ്ടുതന്നെയാണ് അങ്ങനെ അവർ ചോദിച്ചത്.
” അവിടെ കോളേജിലെ ജീനയുടെ അഡ്മിഷന്റെ കാര്യങ്ങളൊക്കെ ഒന്ന് സംസാരിക്കണം.
” ചെന്നൈയിൽ പഠിക്കാൻ വിടാൻ ആണോ
” അങ്ങനെയാണ് ഞാൻ വിചാരിക്കുന്നത്.
” എങ്കിൽ പിന്നെ മരിയയുള്ള കോളേജിൽ തന്നെ ആക്കിയാൽ പോരെ. അവിടെത്തന്നെ ബിഎസ്സി ഉണ്ടായിരുന്നല്ലോ.
” അവളെ നഴ്സിംഗ് വിടുന്നില്ല..!
അയാൾ പറഞ്ഞപ്പോൾ അത്ഭുതത്തോടെ അവർ അയാളെ നോക്കി.
” നേഴ്സിങ് അല്ലാതെ പിന്നെന്ത് പഠിക്കാൻ.,?
” അവളെ ഞാൻ എൻജിനീയറിങ്ങിന് ചേർക്കാൻ പോവാ. അതിന്റെ കാര്യത്തിന ഞാൻ പോകുന്നത്.
” എൻജിനീയറിങോ.? ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം
” അത് ആണ് നല്ലതെന്ന് തോന്നി. അതുകൊണ്ട് അങ്ങനെ ചെയ്യാന്ന് കരുതി. നാളെ വെളുപ്പിന് തന്നെ ഞാൻ പോകും.
” ഞാനെന്ന കുറച്ച് സാധനങ്ങളും കൂടി ഉണ്ടാക്കട്ടെ. പോകുമ്പോൾ മരിയ മോൾക്ക് കൊടുക്കാമോ.?
” ഞാനെന്താ അവളുടെ വേലക്കാരൻ ആണോ.? അവക്കാവശ്യമുള്ളതൊക്കെ കെട്ടിപ്പൊതിഞ്ഞുകൊണ്ട് പോകാൻ. പിന്നെ അത്ര വലിയ ദൂരെ ഒന്നുമല്ലല്ലോ അവൾക്ക് വേണ്ടതൊക്കെ അവിടെ തന്നെ കിട്ടിക്കോളും. അങ്ങനെയല്ല കഴിഞ്ഞ ദിവസം അമല പറഞ്ഞു അവൾ ഹോസ്റ്റലിലേക്ക് മാറിയെന്ന്. പഠിത്തമൊക്കെ ഒരുപാട് കൂടുതലാണ്. അതുകൊണ്ട് നല്ല ആഹാരം ഒന്നും ആയിരിക്കില്ല. ഞാൻ കുറച്ച് എന്തെങ്കിലും ഒന്ന് ഉണ്ടാക്കി തരട്ടെ. നിങ്ങൾ പോകുമ്പോൾ അവളെ ഒന്ന് ചെന്ന് കാണത്തില്ലേ.?
” ഞാൻ അവളെ കാണാൻ ഒന്നും നിൽക്കില്ല. എനിക്ക് സമയമില്ല. പിന്നെ ചെന്ന് കണ്ട് സുഖവിവരങ്ങളൊക്കെ അന്വേഷിക്കാൻ ഞാൻ അവളുടെ ആരാ.? അവൾ എന്റെയും ആരുമല്ല ..!
അയാൾ അത് പറഞ്ഞപ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു വേദന നിറയുന്നത് ബെറ്റി അറിയുന്നുണ്ടായിരുന്നു.കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…