Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 12

രചന: ശിവ എസ് നായർ

നിലത്തേക്ക് മലർന്നടിച്ചു വീണവനെ വന്ന് പൊക്കിയെടുത്തു വരാന്തയിൽ കൊണ്ട് കിടത്തിയത് സനലാണ്. അവനെ എടുത്തുയർത്തി തോളിലിടുമ്പോൾ സനലിന്റെ കൈകൾ സൂര്യന്റെ ശരീര ഭാഗങ്ങളിൽ കൂടി പരതി നടന്നു.

അവന്റെ ആ ചെയ്തികളിൽ സൂര്യന് കടുത്ത ദേഷ്യവും അസ്വസ്ഥതയുമൊക്കെ തോന്നിയെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവൻ അനക്കമില്ലാതെ കിടന്നു.

മുഖത്ത് വെള്ളം തളിച്ചിട്ടും സൂര്യൻ ഉണരാതായപ്പോൾ പോലുസുകാർ അവനെ മറ്റൊരു മുറിയിലേക്ക് മാറ്റി. തടവ് പുള്ളികളെ പരിശോധിക്കുന്ന ഡോക്ടർ വന്ന് അവനെ വിശദമായി പരിശോധിക്കുമ്പോഴാണ് സനലിന്റെ പീഡനങ്ങൾ അവന്റെ ശരീരത്തിലേൽപ്പിച്ച മുറിവുകൾ ഡോക്ടർ രാമകൃഷ്ണൻ കാണുന്നത്.

“സർ… ഈ കുട്ടിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് മാറ്റണം. ഇയാളുടെ ശരീരം മുഴുവനും മുറിവുകളാണ്. ചിലത് സെപ്റ്റിക്കാകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ ഈ പയ്യനെ ആരോ അതിക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും മറ്റും നഖ ക്ഷതങ്ങളും പല്ലുകൾ കൊണ്ട് ആഴത്തിൽ കടിച്ച് മുറിവേൽപ്പിച്ചിട്ടുമുണ്ട്.” ഡോക്ടർ രാമകൃഷ്ണന്റെ വാക്കുകൾ കേട്ട് സൂപ്രണ്ട് ഉടനടി സൂര്യനെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള പെർമിഷൻ നൽകി.

പോലീസുകാരുടെ മേൽനോട്ടത്തിൽ സൂര്യ നാരായണനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്തു. ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ് കയറ്റാൻ തുടങ്ങിയതിന് ശേഷമാണ് സൂര്യൻ ഓർമ്മ തെളിഞ്ഞതായി ഭാവിച്ചത്.

ഒരു നേഴ്സ് വന്ന് അവന്റെ ശരീരത്തിലെ മുറിവുകൾ തുടച്ചെടുത്ത് അവിടെയൊക്കെ മരുന്ന് വയ്ക്കാൻ തുടങ്ങി. അപ്പോഴാണ് ആ മുറിവുകളുടെ യഥാർത്ഥ വേദന അവനറിഞ്ഞത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ താനിത് എങ്ങനെയാണ് സഹിച്ചതെന്നോർത്ത് അവന് അത്ഭുതം തോന്നി. വേദനയോടെയും ഭീതിയോടെയും കഴിച്ചുകൂട്ടിയ ഓരോ രാത്രികൾ അവന്റെ മനസ്സിലൂടെ കടന്ന് പോയി.

സഹിക്കാൻ കഴിയാത്ത നോവിനാൽ ഉടലൊന്ന് വെട്ടി വിറയ്ക്കുകയും നീറ്റലിൽ കണ്ണ് നിറഞ്ഞ് തുളുമ്പുകയും ചെയ്തു.

“സിസ്റ്ററേ… എനിക്ക് വേദനിക്കുന്നു…” സൂര്യൻ ഏങ്ങലോടെ പറഞ്ഞു.

“മുറിവിൽ മരുന്ന് വച്ചില്ലെങ്കിൽ പഴുത്തു വ്രണമാകും. അപ്പോ ഇതിനേക്കാൾ വേദനയായിരിക്കും.”

“നല്ല നീറ്റലുണ്ട് സിസ്റ്ററേ…”

“കുറച്ചു ദിവസം കഴിഞ്ഞു മാറും… അല്ല മോനെയാരാ ഇത്ര ക്രൂരമായി…” പറഞ്ഞു വന്നത് പകുതിയിൽ നിർത്തി നേഴ്സ് അവനെ നോക്കി.

“ജയിലിലുള്ള ഒരു വൃത്തികെട്ടവനാ സിസ്റ്ററേ എന്നെ… ഒരു തെറ്റും ചെയ്യാതെയാ ഞാൻ ജയിലിൽ കിടക്കേണ്ടി വന്നത്. അതിന്റെ കൂടെ ഇതും സഹിക്കേണ്ട അവസ്ഥയാണ്… എനിക്ക് ആരുമില്ല സിസ്റ്ററേ… എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു.” കൈപ്പത്തി കൊണ്ട് മുഖം പൊത്തി സൂര്യൻ പൊട്ടിക്കരഞ്ഞു.

അവന്റെ സങ്കടം കരച്ചിൽ കണ്ടപ്പോൾ മേരി സിസ്റ്റർക്കും മനസ്സലിവ് തോന്നി.

“മോന്റെ അച്ഛനും അമ്മയ്ക്കും എന്ത് പറ്റിയതാ?”

“രണ്ടാഴ്ച മുൻപ് ഒരാക്സിഡന്റിൽ അവരെന്നെ വിട്ട് പോയി. അച്ഛന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടി എന്റെ ചെറിയച്ഛൻ എന്നെ അച്ഛനും അമ്മയും മരിച്ച ദിവസം രാത്രി തന്നെ തറവാട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടു. പിറ്റേന്ന് രാവിലെ കഞ്ചാവ് കേസുണ്ടാക്കി എന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു. കോടതിയിൽ കുറ്റം സമ്മതിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി…

ഇപ്പൊ തോന്നുന്നു ഇങ്ങനെ കിടന്ന് നരകിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതായിരുന്നു നല്ലതെന്ന്. ഒരു തെറ്റും ചെയ്യാതെ എന്തൊക്കെ അനുഭവിക്കേണ്ടി വരുന്നു. ഇവിടുന്ന് തിരിച്ച് ജയിലിലേക്ക് പോയാലുള്ള അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ കൂടി വയ്യ സിസ്റ്ററേ.” വേദനയിൽ ചാലിച്ചൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നു.

“മോൻ വിഷമിക്കണ്ട… ഇതൊക്കെ ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളാണ്. ഇതെല്ലാം നീ അതിജീവിക്കണം. ഇവിടുന്ന് തിരിച്ച് ജയിലിലേക്ക് പോയി കഴിയുമ്പോൾ നിന്റെ ശരീരത്തിൽ തൊടാൻ ഒരുത്തനെയും സമ്മതിക്കരുത്. പല കുറ്റങ്ങൾ ചെയ്ത് വന്ന കുറ്റവാസന കൂടുതലുള്ള കുട്ടികളെ കൊണ്ട് നിറഞ്ഞ സ്ഥലമാണത്. ചെറിയ തെറ്റുകൾ ചെയ്ത് അവിടെ എത്തിപ്പെടുന്ന മിക്ക കുട്ടികളും തിരിച്ചിറങ്ങുന്നത് കൊടിയ കുറ്റവാളികളായിട്ടാണ്.

അവരുടെ ഇടയിൽ ജീവിച്ച് നീയും നശിച്ച് പോകരുത്. നിന്റെ മുഖം കണ്ടപ്പോൾ തന്നെ നീയൊരു പാവമാണെന്ന് എനിക്ക് തോന്നി. നിന്റെ കഥ കേട്ടപ്പോൾ പറഞ്ഞത് സത്യമാണെന്നും എനിക്ക് ബോധ്യമായി. നിന്റെ പ്രായത്തിൽ ഒരു മകൻ എനിക്കുമുണ്ട്. അതുകൊണ്ടാ ഞാൻ പറയുന്നത് അവിടെ കിടന്ന് നീ നശിച്ചു പോകരുത്. അതുപോലെ സ്വന്തം ശരീരം സംരക്ഷിക്കാനും ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാനും പഠിക്കണം.” സിസ്റ്റർ മേരി പറഞ്ഞതൊക്കെ കേട്ട് അവൻ തലയനക്കി.

രാവിലെ ജയിലിൽ വച്ച് കോൺസ്റ്റബിൾ സൈമണും ഇതേ കാര്യമാണല്ലോ തന്നോട് പറഞ്ഞതെന്ന് അവനോർത്തു. ഇവിടെ തന്നെ രക്ഷിക്കാൻ ആരും വരില്ലെന്നും സനലിനെ പോലുള്ളവരിൽ നിന്ന് രക്ഷനേടാൻ താൻ തന്നെ മനസ്സ് വയ്ക്കണമെന്നും സൂര്യന് മനസ്സിലായി.

“സിസ്റ്ററേ… ഇവിടുന്ന് ഡിസ്ചാർജാകുമ്പോൾ എനിക്ക് ചെറിയൊരു കത്തിയും കത്രികയുമൊക്കെ തരാമോ?” ഒരുപായം മനസ്സിൽ തെളിഞ്ഞതും അവൻ മേരിയോട് ചോദിച്ചു.

“എന്തിനാ? ആരെയെങ്കിലും കൊല്ലാനാണോ?”

“അല്ല… എന്നെ ഈ വിധമാക്കിയവനെ ഒന്ന് നോവിച്ചു വിടാനാ. ഞാൻ അനുഭവിച്ച വേദനയുടെ പകുതിയെങ്കിലും അവനുമറിയണം. ഇനിയൊരുത്തന് നേരെയും അവന്റെ കൈ പൊങ്ങാൻ പാടില്ല. അതിന് വേണ്ടിയാ…”

“നീ ചോദിച്ചത് ഞാൻ തരാം… പക്ഷേ അബദ്ധത്തിൽ പോലും നീ കാരണം ആരുടെയും ജീവന് ആപത്ത് സംഭവിക്കരുത്. അത്രേ എനിക്ക് നിന്നോട് പറയാനുള്ളു.” വാത്സല്യത്തോടെ സിസ്റ്റർ അവന്റെ നെറുകയിൽ തഴുകി.

🍁🍁🍁🍁🍁

മൂന്നാഴ്ചയോളം സൂര്യനെ ഹോസ്പിറ്റലിൽ തന്നെ കിടത്തിയിരുന്നു. ഡോക്ടർ രാമകൃഷ്ണന്റെയും മേരി സിസ്റ്ററുടെയും പരിലപാലനത്തിൽ അവൻ വേഗത്തിൽ സുഖം പ്രാപിച്ച് തുടങ്ങി. അവന്റെ ശരീരത്തിലെ മുറിവുകളും ഉണങ്ങി തുടങ്ങിയിരുന്നു. അവിടെ അഡ്മിറ്റാക്കിയ ആദ്യ ദിവസങ്ങളിൽ മൂത്രമൊഴിക്കാൻ പോലും കഴിയാതെ സൂര്യൻ വേദന കൊണ്ട് ഞരങ്ങിയിരുന്നു. ആ വേദനകളെല്ലാം അവന്റെ മനസ്സിൽ സനലിനോടുള്ള പക ഇരട്ടിപ്പിച്ചു. ജനിച്ചിട്ട് ഇന്നേവരെ കേട്ട് കേൾവി പോലുമില്ലാത്തൊരു സംഗതിയാണ് അവനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്ന് സൂര്യനോർത്തു. സനലിന്റെ മുഖം മനസ്സിലേക്ക് വരുമ്പോൾ തന്നെ ശരീരത്തിൽ പുഴുവരിക്കുന്നത് പോലെയാണ് അവന് അനുഭവപ്പെടുന്നത്.

പലപ്പോഴും അവന്റെ നിദ്രയെ ഭംഗപ്പെടുത്താനെന്നോണം സ്വപ്നത്തിൽ പോലും ജയിലിൽ കഴിഞ്ഞിരുന്ന ദിനങ്ങൾ സൂര്യന്റെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു. ആശുപത്രി കിടക്കയിൽ വച്ച് മിക്കപ്പോഴും രാത്രി അതൊക്കെ സ്വപ്നം കണ്ട് അവൻ പേടിച്ച് ഞെട്ടിയുണർന്നിരുന്നു. ഒരു വശത്ത് അവന്റെയുള്ളിൽ സനലിനോട് ദേഷ്യവും പകയും ഇരട്ടിച്ചെങ്കിലും മറുവശത്ത് തനിക്കേറ്റ ക്രൂരമായ ലൈംഗിക പീഡനത്തിൽ അവൻ മനസ്സിടറി വീണ് പോയിരുന്നു. ആ മെന്റൽ ഷോക്കിൽ നിന്നും പുറത്ത് വരാൻ സൂര്യനെ സഹായിച്ചത് ഡോക്ടർ രാമകൃഷ്ണന്റെ സ്നേഹപൂർവമായ സമീപനങ്ങളും ഉപദേശങ്ങളും മറ്റുമായിരുന്നു. അയാളവന്റെ മനസ്സിന് മാക്സിമം ധൈര്യം നൽകാൻ ശ്രമിച്ചിരുന്നു.

ഇരുപത്തി മൂന്ന് ദിവസം നീണ്ട ആശുപത്രി വാസം കഴിഞ്ഞ് പോലിസ് ജീപ്പിൽ ജയിലിലേക്ക് തിരികെ മടങ്ങുമ്പോൾ സൂര്യൻ പൂർണ്ണ ആരോഗ്യം കൈവരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് പോരുമ്പോൾ മേരി സിസ്റ്റർ അവനാവശ്യ പെട്ടത് ആരും കാണാതെ രഹസ്യമായി നൽകിയിരുന്നു.

പോക്കറ്റിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്തി അവിടെ തന്നെ ഉണ്ടോന്ന് ഇടയ്ക്കിടെ കയ്യിട്ട് പരതി അവൻ ഉറപ്പ് വരുത്തിയിരുന്നു. ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് ഡോക്ടർസ് ഉപയോഗിക്കുന്ന കത്തിയും കത്രികയുമൊക്കെയാണ് അവന്റെ കയ്യിലുള്ളത്. സനലിനെ എങ്ങനെ തിരിച്ചടിക്കണമെന്ന ചിന്ത മാത്രമായിരുന്നു സൂര്യന്റെ മനസ്സ് നിറയെ.

തന്നെ സ്പർശിച്ച അവന്റെ കൈകളെ അറിഞ്ഞിടാനുള്ള സൂര്യനിൽ ആളികത്തിയിരുന്നു. വികാര വിക്ഷോഭത്താൽ അരുതാത്തതൊന്നും ചെയ്ത് പോകാൻ പാടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് അവൻ സനലിനെ എതിരിടാൻ കാത്തിരുന്നത്. കുറേദിവസങ്ങൾ തന്നെ കാണാതിരുന്നത് കൊണ്ട് താൻ ജയിലിൽ എത്തിയെന്ന് അറിഞ്ഞാൽ അന്ന് രാത്രി തന്നെ സനൽ തന്നെ തേടി വരുമെന്ന് സൂര്യന് ഉറപ്പായ കാര്യമാണ്.

🍁🍁🍁🍁🍁

സൂര്യനെ അനുഭവിച്ച് കൊതി തീരുന്നതിന് മുൻപാണ് അവനെ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സൂര്യന്റെ അഭാവത്തിൽ രാത്രി കാലങ്ങളിൽ സനൽ തനിക്ക് ആഗ്രഹം തോന്നുന്നവരെയൊക്കെ രാത്രി കാലങ്ങളിൽ ക്രൂരമായി ഉപദ്രവിച്ച് സുഖം കണ്ടെത്തിയിരുന്നു. അവനെ ഭയന്ന് എല്ലാവരും ആ പീഡനങ്ങൾ നിശബ്ദം സഹിച്ച് പോന്നു.

ഉച്ചയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ സൂര്യൻ വൈകുന്നേരമായപ്പോഴാണ് ജയിലിൽ എത്തിച്ചേർന്നത്. അവൻ മടങ്ങി വന്ന വിവരം ചൂടോടെ തന്നെ ജുനൈസ് കൂട്ടുകാരന്റെ ചെവിയിൽ എത്തിച്ചിരുന്നു.

സൂര്യന്റെ തിരിച്ചുവരവ് അറിഞ്ഞതും സനൽ സന്തോഷവാനായി. അന്ന് രാത്രി അർമാദിക്കണമെന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് സനൽ സൂര്യനെയൊന്ന് കാണാനായി എഴുന്നേറ്റു. കുറേദിവസം ആശുപത്രിയിൽ തിന്നും കുടിച്ചും കിടന്ന് അവനൊന്ന് തുടുത്തു കാണുമെന്ന് മനസ്സിൽ ചിന്തിച്ച് കൊതിയോടെ സനൽ കൈകൾ കൂട്ടിത്തിരുമി. ആ നിമിഷം അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button