Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 19

രചന: ശിവ എസ് നായർ

കുറേ നാളത്തെ ആശുപത്രി വാസം കഴിഞ്ഞ് സുശീലൻ ഡിസ്ചാർജായി അമ്പാട്ട് പറമ്പിലേക്ക് മടങ്ങി. കുറഞ്ഞത് എട്ടൊൻപത് മാസമെങ്കിലും വേണം അയാൾക്ക് എണീറ്റ് നടക്കണമെങ്കിലെന്ന് ഡോക്ടർ പറഞ്ഞത് സുശീലനെ നിരാശയിലാഴ്ത്തിയിരുന്നു. പഴയ പോലെ ആരോഗ്യം വീണ്ടെടുത്തിട്ട് വേണം സൂര്യനിട്ട് പണി കൊടുക്കാനെന്ന് ഉറപ്പിച്ച് സുശീലൻ ദിവസങ്ങളെണ്ണി കാത്തിരുന്നു.

🍁🍁🍁🍁🍁

ആദ്യമൊക്കെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനൊരു കാഴ്ച വസ്തുവായിരുന്നു സൂര്യൻ. നാട്ടുകാരുടെ പരിഹാസങ്ങളും കുത്തുവാക്കുകളും കളിയാക്കലുകളൊന്നും അവൻ ഗൗനിച്ചതേയില്ല. ആ നാട്ടുകാർക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് തന്റെ അച്ഛൻ ചെയ്ത സത്പ്രവർത്തികൾ ഒരു നിമിഷം കൊണ്ട് മറന്ന നാട്ടുകാരെ മെല്ലെ മെല്ലെ അവനും വെറുത്തു തുടങ്ങിയിരുന്നു. ഒരാള് പോലും തങ്ങൾ നിരപരാധിയായിരിക്കുമെന്ന് ചിന്തിച്ചില്ലല്ലോ എന്നോർത്തയിരുന്നു അവന് വിഷമം. അതുപോലെ തന്നെ സൂര്യന്റെ ഉറ്റ ചങ്ങാതിമാരായിരുന്ന അനന്തനും ബിനീഷുമൊന്നും അവനെ വഴിയിൽ വച്ച് കണ്ടാൽ പോലും തിരിഞ്ഞു നോക്കാതെ നടന്ന് പോകുന്നത് അവനെ നൊമ്പരപ്പെടുത്തി.

ഒരേ പാത്രത്തിൽ നിന്ന് കയ്യിട്ട് വാരി കഴിച്ചിട്ടുള്ളവരാണ്. അവധി ദിനങ്ങളിൽ ഒരുമിച്ച് കളിച്ച് തിമിർത്തവരാണ്. ദിവസത്തിന്റെ ഏറിയ പങ്കും അവർക്കൊപ്പമാണ് അവൻ ചിലവഴിച്ചിരുന്നത്. താൻ അടുത്ത സുഹൃത്തുക്കളായി കണ്ടവർക്ക് പോലും തന്നിലൊരു വിശ്വാസമില്ലാതെ പോയതിൽ സൂര്യന് കടുത്ത ആത്മനിന്ദ തോന്നി. അവിടെ പിടിച്ചു നിൽക്കേണ്ടത് തന്റെ ആവശ്യമാണെന്ന ഓർമ്മയിൽ ഇത്തരം കാര്യങ്ങൾ അവൻ അവഗണിച്ചു. തന്നെ ഒന്നുമല്ലാതാക്കി തീർത്ത ആ നാട്ടുകാർക്ക് മുന്നിൽ അന്തസ്സോടെ തലയുയർത്തി പിടിച്ച് നടക്കണമെന്ന് മാത്രമായിരുന്നു അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പുകളാണ് സൂര്യൻ നടത്തികൊണ്ടിരിക്കുന്നത്.

🍁🍁🍁🍁🍁

ദിവസങ്ങൾ അതിവേഗം കടന്നുപോയി. ഹോട്ടലിലെ ജോലിയുമായി സൂര്യൻ ഏറെക്കുറെ പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. രാപ്പകലില്ലാതെ അവൻ കഠിനാധ്വാനം ചെയ്ത് കൊണ്ടിരുന്നു. സൂര്യന്റെ കഠിനാധ്വാനം കണ്ട് അവിടുത്തെ മുതലാളിക്ക് പോലും അവനോടൊരു മനസ്സലിവ് തോന്നി. പക്ഷേ അയാളത് പുറമേ പ്രകടിപ്പിച്ചില്ല. പകരം അവന് കൊടുത്തിരുന്ന തുച്ഛമായ ശമ്പള തുക മെല്ലെ മെല്ലെ കൂട്ടികൊടുക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി, കൂടുതൽ കാശ് ശമ്പളമായി കിട്ടാൻ തുടങ്ങിയപ്പോൾ അവനും സന്തോഷം തോന്നി. തന്റെ കഷ്ടപ്പാടിനുള്ള പ്രതിഫലം മുതലാളി തന്ന് തുടങ്ങിയതിൽ സൂര്യൻ. പൂർണ്ണ സംതൃപ്തനായി.

അതേസമയം സുശീലനും മെല്ലെ മെല്ലെ സുഖം പ്രാപിച്ചു വരികയായിരുന്നു. പഴയ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയപ്പോൾ സൂര്യനോടുള്ള പകയും അയാളുടെയുള്ളിൽ നുരപൊന്തി.

ഒരു ദിവസം ഉച്ച നേരത്ത് സൂര്യൻ, ആളുകൾ കഴിച്ച് കഴിഞ്ഞ് മേശമേൽ വച്ചിട്ട് പോയ വാഴയില ബക്കറ്റിലേക്ക് എടുത്തിട്ട് മേശപ്പുറം നനഞ്ഞ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് അളിയന്മാരോടൊപ്പം സുശീലൻ അവിടേക്ക് കടന്ന് വന്നത്. ഒറ്റയ്ക്ക് നടക്കാനുള്ള ആരോഗ്യസ്ഥിതി കൈവന്നിട്ടില്ലാത്തതിനാൽ മാധവന്റെയും മുകുന്ദന്റെയും സഹായത്തോടെയാണ് അയാൾ അവിടേക്ക് വന്നത്.

സൂര്യനെ അടിമുടി വീക്ഷിച്ചു കൊണ്ട് മൂവരും ഒഴിഞ്ഞ ഒരിടം നോക്കി കഴിക്കാനിരുന്നു.

“ഡാ… ചെക്കാ… അവർക്ക് ചോറ് വിളമ്പി കൊടുക്ക് വേഗം.” മുതലാളി പറഞ്ഞത് കേട്ട് തലയനക്കി കൊണ്ട് അവൻ അടുക്കളയിലേക്ക് പോയി.

മൂന്ന് തൂശനില അവർക്ക് മുൻപിൽ വിരിച്ചിട്ട ശേഷം സൂര്യൻ ചോറും കറികളും വിളമ്പാൻ തുടങ്ങി. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി പുറമേ ശാന്തനായി ഭാവിച്ചു കൊണ്ട് അവൻ തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു.

“വെള്ളത്തിന്‌ ചൂട് കൂടുതലാണേ. സ്വൽപ്പം തണുത്തിട്ട് കുടിച്ചാൽ മതി.” അവർക്ക് ഓരോന്നായി വിളമ്പുന്നതിനിടയിൽ എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നൊരാൾ പറഞ്ഞു. അത് കേട്ടതും സുശീലന്റെ മനസ്സിൽ മറ്റൊരു ചിന്തയാണ് കടന്ന് വന്നത്.

ചോറും കറികളും വിളമ്പിയ ശേഷം കുടിക്കാനുള്ള വെള്ളം സ്റ്റീൽ ജഗ്ഗിൽ പകർന്ന് മാധവന്റെയും സുശീലന്റെയും ഗ്ലാസിൽ ഒഴിച്ച ശേഷം മുകുന്ദന്റെ ഗ്ലാസ്‌ കയ്യിലെടുത്തതും സുശീലവനെ അറിയാത്ത ഭാവത്തിലൊരു തട്ട് വച്ച് കൊടുത്തു.

തിളച്ച വെള്ളം സൂര്യന്റെ ദേഹത്ത് വീഴുന്നതും ശരീരം പൊള്ളിയടർന്ന വേദനയിൽ നീറിയ അവൻ അടുക്കള വശത്തേക്ക് പാഞ്ഞു പോകുന്നത് ആത്മസംതൃപ്തിയോടെ മൂവരും നോക്കി നിന്നു. പിന്നെ അവർ കഴിച്ചെണീറ്റ് പോകുന്നത് വരെ സൂര്യനെ മുൻവശത്തേക്ക് കണ്ടില്ല.

തണുത്ത വെള്ളം തീർന്നത് കൊണ്ടാണ് അടുപ്പിൽ തിളച്ചു കിടന്ന വെള്ളത്തിൽ നിന്ന് കുറച്ചെടുത്ത് അവർക്ക് കൊണ്ട് കൊടുക്കേണ്ടി വന്നത്. ആ സമയം അവസരം മുതലാക്കി എല്ലാവരുടെയും മുന്നിൽ വച്ച് സുശീലൻ ഇങ്ങനെയൊരു പണി കൊടുക്കുമെന്ന് അവൻ സ്വപ്നേപി വിചാരിച്ചതല്ല.

ആ നിമിഷം മനസ്സിൽ വന്ന ദേഷ്യത്തിന് അവശേഷിച്ച ചൂട് വെള്ളം മുഴുവനും അയാളുടെ മേത്തേക്ക് ഒഴിക്കാനാണ് അവന് തോന്നിയതെങ്കിലും ഉള്ള ജോലി കളയാൻ താനായിട്ട് ഒരു കാരണമുണ്ടാക്കണ്ടെന്ന് കരുതിയാണ് സൂര്യൻ മൗനമവലംഭിച്ചത്.

ചൂട് വെള്ളം വീണ് പൊള്ളലേറ്റ കൈത്തണ്ടയിലും കാൽപാദത്തിലുമൊക്കെ ഉപ്പ് പുരട്ടുമ്പോൾ അവന്റെ ശരീരം നീറിപ്പുകഞ്ഞു.

🍁🍁🍁🍁🍁

അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. ഹോട്ടൽ അവധിയായതിനാൽ ടൗണിൽ പോയി അഭിഷേകിനെ കണ്ട ശേഷം നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സിൽ മടങ്ങി വരുകയാണ് സൂര്യൻ.

പല്ലാവൂരിൽ ബസ് ഇറങ്ങുമ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. റോഡിലെങ്ങും ഒരു മനുഷ്യ കുഞ്ഞ് പോലുമില്ല. വിജനമായി കിടക്കുന്ന ചെമ്മൺ പാതയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ സൂര്യന് ഭയം തോന്നിയില്ല. അമാവാസി രാത്രിയായതിനാൽ ചുറ്റിനും കുറ്റാ കൂരീരിട്ടാണ്.

കൈയിലുണ്ടായിരുന്ന ഒരു പെൻ ടോർച്ച് തെളിച്ചുകൊണ്ട് നടക്കുമ്പോഴാണ് പിന്നിലൊരു കാൽപെരുമാറ്റം അവന്റെ കാതിൽ പതിഞ്ഞത്. നടന്ന് കൊണ്ടിരുന്നവൻ ഒരു നിമിഷം നിന്ന് ചുറ്റിനും കാതോർത്തു.

കരിയിലകൾ ഞെരിഞ്ഞമർന്ന ശബ്ദം സൂര്യൻ വ്യക്തമായി കേട്ടതാണ്. പക്ഷേ ഇപ്പൊ ചീവീടുകൾ ചിലയ്ക്കുന്ന ശബ്ദമൊഴിച്ച് മറ്റ് യാതൊന്നും കേൾക്കാനില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അവന്റെ ആറാമിന്ധ്രിയം മുന്നറിയിപ്പ് നൽകി.

ശ്വാസമൊന്ന് ആഞ്ഞുവലിച്ച് ചുറ്റുപാട് ടോർച്ച് തെളിച്ചുകൊണ്ടവൻ വലത് കാൽ മുന്നോട്ട് എടുത്ത് വച്ചതും സൂര്യന്റെ മുഖത്തിനിട്ട് തന്നെ ആദ്യ പ്രഹരം കിട്ടി. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവൻ പിന്നിലേക്ക് മലർന്ന് വീണുപോയി. വീഴ്ചയിൽ കയ്യിലെ ടോർച്ച് എങ്ങോട്ടോ തെറിച്ച് വീഴുകയും കൂടി ചെയ്തപ്പോൾ തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണാൻ കഴിയാനാവാതെ അവൻ നിസ്സഹായനായിപ്പോയി.

ആരുടെയോ കാലടികൾ തനിക്ക് നേരെ നടന്നടുക്കുന്നത് അവൻ വ്യക്തമായി കേട്ടു. തന്നെ തനിച്ച് കിട്ടിയപ്പോൾ അവസരം നോക്കി ഇരുന്ന് ആക്രമിക്കുന്നത് സുശീലനല്ലാതെ മാറ്റാരുമല്ലെന്ന് സൂര്യന് മനസ്സിലായി.

മൂന്ന് നിഴൽ രൂപങ്ങൾ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു. അതിൽ ഒരാളുടെ കൈയ്യിൽ കട്ടിയുള്ള ഒരു ഇരുമ്പ് വടിയുണ്ടായിരുന്നു.

വീണ് കിടന്ന സൂര്യൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മാധവനും മുകുന്ദനും ചേർന്ന് അവന്റെ കൈകാലുകൾ അനക്കാൻ പറ്റാത്ത രീതിയിൽ പിടിച്ചു വച്ചു.

“എടാ… പന്ന നായിന്റെ മോനെ… എന്റെ ദേഹത്ത് കൈവച്ചിട്ട് നിനക്കിവിടെ സുഖിച്ച് കഴിയാമെന്ന് കരുതിയോ നീ. എന്റെ കൈയ്യും കാലും തല്ലിയൊടിച്ച് പെരുമഴയത്ത് കിടത്തി നരക യാതന അനുഭവിച്ച നിന്നെ ഞാൻ വെറുതെ വിടില്ലെടാ ചെറ്റേ. നിന്റെ കൈയ്യും കാലും അടിച്ചോടിചച്ച് തെരുവിലേക്കിടാൻ പോവാ ഞാൻ. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാനില്ലാതെ നീ കിടന്ന് നരകിക്കുന്നത് എനിക്ക് കാണണം.” പ്രതികാര വാജ്ഞയോടെ സുശീലനത് പറയുമ്പോൾ സൂര്യൻ പുച്ഛത്തോടെ ചിറി കോട്ടി.

അവരുടെ കൈയ്യിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ആ നിമിഷം അവൻ ചിന്തിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ നോക്കാൻ പോലും ആരുമില്ലാതെ താൻ തെരുവിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരുമെന്ന് അവനറിയാം.

മാധവന്റെയും മുകുന്ദന്റെയും പിടിയിൽ നിന്നും സർവ്വ ശക്തിയും സംഭരിച്ച് കുതറാൻ സൂര്യൻ ശ്രമിച്ചു. അതേസമയം സുശീലന്റെ കൈയിലുള്ള ഇരുമ്പ് കമ്പി വായുവിൽ ഉയർന്നു പൊങ്ങി അവന്റെ വലത് കാൽ ലക്ഷ്യം വച്ച് തൊഴിക്കാൻ തയ്യാറെടുത്തു നിന്നു. അപ്പോഴാണ് ദൂരെ നിന്നും ചീറി പാഞ്ഞു വരുന്നൊരു കാർ അവർക്ക് മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button