Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 20

രചന: ശിവ എസ് നായർ

മാധവന്റെയും മുകുന്ദന്റെയും പിടിയിൽ നിന്നും സർവ്വ ശക്തിയും സംഭരിച്ച് കുതറാൻ സൂര്യൻ ശ്രമിച്ചു. അതേസമയം സുശീലന്റെ കൈയിലുള്ള ഇരുമ്പ് കമ്പി വായുവിൽ ഉയർന്നു പൊങ്ങി അവന്റെ വലത് കാൽ ലക്ഷ്യം വച്ച് തൊഴിക്കാൻ തയ്യാറെടുത്തു നിന്നു. അപ്പോഴാണ് ദൂരെ നിന്നും ചീറി പാഞ്ഞു വരുന്നൊരു കാർ അവർക്ക് മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നത്.

സൂര്യനെ അടിക്കാനായി കമ്പി വടി ഓങ്ങിയ സുശീലൻ തങ്ങളുടെ തൊട്ട് മുന്നിലൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് സംശയത്തോടെ അങ്ങോട്ട്‌ ദൃഷ്ടി പായിച്ചു.

ഹെഡ്‌ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചതിനാൽ കാറിൽ വന്നിറങ്ങിയത് ആരൊക്കെയാണെന്ന് മൂവർക്കും മനസ്സിലായില്ല. തന്റെ ശരീരത്തിൽ നിന്നും മുകുന്ദന്റെയും മാധവന്റെയും പിടി അയഞ്ഞതും സൂര്യൻ നിലത്ത് നിന്നും പിടഞ്ഞെണീറ്റു.

“സുശീലാ… വാ നമുക്ക് പോവാം. ചെക്കൻ കയ്യീന്ന് വഴുതിപോയി. അവനെ നമുക്ക് പിന്നീട് ഒതുക്കാം. ഇപ്പൊ വന്നവർ ആരാന്ന് അറിയില്ല. അതുകൊണ്ട് വേഗം വന്ന് കാറിൽ കയറ്.” മാധവൻ, സുശീലനെ തങ്ങളുടെ വണ്ടിക്ക് സമീപത്തേക്ക് കൊണ്ടുപോയി. കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ മൂവർ സംഘം പെട്ടെന്ന് തന്നെ വന്ന വണ്ടിയിൽ കയറി സ്ഥലം കാലിയാക്കി.

അപ്പോഴേക്കും കാറിൽ നിന്നിറങ്ങിയ രണ്ടുപേർ സൂര്യന്റെ അടുത്തെത്തിയിരുന്നു. ദേഹത്ത് പറ്റിയ മണ്ണ് തട്ടി കുടയുകയായിരുന്ന സൂര്യൻ മുന്നിൽ വന്ന് നിൽക്കുന്നവരെ ആകാംക്ഷയോടെ നോക്കി.

“ആ… ആരാ…” മുഖം വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ഇരുവരെയും സംശയത്തോടെ നോക്കികൊണ്ട് അവൻ ചോദിച്ചു.

“മോൻ, അമ്പാട്ടെ സുരേന്ദ്രൻ സാറിന്റെ മോനല്ലേ… സൂര്യ നാരായണൻ.” അപരിചിതനായ ആ മനുഷ്യൻ അത്രയും ബഹുമാനത്തോടെ തന്റെ അച്ഛന്റെ പേര് പറയുന്നത് കേട്ട് സൂര്യന്റെ മിഴികൾ ഈറനായി.

“അതേ… അങ്കിളിനെ എനിക്ക് മനസ്സിലായില്ലല്ലോ.” ഹെഡ് ലൈറ്റിന്റെ പ്രകാശത്തിലേക്ക് അയാൾ നീങ്ങി നിന്നപ്പോൾ സൂര്യന് അയാളെ, മുൻപ് കണ്ടിട്ടുള്ളതായി തോന്നി. ആ ശബ്ദവും എപ്പോഴോ കേട്ട് മറന്ന പോലെ ഓർമ്മ വന്നു.

“മോന്റെ അച്ഛന്റെ കൂടെ ഞാൻ ഒന്ന് രണ്ട് തവണ തറവാട്ടിൽ വന്നിട്ടുണ്ട്. ഞാൻ ആവണിശ്ശേരിയിലെ രാമചന്ദ്രനാണ്. മോന് എന്നെ ഓർമ്മയുണ്ടാവോ?”

അയാൾ തന്റെ തറവാട്ട് പേര് പറഞ്ഞപ്പോൾ സൂര്യന് ആളെ ഓർമ്മ വന്നു.

“എന്റെ അച്ഛനല്ലേ അങ്കിളിനെ ഗൾഫിൽ പോകാൻ സഹായിച്ചത്. ഗൾഫിൽ നിന്നും ഇടയ്ക്കിടെ അച്ഛനെ തേടി വരാറുള്ള കത്തുകൾ അയച്ചിരുന്നത് അങ്കിളല്ലേ. ഇപ്പൊ എനിക്ക് ആളെ മനസ്സിലായി. മുഖം മറന്ന് പോയെങ്കിലും ആവണിശ്ശേരിയിലെ രാമചന്ദ്രനെ മറക്കില്ല. എന്റെ അച്ഛന് അങ്കിളിനെ വല്യ കാര്യമായിരുന്നു. എപ്പഴും അങ്കിളിനെ കുറിച്ച് അച്ഛൻ പറയുമായിരുന്നു.” പഴയ ഓർമ്മയിൽ അവന്റെ കണ്ഠമൊന്നിടറി.

അമ്പാട്ടെ തറവാട്ടുകാരുടെ അത്ര സാമ്പത്തിക സ്ഥിതിയില്ലെങ്കിലും അത്യാവശ്യം ഭൂസ്വത്തുക്കളൊക്കെ ഉണ്ടായിരുന്ന തറവാട്ട് കാരായിരുന്നു ആവണിശ്ശേരിക്കാർ. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ച ട്രീറ്റ്മെന്റുകൾ നടത്തിയാണ് അവർ ഒന്നുമില്ലാത്തവരായി തീർന്നത്.

രാമചന്ദ്രനും ഭാര്യ സീമയ്ക്കും ആദ്യ ജനിച്ച മകൾക്ക് ജന്മനാ തന്നെ ഹൃദയ വാൽവിന് തകരാറുണ്ടായിരുന്നു. അത് ഭേദമാക്കാൻ വേണ്ടി കുറെയേറെ ചികിത്സ നടത്തിയെങ്കിലും രണ്ട് വയസുള്ളപ്പോൾ ആ കുഞ്ഞ് മരിച്ചുപോയി. അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് നീലിമയെന്ന മകൾ പിറക്കുന്നത്. പക്ഷേ ആ കുഞ്ഞിനും കാലിന് ചെറിയ സ്വാധീന കുറവ് മൂലം നടക്കാൻ കഴിയുമായിരുന്നില്ല.

ഉള്ളതെല്ലാം വിറ്റ് പെറുക്കി രാമചന്ദ്രൻ മകളെ ചികിൽസിച്ചു. അലോപ്പതിയിൽ ട്രീറ്റ്മെന്റ് എടുത്ത് മാറ്റമൊന്നും കാണാതായപ്പോൾ ആയുർവേദ ചികിത്സ ചെയ്യാൻ തുടങ്ങി. അങ്ങനെ നീണ്ട നാളത്തെ ആയുർവേദ ചികിത്സകൾക്കൊടുവിൽ മകൾ പിച്ച വയ്ക്കാൻ തുടങ്ങിയത് കണ്ടപ്പോഴാണ് അയാൾക്ക് ആശ്വാസമായത്. പക്ഷേ അപ്പോഴേക്കും അയാളുടെ സ്വത്തുക്കളെല്ലാം കൈമോശം വന്നിരുന്നു. മോൾടെ ചികിത്സയ്ക്കായി ഓടി നടക്കുന്നതിനിടയിൽ ഉണ്ടായിരുന്ന ജോലിയും രാമചന്ദ്രന് നഷ്ടമായിരുന്നു. പിന്നെ കുറച്ചുനാൾ സുരേന്ദ്രന് കീഴിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. ചുറ്റിനും കടത്തിൽ മുങ്ങി നിന്നിരുന്നതിനാൽ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ അയാൾ ഗൾഫിൽ പോകാൻ തീരുമാനിച്ചു. വിസയ്ക്കും മറ്റ് ചിലവിനൊക്കെയുള്ള കാശ് നൽകി സഹായിച്ചത് സുരേന്ദ്രനാണ്. അങ്ങനെ രാമചന്ദ്രൻ ഗൾഫിൽ പോയി കഠിനാധ്വാനം ചെയ്ത് നഷ്ടപ്പെട്ട സമ്പത്തിന്റെ കുറേയൊക്കെ തിരിച്ചുപിടിച്ചു.

രണ്ട് ദിവസം മുൻപാണ് രാമചന്ദ്രൻ നാട്ടിലെത്തിയത്. ഗൾഫിൽ പോയതിന് ശേഷം ആറുവർഷം കഴിഞ്ഞുള്ള മടക്കമാണ്. ഇനി തിരികെ പോകുന്നില്ല. കുടുംബത്തെ വിട്ട് നിൽക്കാൻ കഴിയാത്തത് കൊണ്ട് നാട്ടിലെന്തെങ്കിലും കച്ചവടം തുടങ്ങാമെന്ന പദ്ധതിയിൽ സ്വരുക്കൂട്ടിയ സമ്പാദ്യവും കൊണ്ട് തിരികെ വന്നതായിരുന്നു അയാൾ.

“ഇവിടെ നടന്ന കാര്യങ്ങളൊക്കെ ഞാനറിഞ്ഞു മോനെ… മോനും മോന്റെ അച്ഛനും ഇത്തരമൊരു തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല. അത്രയ്ക്കും തങ്കപ്പെട്ട സ്വഭാവമായിരുന്നു സുരേന്ദ്രൻ സാറിന്.” സൂര്യന്റെ കരങ്ങൾ കവർന്ന് രാമചന്ദ്രൻ പറഞ്ഞു.

“ഞങ്ങളെ വിശ്വസിക്കാൻ ഒരാളെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട് അങ്കിളേ. ഈ നാട്ടിൽ ഒരാള് പോലും ഞങ്ങളെ വിശ്വസിച്ചിട്ടില്ല അങ്കിൾ. അവരെല്ലാവരും പോലീസിന്റെ വാക്കും കേട്ട് അച്ഛനെ വെറുത്തു. ചെറിയച്ഛൻ പൈസ കൊടുത്ത് പോലീസിനെ സ്വാധീനിച്ച് കള്ളകേസുണ്ടാക്കിയതാണ്. എന്നിട്ട് എന്റെ അച്ഛനെയും അമ്മയെയും വണ്ടി ഇടിപ്പിച്ചു കൊന്നു.”

“ഒക്കെ ഞാൻ വന്നപ്പോൾ തന്നെ അന്വേഷിച്ചു സൂര്യാ. ഒരു കാര്യം ഞാൻ ഉറപ്പ് തരാം, സുരേന്ദ്രൻ സാറും ഭാര്യയും മരിച്ചത് ആക്‌സിഡന്റിൽ തന്നെയാ. അതൊരു കൊലപാതകമായിരുന്നില്ല. അക്കാര്യം അന്വേഷിച്ച് ഒരു വ്യക്തത വരുത്തിയിരുന്നു ഞാൻ.”

“എനിക്കിത് ഉൾകൊള്ളാൻ പ്രയാസമുണ്ട് അങ്കിൾ. എന്റെ ചെറിയച്ഛനെ എനിക്ക് നല്ല സംശയമുണ്ട്. എന്നെങ്കിലും അയാളെക്കൊണ്ട് പറയിക്കും ഞാനെല്ലാം.” സൂര്യന്റെ മനസ്സിൽ കുടിയേറിയ സംശയം താനെന്ത് പറഞ്ഞാലും മാറില്ലെന്ന് രാമചന്ദ്രന് ഉറപ്പായി.

എന്നെങ്കിലും സൂര്യൻ തന്നെ സ്വയം അന്വേഷിച്ച് അക്കാര്യത്തിൽ സ്വയം വ്യക്തത വരുത്തട്ടെയെന്ന് അയാൾ മനസ്സിൽ വിചാരിച്ചു.

“മോന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും. കഴിഞ്ഞതിനെ കുറിച്ചോർത്ത് വിഷമിക്കാതെ തന്റേടത്തോടെ ജീവിക്കണം നീ. സുശീലൻ അടക്കി വച്ചിരിക്കുന്ന സ്വത്തുക്കൾ എത്രയും പെട്ടെന്ന് തന്നെ നീ തിരിച്ചു പിടിക്കണം. അല്ലെങ്കിൽ അവനും അളിയന്മാരും അതൊക്കെ നശിപ്പിക്കും.”

“അതൊക്കെ ഞാൻ വിചാരിക്കുന്നുണ്ട് അങ്കിൾ. പക്ഷെ എവിടുന്ന് തുടങ്ങണം എങ്ങനെ തുടങ്ങണമെന്നൊന്നും എനിക്കൊരു പിടുത്തവുമില്ല. അയാളോട് പ്രതികാരം ചെയ്യാൻ എന്റെ മനസ്സ് തിളയ്ക്കുന്നുണ്ട്.” സുശീലനോടുള്ള പകയിൽ സൂര്യന്റെ മുഖം വലിഞ്ഞു മുറുകി.

“സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ നിന്നെ സഹായിക്കാൻ ഇവന് പറ്റും. ഇത് അഡ്വക്കേറ്റ് കൃഷ്ണ പ്രസാദ്. എന്റെ പഴയൊരു സുഹൃത്താണ്. ഞങ്ങൾ ഒരു ദീർഘ ദൂര യാത്ര കഴിഞ്ഞു വരുന്ന വഴിയായിരുന്നു. അപ്പോഴാണ് മൂന്നാല് പേര് ചേർന്ന് മോനെ അടിക്കുന്നത് കണ്ട് വണ്ടി നിർത്തിയത്.” കൂടെയുള്ള ആളെ പരിചയപ്പെടുത്തി രാമചന്ദ്രൻ പറഞ്ഞു.

സൂര്യൻ കൃഷ്ണ പ്രസാദിനെ നോക്കി കൈകൾ കൂപ്പി.

“ഇവിടിങ്ങനെ നിന്ന് മഞ്ഞു കൊള്ളാതെ സൂര്യൻ വണ്ടിയിലേക്ക് കയറ്. നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. ഇനി ആ ഹോട്ടലിൽ മോൻ പണിക്ക് പോകണ്ട. സുരേന്ദ്രൻ സാറിന്റെ മകൻ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ. എന്നെകൊണ്ട് പറ്റുന്ന പോലെ മോനെ ഞാൻ സഹായിക്കാം.” അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പറഞ്ഞു.

കൂടെ ചെല്ലുന്നില്ലെന്ന് പറഞ്ഞ് സൂര്യൻ ഒഴിയാൻ ശ്രമിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. അവനെ അയാൾ നിർബന്ധ പൂർവ്വം സ്വന്തം വീട്ടിലേക്ക് കൂട്ടി. നിനച്ചിരിക്കാതെ വന്ന് ചേർന്ന ആ സഹായ ഹസ്തം വിശ്വാസ യോഗ്യമാണോയെന്ന സംശയം അപ്പോഴും അവന്റെയുള്ളിൽ നിഴലിച്ചു നിന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button