Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 24

രചന: ശിവ എസ് നായർ

ദിവസങ്ങൾക്ക് ശേഷമാണ് സൂര്യന് ബോധം വീഴുന്നത്. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൻ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. സൂര്യനെ തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ് ശാരദ. അവനൊന്ന് കണ്ണ് തുറന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ അവർ നെഞ്ചിൽ കൈവച്ചു.

“ഞാ… ഞാൻ… ഞാനിതെവിടെയാ??” വേദനയാൽ ഞരങ്ങി കൊണ്ട് സൂര്യൻ എഴുന്നേൽക്കാനൊരു ശ്രമം നടത്തി.

അസ്ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയിൽ അമ്മേയെന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് അവൻ അതേ കിടപ്പ് കിടന്നു.

“കുറച്ച് ദിവസം മോന് മേലനങ്ങാനോ എഴുന്നേറ്റിരിക്കാനോ ഒന്നും കഴിയില്ല. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യമെന്നാണ് ഡോക്ടർ പറഞ്ഞത്. നിന്റെ ഒടിഞ്ഞ രണ്ടും കൈയ്യും കാലും ശരിയാകാൻ മാസങ്ങൾ എടുക്കും.” സൂര്യൻ ആയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചത് കണ്ട് ശാരദ പറഞ്ഞു.

“നിങ്ങൾ… നിങ്ങൾ ആ പുഴക്കരയ്ക്ക് അടുത്തുള്ള വീട്ടിൽ താമസിക്കുന്ന ശാരദയല്ലേ.. എന്നെയിവിടേക്ക് കൊണ്ട് വന്നത് നിങ്ങളാണോ?” ഒരു കാലത്ത് താൻ വെറുപ്പോടെയും അവജ്ഞയോടെയും നോക്കി കണ്ട സ്ത്രീയാണോ മുന്നിലിരിക്കുന്നതെന്ന സംശയത്തിൽ അവൻ ചോദിച്ചു.

“ആഹ്… ആ ശാരദ തന്നെയാ ഞാൻ. നിനക്ക് ആള് തെറ്റിയിട്ടൊന്നുമില്ല.” വെളുക്കെ ചിരിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു.

സൂര്യനും കഷ്ടപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി.

“എനിക്ക്… എനിക്കെന്താ പറ്റിയത്? അടി കൊണ്ട് വീണത് മാത്രം ഓർമ്മയുണ്ട്. എപ്പഴാ എന്നെയിങ്ങോട്ട് കൊണ്ട് വന്നത്?”

“നിന്നെയിവിടെ കൊണ്ട് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇത്രേം ദിവസം ബോധമില്ലാതെ കിടക്കുകയായിരുന്നു. നീയൊന്ന് കണ്ണ് തുറന്ന് കണ്ടപ്പോഴാ ആശ്വാസമായത്.”

“എന്നോട് ഒരിറ്റ് ദയ കാണിക്കാൻ മനസ്സ് വന്നല്ലോ… നന്ദിയുണ്ട് ചേച്ചി.” സൂര്യന്റെ മിഴികൾ നിറഞ്ഞൊഴുകി.

“ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ നീയെങ്ങോട്ടാ പോവാ? നിന്റെ കഥകളൊക്കെ എനിക്കറിയാം. അങ്ങനെയുള്ളപ്പോ ഈ അവസ്ഥയിൽ നിന്നെയാരാ സഹായിക്കാ. വീണ്ടും ആ കടത്തിണ്ണയിൽ പോയി കിടക്കാൻ പറ്റില്ലല്ലോ.”

“എനിക്കൊന്നുമറിയില്ല ചേച്ചി… സഹായം ചോദിച്ചു ചെല്ലാനും ഇവിടെ എനിക്കാരുമില്ല.”

“നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഞാൻ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാം. അവിടെ ഞാൻ മാത്രേയുള്ളൂ. നീ എനിക്കൊരു കൂട്ടാകുമല്ലോ.”

“മ്മ്മ്…” അവരുടെ വാക്കുകൾക്ക് മുന്നിൽ അവനൊന്ന് ദീർഘമായി മൂളി. അല്ലാതെ അവന് വേറെ വഴിയുണ്ടായിരുന്നില്ല. കാരണം ആ അവസ്ഥയിൽ താൻ മറ്റെങ്ങോട്ട് പോകും… പക്ഷേ അപ്പോഴും സൂര്യന്റെ മനസ്സിൽ സംശയം ബാക്കിയായിരുന്നു.

വേശ്യയായ ഒരു സ്ത്രീ തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ താല്പര്യം കാണിക്കുന്നത് മറ്റെന്തെങ്കിലും ഉദ്ദേശം മനസ്സിൽ വച്ചിട്ടാണോ എന്നത്?

ആശുപത്രിയിൽ അവന് വേണ്ട പരിചരണങ്ങളെല്ലാം ചെയ്ത് നൽകിയതും ബില്ലടച്ചതുമൊക്കെ ശാരദ തന്നെയാണ്. ഒടുവിൽ സൂര്യനെ ഡിസ്ചാർജ് ചെയ്ത ദിവസം അവൾ അവനെ പുഴക്കരയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

പരസഹായമില്ലാതെ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്തതിനാൽ സൂര്യനാകെ ധർമ്മ സങ്കടത്തിലായിരുന്നു. അനേകം പുരുഷന്മാരുമായി കിടക്ക പങ്കിടുന്നവളാണ് ശാരദയെന്ന് അവനറിയാം. അതവനിൽ അവളോട് നേരിയൊരു വെറുപ്പുണ്ടാക്കിയിരുന്നു. തന്നെ അവർ ഏത് രീതിയിലാണ് കാണുന്നതെന്നും സൂര്യനെ ആശയകുഴപ്പത്തിലാക്കുന്ന കാര്യമാണ്. അപ്പോഴത്തെ ഗതികേട് കൊണ്ട് അവിടെ തുടരാതെ മറ്റ് നിവൃത്തിയില്ലെന്ന് സങ്കടത്തോടെ സൂര്യൻ ഓർത്തു.

രാമചന്ദ്രൻ സുഖമില്ലാതെ കിടപ്പല്ലായിരുന്നുവെങ്കിൽ ഈ അവസ്ഥയിൽ അദ്ദേഹം, തന്നെ സ്വന്തം വീട്ടിൽ കൊണ്ട് പോയി നോക്കാൻ ഒരു മടിയും കാണിക്കില്ലായിരുന്നു. അഭിഷേകും തൊട്ടടുത്ത് എവിടെയെങ്കിലും ആയിരുന്നെങ്കിൽ തനിക്കൊരു സഹായമാകുമായിരുന്നു. രാമചന്ദ്രന്റെ സുഹൃത്തായ കൃഷ്ണ പ്രസാദ് കേസിന്റെ ആവശ്യവുമായി പുറത്തെങ്ങോ ആയിരുന്നു. അതുകൊണ്ട് അയാളെ പോലും ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ സ്വന്തം കാലക്കേടിനെ പഴിച്ചുകൊണ്ട് സൂര്യൻ അവിടെ കഴിച്ച് കൂട്ടി, ആരോരുമില്ലാതെ തീർത്തും അനാഥനെ പോലെ…

 

🍁🍁🍁🍁🍁

“സൂര്യാ… ദാ ഈ കഞ്ഞി കുടിക്ക് നീ.” രാത്രി അവനുള്ള പൊടിയരി കഞ്ഞിയുമായി വന്നതാണ് ശാരദ. മനസ്സിൽ എത്രയൊക്കെ സങ്കടമുണ്ടെങ്കിലും അവനൊരിക്കലും ഭക്ഷണത്തോട് നീരസം കാട്ടില്ല. ഒരുപിടി അന്നത്തിന്റെ വിലയറിയാവുന്നത് കൊണ്ട് സൂര്യൻ അവർ സ്പൂണിൽ കോരി എടുത്ത് നീട്ടിയ കഞ്ഞി മടി കൂടാതെ കുടിച്ചിറക്കി.

ഭക്ഷണം കഴിക്കുമ്പോ അവന് ഓർമ്മ വന്നത് തന്റെയൊപ്പമുള്ള നായ്ക്കുട്ടിയെ കുറിച്ചാണ്.

“എന്റെ കൂടെ ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു… ചേച്ചിക്ക്… ചേച്ചിക്ക് അതിനെപറ്റി എന്തെങ്കിലും അറിയാമോ?”

“നിന്നെ മാത്രമേ എനിക്ക് വഴിയിൽ നിന്ന് കിട്ടിയുള്ളൂ…” ഒട്ടൊരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ അവൾ പറഞ്ഞു.

“എന്റെ അടുത്തൂന്ന് മാറില്ല ചേച്ചി അവൻ. അന്ന് എന്റെ ചെറിയച്ഛനും കൂടെയുള്ളവരും അവനെ തൊഴിച്ചെറിയുന്നത് ഞാൻ കണ്ടതാ. ഇപ്പൊ അവനെന്തെങ്കിലും പറ്റിയോന്ന് ഓർത്താ എനിക്ക് പേടി.” സൂര്യന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് അവനാ മിണ്ടാ പ്രാണിയോട് എത്ര സ്നേഹമുണ്ടെന്ന് അവർക്ക് മനസ്സിലായി.

“നീ വിഷമിക്കണ്ട… നാളെ തന്നെ ഞാൻ കവലയിൽ പോയി നോക്കുന്നുണ്ട്. നമ്മളിന്ന് വീട്ടിലേക്ക് വന്നതല്ലെയുള്ളു.” ശാരദ അവനെ സമാധാനിപ്പിച്ചു.

🍁🍁🍁🍁🍁

ദിവസങ്ങൾ കഴിഞ്ഞു പോയി… ശാരദ ഇടയ്ക്കിടെ പുറത്ത് പോയി വരാറുണ്ടെങ്കിലും അവന്റെ നായ്ക്കുട്ടിയെ കുറിച്ച് ഒന്നും പറയാതിരുന്നത് സൂര്യനെ സങ്കടപ്പെടുത്തി. നായ്ക്കുട്ടിയുടെ നിറവും അവനെന്ത് പേരാണ് അതിനെ വിളിക്കുന്നതെന്നൊക്കെ അവർ ചോദിച്ചറിഞ്ഞപ്പോൾ അവനിൽ ഒരു പ്രതീക്ഷ നാമ്പിട്ടിരുന്നു. പക്ഷേ പോകപോകെ തന്നെ സമാധാനിപ്പിക്കാൻ ശാരദ വെറുതെ പറഞ്ഞതായിരിക്കുമെന്ന് വിചാരിച്ച് സൂര്യൻ, തന്റെ നായ്ക്കുട്ടിയെ ഇനിയൊരിക്കലും തിരിച്ചു കിട്ടാൻ പോകുന്നില്ലെന്നും അവനെന്തോ സംഭവിച്ചു കാണുമെന്ന് കരുതി സങ്കടം ഉള്ളിലടക്കി കഴിഞ്ഞു.

രാത്രികളിൽ അടുത്ത മുറിയിൽ നിന്ന് കേൾക്കുന്ന അടക്കി പിടിച്ച ശാരദയുടെ തേങ്ങലും മാറി മാറി വന്ന് പോകുന്ന പുരുഷന്മാരുടെ സീൽക്കാര സ്വരങ്ങളും സൂര്യനിൽ അറപ്പുളവാക്കി. ഇവർക്ക് മറ്റെന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിച്ചൂടെ എന്നവൻ ചിന്തിച്ചു പോയി. ആ ഒരു കാര്യത്തിൽ മാത്രം ശാരദയോട് വെറുപ്പുള്ളതിനാൽ അവരോട് മാനസികമായി ഒരടുപ്പം അവനുണ്ടാക്കാൻ സാധിച്ചില്ല. പരസ്പരമുള്ള അവരുടെ സംസാരം തന്നെ വളരെ കുറവായിരുന്നു.

അന്നൊരു ദിവസം രാവിലെ പതിവുപോലെ സൂര്യനെ കുളിപ്പിച്ച് വസ്ത്രം മാറ്റി ഇടിച്ച് പ്രാതലൊക്കെ നൽകി ശാരദ പുറത്തേക്ക് പോയി. സൂര്യനും ചെറിയൊരു മയക്കത്തിലായിരുന്നു. എത്ര നേരം ഉറങ്ങിയെന്ന് അവനറിയില്ലായിരുന്നു. പുറത്ത് ചോട്ടുവിന്റെ ഉറക്കെയുള്ള കുര കേട്ടാണ് സൂര്യൻ ഞെട്ടിയുണർന്നത്. അവന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

“ചോട്ടൂ…” കിടന്ന കിടപ്പിൽ അവനുറക്കെ വിളിച്ചു. മറുപടിയായി നായ്ക്കുട്ടിയുടെ കുര അവന്റെ കാതിൽ പതിഞ്ഞു.

ശാരദ മുൻവാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ചോട്ടും അകത്തേക്ക് പാഞ്ഞു.

കുറേ നാൾ തന്റെ നിഴലായി കൂടെ ഉണ്ടായിരുന്ന മിണ്ടാപ്രാണിയെ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സൂര്യനിൽ പ്രകടമായിരുന്നു. ചോട്ടു അവന്റെ കാൽകീഴിൽ മുട്ടിയുരുമി സ്നേഹം പ്രകടിപ്പിച്ച് അടുത്ത് തന്നെ നിന്നു. അവൻ കൈ നീട്ടി അതിന്റെ തലയിൽ തലോടി.

“ഇവനെ എനിക്കിനി തിരികെ കിട്ടില്ലെന്നാ വിചാരിച്ചേ. നന്ദിയുണ്ട് ചേച്ചി.” നന്ദിയോടെ സൂര്യൻ, ശാരദയെ നോക്കി.

“കുറേ അന്വേഷിച്ചിട്ടാ നിന്റെ ചോട്ടുവിനെ കിട്ടിയത്. കവലയിലൊന്നും ഇവനുണ്ടായിരുന്നില്ല. സംശയം തോന്നിയ കുറേ സ്ഥലത്തൊക്കെ തിരഞ്ഞു തിരഞ്ഞു ഒടുവിൽ നീ മുൻപ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ അടുത്തൂന്നാ ഇവനെ കിട്ടിയത്.” ആത്മസംതൃപ്തിയോടെ അവർ പറഞ്ഞു.

“ഞാനൊരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യം തോന്നരുത്.”

“നീ ചോദിക്ക് സൂര്യാ… നീയെനിക്ക് എന്റെ അനിയനെ പോലെയാ. അതുകൊണ്ട് നിനക്ക് എന്നോട് എന്തും ചോദിക്കാം.”

ശാരദയുടെ വാക്കുകൾ കേട്ടപ്പോൾ സൂര്യന്റെ മിഴികൾ ഈറനായി. തന്നെ അനിയനെ പോലെ കാണുന്ന ഇവരെ കുറച്ചു ദിവസത്തേക്കെങ്കിലും തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത്.

“ചേച്ചിക്ക് ഈ പണി നിർത്തിക്കൂടെ. എന്നും രാത്രി ഓരോരുത്തന്മാർ കള്ളും കുടിച്ചു ഇവിടെ വന്ന്… അവരോട് കാശിന് വേണ്ടി വഴക്ക് കൂടുന്ന ചേച്ചി… അതൊക്കെ കേട്ട് ഞാൻ മടുത്ത് പോയി.” മടിച്ച് മടിച്ചാണ് സൂര്യനത് പറഞ്ഞത്.

അതുവരെ ചിരിച്ചു കൊണ്ട് നിന്ന ശാരദയുടെ ഭാവം പെട്ടെന്നാണ് മാറിയത്…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button