സൂര്യനെ മോഹിച്ചവൾ: ഭാഗം 25
രചന: ശിവ എസ് നായർ
“ചേച്ചിക്ക് ഈ പണി നിർത്തിക്കൂടെ. എന്നും രാത്രി ഓരോരുത്തന്മാർ കള്ളും കുടിച്ചു ഇവിടെ വന്ന്… അവരോട് കാശിന് വേണ്ടി വഴക്ക് കൂടുന്ന ചേച്ചി… അതൊക്കെ കേട്ട് ഞാൻ ശരിക്കും മടുത്തു.” മടിച്ച് മടിച്ചാണ് സൂര്യനത് പറഞ്ഞത്.
അതുവരെ ചിരിച്ചു കൊണ്ട് നിന്ന ശാരദയുടെ ഭാവം പെട്ടെന്നാണ് മാറിയത്. അവളുടെ മിഴികൾ നിറഞ്ഞ് അധരങ്ങൾ വിറപൂണ്ടു.
“വേണമെന്ന് വച്ച് ഈ പണിക്കിറങ്ങിയതല്ല മോനെ. എന്റെ അമ്മ തന്നെയാ കണ്ടവന് കൂട്ടികൊടുത്ത് എന്നെ വേശ്യയാക്കി മാറ്റിയത്. തള്ള ചത്ത് തുലഞ്ഞപ്പോ ഈ പണി നിർത്താൻ നോക്കിയതാ. ആരും സമ്മതിച്ചില്ല… വേശ്യയ്ക്ക് ആര് ജോലി തരാനാ. കുഞ്ഞനിയനെയും കൊണ്ട് പട്ടിണി കിടന്ന് സഹികെട്ടപ്പോ അവന്റെ വിശപ്പടക്കാൻ വേണ്ടി എന്റെ ചൂട് തേടി വന്നവർക്ക് മുന്നിൽ വീണ്ടും പായ വിരിക്കേണ്ടി വന്നു. അനിയന് അറിവ് വച്ച് തുടങ്ങിയപ്പോൾ ചേച്ചി വേശ്യയാണെന്ന് തിരിച്ചറിഞ്ഞ വിഷമത്തിൽ തീവണ്ടിക്ക് മുന്നിൽ ചാടി എന്റെ കുട്ടൻ ആത്മഹത്യ ചെയ്തു.
അവൻ മരിക്കുമ്പോൾ ഏതാണ്ട് നിന്റെ പ്രായമേയുള്ളൂ. ആഗ്രഹമുണ്ടായിട്ടല്ല ഇപ്പഴും ശരീരം വിറ്റ് ജീവിക്കുന്നത്. ഒരിക്കൽ വേശ്യയായാൽ പിന്നെ നാട്ടിൽ ഒരാള് പോലും നന്നാവാനും സമ്മതിക്കില്ല വേറെ ജോലി ചെയ്ത് ജീവിക്കാനും അനുവദിക്കില്ല. കഞ്ഞി കുടിച്ചു കിടക്കാൻ ഇതല്ലാതെ വേറെ വഴിയുമില്ലല്ലോ.” പഴയ ഓർമ്മകളിൽ ശാരദയുടെ മിഴികൾ നിറഞ്ഞൊഴുകി.
“ഇതുവരെ ഉള്ളത് മറന്നേക്ക് ചേച്ചി. ഇനി ഇത് വേണ്ട. ഈ കിടപ്പിൽ നിന്ന് ഞാനൊന്ന് എണീറ്റോട്ടെ. ചേച്ചിയെ എന്റെ സ്വന്തം കൂടെപ്പിറപ്പിനെ പോലെത്തന്നെ ഞാൻ നോക്കിക്കോളാം. അതുവരെ ഉള്ളത് കൊണ്ട് കഴിയാം നമുക്ക്.”
“ഇനി ഞാനീ പണി ചെയ്യില്ല സൂര്യാ. എനിക്കിപ്പോ സ്വന്തമെന്ന് പറയാൻ നീയുണ്ടല്ലോ. അതുമതി എനിക്ക്.” നിറമിഴികൾ തുടച്ചുകൊണ്ട് അവർ മുറിക്ക് പുറത്തേക്ക് പോയി.
ഒരു നെടുവീർപ്പോടെ മച്ചിലേക്ക് കണ്ണ് നട്ട് സൂര്യൻ കിടന്നു. അവൻ കിടക്കുന്ന കട്ടിലിന് താഴെ ചുരുണ്ടുകൂടി ചോട്ടുവും ഉണ്ടായിരുന്നു.
🍁🍁🍁🍁🍁
എന്തായാലും ശാരദ പറഞ്ഞ വാക്ക് പാലിച്ചു. ഇരുളിന്റെ മറവ് പറ്റി അവളുടെ ചൂട് തേടി എത്തിയവർക്ക് നേരെ അവൾ പിന്നെ പായ വിരിച്ചില്ല. സന്ധ്യ ആകുമ്പോൾ തന്നെ ശാരദ വീടിന്റെ മുൻ വാതിലും പിൻ വാതിലും അടച്ചു പൂട്ടും.
കാമവെറി പൂണ്ട് എത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നപ്പോൾ മുതൽ നാട്ടിൽ പുതിയ കഥകൾ പ്രചരിക്കാൻ തുടങ്ങി. സൂര്യനെയും ശാരദയെയും ചേർത്താണ് ആളുകൾ കഥയുണ്ടാക്കാൻ തുടങ്ങിയത്.
കിളുന്ത് പയ്യനെ കൂടെ കിടത്താൻ കിട്ടിയപ്പോൾ ബാക്കിയെല്ലാവരെയും അവൾ ഒഴിവാക്കിയെന്നും അമ്പാട്ടെ ചെക്കന്റെ യോഗം നോക്കണേ ഇത്തിരിയില്ലാത്ത ചെക്കന് ഈ വൃത്തികേട് കാണിക്കണമായിരുന്നോ തുടങ്ങി പല തരത്തിലുള്ള അസഭ്യങ്ങൾ അവർക്കെതിരെ നാട് മുഴുവൻ പരന്നു.
തളർന്ന് കിടക്കുന്ന രാമചന്ദ്രന്റെ ചെവിയിലും ജാനകി സൂര്യനെ കുറിച്ചുള്ള വാർത്ത എത്തിച്ചു. അവൻ പരിക്ക് പറ്റി കിടപ്പിലായതൊന്നും അവൾ അയാളോട് പറഞ്ഞിരുന്നില്ല. പകരം, സൂര്യൻ വേശ്യയായ ശാരദയ്ക്കൊപ്പമാണ് താമസമെന്നും ശാരദയിപ്പോൾ അവനെ വച്ച് കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാരിൽ നിന്നറിഞ്ഞത് അതേപോലെ അയാളോട് പറഞ്ഞു.
സൂര്യൻ ഇത്രയ്ക്കും തരം താണ് പോകില്ലെന്ന് രാമചന്ദ്രനുറപ്പായിരുന്നു. പക്ഷേ അയാളെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ വരുന്ന ആളുകളിൽ നിന്നും ജാനകി പറഞ്ഞ കാര്യങ്ങൾ തന്നെ കേൾക്കാൻ തുടങ്ങിയപ്പോൾ അയാളും അത് വിശ്വസിച്ചു പോയി. അവരാരും സൂര്യൻ അടികൊണ്ട് ആശുപത്രിയിൽ കിടപ്പിലായതൊന്നും പറഞ്ഞതുമില്ലായിരുന്നു. ഇനിയാ ചെക്കനുമായി ഒരടുപ്പവും വയ്ക്കണ്ടെന്ന് മാത്രം എല്ലാവരും ഉപദേശിച്ചു.
ഇനി സൂര്യനെ വഴിയിൽ വച്ച് കണ്ടാൽ പോലും മിണ്ടരുതെന്ന് നീലിമയോട് ജാനകി താക്കീത് ചെയ്തു. അച്ഛനും അത് ശരി വയ്ക്കുന്നത് പോലെ കണ്ണ് ചിമ്മി കാണിച്ചതും അവളക്കാര്യം അക്ഷരം പ്രതി അനുസരിച്ചു.
രാമചന്ദ്രന്റെ സുഹൃത്ത് അഡ്വക്കേറ്റ് കൃഷ്ണ പ്രസാദ് നാട്ടിലില്ലാത്തതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി അയാളറിയാതെ പോയി.
🍁🍁🍁🍁🍁
ദിവസങ്ങൾ വേഗത്തിൽ കടന്ന് പൊയ്ക്കൊണ്ടിരുന്നു. കേസിന്റെ ആവശ്യവുമായി തിരുവനന്തപുരം പോയിരുന്ന കൃഷ്ണ പ്രസാദ് നാട്ടിൽ മടങ്ങിയെത്തിയിരുന്നു. വന്നപാടെ സൂര്യന്റെ വിശേഷങ്ങളൊക്കെ നാട്ടുകാർ പറഞ്ഞറിഞ്ഞു. അവനെ പോയി കണ്ട് സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കണമെന്ന് കരുതിയെങ്കിലും ശാരദയുടെ വീട്ടിലേക്ക് പോകാൻ കൃഷ്ണ പ്രസാദ് മടിച്ചു. പകരമയാൾ രാമചന്ദ്രനെ കാണാനായി ആവണിശ്ശേരിയിലേക്ക് പോയപ്പോൾ കാണുന്നത് വെള്ള പുതച്ചു കിടത്തിയിരിക്കുന്ന അയാളുടെ മൃതദേഹമാണ്.
രാത്രി പെട്ടെന്ന് നെഞ്ചുവേദന വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴി മരണപ്പെടുകയായിരുന്നു.
അച്ഛന്റെ ചേതനയറ്റ ശരീരത്തിനരികിൽ വാടിയ താമരമൊട്ട് പോലെ കിടക്കുന്ന നീലിമയെ കണ്ട് കൃഷ്ണ പ്രസാദിന് അവളോട് അലിവ് തോന്നി. അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥയായി തീർന്നവൾക്കിനി ചെറിയമ്മയെ ആശ്രയിച്ചു കഴിയേണ്ടി വരും. ജാനകിക്ക് പിന്നെ അവളെ ഇഷ്ടമുള്ളത് കൊണ്ട് കൃഷ്ണ പ്രസാദിന് നീലിമമയെ കുറിച്ചോർത്ത് വലിയ ആധി തോന്നിയില്ല. പക്ഷേ സൂര്യനെ കാണാനോ അവന്റെ വിവരങ്ങൾ അന്വേഷിച്ചു അറിയാനോ അയാൾക്ക് കഴിഞ്ഞിരുന്നില്ല.
രാമചന്ദ്രൻ മരണപ്പെട്ട വിവരം വളരെ വൈകിയാണ് സൂര്യൻ അറിഞ്ഞത്. കവലയിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയപ്പോൾ ആരൊക്കെയോ പറയുന്നത് കേട്ടാണ് ശാരദ കാര്യമറിയുന്നത്.
അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോന്നുള്ള സങ്കടം മാത്രം സൂര്യനിൽ ബാക്കിയായി. അച്ഛനും അമ്മയും നഷ്ടമായ നീലിമയും തന്നെപോലെ അനാഥയായി പോയല്ലോ എന്നവനോർത്തു. കുറച്ചു നാൾ കൂടെ റസ്റ്റ് എടുത്താലേ അവൻ പൂർണ്ണ സുഖം പ്രാപിക്കുകയുള്ളൂ. അതുവരെ വീടിനുള്ളിൽ കഴിച്ച് കൂട്ടാതെ നിവൃത്തിയില്ല.
എണീറ്റ് നടക്കാൻ തുടങ്ങി കഴിഞ്ഞാൽ ആവണിശ്ശേരി വരെ ഒന്ന് പോയി നീലിമയെയും രാമചന്ദ്രന്റെ അമ്മയെയും കാണണമെന്ന് സൂര്യൻ മനസ്സിലുറപ്പിച്ചു. ഒപ്പം വക്കീലിനെയും കാണണമെന്നവൻ വിചാരിച്ചു.
ദിവസങ്ങൾ കടന്ന് പോകുന്നതിനനുസരിച്ച് സൂര്യന്റെ ആരോഗ്യവും മെച്ചപ്പെട്ട് തുടങ്ങി. മെല്ലെ മെല്ലെ എണീറ്റിരിക്കാനും നടക്കാനും തുടങ്ങിയപ്പോൾ വൈകുന്നേരങ്ങളിൽ ചോട്ടുവിനെയും കൂട്ടിയവൻ പുഴക്കരയിൽ ചെന്നിരിക്കുന്നതും പതിവായി.
അമ്മയായും ചേച്ചിയായും ഒപ്പം നിന്ന് അവന് പഴയ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ശാരദയും നന്നായി കഷ്ടപ്പെട്ടു. കൃത്യ സമയത്ത് ഭക്ഷണം കിട്ടി തുടങ്ങിയപ്പോൾ ചോട്ടും നല്ല ആരോഗ്യവാനായ നായ്ക്കുട്ടിയായി മാറി. ഒരു നിമിഷം പോലും സൂര്യനെ തനിച്ചു വിടാതെ അവന് പിന്നാലെ നിഴല് പോലെ ചോട്ടുവുണ്ടായിരുന്നു.
സൂര്യന്റെ എണീറ്റ് നടന്ന് തുടങ്ങിയ വിവരങ്ങളൊക്കെ സുശീലനും അളിയന്മാരും അറിയുന്നുണ്ടായിരുന്നു. തങ്ങൾക്ക് അനുകൂലമായൊരു സാഹചര്യമല്ലാത്തതിനാൽ അവർ താൽക്കാലത്തേക്കൊന്ന് ഒതുങ്ങി കൂടിയിരിക്കുകയാണ്.
പരസഹായം കൂടാതെ നടക്കാനായപ്പോൾ സൂര്യൻ കൃഷ്ണ പ്രസാദിനെ കാണാനായി പുറപ്പെട്ടു. കേസിന്റെ കാര്യം എന്തായെന്ന് അറിയാതായിട്ട് നാളുകൾ കഴിഞ്ഞിരുന്നു. താൻ ഒന്നും അന്വേഷിക്കതായപ്പോൾ വക്കീൽ തന്റെ കേസ് ഒഴിവാക്കി വിട്ടോന്നൊക്കെ ഓർത്ത് അവന് പരിഭ്രമം ഏറിയിരുന്നു.
സൂര്യൻ ചെല്ലുമ്പോൾ കൃഷ്ണ പ്രസാദ് വീട്ടിൽ തന്നെയുണ്ടായിരുന്നു. അവനെ കണ്ടതും അമ്പരപ്പോടെ അയാൾ അവന്റെയടുത്തേക്ക് വന്നു.
“സൂര്യാ… ഞാൻ വിചാരിച്ചു നീയീ വഴിയൊക്കെ മറന്നൂന്ന്. നിനക്കിപ്പോ എങ്ങനെയുണ്ട്? ഭേദമുണ്ടോ? പഴയ പോലെ നടക്കൊനൊക്കെ പറ്റുന്നോ?”
“അതിനൊന്നും കുഴപ്പമില്ല സർ… കുറച്ചു നാൾ റസ്റ്റ് എടുക്കേണ്ടി വന്നിരുന്നു. പൂർണ്ണ വിശ്രമം ലഭിച്ചത് കൊണ്ട് ഇപ്പൊ എണീറ്റ് നടക്കാനായി. കിടപ്പായി പോയതുകൊണ്ട് ഇങ്ങോട്ട് വരാൻ പറ്റിയില്ല.”
“നിന്റെ വിവരങ്ങളൊന്നും അറിയാൻ കഴിയാത്തോണ്ട് ശാരദയുടെ വീട്ടിലേക്ക് വന്നാലോന്ന് പല തവണ ചിന്തിച്ചതാ. പിന്നെ അത് വേണ്ടെന്ന് വച്ചു. കുടുംബവും കുട്ടികളുമായിട്ട് ഇതുവരെ സമാധാനത്തോടെ കഴിഞ്ഞു പോകുന്നുണ്ട്. അതിനിടയ്ക്ക് നിന്നെ കാണാൻ വേണ്ടിയായാലും അവിടേക്ക് വരുന്നത് നാട്ടുകാർ ആരെങ്കിലും കണ്ട് കഴിഞ്ഞാൽ പിന്നെ കുടുംബത്തെ സമാധാനം നഷ്ടപ്പെടാൻ ആ കാരണം മതി… ഇക്കാരണം കൊണ്ടാ നിന്നെ കാണാൻ വരാത്തത്. മനഃപൂർവം നിന്നെ ഒഴിവാക്കിയെന്ന തോന്നലൊന്നും വേണ്ട കേട്ടോ.” വാത്സല്യത്തോടെ കൃഷ്ണ പ്രസാദ് അവന്റെ ശിരസ്സിൽ തലോടി.
“അതിലൊന്നും എനിക്ക് പരാതിയില്ല സർ. സാർ അങ്ങോട്ട് വരാത്തത് തന്നെയാ നല്ലത്. ഇപ്പൊ ഇവിടുള്ളവർ എന്നെയും ശാരദേച്ചിയെയും ചേർത്ത് ഓരോന്ന് പറഞ്ഞുണ്ടാക്കുന്ന തിരക്കിലാ. അവർ ആ പണി നിർത്തിയത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. എന്നെ ആരെന്തു പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന് ആരെയും ഭയക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് സർ അങ്ങോട്ട് വരാത്തതിൽ എനിക്കൊരു സങ്കടവുമില്ല.”
“മ്മ്മ്… രാമചന്ദ്രന്റെ കാര്യം നീ അറിഞ്ഞില്ലേ?”
“അറിഞ്ഞു… മരിച്ചപ്പോ ആ മുഖം ഒന്ന് കാണാൻ കൂടി പറ്റിയില്ലല്ലോ എന്നോർത്ത് വിഷമമുണ്ട് സർ. നീലിമ മോളും ഒറ്റയ്ക്കായി പോയില്ലേ.”
“ജാനകിക്ക് ആ കൊച്ചെന്ന് വച്ചാൽ ജീവനാ. അതുകൊണ്ട് മോളെ കുറിച്ചോർത്തു വിഷമം വേണ്ട. എന്നാലും ഇനിയും എത്ര നാൾ ജീവിക്കേണ്ടവനാ. ഇത്ര പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചതല്ല.”
കുറച്ചു സമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല. കൃഷ്ണ പ്രസാദ് അവനെ അകത്തേക്ക് വിളിച്ചിരുത്തി കുടിക്കാൻ ചായയും കഴിക്കാൻ പലഹാരങ്ങളും നൽകി. ആ സമയത്തെല്ലാം സൂര്യന് കാവലെന്നോണം ചോട്ടു ഗേറ്റിന് അരികിൽ തന്നെ നിലയുറപ്പിച്ചിരുന്നു.
“നമ്മുടെ കേസ് എന്തായി സർ…” ചായ കുടി കഴിഞ്ഞ് ഇരിക്കുമ്പോൾ അവൻ ചോദിച്ചു.
“അവസാന വിധി എന്തായാലും നമുക്ക് അനുകൂലമായേ വരു സൂര്യാ. അവന്മാർ കേസ് വെറുതെ നീട്ടികൊണ്ട് പോകാൻ നല്ല പൈസയിറക്കുന്നുണ്ട്. അതാണ് കേസ് വിളിക്കാൻ പോലും താമസം നേരിടുന്നത്.”
“തോൽക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവരെന്തിനാ സർ ഇങ്ങനെ ചെയ്യുന്നത്.”
“എനിക്ക് തോന്നുന്നു, കിട്ടാവുന്നതിന്റെ മാക്സിമം ആദായം അവിടെ നിന്ന് ഉണ്ടാക്കിയ ശേഷം എല്ലാം നിനക്ക് കിട്ടിക്കോട്ടേ എന്നായിരിക്കും അവർ ചിന്തിട്ടുണ്ടാകുക. അങ്ങനെയാണെങ്കിൽ സുശീലൻ ആ തറവാട് വിട്ടിറങ്ങുമ്പോൾ അതിന്റെ അസ്ഥിവാരം വരെ തൊണ്ടിയെടുത്തുകൊണ്ടാകും പോവുക. അത് തന്നെയാണ് അവരുടെ ഉദേശവും. എത്രയും പെട്ടെന്ന് അവരെയൊക്കെ അവിടുന്ന് അടിച്ചിറക്കിയില്ലെങ്കിൽ അവസാനം കേസിന്റെ വിധി വന്ന് നീയാണ് അവകാശിയെന്ന് തെളിയുമ്പോഴേക്കും അമ്പാട്ട് പറമ്പിൽ തറവാട് നശിച്ചു പോയിട്ടുണ്ടാകും.”
“എന്തായാലും ഞാൻ ജീവിച്ചിരിക്കുമ്പോൾ സുശീലന്റെ ഉദ്ദേശം നടക്കില്ല സർ. ഇത്രയ്ക്കൊന്നും ഞാൻ കടന്ന് ചിന്തിരുന്നില്ല. കോടതിയിലെ കാര്യങ്ങൾ സർ നോക്കിക്കോ… സുശീലനെ ഒതുക്കുന്നത് ഞാൻ നോക്കിക്കോളാം.” സൂര്യന്റെ കണ്ണുകളിൽ പകയെരിഞ്ഞു.
“സൂക്ഷിക്കണം സൂര്യാ… ഇനിയൊരിക്കൽ കൂടി അവരുടെ അടുത്ത് പെട്ട് പോകരുത് നീ. എങ്കിൽ ജീവൻ പോലും ബാക്കിയുണ്ടാവില്ല.”
“അങ്ങനെയൊന്നും ഉണ്ടാവില്ല സർ..” മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ച ശേഷം കൃഷ്ണ പ്രസാദിനോട് നന്ദി പറഞ്ഞ് സൂര്യൻ അവിടുന്ന് എഴുന്നേറ്റു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…