Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 32

രചന: ശിവ എസ് നായർ

സൂര്യന് പെണ്ണ് നോക്കി തളർന്ന്, അവസാനം പരമു പിള്ള ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ബ്രോക്കർ വഴി അടുത്ത നാട്ടിൽ നിന്നൊരു പെൺകുട്ടിയുടെ ആലോചന സൂര്യന് വരുന്നത്. സൂര്യന്റെ ചുറ്റുപാടുകളൊക്കെ അറിഞ്ഞ് പെൺ വീട്ടുകാർ സമ്മതം അറിയിച്ചിട്ടുണ്ട്. നല്ലൊരു ദിവസം നോക്കി ചെറുക്കനോട് പെണ്ണ് കാണാൻ വരാനായി പെൺകുട്ടിയുടെ വീട്ടുകാർ ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ കാര്യസ്ഥനെയും കൂട്ടികൊണ്ട് വരുന്ന ഞായറാഴ്ച അങ്ങോട്ട്‌ പോകാൻ സൂര്യൻ തീരുമാനിച്ചു.

ദിവസങ്ങൾ ഓടി മറഞ്ഞുകൊണ്ടിരുന്നു… നാട്ടുകാർക്കിടയിൽ സൂര്യനെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പരദൂഷണങ്ങൾ പറഞ്ഞ് പരത്താൻ ആളുണ്ടെങ്കിലും കാശിന് ആവശ്യം വന്നാൽ നാണക്കേട് മറന്ന് ഒരു ഉളുപ്പും ഇല്ലാതെ ആളുകൾ സൂര്യന് മുന്നിൽ കൈ നീട്ടാൻ തുടങ്ങിയിരുന്നു. അങ്ങനെ കൊടുത്ത് കൊടുത്ത് അവസാനം പലിശയ്ക്ക് പണം കൊടുക്കുന്ന പരിപാടി അവൻ ആരംഭിച്ചു. കൃത്യ സമയത്ത് കാശ് മടക്കി തരാത്തവർ സൂര്യന്റെ കൈചൂട് അറിയാൻ തുടങ്ങിയപ്പോൾ വാങ്ങുന്നവർ കൃത്യമായി പലിശയും മുതലും പറഞ്ഞ സമയത്ത് തന്നെ സൂര്യന് മുന്നിൽ എത്തിക്കാൻ തുടങ്ങി.

അച്ഛനെ പോലെ ജനസമ്മതനായൊരു വ്യക്തിയായി മാറാനാണ് അവൻ ആഗ്രഹിച്ചത്. പക്ഷേ സുശീലന്റെ വാക്കും കേട്ട് കുറേ നാൾ അച്ഛനെ അവിശ്വസിച്ച നാട്ടുകാരോട് സൂര്യന് മനസ്സിൽ കടുത്ത ദേഷ്യം തന്നെയായിരുന്നു. സുശീലൻ ജയിലിലായപ്പോൾ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായെങ്കിലും ചിലരൊക്കെ രണ്ട് ഭാഗവും പറഞ്ഞ് ഇരുകൂട്ടരേയും കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്തായാലും ആ സംഭവത്തോടെ സൂര്യൻ മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു. കോടതി വിധി കൂടി സൂര്യന് അനുകൂലമായതോടെ തറവാടും സ്വത്തുക്കളും അവന്റെ മാത്രമായി തീർന്നു.

കൈയ്യിൽ പണമുള്ളവന്റെ പിന്നാലെയെ ആളുകൾ പോവുകയുള്ളൂ, അവന്റെ വാക്കിനേ നാലാൾക്ക് മുന്നിൽ വിലയുണ്ടാകൂ എന്ന തത്വം സൂര്യന്റെ കാര്യത്തിലും ശരിയായി. നാട്ടിലെ മിക്ക പൊതുപരിപാടികൾക്കും ആളുകൾ സൂര്യന്റെ അഭിപ്രായം ആരായാനും ധന സഹായത്തിനായും അവന്റെ മുന്നില്ലെത്തുന്നത് പതിവ് കാഴ്ചയായി മാറി.

സൂര്യന്റെ വളർച്ചയിൽ അസൂയ പൂണ്ടവരും അത്ഭുതം കൂറുന്ന ആളുകളും അവൻ നന്നായി കണ്ടതിൽ സന്തോഷിക്കുന്നവരും ആ നാട്ടിലുണ്ട്. അമ്പാട്ട് പറമ്പിലെ സൂര്യ നാരായണനെന്ന് കേട്ടാൽ ഭയം കലർന്നൊരു ബഹുമാനം നാട്ടുകാരിൽ അറിയാതെ തന്നെ നാമ്പിട്ടു.🤭

🍁🍁🍁🍁🍁

കാത്തിരിപ്പുകൾക്കൊടുവിൽ ഞായറാഴ്ച ദിവസം വന്നെത്തി. രാവിലെ തന്നെ തറവാട്ട് കുളത്തിൽ പോയി അവൻ വിസ്‌തരിച്ചൊരു കുളി നടത്തി. ശേഷം ഈറൻ മാറി കരിനീല കരയുള്ള മുണ്ടും അതേ നിറത്തിലെ ഷർട്ടും അണിഞ്ഞ് മുടിയൊക്കെ ചീകി മിനുക്കി മീശ പിരിച്ചു വച്ച് സൂര്യൻ നന്നായൊന്ന് ഒരുങ്ങി. ഇപ്പോൾ ആര് കണ്ടാലും അവനെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടും.

സൂര്യൻ ഒരുങ്ങി ഇരുമ്പോഴേക്കും പരമു പിള്ളയും യാത്ര പുറപ്പെടാൻ തയ്യാറായി എത്തിയിരുന്നു. തറവാട് പൂട്ടി ഇരുവരും പോകാനായി തുടങ്ങുമ്പോഴാണ് അമ്പല കമ്മറ്റിക്കാർ അവിടേക്ക് വരുന്നത് അവർ കാണുന്നത്.

“എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങിയതാണോ സൂര്യാ.” അവനോട് കുശലം ചോദിച്ചു കൊണ്ട് അമ്പലത്തിലെ സെക്രട്ടറി ഉദയൻ അവർക്കടുത്തേക്ക് വന്നു.

“ഒരു പെണ്ണ് കാണലുണ്ടായിരുന്നു ഉദയേട്ടാ… അടുത്ത ഗ്രാമത്തിലാ… ഇപ്പഴേ ഇറങ്ങിയാലേ ഉച്ചക്ക് മുൻപ് അവിടെ എത്തൂ. എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വന്നതാണോ.” ഉദയനെയും കൂടെ വന്നവരെയും സൂര്യൻ ഉമ്മറ കോലായിലേക്ക് വിളിച്ചിരുത്തി.

“വന്ന കാര്യം പറഞ്ഞേച്ച് ഞങ്ങള് ഇപ്പോ തന്നെ പോയേക്കാം. ഞങ്ങൾ വന്ന കാരണം നേരം വൈകിയിട്ട് പെണ്ണ് കാണല് മുടങ്ങണ്ട.” ഉദയന്റെ മുഖഭാവം കണ്ടതും എന്തോ ഗൗരവമുള്ള സംഗതിയാണ് അയാൾക്ക് പറയാനുള്ളതെന്ന് അവന് തോന്നി.

“എന്താ കാര്യം ഉദയേട്ടാ…” അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ഒരിക്കൽ പോലും ദേവിയുടെ മുന്നിലേക്കവൻ പോയിട്ടില്ല. അതുകൊണ്ട് തന്നെ അമ്പലത്തിലെ വിശേഷങ്ങൾ ഒന്നുംതന്നെ സൂര്യൻ അറിയാറുമില്ല.

“ഞങ്ങൾ വന്നത് ഇക്കൊല്ലത്തെ ഉത്സവം നടത്തുന്നതിനെ കുറിച്ച് പറയാനായിരുന്നു. സുരേന്ദ്രൻ ചേട്ടൻ മരിക്കുന്നത് വരെ എല്ലാം ചേട്ടൻ തന്നെ ഏറ്റെടുത്തു നടത്തിയിരുന്നതാണ്. അദ്ദേഹം മരിച്ച ശേഷം സുശീലൻ കുറച്ച് ധനസഹായം ചെയ്തിട്ടുണ്ട്. പിന്നെയുള്ള വർഷങ്ങളിൽ നാട്ടുകാരിൽ നിന്നും പിരിവെടുത്തും കാശുള്ള മറ്റ് പ്രമാണിമാർ ആരെങ്കിലും ഏറ്റെടുത്തുമാണ് ഏഴ് ദിവസത്തെ ഉത്സവം നല്ല രീതിയിൽ കൊണ്ട് പോയിരുന്നത്.

പക്ഷേ ഇത്തവണ നാട്ടുകാരെ പിരിവ് മാത്രേ ഇതുവരെ പിരിഞ്ഞു ആയിട്ടുള്ളു. കഴിഞ്ഞ വർഷം കൊടിയിറക്കത്തിന്റെയന്ന് വെടി മരുന്ന് പൊട്ടിത്തെറിച്ചു കുറേപേർക്ക് അപകടം പറ്റുകയും അതിന്റെ പേരിൽ ഉത്സവം അലമ്പാവുകയും ചെയ്തോണ്ട് ഇത്തവണ ആരും ഉത്തരവാദിത്വം ഏല്ക്കാൻ തയ്യാറാവുന്നില്ല.

വെടിമരുന്ന് പൊട്ടി പരിക്ക് പറ്റിയവരുടെ കുടുംബത്തിന് ധന സഹായം ചെയ്യേണ്ടി വന്നത് കഴിഞ്ഞ കൊല്ലത്തെ ഉത്സവം നടത്തിയ ഉത്തമൻ ചേട്ടനായിരുന്നു. അതിന്റെ പേരിൽ നല്ലൊരു തുക ചിലവായിട്ടുണ്ട്. ഇതൊക്കെ കൊണ്ട് ആരും ഇത്തവണ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല. സുരേന്ദ്രൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു.

ഭഗവതിയുടെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരാൻ പാടില്ല സൂര്യാ. നിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഈ ഉത്സവം ഏറ്റെടുത്തു നടത്താൻ നിനക്ക് സമ്മതമാണോ. ഇപ്പൊത്തന്നെ ഒരു മറുപടി പറയണമെന്നില്ല ആലോചിച്ചു പറഞ്ഞാൽ മതി.” അനുനയത്തിൽ ഉദയൻ പറഞ്ഞു.

“എന്റെ കഷ്ടകാലം പിടിച്ച സമയത്ത് നിങ്ങളാരെയും ഈ വഴി കണ്ടില്ലല്ലോ. അതുപോലെ എന്റെ ചെറിയച്ഛന്റെ വാക്കും കേട്ട് നിങ്ങളുടെ എല്ലാരുടെയും ക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന അച്ഛനെ പോലും കൊള്ളരുതാത്തവനായി നിങ്ങൾ കണ്ടില്ലേ.” എല്ലാം കേട്ട ശേഷം അങ്ങനെ ചോദിക്കാനാണ് സൂര്യന് തോന്നിയത്.

“തെറ്റിദ്ധാരണയുടെ പേരിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയി സൂര്യാ. അതിലിപ്പോ എല്ലാവർക്കും കുറ്റബോധവുമുണ്ട്. പക്ഷേ കഴിഞ്ഞതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ. നീയും അച്ഛനുമൊക്കെ ഒരു തെറ്റും ചെയ്തില്ലെന്ന് ഞങ്ങൾക്കൊക്കെ ബോധ്യമായില്ലേ. ഇതിന്റെ പേരിൽ സൂര്യാ… നീ ദേവിയുടെ കാര്യത്തിൽ മുടക്കം വരുത്തരുത്. ഈ നാട്ടിലിപ്പോ നീ മാത്രേയുള്ളു ഉത്സവം നടത്താൻ. ഒന്നൂടെ നന്നായൊണ് ആലോചിച്ചു പറഞ്ഞാൽ മതി നീ. ഇപ്പോ ഞങ്ങൾ ഇറങ്ങുവാ.”

വന്ന കാര്യം തഞ്ചത്തിൽ അവതരിപ്പിച്ച ശേഷം ഉദയനും കൂട്ടരും വേഗം തന്നെ മടങ്ങി.

“മാമാ… ഇത്തവണത്തെ ഉത്സവം ഞാൻ ഏൽക്കണോ?” പരമുപിള്ളയുടെ അഭിപ്രായം അറിയാനായി അവൻ ചോദിച്ചു.

“നീയത് ഏറ്റെടുത്ത് നടത്ത് സൂര്യാ. എത്ര വർഷമായി നീ ദേവിക്ക് മുൻപിൽ ചെന്നിട്ട്. ഇത്തവണയെങ്കിലും ഭഗവതിയോടുള്ള പരിഭവം വെടിഞ്ഞു നീ അങ്ങോട്ട്‌ ചെല്ല്. ഇപ്പ്രാവശ്യം ഉത്സവം നീ തന്നെ നടത്തണമെന്നായിരിക്കും ദേവിയുടെ ആഗ്രഹവും. നമ്മൾക്ക് സംഭവിച്ച നഷ്ടങ്ങൾക്ക് ഭഗവതിയെ പഴി ചാരിയിട്ട് കാര്യമില്ല. അതൊക്കെ അനുഭവിക്കുകയെന്നത് നമ്മുടെ വിധിയാണ്. അതുകൊണ്ട് ഇനിയും ഈ അമ്പലത്തിൽ പോകാതെയുള്ള ഇരിപ്പ് മതിയാക്കി ദേവിയുടെ ഉത്സവം ഏറ്റെടുത്ത് ഭംഗിയാക്കാൻ നോക്ക്. അതിനുള്ള കഴിവും സമ്പത്തും നിനക്കിപ്പോ ഉണ്ടല്ലോ.”

പരമുപിള്ളയുടെ വാക്കുകൾ സൂര്യനെ മാറ്റി ചിന്തിപ്പിച്ചു. ഒട്ടൊരു നേരത്തെ ആലോചനയ്ക്കൊടുവിൽ അക്കാര്യം ഏറ്റെടുക്കാൻ തന്നെ അവൻ തീരുമാനിച്ചു.

🍁🍁🍁🍁

സമയം വൈകിപ്പിക്കാതെ തന്നെ കാര്യസ്ഥനെയും കൂട്ടി സൂര്യൻ പെണ്ണ് കാണാനായി പുറപ്പെട്ടു. അവന്റെ ജീപ്പിലാണ് ഇരുവരും യാത്ര തിരിച്ചത്. രണ്ട് മണിക്കൂർ നേരത്തെ യാത്രയ്ക്കൊടുവിൽ അവർ പെൺകുട്ടിയുടെ നാട്ടിലെത്തി ചേർന്നു. ഇടയ്ക്ക് വച്ച് ബ്രോക്കറും അവർക്കൊപ്പം കൂടിയത് കൊണ്ട് വഴി തെറ്റാതെ കൃത്യമായി മൂവരും എത്തേണ്ട സമയത്ത് അവിടെയെത്തി.

ഒരു ചെറിയ ഓടിട്ട വീടിന് മുന്നിൽ ജീപ്പ് നിർത്തിയ ശേഷം സൂര്യനും മറ്റുള്ളവരും വണ്ടിയിൽ നിന്നിറങ്ങി. പെണ്ണിന്റെ അച്ഛൻ അവരെ ആദരവോടെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

കുറച്ചു സമയത്തെ കുശലാന്വേഷണങ്ങൾക്കൊടുവിൽ കൈയ്യിൽ ചായകപ്പ് അടങ്ങിയ ട്രേയുമായി അവൾ വന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button