Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 36

രചന: ശിവ എസ് നായർ

“മുഹൂർത്തമായി… ഇനി താലി കെട്ടിക്കോളൂ.” ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വച്ച് പൂജിച്ചെടുത്ത താലി മാല സൂര്യന് നേർക്ക് നീട്ടി തിരുമേനി പറഞ്ഞു.

സൂര്യനാ താലി മാല കൈയ്യിൽ വാങ്ങി ഒരു നിമിഷം തന്റെ അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സൂര്യൻ നിർമ്മലയുടെ കഴുത്തിൽ താലി ചാർത്തി. അതുവരെ വിങ്ങലടക്കി നിന്ന പെണ്ണിന്റെ മിഴികളിൽ നിന്നും ഒരിറ്റ് നീർതുള്ളി കവിളിനെ നനച്ച് കൊണ്ട് പെയ്തിറങ്ങി.

ദുഃഖം തളംകെട്ടി നിൽക്കുന്ന നിർമലയുടെ മുഖം കാണവേ സൂര്യനിലും നേരിയ അസ്വസ്ഥത പടർന്നു. പക്ഷേ അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ആശ്വാസമായിരുന്നു.

വിവാഹകൂടാൻ വന്നവർക്കൊക്കെ കെങ്കേമമായ സദ്യ തറവാട്ടിൽ ഒരുങ്ങി കഴിഞ്ഞിരുന്നു. താലികെട്ട് കഴിഞ്ഞതും എല്ലാവരും സദ്യ കഴിക്കാനായി പോകാൻ തുടങ്ങി. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരുടെയും ആശീർവാദം വാങ്ങി പെണ്ണും ചെക്കനും അമ്പാട്ട് പറമ്പിലേക്ക് പുറപ്പെട്ടു.

ടാക്സി കാറിൽ തറവാട്ടിലേക്ക് പോകുമ്പോൾ നിർമല നിശബ്ദമായി തേങ്ങുകയായിരുന്നു.

“എന്ത് പറ്റി നിർമലേ? നല്ലൊരു ദിവസമായിട്ട് നീയെന്താ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത്. അന്ന് പെണ്ണ് കാണാൻ വന്നപ്പോഴും താൻ ഇങ്ങനെ തന്നെയായിരുന്നു. എന്തേ ഈ വിവാഹത്തിന് തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ലേ?”

“ഞാൻ… എനിക്ക്… എനിക്കെങ്ങനെ പറയണമെന്നറിയില്ല… ഞാൻ…” അത്രയും പറയുമ്പോഴേക്കും അവൾ നിയന്ത്രണം വിട്ട് കരഞ്ഞുപോയി.

“ഏയ്‌… താൻ കരയല്ലേ… ഇപ്പൊ താനൊന്നും പറയണ്ട… വെറുതെ കരഞ്ഞു മറ്റുള്ളവരെ കൂടി അറിയിക്കാൻ നിൽക്കണ്ട. തന്റെ ഏത് പ്രശ്നത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം.” നിർമ്മലയുടെ കൈകളിൽ അമർത്തി പിടിച്ച് അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

എങ്ങലടക്കാൻ പാടുപെട്ട് കൊണ്ട് അവൾ മിഴികൾ തുടച്ച് പുറത്തേക്ക് കണ്ണ് നട്ടിരുന്നു.

പെണ്ണും ചെക്കനും കയറിയ കാർ തറവാട്ട് മുറ്റത്തെത്തുമ്പോൾ സൂര്യന്റെ കൈപിടിച്ചവൾ പുറത്തേക്ക് ഇറങ്ങി. നിർമലയ്ക്കെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അവന് തോന്നിയത് കൊണ്ട് അവൾക്ക് താങ്ങെന്നോണം സൂര്യന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു. അവന്റെ കൈകോർത്തവൾ പടിപ്പുര കടന്ന് മുറ്റത്തേക്ക് കാലെടുത്തു വച്ചു.

വധൂവരന്മാരെ ആരതി ഉഴിയുകയും പെണ്ണിന് നിലവിളക്ക് കൊടുത്ത് അകത്തളത്തേക്ക്
സ്വീകരിക്കുകയും ചെയ്തത് കാര്യസ്ഥൻ പരമു പിള്ളയുടെ ഭാര്യയാണ്.

അയാളും ഭാര്യയും പെണ്മക്കളും സൂര്യന്റെ കാര്യത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു. ശാരദ മാത്രം കല്യാണത്തിന് പങ്കെടുത്തിട്ട് അതുവഴി സ്വന്തം വീട്ടിലേക്ക് പോയി. സൂര്യന്റെ പുതിയ ജീവിതംത്തിൽ തന്റെ പേര് ചൊല്ലി ഒരു കല്ല് കടി വരണ്ടെന്ന് കരുതി തന്റെ വീട്ടിൽ ഇനി വരരുതെന്ന് പറഞ്ഞ് അവരവനെ വിലക്കിയിരുന്നു. ഇനി പഴയത് പോലെ അങ്ങോട്ട്‌ ഓടിക്കേറി വരാനും താമസിക്കാനും പാടില്ലെന്നും അത് ചിലപ്പോൾ നിർമലയ്ക്ക് ഇഷ്ടമാകില്ലെന്നും സ്വന്തം ജീവിതം തകരാതെ നോക്കണമെന്നും അവനെ ശാരദ ഉപദേശിച്ചു. പരമുപിള്ളയും അത് ശരിവച്ചപ്പോൾ, സ്വന്തം ചേച്ചിയെ പോലെ കാണുന്ന ശാരദയെയും അച്ഛന്റെ പ്രായമുള്ള പരമുപിള്ളയുടെയും വാക്കുകൾ എതിർക്കാൻ സൂര്യനും കഴിഞ്ഞില്ല.

ആദ്യരാത്രിക്ക് വേണ്ടി സൂര്യന്റെയും നിർമലയുടെയും മണിയറ അലങ്കരിച്ചത് പരമുവിന്റെ പെണ്മക്കളായ മീനുവും തുമ്പിയും ചേർന്നാണ്. മീനുവിന്റെ വിവാഹം ഉറപ്പിച്ചതാണ്. തുമ്പി കോളേജിൽ പഠിക്കുകയാണ്. ഇരുവരുടെയും സാന്നിധ്യം നിർമലയ്ക്കൊരു ആശ്വാസമാകുമെന്ന് സൂര്യനും വിചാരിച്ചു. അതുകൊണ്ട് തന്നെ താൻ വരുന്നത് വരെ നിർമലയ്ക്കൊപ്പം തന്നെ ഉണ്ടാവണമെന്ന് അവനവരോട് പ്രത്യേകം പറയുകയും ചെയ്തു.

“വീട്ടിൽ നിന്ന് പോന്നതാണോ ചേച്ചിയുടെ സങ്കടത്തിന് കാരണം.” വിശപ്പില്ലെന്ന് പറഞ്ഞ് ആഹാരമൊന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന നിർമലയുടെ അരികിൽ വന്നിരുന്ന് മീനു ചോദിച്ചു.

“ആഹ്… ആദ്യമായിട്ടാ വീട് വിട്ട് മാറി നിക്കണേ. ഇവിടെ ആരെയും എനിക്കറിയില്ലല്ലോ.” വിക്കി വിക്കിയാണ് അവൾ മറുപടി പറഞ്ഞത്.

“ഇവിടെയാകെ ഞാനും അച്ഛനും അമ്മയും അനിയത്തിയും പിന്നെ സൂര്യേട്ടനും മാത്രേയുള്ളൂ. കുറച്ച് കഴിഞ്ഞാൽ ഞങ്ങൾ വീട്ടിലേക്ക് പോകും. പിന്നെ സൂര്യേട്ടനെ കുറിച്ചോർത്തുള്ള പേടി വേണ്ടട്ടോ. പുറമേ കാണുന്ന ഗൗരവം മാത്രമേയുള്ളൂ, ആളൊരു പാവാ.” മീനുവിന്റെ സംസാരമൊന്നും നിർമലയുടെ മനസ്സിലെ ആധിയെ ശമിപ്പിച്ചില്ല. അവൾ മുക്കിയും മൂളിയും മീനുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞൊഴിഞ്ഞു.

വീടും വീട്ടുകാരെയും വിട്ട് പരിചയമില്ലാത്ത സ്ഥലത്ത് വന്നതിന്റെയാവും നിർമലയുടെ ഈ പെരുമാറ്റത്തിന് കാരണമെന്നാണ് സൂര്യനൊഴിച്ച് മറ്റെല്ലാവരും ചിന്തിച്ചത്.

🍁🍁🍁🍁🍁🍁🍁

രാത്രി, കിടന്നിട്ട് നീലിമയ്ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അവളുടെ മനസ്സിൽ നിറയെ സൂര്യൻ നിർമ്മലയുടെ കഴുത്തിൽ താലി ചാർത്തുന്ന രംഗമാണ്. നീലിമയ്ക്ക് അതോർക്കവേ വല്ലാത്തൊരു സങ്കടവും വീർപ്പുമുട്ടലും തോന്നി. തന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സൂര്യനിങ്ങനെ തെറ്റായ വഴിയിലേക്ക് പോകില്ലായിരുന്നുവെന്നും തങ്ങൾക്കിരുവർക്കും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയുമായിരുന്നുവെന്നും അവൾ വെറുതെ ചിന്തിച്ചു പോയി.

ഇപ്പോഴത്തെ സൂര്യനെ നീലിമയ്ക്ക് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മനസ്സ് നിറയെ അവനോട് വെറുപ്പാണ്. എങ്കിലും ഹൃദയത്തിന്റെ കോണിലെവിടെയോ മൊട്ടിടാതെ പോയ് പ്രണയത്തിന്റെ ശേഷിപ്പുകൾ ഉണ്ടായിരുന്നു.. അതാണ് അവളുടെ ഹൃദയം സൂര്യന്റെ കല്യാണം കഴിഞ്ഞതോർത്ത്‌ നൊമ്പരപ്പെട്ടത്.

ഇനിയെങ്കിലും സൂര്യൻ അവന്റെ ചീത്ത സ്വഭാവം വിട്ട് ഭാര്യയെ സ്നേഹിച്ച് നല്ല രീതിയിൽ ജീവിച്ചാൽ മതിയായിരുന്നുവെന്ന് നീലിമ ആഗ്രഹിച്ചു. ആ രാത്രി എത്ര അടക്കാൻ ശ്രമിച്ചിട്ടും അവളുടെ മിഴികൾ തോരാതെ പെയ്തുകൊണ്ടിരുന്നു. അതേസമയം മാനത്തും കാർമേഘങ്ങൾ ഉരുണ്ടുകൂടി ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

🍁🍁🍁🍁🍁

പടിഞ്ഞാറ് നിന്നും വീശിയടിച്ച തണുത്ത കാറ്റിനൊപ്പം ചാറ്റൽ മഴയും പൊടിഞ്ഞു തുടങ്ങി. നേരം വൈകി തുടങ്ങിയപ്പോൾ കാര്യസ്ഥനും കുടുംബവും ഇരുവരോടും യാത്ര പറഞ്ഞ് പിരിഞ്ഞുപോയി.

അമ്പാട്ട് പറമ്പിൽ തറവാട്ടിൽ സൂര്യനും നീലിമയും മാത്രം അവശേഷിച്ചു. ലൈറ്റുകൾ എല്ലാം അണച്ച് മുൻവാതിൽ അടച്ച് പൂട്ടിയ ശേഷം അവൻ തങ്ങളുടെ മുറിയിലേക്ക് നടന്നു.
അപ്പോഴേക്കും ചാറ്റൽ മഴ ശക്തി പ്രാപിച്ചു. നടുമുറ്റത്ത് മഴത്തുള്ളികൾ ചന്നം പിന്നം ചിതറി വീണ് കൊണ്ടിരുന്നു. മഴയുടെ തണുപ്പ് തറവാട്ടിനുള്ളിലെ അറകളിലും വ്യാപിച്ചു.

സൂര്യൻ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ ജനാലയുടെ അഴികളിൽ പിടിമുറുക്കി മഴ നോക്കി നിൽക്കുകയായിരുന്നു നിർമല.

“നിർമലേ…” ആർദ്രമായി സൂര്യൻ വിളിച്ചു.

“മ്മ്മ്…” അവന്റെ വിളി കേട്ട് ഒരു മൂളലോടെ അവൾ പിന്തിരിഞ്ഞു.

“നീ കരയുകയായിരുന്നോ?” അവളുടെ നിറഞ്ഞൊഴുകിയ മിഴികൾ കണ്ട് സൂര്യൻ ചോദിച്ചു.

അവന്റെ ചോദ്യത്തിന് മുന്നിൽ സാരിതുമ്പ് വായിലേക്കമർത്തി നിർമല ഏങ്ങലടിച്ചു.

“എന്താ നിർമ്മലേ ഇത്…? നിനക്കെന്ത് പറ്റി? ഇത്രയ്ക്ക് കരയാൻ മാത്രം എന്താ നിന്റെ പ്രശ്നം. തിരക്കൊന്ന് ഒഴിഞ്ഞിട്ട് സ്വസ്ഥമായി ചോദിക്കാമെന്ന് കരുതിയാ ഞാൻ നിന്നോട് ഇതുവരെ ഒന്നും സംസാരിക്കാൻ വരാതിരുന്നത്. ഇനിയെങ്കിലും പറയ്യ്… എന്താ നിന്റെ സങ്കടത്തിന് കാരണം… ഈ വിവാഹത്തിന് നിനക്ക് ഇഷ്ടമുണ്ടായിരുന്നില്ലേ?”

“സൂര്യേട്ടന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും എന്റെ വിവാഹം കഴിയുമായിരുന്നു. അച്ഛനും അമ്മയും എന്റെ സമ്മതം ചോദിച്ചിട്ടല്ല ഈ വിവാഹം നടത്തിയതും. കുറെ നാളായി അവരെന്റെ കല്യാണം നടത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പെണ്ണ് കണ്ട് പോകുന്നവർ എന്നെക്കുറിച്ച് അന്വേഷിക്കുമ്പോൾ ആ ആലോചന മുടങ്ങാറായിരുന്നു പതിവ്. സൂര്യേട്ടന്റെ ആലോചന മാത്രമാണ് കല്യാണം വരെ എത്തിയത്.

വിവാഹത്തിന് മുൻപേ എല്ലാ കാര്യങ്ങളും എനിക്ക് തുറന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അച്ഛന്റെയും അമ്മയുടെയും ആത്മഹത്യാ ഭീഷണിക്ക് മുൻപിൽ എനിക്ക് നിശബ്ദയായി നിൽക്കേണ്ടി വന്നു. എപ്പോഴത്തെയും പോലെ ഇതും മുടങ്ങുമെന്ന പ്രതീക്ഷയായിരുന്നു എനിക്ക്.”

“നീ… നീയെന്താ പറഞ്ഞ് വരുന്നത്.”

“എല്ലാം ഞാൻ പറയാം… ഒക്കെ കേട്ട് കഴിയുമ്പോൾ സൂര്യേട്ടനെന്നോട് പൊറുക്കണം… മനഃപൂർവം ഞാൻ നിങ്ങളെ ചതിച്ചെന്ന് തോന്നരുത്.” പൊട്ടിക്കരഞ്ഞുകൊണ്ട് നിർമല അവന്റെ കാൽക്കലേക്ക് വീണു.

“ഏയ്‌… നീയെന്തായീ കാണിക്കുന്നത്. നീയെന്നെ എങ്ങനെ ചതിച്ചെന്നാ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല… ഇങ്ങനെ കരഞ്ഞോണ്ടിരിക്കാതെ നീ കാര്യം പറയുന്നുണ്ടോ?” സൂര്യന്റെ ക്ഷമ കെട്ടു. ഒപ്പം അവളെന്തായിരിക്കും പറയാൻ പോകുന്നതെന്ന് ആലോചിച്ച് നേരിയ ആധിയും ഉള്ളിൽ നിറഞ്ഞിരുന്നു.

“ഞാൻ മറ്റൊരാളുമായി സ്നേഹത്തിലായിരുന്നു. നാല് വർഷത്തെ ഞങ്ങളുടെ പ്രണയം… വീട്ടിൽ അറിഞ്ഞപ്പോൾ എല്ലാവർക്കും എതിർപ്പായിരുന്നു. അയാളുമായി എന്റെ വിവാഹം നടത്തില്ലെന്ന് പറഞ്ഞ് അച്ഛനും അമ്മയും ബന്ധുക്കളും ഉറപ്പിച്ചു പറഞ്ഞപ്പോൾ എനിക്കും വാശിയായി… ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന നേരം അദ്ദേഹം വന്നു… അന്ന് എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായി…

അതേസമയത്താണ് പുറത്ത് പോയിരുന്ന അച്ഛനും അമ്മയും വന്നത്. അവരെല്ലാം കണ്ടു. ആകെ വഴക്കും ബഹളവുമായി അദ്ദേഹത്തെ അച്ഛനും ബന്ധുക്കളും ചേർന്ന് ആ നാട്ടിൽ നിന്ന് തന്നെ അടിച്ചോടിച്ചു. എനിക്ക് വരുന്ന ആലോചനകളൊക്കെ ഈ പേരിൽ മുടങ്ങി പോയപ്പോൾ ഞാൻ സന്തോഷിച്ചു. എന്നെങ്കിലും എന്റെ മഹേഷേട്ടൻ വരുമെന്നുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. കൊല്ലമൊന്ന് കഴിഞ്ഞിട്ടും മഹേഷേട്ടനെ കണ്ടില്ല. ഇനി വന്നാൽ കൂടെ ഇറങ്ങി എങ്ങോട്ടെങ്കിലും പോണമെന്നായിരുന്നു മനസ്സിൽ. പക്ഷേ ആളെ പിന്നീട് അവിടേക്ക് കണ്ടില്ല. എന്റെ അച്ഛനും ആളുകളും അദ്ദേഹത്തെ കൊന്ന് കളഞ്ഞോന്ന് പോലും എനിക്കറിയില്ലായിരുന്നു.

ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് മാത്രമാണ് ഒക്കെ സഹിച്ച് ജീവിച്ചത്. വിവാഹത്തിന് മുൻപേ പ്രാണനായി കണ്ട് പ്രണയിച്ചവന് മനസ്സും ശരീരവും നൽകിയവളാണ് ഞാൻ. ഞാൻ കന്യകയല്ല… എല്ലാം നേരത്തെ തന്നെ തുറന്ന് പറയാതെ ഞാൻ മനഃപൂർവം ചതിച്ചുവെന്ന് വിചാരിക്കരുത്.

വീട്ടുകാർക്ക് ഞാൻ നാണക്കേട് വരുത്തി വച്ച മകളാണ്. ഞാൻ കാരണം അനിയത്തിയുടെ വിവാഹവും നടക്കുന്നില്ലായിരുന്നു. അതൊക്കെ കൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വിവാഹം മുടങ്ങിയാൽ മൂന്ന് പേരും മരിക്കുമെന്ന് പറഞ്ഞ് നിന്നത് കൊണ്ടാ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഇതൊന്നും പറയാതിരുന്നത്.” സൂര്യനോട് മാപ്പിരന്ന് കൊണ്ട് നിർമല അവന്റെ കാൽപാദത്തിൽ കൈത്തലം അമർത്തി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button