Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 38

രചന: ശിവ എസ് നായർ

“നിർമ്മലേ… ഒരു മുണ്ട് ഇങ്ങോട്ട് എടുത്തേ” പറമ്പിൽ നിന്ന് വന്നപാടെ മുറ്റത്ത്‌ നിന്ന് അവൻ വിളിച്ചുപറഞ്ഞു.

“ഇപ്പൊ കൊണ്ട് വരാം.”

ദേഹത്ത് അപ്പാടെ ചളി പറ്റി നിൽക്കുകയാണ് സൂര്യൻ. അകത്ത് നിന്നും നിർമല നടന്ന് വരുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു.

അടഞ്ഞു കിടന്ന മുൻവാതിൽ തുറന്ന് കയ്യിലൊരു കാവി മുണ്ടുമായി അവൾ പുറത്തേക്ക് വന്നു.

കുളിച്ച് കുറി തൊട്ട് മുടിയിൽ തോർത്ത്‌ ചുറ്റി കെട്ടി തനിക്ക് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പെണ്ണിനെ സൂര്യൻ കണ്ണിമ വെട്ടാതെ നോക്കി നിന്നുപോയി. അവളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന താൻ കെട്ടിയ താലി കണ്ട് അവന്റെ മനം കുളിർത്തു. നിർമല ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴി കാണാൻ നല്ല ഭംഗിയുണ്ടെന്ന് അവനോർത്തു.

“ഇതെന്ത് ആലോചിച്ച് നിൽക്കാ? വേഗം കുളിച്ച് വന്നോ… ഞാൻ പ്രാതലെടുത്തു വയ്ക്കാം.” അവന് നേർക്ക് കാവിമുണ്ട് നീട്ടി നിർമല പറഞ്ഞു.

പെട്ടെന്ന് സൂര്യൻ അവളുടെ മുഖത്ത് നിന്നും നോട്ടം പിൻവലിച്ച് മുണ്ടും വാങ്ങി കുളിക്കാനായി പോയി.

തണുത്ത ജലത്തിൽ മുങ്ങികുളിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് നുണക്കുഴി ചിരിയുള്ള നിർമലയുടെ മുഖം കടന്ന് വന്നു. ഇതുവരെ അവനനുഭവിച്ചിട്ടില്ലാത്ത സുഖമുള്ളൊരു അനുഭൂതി അവളെ ഓർക്കുമ്പോൾ തന്നിൽ വന്ന് നിറയുന്നതായി അവന് തോന്നി.

ആദ്യരാത്രി തന്നെ തന്റെ ജീവിതത്തിൽ നടന്നതൊക്കെയും തുറന്ന് പറഞ്ഞ നിർമലയോട് അവന് സ്നേഹം കൂടുകയായിരുന്നു. അവൾ പഴയതെല്ലാം മറച്ചു വച്ചിരുന്നെങ്കിൽ അവനൊന്നും അറിയാൻ പോകുന്നില്ലായിരുന്നു. പക്ഷേ എല്ലാം തുറന്ന് പറയാൻ തോന്നിയത് നിർമലയുടെ മനസ്സിന്റെ നന്മയും ആരെയും ചതിക്കാൻ അവൾക്ക് സാധിക്കാത്തത് കൊണ്ടുമാണെന്ന് അവന് മനസ്സിലായി.

സൂര്യൻ കുളിച്ചു വരുമ്പോഴേക്കും മേശപ്പുറത്ത് ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും തയ്യാറായി കഴിഞ്ഞിരുന്നു. അവന് വേണ്ടതൊക്കെ അരികിൽ നിന്ന് വിളമ്പി കൊടുത്ത് കൊണ്ടിരുന്ന നിർമലയെയും സൂര്യൻ അടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി കഴിക്കാൻ നിർബന്ധിച്ചു.

“എന്റെ വീട്ടിലൊക്കെ അച്ഛൻ കഴിച്ചതിന് ശേഷമേ അമ്മ ഞങ്ങളെ പോലും ഇരുത്തൂ. സൂര്യേട്ടൻ കഴിച്ചെണീറ്റ ശേഷം ഞാൻ ഇരുന്നോളാം.”

“വീട്ടിലെ ശീലങ്ങളൊന്നും ഇവിടെ വേണ്ട. എന്നും നമ്മൾ രണ്ടാളും ഒരുമിച്ചിരുന്ന് കഴിച്ചാൽ മതി. വേണ്ടാത്ത ആചാരങ്ങളൊന്നും ശീലിക്കാൻ നിക്കണ്ട, കേട്ടല്ലോ.”

“മ്മ്മ്..” ഗൗരവത്തോടെ സൂര്യൻ പറഞ്ഞത് കേട്ട് നിർമല പേടിയോടെ മൂളി. എന്നാൽ അത് കണ്ടപ്പോൾ സൂര്യന്റെ മുഖത്ത് ഒരു കുസൃതിചിരി തെളിഞ്ഞു.

അവൻ തന്നെ അവൾക്ക് വിളമ്പി കൊടുത്തപ്പോൾ നിർമലയും അവനൊപ്പം ഇരുന്ന് കഴിച്ച് തുടങ്ങി.

“ഇത്രയും നാൾ ഞാൻ ഒറ്റയ്ക്കായത് കൊണ്ട് പാചകമൊക്കെ ഞാൻ തനിച്ചായിരുന്നു. എന്തായാലും രാധമ്മയുടെ പാചകം കൊള്ളാം. എല്ലാം നല്ല രുചിയുണ്ട്.”

“അയ്യോ… മോനെ… ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല. ഒക്കെ നിർമല മോള് തന്നെ ചെയ്തതാ. ഞാൻ വരുമ്പോഴേക്കും അടുക്കള പണിയൊക്കെ കഴിഞ്ഞിരുന്നു.” അടുക്കള പണിക്ക് വന്ന രാധമ്മയാണ്.

“നിന്നോടാരാ നിർമലേ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്. അതിനല്ലേ ഞാൻ ആളെ വച്ചത്.”

“എനിക്കിതൊന്നും ഒരു പണിയല്ല സൂര്യേട്ടാ. പാചകം എനിക്കിഷ്ടാ. അതാ ഒക്കെ ഞാൻ തന്നെ ചെയ്തത്. രാധമ്മ വേറെ ജോലികൾ ചെയ്തോട്ടെ. ആഹാരമുണ്ടാക്കൽ ഞാൻ ചെയ്യുന്നുണ്ട്.” നിർമല അവനോടായി പറഞ്ഞു.

“എങ്കിൽ നിന്റെ ഇഷ്ടം പോലെ…” സൂര്യൻ പുഞ്ചിരിച്ചു.

കഴിച്ചു കഴിഞ്ഞ ശേഷം സ്വന്തം പ്ലേറ്റ് എടുത്തുകൊണ്ട് പോയി അടുക്കളയിൽ കഴുകി വച്ചിട്ട് പോകുന്നവനെ കണ്ട് രാധമ്മ അതിശയിച്ചു.

കുറച്ച് കഴിഞ്ഞ് വേഷം മാറി അവളോട് യാത്ര പറഞ്ഞ് സൂര്യൻ പുറത്തേക്ക് പോയി.

🍁🍁🍁🍁🍁

ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി.

എന്നും രാവിലെ രാധമ്മ വന്ന് പുറം പണികളും അടിച്ചു വരാലും നിലം തുടയ്ക്കലുമൊക്കെ ചെയ്തിട്ട് ഉച്ചയോടെ മടങ്ങി പോകും. സൂര്യൻ എവിടേക്കെങ്കിലും യാത്ര പോയിരിക്കുകയാണെങ്കിൽ അവൻ വൈകുന്നേരം തറവാട്ടിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും രാധമ്മ സ്വന്തം വീട്ടിലേക്ക് പോവുക. നിർമലയെ തനിച്ചിരുത്തരുതെന്ന് അവൻ അവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

സൂര്യന്റെ കൂടെ നിഴല് പോലെ പരമുപിള്ളയും എല്ലാ സഹായവും ചെയ്ത് ഒപ്പമുണ്ടാകാറുണ്ട്. അയാളുടെ മക്കൾ രണ്ട് പേരും ഇടയ്ക്കിടെ നിർമലയോട് കൂട്ട് കൂടാൻ വരാറുണ്ട്.
വളരെ പെട്ടന്ന് തന്നെ അവരോടും അമ്പാട്ട് പറമ്പിൽ തറവാടുമായും അവൾ പൊരുത്തപ്പെട്ട് തുടങ്ങി.

🍁🍁🍁🍁🍁

“എന്തൊക്കെയുണ്ട് സൂര്യാ വിശേഷങ്ങൾ. നാട്ടിൽ, അമ്മയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ടൽ കൂടിയിട്ട് കുറേദിവസം ആശുപത്രിയിലായിരുന്നു. അതുകൊണ്ടാ എനിക്ക് നിന്റെ കല്യാണത്തിന് വരാൻ പറ്റാതെ പോയത്.”

സൂര്യന്റെ കരം കവർന്ന് അഭിഷേക് പറഞ്ഞു. അവന്റെ കല്യാണ സമയത്താണ് അഭിഷേകിന്റെ അമ്മയെ അസുഖം കൂടിയിട്ട് ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. അമ്മയ്‌ക്കൊന്ന് സുഖമായ ശേഷം മടങ്ങി വന്ന അഭിഷേക് ആദ്യം തന്നെ വന്നത് അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്കാണ്.

“അമ്മയ്ക്കിപ്പോ എങ്ങനെയുണ്ട് അഭി?” സൂര്യൻ ചോദിച്ചു.

വർഷങ്ങൾ നീണ്ട അവരുടെ ബന്ധം ഇരുവരെയും ഉറ്റ സുഹൃത്തുക്കളായി മാറ്റിയിരുന്നു. സാർ എന്ന് അഭിഷേകിനെ വിളിച്ചിരുന്ന സൂര്യനിപ്പോ അവനെ അഭിയെന്ന് വിളിക്കുന്ന തരത്തിൽ എത്തി നിൽക്കുകയാണ് അവരുടെ ആത്മബന്ധം.

“ഇപ്പൊ കുഴപ്പമില്ല സൂര്യാ… അമ്മയ്ക്ക് പൂർണ്ണ ഭേദമായിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.”

“അമ്മയ്ക്കിപ്പോ വയ്യാത്ത സ്ഥിതിക്ക് ഇവിടെ എവിടെയെങ്കിലും വാടകയ്ക്ക് വീടെടുത്തു അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നൂടെ നിനക്ക്.”

“അമ്മയ്ക്ക് സ്വന്തം നാട് വിട്ട് വരുന്നത് ഇഷ്ടമില്ലെടാ. ഞാൻ കുറേ പറഞ്ഞ് നോക്കിയതാ. അമ്മ സമ്മതിക്കുന്നില്ല. പിന്നെ തൊട്ടടുത്ത് തന്നെ മാമനും കുടുംബവും ഉള്ളതാണ് എന്റെ ആശ്വാസം.”

“അങ്ങനെയെങ്കിൽ നിനക്കൊരു പെണ്ണ് കെട്ടിക്കൂടെ.”

“അമ്മ എനിക്ക് വേണ്ടി കണ്ണിൽ കാണുന്ന ബ്രോക്കമാരോടൊക്കെ പെണ്ണ് നോക്കാൻ പറയുന്നുണ്ട്. പക്ഷേ ഒന്നുമങ്ങോട്ട് ശെരിയാവുന്നില്ല… സമയമാകുമ്പോ വന്നോളും. എനിക്ക് തിരക്കൊന്നുമില്ല.”

“നിനക്ക് താല്പര്യമുണ്ടെങ്കിൽ പരമു മാമന്റെ ഇളയ മോളെ നമുക്ക് നോക്കിയാലോ. കൊച്ചിന് ഇരുപത് വയസ്സ് കഴിഞ്ഞു. അവർക്ക് കൂടി താല്പര്യമുണ്ടെങ്കിൽ നമ്മുക്കിത് നടത്താം.”

“നീ വെറുതെ തമാശ പറയല്ലേ സൂര്യാ..”

“ഞാൻ കാര്യമായിട്ട് പറഞ്ഞതാ. മൂത്തവൾക്ക് എല്ലാം ശരിയാക്കി വച്ചിട്ടുണ്ട്. രണ്ടാമത്തവൾ ഡിഗ്രിക്ക് പഠിക്കയാ.”

“ഹ്മ്മ്… എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് കുട്ടിയെ ഒരു ദിവസം കണ്ട് കളയാം. പിന്നെ നിന്റെ ഭാര്യ നിർമലയെ ഇതുവരെ ഇങ്ങോട്ട് കണ്ടില്ലല്ലോ.” അകത്തേക്ക് എത്തിനോക്കി അഭിഷേക് പറഞ്ഞു.

“അവൾ അടുക്കളയിൽ എന്തോ പാചകത്തിലാ. നിനക്ക് ചായയെടുക്കാൻ ഞാൻ പറഞ്ഞിരുന്നു.” സൂര്യനത് പറയുമ്പോഴേക്കും ഒരു ട്രേയിൽ ചായയും പലഹാരങ്ങളുമായി നിർമല അവിടേക്ക് വന്നു.

“ആഹാ… ഇതാണോ പുതുപ്പെണ്ണ്. ഇവനോടിപ്പോ കണ്ടില്ലല്ലോന്ന് പറഞ്ഞതേയുള്ളൂ.” നിർമലയെ കണ്ടതും അവൻ നിറഞ്ഞ് ചിരിച്ചു.

“ഇതാണ് ഞാൻ പറയാറുള്ള അഭിഷേക്. ഇപ്പൊ നമ്മുടെ സ്റ്റേഷനിലെ എസ് ഐയാണ്.” അഭിമാനത്തോടെ സൂര്യൻ തന്റെ സുഹൃത്തിനെ അവൾക്ക് പരിചയപ്പെടുത്തി. അഭിഷേകിനൊരു നേർത്ത പുഞ്ചിരി സമ്മാനിച്ച് അവൾ സൂര്യനരികിലായി നിന്നു.

നിർമല കൊണ്ട് കൊടുത്ത ചായ കുടിച്ച ശേഷം ഇരുവരും പറമ്പിലേക്ക് നടക്കാനിറങ്ങിയപ്പോൾ ചായക്കപ്പും ട്രേയുമായി നിർമല അകത്തേക്ക് പോയി.

“നിന്നോട് ഞാനൊരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. പോലിസ് ബുദ്ധി ആയത് കൊണ്ട് ചോദിച്ചു പോകുന്നതാ.” ആമുഖമെന്നോണം അഭിഷേക് പറഞ്ഞു.

“നിനക്കെന്നോട് എന്തെങ്കിലും ചോദിക്കുന്നതിനു ഈ മുഖവുരയുടെ ആവശ്യമൊന്നുമില്ല അഭി. നിനക്കെന്താ ചോദിക്കാനുള്ളെ?”

“നിർമലയ്ക്ക് താല്പര്യമില്ലാതെയാണോ ഈ വിവാഹം നടന്നത്. നിന്നോടുള്ള അവളുടെ പെരുമാറ്റത്തിൽ എന്തോ ഒരകൽച്ച എനിക്ക് ഫീൽ ചെയ്തു അതുകൊണ്ട് ചോദിച്ചതാ.”

“നിന്റെ ഊഹം ശരിയാണ് അഭി… നിർമലയ്ക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു. അവർ തമ്മിൽ എല്ലാ രീതിയിലും ഒന്നായതാണ്.” തുടർന്ന് നിർമല തന്നോട് പറഞ്ഞതൊക്കെ സൂര്യൻ അഭിയോട് തുറന്ന് പറഞ്ഞു.

“ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നോ നിർമലയ്ക്ക്? എന്നാലും നിന്നെ സമ്മതിച്ചു സൂര്യാ… ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടി എല്ലാ അർത്ഥത്തിലും ആദ്യമായി അറിയേണ്ടത് എന്നെ തന്നെ ആവണമെന്ന് നിർബന്ധമുള്ള ഒരാളാണ് ഞാൻ. നിന്നെപ്പോലെ ചിന്തിക്കാൻ എനിക്കൊരിക്കലും കഴിയില്ല.”

“അതൊക്കെ നിന്റെ തോന്നലാ അഭി. നമുക്കൊരാളോട് ആത്മാർത്ഥമായിട്ടാണ് സ്നേഹം തോന്നുന്നതെങ്കിൽ ഇത്തരം കാര്യങ്ങൾ അവരെ ഉപേക്ഷിക്കാൻ ഒരിക്കലും തടസ്സമാകില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് ഇടയിൽ എന്തെങ്കിലും സംഭവിക്കുന്നത് സ്വാഭാവികമായ ഒന്നാണ്. വിവാഹശേഷം ഭാര്യയും ഭർത്താവും പരസ്പരം ചതി പാടില്ലെന്ന് മാത്രേ എനിക്ക് നിർബന്ധമുള്ളു.”

“എന്തായാലും നീയുമായി ഒത്തുപോകാൻ നിർമല തീരുമാനിച്ച സ്ഥിതിക്ക് നീയവളുമായി നല്ലൊരു അടുപ്പം സൃഷ്ടിക്കാൻ ശ്രമിക്കണം. രാവിലെ മുതൽ രാത്രി വരെ പറമ്പിലും പാടത്തും കിടന്ന് ഉരുണ്ടിട്ട് രാത്രി വീട്ടിൽ കേറി ചെന്നാൽ നിങ്ങൾ തമ്മിൽ അടുക്കാൻ ഒത്തിരി സമയമെടുക്കും.

പകരം അവൾക്ക് നിന്നോടൊരു സ്നേഹവും അടുപ്പവുമൊക്കെ ഉണ്ടാക്കിയെടുക്കാൻ നീയവളെ അവസരം കിട്ടുമ്പോഴൊക്കെ കൂടെ കൊണ്ട് പോകാൻ ശ്രമിക്കണം. പാടത്തും പരമ്പത്തും പോകുമ്പോഴും ചന്തയിൽ സാധനങ്ങൾ വിൽക്കാൻ പോകുമ്പോഴൊക്കെ നിർമലയെയും കൂടെ വിളിക്ക്. സദാസമയവും നിനക്കൊപ്പം നിൽക്കുമ്പോ അവളുടെ മനസ്സിൽ നിന്നും പഴയതൊക്കെ താനേ പൊയ്ക്കോളും.” അഭിഷേകിന്റെ ഉപദേശം സൂര്യനും സ്വീകാര്യമായിരുന്നു.

“ഇക്കാര്യം ഞാനിങ്ങനെ മനസ്സിൽ വിചാരിച്ചതേയുണ്ടായിരുന്നുള്ളു. എന്തായാലും ഞാനിതൊന്ന് പരീക്ഷിച്ചു നോക്കാം. നിർമലയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അഭി. അവളും എത്രയും വേഗം എന്നെ സ്നേഹിച്ചു തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.”

“നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കും സൂര്യാ..” അഭിഷേക് അവനെ സമാധാനിപ്പിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button