Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 55

രചന: ശിവ എസ് നായർ

“ചെറിയമ്മ മരിച്ചു വർഷം ഒന്ന് കഴിഞ്ഞില്ലേ. ഇനിയിപ്പോ അതോർത്തു ദുഖിച്ചു ചെറിയച്ഛന് സ്വയം നശിക്കണോ?” നീലിമ പറഞ്ഞു മുഴുവിക്കുന്നതിന് മുൻപ് അവനവളുടെ കവിളിൽ ആഞ്ഞടിച്ചു.

“അമ്മേ…” അടികൊണ്ട കവിളിൽ കൈപൊത്തി പിടിച്ച് നീലിമ വേച്ചു വീണുപോയി.

“എത്ര നിസ്സാരമായിട്ടാ നീയിത് പറഞ്ഞത്. അല്ലേലും നിനക്കവളെ കണ്ണിന് മുന്നിൽ കാണുന്നത് ഇഷ്ടമായിരുന്നില്ലല്ലോ. ഇപ്പൊ എന്നോട് കാണിക്കുന്ന ഈ സഹതാപ പ്രകടനം പോലും നീ കാരണമാണ് ജാനകി മരിച്ചതെന്ന് ഓർത്തുള്ള കുറ്റബോധമല്ലേ. അല്ലാതെ എന്നോട് സ്നേഹം തോന്നിയിട്ടൊന്നുമല്ലല്ലോ.” പുച്ഛത്തോടെ രതീഷ് അവളെ നോക്കി.

“അങ്ങനെയൊന്നും വിചാരിച്ചില്ല ഞാൻ. ഞാൻ കാരണം ഇങ്ങനെ നശിച്ചു പോവല്ലെന്ന് ചിന്തിച്ചിട്ടാ.” നീലിമ കരഞ്ഞുപോയി.

“വേണ്ട… നീ കൂടുതലൊന്നും പറയണ്ട. അല്ലെങ്കിൽ തന്നെ ഞാൻ നശിച്ചാലും നന്നായാലും നിനക്കെന്താ? എന്റെ ജാനകി അന്തിയുറങ്ങുന്ന മണ്ണായത് കൊണ്ട് മാത്രാ ഞാനിവിടുന്ന് ഇറങ്ങി പോവാത്തത്.”

രതീഷിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയവൾ നിൽക്കുമ്പോൾ പുച്ഛത്തോടെ നീലിമയെ ഒന്ന് നോക്കി ഇടറുന്ന കാലടികളോടെ അവൻ മുറിവിട്ട് പുറത്തേക്ക് പോയി.

ആ രാത്രി നീലിമയ്ക്ക് ഒരു പോള കണ്ണടയ്ക്കാനായില്ല. ഇരുട്ടിലായി പോയ തന്റെ ജീവിതവും താൻ കാരണം പൊലിഞ്ഞുപോയ രണ്ട് ജീവനുകളെയും ഓർത്ത് അവളുടെ ഹൃദയം നീറി. ഈ വേദന മരിക്കുവോളം തന്നെ ഭരിക്കുമെന്ന് ഉള്ളുരുക്കത്തോടെ നീലിമ ഓർത്തു. കരഞ്ഞു കരഞ്ഞു വെളുപ്പിന് എപ്പോഴോ അവൾ മയങ്ങി പോയി.

🍁🍁🍁🍁🍁

രാവിലെ ഉറക്കമുണർന്ന് ക്ലോക്കിലേക്ക് നോക്കിയ നീലിമ ഞെട്ടിപ്പോയി. സമയം ഒൻപതു മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ ഒത്തിരി വൈകിയത് കൊണ്ട് നേരം പുലർന്നതൊന്നും അവളറിഞ്ഞിട്ടില്ലായിരുന്നു. വേഗം എഴുന്നേറ്റ് മുടിവാരി കെട്ടി നീലിമ അടുക്കളയിലേക്ക് നടന്നു.

രതീഷ് അതിരാവിലെ എഴുന്നേറ്റ് പണിക്ക് പോകും. അവൻ എഴുന്നേറ്റ് ഒരു ചായ ഇട്ട് കുടിച്ചിട്ട് പുറത്തേക്ക് പോയ ശേഷമാണ് നീലിമ ഉണർന്നു വരാറുള്ളത്. ഇന്ന് ഒരുപാട് വൈകിയല്ലോ എന്നാലോചിച്ചവൾ മുഖം കഴുകി തുടച്ചു ഒരു ഗ്ലാസ്സിൽ കട്ടൻ ചായയും ഉണ്ടാക്കി എടുത്ത് അമ്മമ്മയുടെ മുറിയിലേക്ക് നടന്നു.

നേരം വൈകിയതിന് അവര് തന്നെ ചീത്ത പറഞ്ഞ് കൊല്ലുമല്ലോന്ന് ആലോചിച്ചു കൊണ്ട് ചെല്ലുമ്പോൾ കാണുന്നത് തണുത്തു വിറങ്ങലിച്ചു കിടക്കുന്ന അമ്മമ്മയുടെ ശരീരമാണ്.

ഞെട്ടിത്തരിച്ചവൾ കയ്യിലിരുന്ന ഗ്ലാസ്‌ വലിച്ചെറിഞ്ഞു അവർക്കരികിലേക്ക് വന്നിരുന്നു.

“അമ്മമ്മേ… കണ്ണ് തുറക്ക് അമ്മമ്മേ…” അവളുടെ കരച്ചിൽ ഉച്ചത്തിലായി. ആർത്തു കരഞ്ഞുകൊണ്ടവൾ അവരുടെ ശരീരം പിടിച്ചു കുലുക്കി അമ്മമ്മയെ ഉണർത്താൻ ശ്രമിച്ചു.

സരോജിനിയമ്മ മരണപ്പെട്ടിട്ട് കുറെയേറെ സമയം കഴിഞ്ഞിരുന്നു. ഇതൊന്നുമറിയാതെ അവരെ കുലുക്കി വിളിക്കുകയും മുഖത്ത് വെള്ളം തളിച്ച് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു നീലിമ.

അമ്മമ്മയെ എത്രേം പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോണമെന്നു ചിന്തിച്ച നീലിമ വേഗം വീടിന് പുറത്തേക്ക് പാഞ്ഞു. ഗേറ്റ് തുറന്ന് റോഡിലേക്ക് ഓടി കയറിയതും ആദ്യം കണ്ട ജീപ്പിന് നേർക്ക് അവൾ കൈ കാണിച്ചു.

നീലിമയ്ക്ക് മുന്നിൽ ആ വണ്ടി സഡൻ ബ്രേക്കിട്ട് നിന്നപ്പോഴാണ് സൂര്യന്റെ ജീപ്പായിരുന്നു അതെന്ന് അവൾ തിരിച്ചറിഞ്ഞത്. വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കേണ്ട സമയമല്ല ഇതെന്ന് അവൾക്ക് തോന്നി. അമ്മമ്മയുടെ ജീവൻ രക്ഷിക്കുന്നതാണ് മറ്റെന്തിനെക്കാളും വലുത്.

“എന്താ നീലിമാ… എന്ത് പറ്റി നിനക്ക്?” അവളുടെ പേടിച്ചരണ്ട മുഖം കണ്ട് സൂര്യൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്ക് തലയെത്തിച്ച് അവൻ ചോദിച്ചു.

“അവിടെ… അമ്മമ്മ… അമ്മമ്മ… വിളിച്ചിട്ട് മിണ്ടുന്നില്ല. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ സഹായിക്കോ.” വിക്കി വിക്കിയവൾ കാര്യം പറഞ്ഞു.

“അമ്മമ്മയ്ക്ക് എന്ത് പറ്റി?” സൂര്യൻ ജീപ്പിൽ നിന്ന് പുറത്തേക്കിറങ്ങി.

“അറിയില്ല… കുലുക്കി വിളിച്ചു നോക്കി… കണ്ണ് തുറക്കുന്നില്ല.”

നീലിമ വെപ്രാളത്തോടെ വീട്ടിലേക്ക് നടന്നു.

കട്ടിലിൽ കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടക്കുകയാണ് സരോജിനി അമ്മ. അവരുടെ മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങി ഉണങ്ങി പിടിച്ചിട്ടുണ്ടായിരുന്നു. സൂര്യൻ അവരുടെ പൾസ് പരിശോധിച്ച് നോക്കി. അമ്മമ്മ മരിച്ചു കഴിഞ്ഞുവെന്ന് പൾസ് നോക്കിയപ്പോൾ തന്നെ അവനു ബോധ്യമായി.

“നീലു… അമ്മമ്മ പോയി…” കണ്ഠമിടറി അവനത് പറയുമ്പോൾ ഒരു നിലവിളിയോടെ അവൾ സരോജിനി അമ്മയെ കെട്ടിപിടിച്ചു വാവിട്ട് കരഞ്ഞു.

കൊച്ചു കുട്ടിയെ പോലെ അവരുടെ ശരീരത്തിൽ പിടിച്ചുലച്ചവൾ ഭ്രാന്തിയെ പോലെ അലറി.

നീലിമയുടെ കരച്ചിൽ കേട്ട് അയല്പക്കത്തെ പെണ്ണുങ്ങളിൽ ചിലർ അങ്ങോട്ടേക്ക് ഓടി വന്നു.

“എന്താ എന്ത് പറ്റി?” അയല്പക്കത്തെ റാണി ചേച്ചി ഇരുവരെയും സംശയത്തോടെ വീക്ഷിച്ചു കൊണ്ട് ചോദിച്ചു.

“നീലിമയുടെ അമ്മമ്മ മരിച്ചു.” സൂര്യനാണ് മറുപടി പറഞ്ഞത്.

“എങ്ങനെ?” ഞെട്ടലോടെ അവർ മുറിയിലേക്ക് കയറി സരോജിനി അമ്മയുടെ അടുത്ത് വന്ന് നോക്കി. ഒപ്പം വന്നവരും അകത്തേക്ക് കയറി എത്തി നോക്കി.

“അറിയില്ല… അമ്മമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നീലിമ വിളിച്ചിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വന്നതാ ഞാൻ. നോക്കിയപ്പോ മരിച്ചുവെന്ന് മനസ്സിലായി.

“എന്തായാലും ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡോക്ടറെ കണ്ട് മരണം ഉറപ്പിക്കണമല്ലോ.” കൂട്ടത്തിലാരോ പറഞ്ഞു.

” ബോഡി കൊണ്ട് പോകാൻ ആംബുലൻസ് വിളിക്കുന്നുണ്ട് ഞാൻ. ആരെങ്കിലും രതീഷിനെ കൂടി വിവരം അറിയിക്കൂ.” നീലിമയെ ഒന്ന് നോക്കി സൂര്യൻ ജീപ്പിനടുത്തേക്ക് പോയി.

മരണ വിവരം അറിഞ്ഞു ആളുകൾ ആവണിശ്ശേരിയിലേക്ക് വന്ന് കൊണ്ടിരുന്നു. സൂര്യൻ ഏർപ്പാടാക്കിയ ആംബുലൻസിൽ സരോജിനി അമ്മയിൽ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ട് പോയി.

പോസ്റ്റ്‌മോർട്ടമൊക്കെ കഴിഞ്ഞു വൈകുന്നേരത്തോടെ ബോഡി വിട്ടുകിട്ടി. ശ്വാസംമുട്ടലായിരുന്നു മരണ കാരണം.

മൃതദേഹം കുറച്ചു സമയം ആളുകൾക്ക് കാണാനായി പൊതു ദർശനത്തിന് വച്ച ശേഷം ചിതയിലേക്ക് എടുത്തു. മകന്റെ സ്ഥാനത്ത് നിന്ന് കർമ്മങ്ങൾ ചെയ്തത് രതീഷാണ്.

“അവരെക്കൂടി കൊന്നപ്പോ നിനക്ക് സമാധാനമായി കാണുമല്ലോ. ഇനി എന്നെ ഇവിടുന്ന് ഓടിച്ചാൽ നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാമല്ലോ അല്ലെ?” ഹാളിന്റെ ഒരു മൂലയ്ക്ക് കരഞ്ഞു തളർന്നിരുന്നവളെ നോക്കി പറഞ്ഞു കൊണ്ട് രതീഷ് ഈറൻ മാറാനായി മുറിയിലേക്ക് പോകുമ്പോൾ അവൻ പറഞ്ഞിട്ട് പോയതിന്റെ പൊരുളഴിയാതെ മിഴിച്ചിരിക്കുകയായിരുന്നു നീലിമ.

രതീഷ് പറഞ്ഞതിന്റെ അർത്ഥം നീലിമയ്ക്ക് മനസ്സിലായെങ്കിലും ചുറ്റും കേട്ട് കൊണ്ട് നിന്ന നാട്ടുകാർക്കും അയല്പക്കത്തുള്ളവർക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായി. സൂര്യനെ രാവിലെ അവിടെ കണ്ടതും ചില പെണ്ണുങ്ങൾ മറ്റൊരർത്ഥത്തിൽ വളച്ചൊടിക്കാൻ തുടങ്ങിയിരുന്നു.

“ആ പെണ്ണിന് അമ്പാട്ടെ സൂര്യനുമായി എന്തോ ബന്ധമുണ്ടെന്നു തോന്നുന്നു. രാവിലെ ഞങ്ങളിങ്ങോട്ട് കേറി വരുമ്പോ അവനിവിടെ ഉണ്ടായിരുന്നു. ഇവള് വിളിച്ചിട്ട് വന്നതാന്ന് അവന്റെ വായിൽ നിന്ന് ഞങ്ങൾ കേട്ടതാ. അല്ലായിരുന്നെങ്കിൽ ഈ പെണ്ണിന് നമ്മളെ ആരെയെങ്കിലും വിളിച്ചൂടായിരുന്നോ.” റാണിയാണ്.

“സൂര്യനും ഭാര്യ മരിച്ചു ഒറ്റത്തടിയായി നിൽക്കുവല്ലേ. മുട്ടേന്നു വിരിയും മുൻപേ ആ ശാരദയുടെ വീട്ടിൽ അല്ലായിരുന്നോ താമസം. ഇപ്പോഴും അവിടെ പോക്ക് വരവുണ്ടല്ലോ. അതിന് മുൻപേ അവൻ ഇവിടേം കുറച്ചു നാൾ ഉണ്ടായിരുന്നല്ലോ.”

“ജാനകിയാ പണ്ടിവനെ ഇവിടുന്ന് അടിച്ചിറക്കി വിട്ടത്. അതിന് ശേഷമാ അവൻ ശാരദയുടെ അടുത്തേക്ക് പോയത്. ഇവിടെ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടാവും അവളിവിനെ ഇറക്കി വിട്ടത്. അന്ന് ഈ പെണ്ണ് ചെറുതല്ലായിരുന്നോ.”

“ഇപ്പൊ അത്ര ചെറുതൊന്നുമല്ല പെണ്ണ്. വയസ്സ് പത്തൊൻപത് കഴിഞ്ഞില്ലേ. ജാനകി കൂടി മരിച്ചതോണ്ട് ഇവൾക്ക് തോന്നിയ പാടല്ലേ. ആരും ചോദിക്കാൻ ഇല്ലല്ലോ.”

“എന്റെ സംശയം അവളിവിനെ ഇങ്ങോട്ട് വിളിച്ചു കേറ്റാറുണ്ടോന്നാ. ആ തള്ള എന്തെങ്കിലും കണ്ടിട്ടുണ്ടാവും. അതായിരിക്കും പെട്ടന്നങ്ങു പോയത്.”

“വെറുതെ ഇല്ലാത്തത് പറയണ്ട ചേച്ചി. നമ്മളൊന്നും കണ്ടിട്ടില്ലല്ലോ.” മറ്റ് പെണ്ണുങ്ങൾ കൂടി നിന്ന് നീലിമയെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ട് അവളോട് ഇത്തിരിയെങ്കിലും സ്നേഹമുള്ള ഒരു ചേച്ചി പറഞ്ഞതായിരുന്നു.

“എന്റെ ലതേ… നീ ഇത് എന്ത് അറിഞ്ഞിട്ടാ. ഇവള് അത്ര പാവമൊന്നുമല്ല. സ്വന്തം ഇളയമ്മയെ കൊന്നവളാ. ഒന്നുല്ലേലും തന്തേം തള്ളേം ചത്തതിനെ പൊന്നു പോലെ നോക്കി വളർത്തിയ ജാനകിയോട് നന്ദികേട് കാട്ടിയവളെ നീ പുണ്യാളത്തി ആക്കാൻ നോക്കണ്ട.”

ഗിരിജയുടെ മറുപടി കേട്ട് ലതയുടെ വായടഞ്ഞു. അവരോടൊന്നും പറഞ്ഞ് ജയിക്കാൻ തനിക്കാവില്ലെന്ന് അവർക്ക് തോന്നി.

“ഇവളേം കൊണ്ട് നടന്ന് മടുക്കുമ്പോ വല്ല ആറ്റിലോ കുളത്തിലോ കൊന്നിട്ടിട്ട് ആത്മഹത്യയാക്കും.” റാണി പറഞ്ഞത് കേട്ട് മറ്റുള്ളവരും അത് ശരി വച്ചു.

വൈകുന്നേരം ശവസംസ്കാരം കഴിഞ്ഞയുടനെ സൂര്യനും പരമു പിള്ളയും തിരിച്ചുപോയിരുന്നു.

രാത്രിയോടെ അയല്പക്കത്തുള്ളവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പോകുന്നത് വരെ സൂര്യനെയും നീലിമയെയും ചേർത്ത് കഥകൾ മെനഞ്ഞും കുറ്റപ്പെടുത്തിയും അവർ നേരം കഴിച്ചുകൂട്ടി. ജാനകി പോയതിൽ പിന്നെ എല്ലാവരുടെയും കണ്ണിലെ കരടാണ് നീലിമ. അതുകൊണ്ട് അവളെ കുറ്റം പറയാൻ കിട്ടുന്ന അവസരങ്ങളൊന്നും അവർ പാഴാക്കില്ല.

തനിക്ക് ചുറ്റും മറ്റുള്ളവർ മെനഞ്ഞുണ്ടാക്കുന്ന കഥകളൊന്നും പാവം നീലിമ അറിയുന്നുണ്ടായിരുന്നില്ല.

🍁🍁🍁🍁🍁

ദിവസങ്ങൾ അടർന്ന് വീണുകൊണ്ടിരുന്നു. ലക്ഷ്യബോധമില്ലാതെ വിരസമായ കുറെ പകലുകളും രാത്രികളും കടന്ന് പോയി.

ജീവൻ നിലനിർത്താൻ മാത്രം അവൾ പേരിനെന്തെങ്കിലും കഴിച്ചു പോന്നു. അടിക്കടി ഉണ്ടായ മരണങ്ങൾ നീലിമയുടെ മനസ്സിനെ അമ്പേ തളർത്തിയിരുന്നു. ഓരോ ദിവസം കഴിയുംതോറും വിഷാദത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു അവളുടെ മനസ്സ്. സദാസമയവും നീലിമ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. രതീഷ് പതിവുപോലെ രാവിലെ ജോലിക്ക് പോകും വൈകുന്നേരം വരും.

അമ്പലത്തിൽ അക്കൊല്ലത്തെ ഉത്സവത്തിന് കൊടിയേറിയിരുന്നു. ഇത്തവണ ഒന്നിനും മേൽനോട്ടം വഹിക്കാൻ സൂര്യനുണ്ടായിരുന്നില്ല. അമ്പലവും പരിസരവും കാണുമ്പോൾ തന്നെ അവന്റെ മനസ്സിൽ നിർമലയുടെ മുഖം ഓടിയെത്തും. കഴിഞ്ഞ വർഷം തങ്ങളിരുവരും കൈകോർത്തു പിടിച്ചു നടന്ന വഴികളിലൂടെ അവളുടെ ഓർമ്മകളും പേറി അവൻ വെറുതെ നടക്കും.

അന്ന് അവസാന ദിവസത്തെ ഉത്സവം അരങ്ങു തകർക്കുകയായിരുന്നു. വഴി നീളെ വൈദ്യുതി ബൾബുകൾ പ്രകാശം ചൊറിഞ്ഞു നിൽക്കുന്നുണ്ട്. സ്റ്റേജിലെ കലാപരിപാടികളുടെ ശബ്ദം ഉച്ചഭാഷിണികളിൽ കൂടി കേൾക്കാം. നാട് മൊത്തം അമ്പല പറമ്പിൽ ആഘോഷ തിമിർപ്പിലാണ്.

നീലിമ സ്വന്തം മുറിയിൽ, കട്ടിലിൽ ഭിത്തിയോട് ചേർന്ന് കിടക്കുകയാണ്. ഏതേതോ ഓർമ്മകളിൽ മുഴുകി കിടന്നവൾ മുറിയിലേക്ക് കയറി വന്ന രതീഷിന്റെ സാമീപ്യം അറിഞ്ഞില്ല.

സ്ഥാനംമാറി കിടക്കുന്ന ദാവണിക്കിടയിലൂടെ അനാവൃതമായ അവളുടെ മാറിടങ്ങൾ അവനെ ഒരു വേള വികാരം കൊള്ളിച്ചു. നിമിഷങ്ങളോളം അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. പിന്നെ നോട്ടം പിൻവലിച്ചു നീലിമയ്ക്കരികിലായി വന്ന് നിന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button