Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 58

രചന: ശിവ എസ് നായർ

“അങ്ങനെ പോയാൽ എങ്ങനെ ശരിയാവും. അവനവളെ മടുത്തു കഴിഞ്ഞാൽ ഭാര്യയെ മുക്കി കൊന്നത് പോലെ ഇവളേം ഇവൻ കൊല്ലില്ലെന്ന് ആര് കണ്ടു. അതുകൊണ്ട് നീലിമയെ ഇവിടുന്ന് കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല.” തടസ്സം പോലെ പറഞ്ഞു കൊണ്ട് രതീഷ് ജീപ്പിനടുത്തേക്ക് വന്നു.

“അത് പറയാൻ നീയാരാടാ…”

“ഞാൻ ആരാന്ന് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. അവൾക്കിപ്പോ ചോദിക്കാനും പറയാനും ഞാൻ മാത്രമേയുള്ളൂ. ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് ഞാനാ.” നാട്ടുകാർക്ക് മുന്നിൽ വച്ചുള്ള രതീഷിന്റെ പ്രകടനം കണ്ട് സൂര്യന് വിറഞ്ഞു കയറി.

“രതീഷ് പറയുന്നതിലും കാര്യമുണ്ട്. നീയീ കൊച്ചിനെ ഇവിടെ ഇറക്കി വിട്ടിട്ട് പോകാൻ നോക്ക്.” ആളുകൾക്കിടയിൽ നിന്ന ആരോ വിളിച്ചു പറഞ്ഞു.

“അങ്ങനെ ഇവളെ ഇവിടെ വിട്ടിട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇന്നിവൾ എന്റെ തറവാട്ടിൽ തന്നെ നിൽക്കും. പിന്നെ, നാളെ നേരം വെളുക്കുന്നതിന് മുൻപ് ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെന്നെ കയ്യേറ്റം ചെയ്തോളു.

തത്കാലം ഞാനിവളെ കൊണ്ട് പോവുകയാണ്. ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാക്കണമെങ്കിൽ നാളെ നേരം വെളുത്തിട്ടാവാം. ഞാനും ഇവളും ഈ നാട്ടിൽ തന്നെ തന്നെയുണ്ടാവും.” ആരുടെയും മറുപടിക്ക് കാത്ത് നിൽക്കാതെ ഒരു ഇരമ്പലോടെ സൂര്യൻ ജീപ്പ് മുന്നോട്ടെടുത്തു.

അവസാന നിമിഷത്തിൽ തന്റെ പദ്ധതി പൊളിഞ്ഞതിൽ രതീഷിന് കലശലായ നിരാശ തോന്നി.

“നീ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല രതീഷേ. അവനിവിടെ കുറെ നാളായി കയറി ഇറങ്ങുന്നുണ്ടാവും. അതോണ്ടല്ലേ നാട്ടുകാർ നോക്കി നിൽക്കെ ആ പെണ്ണ് ഒരു നാണവുമില്ലാതെ അവന്റെ കൂടെ പോയത്.”

“ഈയൊരു രാത്രി കൂടി നീ ക്ഷമിക്ക്. രാവിലെ നമുക്കിതിനൊരു തീരുമാനം ഉണ്ടാക്കാം. എന്തായാലും ഇന്ന് ഒരു രാത്രി കൊണ്ട് അവനവളെ കൊല്ലാനൊന്നും തുനിയില്ല.” ആരൊക്കെയോ സമാധാന വാക്കുകൾ പറഞ്ഞ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“അവളവന്റെ കൂടെ പൊറുതി തുടങ്ങാൻ തീരുമാനിച്ചാൽ അവനവളെയും മടുത്തു തുടങ്ങുമ്പോ ആദ്യ ഭാര്യയുടെ അവസ്ഥ തന്നെ ആവില്ലേ നീലിമയ്ക്കും. ലോക വിവരം തീരെയില്ലാത്ത ഒരു പൊട്ടിപെണ്ണാ അവള്. അതിന് ചോദിക്കാനും പറയാനും ഇപ്പൊ ഞാനല്ലേ ഉള്ളു.” രതീഷ് സങ്കടം ഭാവിച്ചു.

“ആ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നമുക്ക് തിരിച്ചു കൊണ്ട് വരാം. നാളെ നേരം പുലർന്നോട്ടെ, എന്നിട്ട് ആലോചിക്കാം എന്ത് വേണമെന്ന്. ഇപ്പൊ നീ പോയി കിടക്കാൻ നോക്ക്.” രതീഷിനെ വീടിനുള്ളിലേക്ക് പറഞ്ഞ് വിട്ടിട്ട് ആളുകൾ പലവഴി പിരിഞ്ഞു.

എന്തായാലും നാട്ടുകാർക്ക് കുറച്ചു നാൾ പറഞ്ഞു ചിരിക്കാനും പരദൂഷണം പറയാനും പുതിയൊരു വിഷയം കിട്ടി. എല്ലാത്തിലും പ്രതി സ്ഥാനത്തു പാവം സൂര്യനും.

🍁🍁🍁🍁🍁

“നീയീ കൊച്ചിനെ ഇങ്ങോട്ട് കൊണ്ട് പോന്നോ സൂര്യാ.” വിവരമറിഞ്ഞു രാത്രി തന്നെ അമ്പാട്ടേക്ക് ഓടി എത്തിയതാണ് പരമു പിള്ള.

“വേറെ വഴിയില്ലായിരുന്നു മാമാ. ഇതിനെ അവിടെ വിട്ട് വന്നിരുന്നെങ്കിൽ ആ ചെറ്റ ഇവളെ പിന്നെയും ഉപദ്രവിക്കാൻ ശ്രമിക്കില്ലേ.” ഉമ്മറ കോലായിലെ തൂണിൽ ചാരി മുഖം കുനിച്ചു നിൽക്കുന്നവളെ നോക്കി സൂര്യൻ പറഞ്ഞു.

“ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുകിലുകൾ ഉണ്ടാവുമെന്ന് കണ്ടറിയാം. എന്തായാലും ആ ദുഷ്ടന് പിച്ചിചീന്താൻ ഇട്ട് കൊടുക്കാതെ ഇങ്ങോട്ട് കൊണ്ട് വരാൻ തോന്നിയത് മോന്റെ നല്ല മനസ്സ്.”

“രതീഷ് അടങ്ങി ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവളെ ഇങ്ങോട്ട് കൊണ്ട് വരുന്നത് തടയാൻ അവൻ ശ്രമിച്ചതാ. പക്ഷേ ചീറ്റിപ്പോയി.”

“നീയൊന്ന് കരുതി ഇരുന്നോ സൂര്യാ.’

“പ്രശ്നങ്ങൾ എനിക്ക് പുതിയ കാര്യമൊന്നുമല്ലല്ലോ മാമാ. നാളത്തെ കാര്യം അപ്പോ നോക്കാം നമുക്ക്.”

“മോള് ഒന്ന് കൊണ്ടും വിഷമിക്കണ്ട കേട്ടോ. നിനക്കൊന്നും സംഭവിക്കാതെ സൂര്യൻ നോക്കിക്കോളും. ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കാതെ കൊച്ചു പോയി കിടന്ന് ഉറങ്ങിക്കോ.” പരമു പിള്ളേ അലിവോടെ നീലിമയെ നോക്കി.

“നീയും ചെന്ന് കിടക്കാൻ നോക്ക്. നേരം ഒത്തിരി വൈകി. ഇന്ന് ഞാനും ഇവിടെ കൂടാം.” പിള്ള പറഞ്ഞു.

“ഞാൻ നീലിമയ്ക്ക് മുറി കാണിച്ചു കൊടുത്തിട്ട് വരാം.” അവളെ ഒന്ന് നോക്കി ഒപ്പം വരാൻ ആംഗ്യം കാണിച്ചു കൊണ്ട് സൂര്യൻ ഇടനാഴിയിലേക്ക് ഇറങ്ങി നടന്നു. നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് നീലിമയും അവനെ അനുഗമിച്ചു.

“നീലിമ ഇവിടെ കിടന്നോളു.” അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി കിടക്ക വിരി തട്ടി കുടഞ്ഞു വിരിച്ചിട്ട് സൂര്യൻ മുറിയിൽ നിന്ന് പുറത്തിറങ്ങി.

“അതേയ്… മാറിയിടാൻ ഡ്രസ്സ്‌ എന്തെങ്കിലും ഉണ്ടാവോ? ഇതാകെ കീറിപ്പറിഞ്ഞുപോയി.” നീലിമ മടിച്ചു മടിച്ചാണ് ചോദിച്ചത്.

“ഇവിടെ നിനക്ക് പറ്റിയ ഡ്രെസ്സൊന്നുമില്ല.”

“നിർമല ചേച്ചിയുടെ ഉണ്ടാവില്ലേ? അതായാലും മതി.”

“അവളുടെ ഒന്നും നീ ഇടണ്ട. നിനക്ക് മാറിയുടുക്കാനുള്ള തുണി രാവിലെ എത്തിക്കാം. ഇപ്പൊ കിടന്നുറങ്ങാൻ നോക്ക്.” പരുഷമായി പറഞ്ഞുകൊണ്ട് സൂര്യൻ പരമു പിള്ളയുടെ അടുത്തേക്ക് പോയി.

അവന്റെ രൂക്ഷമായ പെരുമാറ്റം കണ്ട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി നീലിമയ്ക്ക്.

“പിള്ള മാമാ… നാളെ രാവിലെ വീട്ടിൽ പോയിട്ട് വരുമ്പോ മീനുവിനോടോ തുമ്പിയോടോ അവരുടെ ഏതെങ്കിലും വസ്ത്രം നീലിമയ്ക്ക് കൊണ്ട് കൊടുക്കാൻ പറയുമോ? അവൾക്ക് മാറി ഇടാൻ ഒന്നുമില്ല.”

“നിർമലയുടെ വസ്ത്രങ്ങളൊന്നും ഇവിടിരിപ്പില്ലേ. നിർമല മോള് മെലിഞ്ഞിട്ടായിരുന്നല്ലോ. ഈ കൊച്ചും അങ്ങനെ തന്നെയാ ഉള്ളത്. അപ്പോ അവളുടെ ഉടുപ്പൊക്കെ ഇവൾക്കും പാകമാവില്ലേ.” പിള്ള സംശയത്തോടെ ആരാഞ്ഞു.

“അതൊന്നും ശരിയാവില്ല. നിർമലയുടെ വസ്ത്രങ്ങൾ വേറെയാരും ധരിച്ചു കാണുന്നത് എനിക്കിഷ്ടല്ല മാമാ, അത് വേണ്ട. അതൊക്കെ അവളുടെ ഓർമ്മയ്ക്കായി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നതാ. അതവിടെ തന്നെ ഇരുന്നോട്ടെ.”

“മ്മ്മ്… നിന്റെ ഇഷ്ടംപോലെ.” സൂര്യന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് പരമു പിള്ളേ അവനോട് തർക്കിക്കാൻ മുതിർന്നില്ല. നിർമലയെ അവൻ എത്ര ആഴത്തിൽ സ്നേഹിക്കുന്നുണ്ടെന്ന് അയാൾക്ക് നല്ലത് പോലെ അറിയാം.

പുറത്തെ സംഭാഷണ ശകലങ്ങൾ നീലിമയും കേൾക്കുന്നുണ്ടായിരുന്നു. ഒരു നെടുവീർപ്പോടെ വാതിലടച്ച് കുറ്റിയിട്ട ശേഷം അവൾ കട്ടിലിൽ ചെന്നിരുന്നു.

സൂര്യൻ ധരിച്ചിരിക്കുന്ന ഷർട്ടാണ് താനിപ്പോൾ ഇട്ടിരിക്കുന്നത്. തന്നെപോലെ രണ്ട് പേർക്ക് കൂടി കയറാനുള്ള സ്ഥലമുണ്ട്. ആ നേരത്ത് അവന് ഇത് ഊരിതരാനുള്ള മനസ്സ് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എന്താകും തന്റെ അവസ്ഥയെന്ന് അവൾക്ക് ചിന്തിക്കാനായില്ല.

തല നാരിഴയ്ക്കാണ് താൻ രതീഷിന്റെ കൈയിൽ നിന്ന് രക്ഷപെട്ടത്. ആ രംഗങ്ങൾ ഓർക്കുമ്പോൾ തന്നെ അവൾക്ക് ഉൾക്കിടിലം അനുഭവപ്പെട്ടു. നാളെ നേരം പുലരുമ്പോൾ ഇനി എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാകുമെന്നോർത്ത് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.

തെറ്റൊന്നും ചെയ്യാതെ തന്നെ ഒറ്റ രാത്രി കൊണ്ട് താനീ നാട്ടുകാർക്ക് മുന്നിൽ ഒരു വേശ്യയായി മാറിയല്ലോ എന്നോർത്തപ്പോൾ നീലിമയുടെ ഹൃദയം വിങ്ങി. ഈ ആരോപണങ്ങളെയൊക്കെ അതിജീവിച്ചു താനെങ്ങനെ ഇനിയിവിടെ ജീവിക്കുമെന്നോർത്തപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. മനസ്സിന്റെ വിങ്ങലടക്കാൻ കഴിയാതെ നീലിമ പൊട്ടിക്കരഞ്ഞു. ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ പാവാട തുമ്പ് വായിലമർത്തി അവൾ തേങ്ങലടക്കാൻ ശ്രമിച്ചു.

🍁🍁🍁🍁🍁

പുലർച്ചെ ആറുമണി കഴിഞ്ഞപ്പോൾ പരമു പിള്ള സ്വന്തം വീട്ടിലേക്ക് പോയി. അയാൾ പോയി അര മണിക്കൂർ കഴിഞ്ഞപ്പോൾ നീലിമയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളുമായി മീനു അമ്പാട്ട് പറമ്പിലേക്ക് വന്നു.

“സൂര്യേട്ടാ…” ഉമ്മറത്തെ ചാരു കസേരയിൽ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു അവൻ. മീനുവിന്റെ വിളിയൊച്ച കേട്ട് അവൻ തലയുയർത്തി നോക്കി.

“ആഹ്… മീനു വന്നോ..!” പടിക്കെട്ടിൽ ചെരുപ്പഴിച്ചു വച്ച് അകത്തേക്ക് കയറി വരുന്ന പെൺകുട്ടിയെ നോക്കി അവൻ ചിരിച്ചു.

“അച്ഛൻ വന്നപാടെ ഇവിടുത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.”

“നീ അവൾക്കുള്ള ഡ്രസ്സ്‌ കൊണ്ട് വന്നില്ലേ?”

“ഉവ്വ്… ഇന്നാ പിടിച്ചോ?”

“നീ തന്നെ കൊണ്ട് കൊടുത്തേക്ക്. അവള് വടക്കേ മുറിയിലുണ്ട്.”

“ഹാ… ശരി…” നീലിമയ്ക്ക് കൊണ്ട് വന്ന വസ്ത്രങ്ങളുമായി മീനു അകത്തേക്ക് പോയി.

അടഞ്ഞുകിടന്ന വാതിൽ തള്ളി നോക്കിയപ്പോൾ അത് അകത്തു നിന്ന് പൂട്ടിയിട്ടുണ്ടെന്ന് മീനുവിന് മനസ്സിലായി. അവൾ വാതിലിൽ മുട്ടി വിളിച്ചു. കുറച്ചു സമയം കാത്ത് നിന്നിട്ടും വാതിൽ തുറക്കാതെ കണ്ടപ്പോൾ മീനുവിന് പരിഭ്രമമായി.

“എന്റീശ്വരാ… ചതിച്ചോ?” നെഞ്ചിൽ കൈവച്ച് ഉള്ളിലെ കിതാപ്പടക്കി അവൾ സൂര്യന്റെ അടുത്തേക്കോടി.

“സൂര്യേട്ടാ… ആ കുട്ടി വിളിച്ചിട്ട് വാതില് തുറക്കുന്നില്ല.” മീനുവിന്റെ ആധി നിറഞ്ഞ സ്വരം സൂര്യനിലും നേരിയൊരു ആശങ്ക പടർത്തി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button