സൂര്യനെ മോഹിച്ചവൾ: ഭാഗം 61
രചന: ശിവ എസ് നായർ
“ഇനി എന്തൊക്കെ സംഭവിച്ചാലും സൂര്യേട്ടനെ വിട്ടൊരു ജീവിതം നീലിമയ്ക്കുണ്ടാവില്ല.” കഴുത്തിലെ താലിയിൽ മുറുക്കി പിടിച്ച് നീലിമ സ്വയമെന്നോണം പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ അവൾ സൂര്യനെ കൂടുതൽ അടുത്തറിയുകയായിരുന്നു. നീലിമയോട് അധികം സംസാരിക്കാനോ അടുപ്പം സൃഷ്ടിക്കാനോ അവൻ ശ്രമിച്ചില്ല. ഒന്നോ രണ്ടോ വാക്കിൽ അവരുടെ സംസാരങ്ങൾ അവസാനിക്കും. സൂര്യൻ തന്നെ പൂർണ്ണമായും അവഗണിക്കുകയാണെന്ന് നീലിമയ്ക്ക് മനസ്സിലായി. എങ്കിലും അവൾക്കതിൽ പരാതിയോ പരിഭവമോ ഒന്നും തോന്നിയില്ല.
ഒരുമിച്ച് ഒരു കുടക്കീഴിലാണ് താമസമെങ്കിലും മനസ്സ് കൊണ്ട് സൂര്യൻ തന്നിൽ നിന്ന് ഒരുപാട് അകലെയാണ്. ആ മനസ്സ് നിറയെ ഇപ്പോഴും നിർമല മാത്രമാണ്. ഒരിക്കൽ സൂര്യന് തന്നോട് തോന്നിയ ഇഷ്ടം ഇനിയൊരിക്കലും ഉണ്ടാകാനും പോകില്ലെന്ന് അവൾക്കറിയാം. എങ്കിലും സൂര്യനെ താൻ സ്നേഹിക്കും. അതേ ഇഷ്ടം തിരികെ വേണമെന്ന് ആഗ്രഹിക്കില്ല. അതിനുള്ള അർഹത തനിക്കില്ല.
അന്നും ഇന്നും എന്നും സൂര്യനെ മനസ്സിലാക്കുന്നതിൽ തെറ്റ് പറ്റിയത് തനിക്കാണ്. ഒത്തിരി വേദനിപ്പിച്ചിട്ടുമുണ്ട്… എന്നിട്ടും തനിക്കൊരു ആപത്ത് വന്നപ്പോൾ ഓടി വന്ന് ചേർത്ത് പിടിച്ചിരിക്കുന്നു.
സൂര്യൻ തന്റെ കഴുത്തിൽ താലി കെട്ടുന്ന രംഗം മനസ്സിലോർക്കവേ അവൾക്ക് ഉൾപുളകം തോന്നി. അവന്റെ താലി കഴുത്തിൽ വീണതോടെ എന്തെന്നില്ലാത്തൊരു സുരക്ഷിതത്വ ബോധം നീലിമയ്ക്ക് അനുഭവപ്പെട്ടു.
🍁🍁🍁🍁🍁
നീലിമയെ സൂര്യൻ അമ്പാട്ടേക്ക് കൂട്ടികൊണ്ട് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. താനില്ലാത്ത നേരം നോക്കി രതീഷ് എന്തെങ്കിലും പ്രശ്നമുണ്ടാക്കി കൊണ്ട് വന്നാലോ എന്ന് കരുതി അവൻ ഇതുവരെ തറവാട് വിട്ട് എങ്ങോട്ടും പോയിട്ടില്ലായിരുന്നു.
രതീഷിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നില്ലെന്ന് കണ്ടപ്പോൾ തത്കാലത്തേക്ക് പേടിക്കാൻ ഒന്നുമുണ്ടാവില്ലെന്ന് സൂര്യന് ഉറപ്പായി.
“രാവിലെ തന്നെ സൂര്യേട്ടൻ എങ്ങോട്ടാ.” കുളിച്ചു വസ്ത്രം മാറി പുറത്തേക്ക് പോകാൻ തയ്യാറായി വന്ന സൂര്യനെ കണ്ട് നീലിമ ചോദിച്ചു.
“ശാരദേച്ചിയുടെ അടുത്തേക്കൊന്ന് പോണം. ഒരാഴ്ചയായി അവിടെയൊന്ന് പോയിട്ട്.” നീലിമയുടെ ഉള്ളറിയാൻ വേണ്ടിയാണ് അവനങ്ങനെ മറുപടി പറഞ്ഞത്. തന്റെ കാര്യത്തിൽ അവളെന്തെങ്കിലും സ്വാർത്ഥമായൊരു ഇടപെടൽ നടത്തുമോന്ന് കണ്ടറിയണം.
“ആ ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വന്ന് നിർത്തിക്കൂടെ. അവരവിടെ ഒറ്റയ്ക്കല്ലേ താമസിക്കുന്നത്.” നീലിമയിൽ നിന്ന് അങ്ങനെയൊരു മറുപടി അവൻ പ്രതീക്ഷിച്ചില്ല.
“കുറെ വിളിച്ചതാ ഞാൻ. പക്ഷേ ചേച്ചി വരില്ല.”
“സമ്മതം ചോദിക്കാൻ നിൽക്കുന്നതെന്തിനാ. എങ്ങോട്ടെങ്കിലും പോകാമെന്നു പറഞ്ഞ് ഇങ്ങോട്ട് കൊണ്ട് വന്നൂടെ.”
“മം… ഞാനൊന്ന് ശ്രമിച്ചു നോക്കാം. ഞാൻ വരുന്നത് വരെ പുറത്തേക്കൊന്നും ഇറങ്ങരുത്. ഞാനോ പിള്ള മാമനോ അല്ലാതെ ആര് വന്ന് വിളിച്ചാലും വാതിൽ തുറക്കരുത്. ഞാൻ പോയിട്ട് പെട്ടെന്ന് വരും.”
“വേഗം വരണേ…”
“വരാം… നീ കതകടച്ച് അകത്തേക്ക് പൊയ്ക്കോ.”
നീലിമ ഉള്ളിൽ കയറി വാതിൽ അടയ്ക്കുന്നത് കണ്ട ശേഷമാണ് സൂര്യൻ ജീപ്പ് സ്റ്റാർട്ട് ആക്കിയത്.
ആദ്യം അവന് കാണേണ്ടിയിരുന്നത് അഭിഷേകിനെയായിരുന്നു. തന്റെ മനസ്സിലെ സംശയം അവനുമായി പങ്ക് വയ്ക്കാൻ സൂര്യന് തിടുക്കമായി.
“എന്താ സൂര്യാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. രതീഷ് വല്ല പ്രശ്നവും ഉണ്ടാക്കിയോ?” സൂര്യനെ കണ്ടപാടെ അഭിഷേക് ചോദിച്ചു.
“എന്റെ ചില സംശയങ്ങൾ നിന്നോട് പറയാനാ ഞാൻ വന്നത്.”
“നിന്നെ അങ്ങോട്ട് വന്ന് കാണണമെന്ന് ഞാൻ വിചാരിച്ചതായിരുന്നു. നീ പിന്നെ തറവാട്ടിലേക്ക് വരണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ അവിടേക്ക് വരാത്തത്.
അവിടുത്തെ പ്രശ്നങ്ങളൊക്കെ സോൾവായോ? നീലിമ ഇപ്പോ നിന്റെ കൂടെ തറവാട്ടിലുണ്ടോ?”
“അവൾ എന്റെയൊപ്പമുണ്ട് അഭി. നിന്നോട് അങ്ങോട്ട് വരണ്ടെന്ന് പറഞ്ഞത് മനഃപൂർവം തന്നെയാ. നീലിമയുടെ ചെറിയച്ഛൻ രതീഷ് നമ്മള് വിചാരിച്ച ആളല്ലന്ന് എന്റെ മനസ്സ് പറയുന്നു. നീ കൂടി അവളുടെ പ്രശ്നത്തിൽ ഇടപെട്ടിട്ട് നിനക്ക് ആപത്തൊന്നും ഉണ്ടാവണ്ടെന്ന് കരുതിയാ ഞാൻ…” പറഞ്ഞു വന്നത് പാതിയിൽ നിർത്തി അവൻ അഭിഷേകിനെ നോക്കി.
“രതീഷ് അപകടകാരിയാണെന്ന് നിനക്ക് തോന്നാൻ എന്താ കാരണം.”
“ഇതുവരെ ഞാൻ കണ്ട ആളല്ല ഇപ്പോ. നീലിമയെ ഞാൻ പിടിച്ചു വച്ചതിന്റെ പേരിൽ ഭീഷണി മുഴക്കിയിട്ടാ അവൻ പോയതും. സത്യത്തിൽ അവനൊരു നിരുപദ്രവക്കാരി ആണെന്നായിരുന്നു എന്റെ ധാരണ. അത് തെറ്റായിരുന്നുവെന്ന് നീലിമയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോ മനസ്സിലായി. പക്ഷേ അതിന്റെ പേരിൽ എന്നെ ഭീഷണിപ്പെടുത്താൻ മാത്രം രതീഷിന് ധൈര്യമുണ്ടെങ്കിൽ അവനെ നമ്മൾ ഭയക്കണ്ടേ. മറ്റെന്തോ ഉദ്ദേശം അവനുണ്ട്.”
“ഇവനെ കുറിച്ച് നിനക്ക് കൂടുതൽ എന്തെങ്കിലും അറിയാമോ?”
“വരത്തനാണ്. അമ്പലത്തിൽ ഉത്സവത്തിന് നാടകം കളിക്കാൻ വന്നവൻ നീലിമയുടെ ചെറിയമ്മയുമായി ഇഷ്ടത്തിലായി അവരെ കെട്ടി ഇവിടെ തന്നെ കൂടി. കൂടുതൽ ആർക്കും അവനെ പറ്റി അറിയില്ല.
മഹേഷും ഒരു വരത്തനായിരുന്നുവെന്ന് നിർമലയുടെ അച്ഛൻ പറഞ്ഞത് ഓർമ്മയുണ്ടോ? അവനും ഇവനും ഒരാളാണോ എന്നും എനിക്ക് സംശയമുണ്ട് അഭി.”
“നീ പറഞ്ഞതൊക്കെ കേൾക്കുമ്പോ എനിക്കും അങ്ങനെയൊരു സംശയം തോന്നുന്നു സൂര്യാ.”
“ഇവന്റെ ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ നിർമലയുടെ അച്ഛനെ കൊണ്ട് പോയി കാണിക്കായിരുന്നു. ആ തെണ്ടിയാണ് ഇവനെന്ന് ഉറപ്പായാൽ പിന്നെ ഞാനവനെ ജീവനോടെ വച്ചേക്കില്ല അഭി.” സൂര്യന്റെ മുഖം കോപം കൊണ്ട് ചുവന്നു.
“ആദ്യം നമുക്കത് അവനാണോന്ന് ഉറപ്പിക്കണ്ടേ.”
“എന്റെ മനസ്സ് പറയുന്നത് അതവൻ തന്നെ ആണെന്നാ. പഠിച്ച കള്ളനാ അത്. നാട്ടുകാരെ കയ്യിലെടുക്കാനും അവസരത്തിനൊത്ത് കാര്യങ്ങൾ വളച്ചൊടിക്കാനും അവന് നല്ല മിടുക്കുണ്ട്.”
“രതീഷ് ഇപ്പോ എവിടെയാ താമസം.”
“ആവണിശ്ശേരിയിൽ തന്നെയാ.”
“അങ്ങനെയാണെങ്കിൽ അവനവിടെ ഇല്ലാത്ത നേരം നോക്കി നമുക്ക് ആ വീടൊന്ന് പരിശോധിക്കണം. ഇവനെ കുറിച്ചുള്ള എന്തെങ്കിലും തെളിവ് അവിടെ നിന്ന് കിട്ടിയാലോ. ഫോട്ടോയോ മറ്റോ കിട്ടയാൽ നിർമലയുടെ അച്ഛനെ കൊണ്ട് പോയി കാണിച്ച് ആള് ഇതാണോന്ന് ഉറപ്പിക്കുകയും ചെയ്യാം.” അഭിഷേക് ആലോചനയോടെ പറഞ്ഞു.
“എന്തായാലും എല്ലാം പെട്ടെന്ന് വേണം അഭി.”
“രതീഷിന്റെ പുറകെയുള്ള അന്വേഷണം കഴിയുന്നത് വരെ ഞാൻ ലീവെടുക്കാം സൂര്യാ.”
“എങ്കിൽ ഞാൻ ഇറങ്ങട്ടെ…” അഭിയോട് യാത്ര പറഞ്ഞ് സൂര്യൻ അവിടുന്നിറങ്ങി.
തറവാട്ടിൽ നീലിമ തനിച്ചായത് കൊണ്ട് എത്രയും പെട്ടെന്ന് അവളുടെ അടുത്തെത്താനുള്ള തിടുക്കമായിരുന്നു സൂര്യന്. പോകുന്ന വഴി ശാരദയെയും അവൻ ഒപ്പം കൂട്ടി. എങ്ങോട്ടാ തന്നെ കൊണ്ട് പോകുന്നതെന്ന് ശാരദ എത്ര ചോദിച്ചിട്ടും അവൻ ഒന്നും വിട്ട് പറഞ്ഞില്ല. തറവാട്ടിൽ ചെല്ലുമ്പോൾ അറിഞ്ഞാ മതിയെന്ന് കരുതി.
🍁🍁🍁🍁🍁
ഉച്ചയ്ക്കുള്ള ഊണൊരുക്കി തീൻ മേശയിൽ കൊണ്ട് വയ്ക്കുമ്പോഴാണ് മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം നീലിമ കേട്ടത്.
ദാവണി തുമ്പിൽ കൈ തിരുമി അവൾ ചെന്ന് വാതിൽ തുറക്കുമ്പോൾ കണ്ടു സൂര്യനോടൊപ്പം അൽപ്പം പരുങ്ങലോടെ നിൽക്കുന്ന ശാരദയെ.
“ഇതാണോ സൂര്യേട്ടൻ പറയാറുള്ള ശാരദ ചേച്ചി.”
“അതേ… ഇത്രനാളും ചേച്ചി ഒറ്റയ്ക്ക് ജീവിച്ചില്ലേ. ഇനി അത് വേണ്ടാട്ടോ. ഇനിമുതൽ ഞങ്ങളോടൊപ്പം ചേച്ചിയും ഇവിടെയാണ് താമസിക്കാൻ പോകുന്നത്.” സൂര്യനവരുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു
“ഇതിനായിരുന്നല്ലേ നീയെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഇതാണ് കാര്യമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. ഒറ്റയ്ക്ക് നിന്ന് എനിക്ക് ശീലമായതാ. ഞാൻ അവിടെ തന്നെ നിന്നോളാം സൂര്യാ.”
“അത് വേണ്ട… ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് ചേച്ചി സൂര്യേട്ടന്റെ ചേച്ചി തന്നെയാ. എനിക്കും ഏട്ടനും കൂട്ടായി ചേച്ചിയും ഇവിടെ ഉണ്ടാവണം. അകത്തേക്ക് കയറി വാ ചേച്ചി..” നീലിമ അവരുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.
അവിടെ നിൽക്കാൻ ശാരദ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സൂര്യന്റെയും നീലിമയുടെയും തന്നോടുള്ള സ്നേഹവും കരുതലും അവരുടെ മനസ്സ് നിറച്ചു. പറ്റിയ തെറ്റുകൾ തിരുത്താൻ കിട്ടിയ അവസരം നീലിമയും പാഴാക്കിയില്ല. ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്നതിന്റെ വേദന നന്നായി അനുഭവിച്ച നീലിമയ്ക്ക് വെറുപ്പൊന്നുമില്ലാതെ ശാരദയെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ ചേർത്ത് പിടിക്കാൻ കഴിഞ്ഞു.
ശാരദ സൂര്യനോടൊപ്പം പോയതറിയാതെ ആ രാത്രി അവരെ വക വരുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു രതീഷ്. സൂര്യനെ പൂട്ടാൻ അവൻ കണ്ടെത്തിയ തുറുപ്പു ചീട്ടായിരുന്നു ശാരദ.
രാത്രി ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞ നേരം നോക്കി രതീഷ് ആവണിശ്ശേരിയിൽ നിന്നും പുഴക്കരയിലുള്ള ശാരദയുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു.
ആവണിശ്ശേരിയിൽ കയറാൻ തക്കം പാർത്തിരുന്ന സൂര്യനും അഭിഷേകും രതീഷിന്റെ നീക്കങ്ങൾ മറഞ്ഞിരുന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. രാത്രി അവനവിടുന്ന് ഇറങ്ങിയ ഉടനെ തന്നെ ഇരുവരും അകത്തേക്ക് കയറി.
രതീഷ് ഈ രാത്രി എവിടെ പോകുന്നതാണെന്ന് അറിയാനായി സ്റ്റേഷനിൽ തനിക്ക് വിശ്വാസമുള്ള ഒരു കോൺസ്റ്റബിളിനെ അഭിഷേക് ചുമതലപ്പെടുത്തിയിരുന്നു.
രതീഷിന്റെ മുറിക്കുള്ളിൽ കയറിയപ്പോൾ സാധനങ്ങളെല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നത് ഇരുവരും കണ്ടു. ആ മുറി മുഴുവൻ പരിശോധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ അവർ രണ്ടായി പിരിഞ്ഞു പരിശോധന തുടങ്ങി.
ആവണിശ്ശേരിയിലെ ഓരോ മുക്കും മൂലയും സൂക്ഷ്മ പരിശോധന നടത്തി വരുമ്പോഴാണ് മുകളിലേക്ക് കയറുന്ന മച്ചിന്റെ ഗോവണിക്ക് മുന്നിൽ അവനെത്തിയത്.
പൊടിയും മാറാലയും കൊണ്ട് മച്ചിനകം ആകെ വൃത്തിഹീനമായിരുന്നു. കൈയിലെ ടോർച് തെളിച്ചു ചുറ്റും നോക്കുമ്പോഴാണ് ഒരു ഭാണ്ഡക്കെട്ട് അവന്റെ കണ്ണിലുടക്കിയത്. അതിലെന്തായിരിക്കും ഉണ്ടാവുകയെന്ന് അറിയാനുള്ള ആകാംക്ഷയോടെ സൂര്യനാ ഭാണ്ഡകെട്ട് അഴിച്ചു നോക്കി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…