Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 62

രചന: ശിവ എസ് നായർ

ടോർച്ചിന്റെ വെളിച്ചത്തിൽ ഭാണ്ഡ കെട്ടിനുള്ളിലെ സ്വർണാഭരണങ്ങൾ കണ്ട് സൂര്യനൊന്ന് ഞെട്ടി. മനസ്സിലെന്തോ സംശയം തോന്നിയ സൂര്യൻ അതിനുള്ളിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം നിലത്തേക്ക് കുടഞ്ഞിട്ടു. അതേ സമയത്താണ് സൂര്യനെ തിരക്കി അഭിഷേകും അങ്ങോട്ട്‌ വന്നത്.

“അഭീ… ഇത്… ഇതെല്ലാം… നിർമലയുടെ ആഭരണങ്ങളാണ്. ഇതെങ്ങനെ ഇവിടെ വന്നു?”

“ഇവൻ തന്നെയായിരിക്കും മഹേഷ്‌. അവളെ കൊന്നിട്ട് ഇതൊക്കെ മോഷ്ടിച്ചു കൊണ്ട് വച്ചതാവും.”

“അത് തന്നെയാ എനിക്കും തോന്നുന്നത്.”

“നിർമലയുടെ ആഭരണങ്ങൾ മോഷണം പോയത് ഒരു വർഷം കഴിഞ്ഞിട്ടും നീ അറിഞ്ഞില്ലേ സൂര്യാ.”

“ഇതൊക്കെ അവളുടെ അലമാരയിൽ തന്നെ ഉണ്ടാവുമെന്ന് കരുതി. നിർമല മരിച്ചതിൽ പിന്നെ ആ മുറിയിലെ ഒരു സാധനവും ഞാൻ തൊട്ടിട്ടില്ല. അവളുടെ ഓർമ്മകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുമെന്ന് തോന്നിയിട്ട് ഞാനവിടെ കിടക്കാറ് കൂടിയില്ല.”

“എനിക്കിവിടുന്ന് ഇവന്റെയൊരു ഫോട്ടോ കിട്ടിയിട്ടുണ്ട്. അത് പറയാനാ ഞാൻ നിന്നെ തിരക്കി വന്നത്.”

“എവിടെ നോക്കട്ടെ.”

“ദേ നോക്ക്… അത്ര തെളിച്ചമില്ലെങ്കിലും അവനെ പരിചയമുള്ളവർക്ക് കണ്ടാൽ പെട്ടെന്ന് മനസ്സിലാവും.” അഭിഷേക് തനിക്ക് കിട്ടിയ ഫോട്ടോ സൂര്യന് കാണിച്ചു കൊടുത്തു.

“നിർമലയുടെ അച്ഛൻ ഇവനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവന്റെ അന്ത്യമായിരിക്കും.”

“അത് വേണ്ട സൂര്യാ… എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നിന്നെ കാത്തിരിക്കാനിപ്പോ ഒരു പെണ്ണുണ്ടെന്ന ഓർമ്മ വേണം. രതീഷിന് തക്കതായ ശിക്ഷ ഞാൻ വാങ്ങി കൊടുത്തോളാം.”

“അത് നടക്കില്ല അഭി. അവനെ എനിക്ക് എന്റെ കൈകൊണ്ട് തന്നെ കൊല്ലണം.”

“ഇക്കാര്യത്തിൽ നീ എന്റെ വാക്ക് ധിക്കരിച്ചാൽ നിന്നെ രക്ഷിക്കാൻ എനിക്ക് കഴിയില്ല സൂര്യാ. പിന്നെ നിന്റെ സ്ഥാനം ജയിലഴിക്കുള്ളിലായിരിക്കും.”

“അവനെ കൊന്നിട്ട് അന്തസ്സോടെ ജയിലിലേക്ക് പോകാൻ എനിക്കൊരു സങ്കടവുമില്ല അഭി. പിന്നെ നീലിമയുടെ കാര്യം, അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടാവില്ല എന്ന്.”

“നമ്മൾ വന്ന കാര്യം നടന്നില്ലേ. അവൻ തിരികെ വരുന്നതിന് മുൻപ് നമുക്കിവിടുന്ന് പോവാം.” അഭിഷേക് വിഷയം മാറ്റി.

“ഇതൊക്കെ ഞാൻ എടുക്കുവാ. അല്ലെങ്കിൽ ആ നാറി ഇതൊക്കെ ആർക്കെങ്കിലും കൊണ്ട് പോയി വിൽക്കും. എന്തോ ഭാഗ്യം കൊണ്ടാ ഇത് നമ്മുടെ കൈയിൽ എത്തിപ്പെട്ടത്.” സൂര്യൻ ഭാണ്ഡകെട്ട് എടുത്ത് തോളിലേക്കിട്ടു.

“സൂര്യാ… ഈ സ്വർണങ്ങൾ ഇവിടുന്ന് നഷ്ടപെട്ട വിവരം രതീഷ് അറിഞ്ഞാൽ ഇതെടുത്തത് നീയാണെന്ന് ഊഹിക്കാൻ അവന് കഴിയും. അവനെ നീ തിരിച്ചറിഞ്ഞെന്ന് രതീഷ് മനസ്സിലാക്കിയാൽ പിന്നെ ഏത് നിമിഷവും അവൻ നമ്മുടെ കൈയിൽ നിന്ന് രക്ഷപെട്ടു പോയേക്കാം. അതിനു മുൻപ് നമുക്കവനെ പൂട്ടണം.”

“ഇനി നിർമലയുടെ അച്ഛനെ പോയി കണ്ട് ഈ ഫോട്ടോ കാണിച്ചു കൊടുത്താൽ നമുക്കിവനാണ് മഹേഷെന്ന് ഉറപ്പിക്കാലോ.” സൂര്യൻ പറഞ്ഞു.

“നിർമലയുടെ അച്ഛൻ അവിടെയുണ്ടോന്ന് നീയൊന്ന് വിളിച്ചന്വേഷിക്ക്. അദ്ദേഹം അവിടെയുണ്ടെങ്കിൽ നാളെ തന്നെ നമുക്കങ്ങോട്ട് പുറപ്പെടാം.”

“ഞാൻ തനിച്ചു പൊയ്ക്കോളാം അഭി.”

“അത് വേണ്ട… ഞാനും കൂടി വരും. നിന്നെ ഒറ്റയ്ക്ക് വിടാൻ എനിക്കത്ര വിശ്വാസം പോരാ.” അഭിഷേക് പറഞ്ഞത് കേട്ട് സൂര്യനൊന്നും മിണ്ടിയില്ല.

രതീഷ് മടങ്ങി വരുന്നതിന് മുൻപ് തന്നെ ഇരുവരും ആവണിശ്ശേരിയിൽ നിന്നും പുറത്ത് കടന്നു.

🍁🍁🍁🍁🍁

പിറ്റേന്ന് രാവിലെ തന്നെ സൂര്യൻ നിർമലയുടെ വീട്ടിലേക്ക് വിളിച്ചു നോക്കി.

രണ്ട് പ്രാവശ്യം വിളിച്ചിട്ടാണ് മറുപുറത്ത് കാൾ എടുത്തത്.

“ഹലോ… ആരാണ്.” ഭാസ്കരന്റെ സ്വരം ഫോണിലൂടെ കേട്ടു.

ശബ്ദം കേട്ടപ്പോൾ തന്നെ അത് നിർമലയുടെ അച്ഛനാണെന്ന് അവന് മനസ്സിലായി.

“അച്ഛാ… ഇത് ഞാനാ സൂര്യൻ.”

“ഹാ… മോനായിരുന്നോ..! എന്താ മോനെ പതിവില്ലാതൊരു വിളി.”

“എനിക്ക് അച്ഛനെ വന്ന് കാണേണ്ട ഒരാവശ്യമുണ്ടായിരുന്നു. ഇന്ന് വീട്ടിലുണ്ടാവോ?”

“അയ്യോ… ഞങ്ങള് ദാ ഗുരുവായൂർ പോകാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു. നിർമലയുടെ മൂത്ത അമ്മാവന്റെ മോളെ കല്യാണം ആണ് നാളെ ഗുരുവായൂർ വച്ച്.”

“ഇനി എന്ന് വന്നാലാ അച്ഛനെ കാണാൻ പറ്റുക?”

“എപ്പോ കാണാൻ പറ്റുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല മോനെ. ഒരാഴ്ച കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളു എന്ന് തോന്നുന്നു. ഞാൻ തിരിച്ചു വന്ന ഉടനെ മോനെ വിളിക്കാം.”

“ആ അച്ഛാ… വന്നിട്ട് വിളിച്ചാൽ മതി. ഞാനങ്ങോട്ട് വരാം.”

“അല്ല മോനെ… എന്തായിരുന്നു കാര്യം?”

“നേരിട്ട് കാണുമ്പോൾ വിശദമായി പറയാം അച്ഛാ.”

“എന്നാ ശരി, വയ്ക്കട്ടെ.” ഭാസ്കരൻ കാൾ കട്ട് ചെയ്തു.

അയാളോട് ഫോണിലൂടെ കാര്യങ്ങൾ വിശദീകരിച്ചാൽ ശരിയാവില്ലെന്ന് സൂര്യന് തോന്നി. പറഞ്ഞ് തുടങ്ങിയാൽ എല്ലാം പറയേണ്ടി വരും. നീലിമയെ താലി കെട്ടിയത് അറിഞ്ഞാൽ അത് ചിലപ്പോൾ ഒരു കല്ല് കടിയാകാനും ചാൻസുണ്ട്.

നേരിട്ടാണെങ്കിൽ രതീഷിന്റെ ഫോട്ടോ കാണിച്ചു ആൾ അതാണെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ഇവിടെ നടന്നതൊക്കെ പറയാമായിരുന്നു. എന്നാലേ മനസ്സിലാവു. അല്ലെങ്കിൽ, ഭാര്യ മരിച്ചു കൊല്ലമൊന്ന് കഴിഞ്ഞപ്പോഴേക്കും ഞാൻ വേറെ കെട്ടിയെന്നായിരിക്കും വിചാരിക്കുക.

പ്രക്ഷുബ്ധമായ മനസ്സോടെ സൂര്യൻ ഉമ്മറത്തിണ്ണയിലേക്കിരുന്നു. നിർമലയുടെ അച്ഛൻ മടങ്ങി വരുന്നത് വരെ കാത്തിരുന്നേ പറ്റു. അതിനിടയ്ക്ക് സ്വർണം അവിടെ നിന്ന് നഷ്ടപ്പെട്ടത് രതീഷ് അറിയാതിരുന്നാൽ മതിയായിരുന്നു.

“സൂര്യേട്ടാ… ദാ കാപ്പി കുടിക്ക്.” അവന് കുടിക്കാൻ കട്ടൻ കാപ്പിയുമായി വന്നതായിരുന്നു നീലിമ.

അവനത് വാങ്ങിക്കാൻ കൈ നീട്ടുമ്പോഴാണ് അവൾ ധരിച്ചിരിക്കുന്ന സാരി അവൻ ശ്രദ്ധിക്കുന്നത്.

“ഇത്… ഈ സാരി… ഇത് നിർമലയുടേത് അല്ലെ? നിന്നോടീ സാരി എടുക്കാൻ ആരാ പറഞ്ഞത്?” സൂര്യൻ കോപത്തോടെ ചാടി എഴുന്നേറ്റു.

“തെക്കേ മുറി അടിച്ചു വാരുമ്പോ കട്ടിലിന്റെ ചോട്ടിൽ നിന്ന് കിട്ടിയതാ. അല്ലാണ്ട് അലമാര തുറന്ന് എടുത്തതൊന്നുമല്ല ഇത്. ഇത് കഴുകി ഉണക്കി അവിടെ കൊണ്ട് വയ്ക്കാൻ പോയപ്പോ ശാരദേച്ചി ഉടുപ്പിച്ച് തന്നതാ എനിക്ക്.” പേടിയോടെ അവൾ പറഞ്ഞു.

“നിനക്ക് അറിയില്ലായിരുന്നോ ഇത് നിർമലയുടെ സാരിയാണെന്ന്.”

“അറിയാം…”

“പിന്നെ എന്തിന് നീയിതുടുത്തു. ഇനി മേലിൽ ഇത് ആവർത്തിച്ചു പോവരുത്. ആ മുറിയിൽ കയറാൻ നിന്നോടാരാ പറഞ്ഞത്.”

“സോറി…”

“ഇപ്പോ തന്നെ അഴിച്ചു വച്ചേക്കണം ഈ സാരി. അതുപോലെ അടിച്ചു വാരാനാണെന്നും പറഞ്ഞ് തെക്കേ മുറിയിലേക്കും കയറി പോകരുത് നീ. എനിക്കത് ഇഷ്ടമല്ല.”

“ഇതൊന്ന് ഉടുത്തൂന്ന് വച്ച് ഇത്രേം ദേഷ്യപ്പെടാനുണ്ടോ? ഞാനിത് ഇപ്പോൾ തന്നെ കൊണ്ട് വച്ചോളാം.” അതൊന്ന് ഉടുത്തതിന് ഇത്രേം വഴക്ക് പറയേണ്ട ആവശ്യമുണ്ടോന്നാണ് നീലിമ അപ്പോൾ ചിന്തിച്ചത്.

“എന്നെ ചോദ്യം ചെയ്യാൻ നീ വരണ്ട. പിന്നെ ഇതും ഉടുത്തു വന്ന് എന്റെ മനസ്സിൽ കയറിപ്പറ്റാമെന്നായിരുന്നു നിന്റെ മനസ്സിലിരിപ്പെങ്കിൽ അത് നിന്റെ വ്യാമോഹം മാത്രമായിരിക്കും. സൂര്യന്റെ ഭാര്യയായി വാഴാമെന്ന മോഹം മനസ്സിൽ നിന്ന് കളഞ്ഞേക്ക്.

ഈ പ്രശ്നങ്ങളൊക്കെ ഒന്നൊതുങ്ങിയാൽ നിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. അതുവരെ മാത്രമേ നിനക്കിവിടെ സ്ഥാനമുള്ളു. ഇവിടുന്ന് ഇറങ്ങുമ്പോ ഞാൻ കെട്ടിയ താലിയും ഞാൻ അഴിച്ചു മേടിക്കും.”

സൂര്യന്റെ ശകാരം കേട്ട് നിൽക്കാനാവാതെ വാ പൊത്തി കരഞ്ഞുകൊണ്ട് നീലിമ അകത്തേക്ക് ഓടിപ്പോയി.

“എന്തിനാ സൂര്യാ അതിനെ ഇങ്ങനെ വഴക്ക് പറഞ്ഞത്. ഇത്രേം ചെറിയ കാര്യത്തിനാണോ ആ കുട്ടിയെ നീ കരയിപ്പിച്ചു വിട്ടത്.” അവളെ വഴക്ക് പറയുന്നത് കേട്ടുകൊണ്ട് വന്ന പരമു പിള്ള സൂര്യണോ ചോദിച്ചു.

“ഇത് അന്ന് തന്നെ പറയണമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചതാ മാമ. ഇപ്പോഴാ അതിന് പറ്റിയത്. ഇവിടെ എന്റെ ഭാര്യയായി കഴിഞ്ഞു കൂടാമെന്നാണ് അവളുടെ വിചാരം. അത് നടക്കില്ലെന്ന് ഇങ്ങനെയല്ലേ എനിക്ക് പറയാൻ പറ്റു.

രതീഷിനെ ഒതുക്കി കഴിഞ്ഞാൽ നീലിമയെ ഞാനിവിടുന്ന് പട്ടണത്തിലെ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റും. പഠിച്ചു ഒരു ജോലി വാങ്ങി വേറെയാരെങ്കിലും കെട്ടി ജീവിക്കട്ടെ.”

“നിനക്കും ഒരു ജീവിതം വേണ്ടേ സൂര്യാ. എല്ലാരേം മുന്നിൽ വച്ച് നീയവളെ താലി കെട്ടിയതല്ലേ. അവൾക്കും നിന്നെ ഇഷ്ടമുള്ള സ്ഥിതിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കണോ.”

“വേണം… അവളുടെ കൂടെ ജീവിക്കാൻ ഒരു സമയം ഞാൻ ആഗ്രഹിച്ചിരുന്നുവെന്നത് നേരാ. പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അത്തരമൊരു വികാരമില്ല. വെറുതെ മനസ്സിലോരോന്ന് സ്വപ്നം കണ്ടിട്ട് പിന്നീട് വിഷമിക്കാൻ ഇട വരണ്ടെന്ന് കരുതിയാ അത്രയും പരുഷമായി ഞാൻ സംസാരിച്ചത്. കുറച്ചു കൂടി പ്രായവും പക്വതയും എത്തുമ്പോൾ നീലിമ എല്ലാം മറന്നോളും.”

“അങ്ങനെയൊന്നും ഇനി നിങ്ങളെ വിട്ട് ഞാൻ പോവില്ല സൂര്യേട്ടാ. എന്നെ എത്ര വഴക്ക് പറഞ്ഞാലും കരയിച്ചാലും എന്റെ മനസ്സ് മാറില്ല. ഒരിക്കൽ എന്റെ ബുദ്ധി ശൂന്യത കൊണ്ട് വിട്ട് കളഞ്ഞത് ഇനിയും ഞാൻ ആവർത്തിക്കില്ല.” വാതിലടച്ചു അതിൽ ചേർന്ന് നിന്ന് നീലിമ തേങ്ങി.

സങ്കടം ഒട്ടൊന്ന് ശമിച്ചപ്പോൾ ഉടുത്തിരുന്ന സാരി അവൾ അഴിച്ചു മാറ്റി. നിർമലയും സൂര്യനും ഉപയോഗിച്ചിരുന്ന മുറി അടിച്ചു വാരുമ്പോഴാണ് അവൾക്കത് കിട്ടിയത്. കഴുകി വൃത്തിയാക്കി മടക്കി അലമാരയിൽ വയ്ക്കാമെന്ന് കരുതിയാണ് നീലിമ അതെടുത്തത്.

ആ സാരി അവളുടെ കൈയിൽ കണ്ടപ്പോൾ ശാരദയാണ് പറഞ്ഞത് നീലിമയ്ക്ക് അതുടുത്താൽ നല്ല ചേർച്ചയായിരിക്കുമെന്ന്. അങ്ങനെ അവര് തന്നെ അവളെ അത് ഉടുപ്പിച്ചു. ഉടുത്തു വന്ന് കണ്ണാടി നോക്കിയപ്പോ നീലിമയ്ക്കും ഇഷ്ടമായി. ആ ദിവസം ഉടുത്തിട്ട് തിരിച്ചു വയ്ക്കാമെന്ന് അവളും വിചാരിച്ചു. അത് ഇങ്ങനെയുമായി.

സാരി വൃത്തിയിൽ മടക്കിയെടുത്ത് നീലിമ തെക്കേ മുറിയിലേക്ക് നടന്നു. നിർമലയുടെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിലേക്ക് അത് വയ്ക്കാനായി അവൾ താക്കോൽ തിരിച്ചു അലമാര തുറന്നതും അകത്ത് കുത്തി തിരുകിയ നിലയിൽ കൂട്ടി വച്ചിരുന്ന വസ്ത്രങ്ങളൊക്കെ അതേപടി പുറത്തേക്ക് ചാടി.

ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി വന്നത്…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button