സൂര്യനെ മോഹിച്ചവൾ: ഭാഗം 63
രചന: ശിവ എസ് നായർ
ഒരു നിമിഷം അവൾ ഭയന്ന് വാതിൽക്കലേക്ക് നോക്കി. സൂര്യനെങ്ങാനും ഇതും കണ്ട് കൊണ്ട് വന്നാൽ തനിക്ക് ചിലപ്പോൾ അടി കിട്ടിയേക്കാം എന്ന് വരെ അവൾക്ക് തോന്നി. നീലിമ വെപ്രാളത്തോടെ വസ്ത്രങ്ങൾ ഓരോന്നും പഴയത് പോലെ മടക്കിയെടുക്കാൻ തുടങ്ങുമ്പോഴാണ് സൂര്യൻ അവിടേക്ക് കയറി വന്നത്.
“എടീ… നീ… നീയിത് എന്താ കാണിച്ചു വച്ചേക്കുന്നത്. നിന്നോട് ഇങ്ങോട്ട് കേറിപോകരുതെന്നല്ലേ ഞാൻ പറഞ്ഞത്. എന്നിട്ട് എല്ലാം കൂടി വലിച്ചു വാരി ഇട്ടേക്കുന്നു. നിന്നെ ഞാനിന്ന് ശരിയാക്കും.” അടിക്കാനായി കയ്യോങ്ങി കൊണ്ട് സൂര്യൻ അവളുടെ നേർക്ക് പാഞ്ഞു വന്നു.
“അയ്യോ തല്ലല്ലേ സൂര്യേട്ടാ… ഞാനീ സാരി വയ്ക്കാൻ വേണ്ടി അലമാര തുറന്നതാ. അപ്പോഴാ ഇതെല്ലാം കൂടി പുറത്തേക്ക് വീണത്.” ഇരു കയ്യാലേ മുഖം മറച്ച് നീലിമ പറഞ്ഞു.
“കള്ളം പറയുന്നോടി… നിർമല ഇതുവരെ അലമാരയിൽ തുണികൾ കുത്തി നിറച്ചു വച്ചിട്ടില്ല. ഇത് നിന്റെ പണി തന്നെയാ.”
“സത്യമായിട്ടും ഞാനല്ല സൂര്യേട്ടാ… ഇത് ഇങ്ങനെ തന്നെയായിരുന്നു.”
അവളോട് മറുത്തെന്തോ പറയാൻ തുടങ്ങുമ്പോഴാണ് സൂര്യന് രതീഷിന്റെ കാര്യം പെട്ടെന്ന് ഓർമ്മ വന്നത്. നിർമല കൊല്ലപ്പെട്ട ദിവസം, അവനായിരിക്കും അലമാരയൊക്കെ വലിച്ചു വാരിയിട്ടിട്ടുണ്ടാവുക. അവൾ ഈ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണങ്ങളാണ് ആവണിശ്ശേരിയിൽ നിന്ന് തനിക്ക് കിട്ടിയത്.
നിർമല മരിച്ച ഷോക്കിൽ താനിതൊന്നും പിന്നീട് നോക്കിയിട്ടില്ല. ഈ മുറിയിൽ കയറാൻ പോലും മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും സ്വർണം മോഷണം പോയത് പോലും താനറിയാതെ പോയത്.
“ഇതെല്ലാം വേഗം തന്നെ പഴയത് പോലെ മടങ്ങി വച്ചിട്ട് അലമാര പൂട്ടി താക്കോൽ എന്റെ കൈയിൽ കൊണ്ട് തരണം.” സൂര്യന്റെ നിർദേശം കേട്ട് നീലിമ തലയാട്ടി.
“സൂര്യേട്ടാ… ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടരുത്?” പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ സൂര്യനോട് അവൾ പറഞ്ഞു.
“ദേഷ്യപ്പെടേണ്ട കാര്യമാണെങ്കിൽ ദേഷ്യപ്പെടും.”
“അങ്ങനെ പറയല്ലേ… ദേഷ്യം പിടിക്കുമെങ്കിൽ ഞാൻ ചോദിക്കുന്നില്ല. ഇപ്പോ തന്നെ വായിലിരിക്കുന്നത് മുഴുവൻ കേട്ട് വയറു നിറഞ്ഞു.”
“നീ എന്താ കാര്യമെന്ന് പറയ്യ്.” സൂര്യൻ അക്ഷമ പ്രകടിപ്പിച്ചു.
“നിർമല ചേച്ചി എന്തിനാ ആത്മഹത്യ ചെയ്തത്? സൂര്യേട്ടൻ അവരെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് ഇവിടെ വന്നപ്പോൾ മുതൽ എനിക്ക് മനസ്സിലായതാണ്. ഈ തീവ്രമായ സ്നേഹം വേണ്ടെന്ന് വച്ച് ചേച്ചി പോകണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണമുണ്ടാവില്ലേ?
ചേച്ചിക്കും ഏട്ടനെ ഒത്തിരി ഇഷ്ടമായിരുന്നില്ലേ. അങ്ങനെയുള്ളപ്പോ സൂര്യേട്ടനെ ഉപേക്ഷിച്ചു അത്ര പെട്ടെന്ന് പോകാൻ ചേച്ചിക്ക് എങ്ങനെ കഴിഞ്ഞു?”
“നീയെന്തിനാ ഇപ്പോ അതൊക്കെ അറിയുന്നത്. ഇതൊക്കെ എന്റെ സ്വകാര്യ ദുഃഖങ്ങളാണ് നീലിമ. ഇക്കാര്യങ്ങളൊന്നും ആരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” നീലിമയുടെ മറുപടി കേൾക്കാൻ നിൽക്കാതെ സൂര്യൻ പെട്ടെന്ന് മുറിവിട്ട് പോയി.
സൂര്യനോടൊപ്പം അമ്പാട്ടേക്ക് വരുന്നതിന് മുൻപ് വരെ അവന്റെ ദൂഷ്യ സ്വഭാവം കാരണമായിരിക്കും നിർമല ആത്മഹത്യ ചെയ്തതെന്നായിരുന്നു നീലിമയുടെ ധാരണ. നിർമല മരിക്കുന്ന ദിവസം സൂര്യനുമായി എന്തൊക്കെയോ വഴക്കുണ്ടായത് രാധമ്മ വഴി നാട്ടിൽ പാട്ടായത് കൊണ്ട് അവർ തമ്മിലുണ്ടായ പിണക്കം നിർമലയെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചതാവാം എന്നാണ് നീലിമ ചിന്തിച്ചത്.
പക്ഷേ തന്റെ ധാരണകൾ പൂർണമായും തെറ്റായിരുന്നുവെന്ന് നീലിമയ്ക്ക് ഇപ്പോൾ ബോധ്യമുണ്ട്. നിർമലയുടെ മരണ ശേഷവും, സൂര്യന് ആദ്യ ഭാര്യയോടുള്ള സ്നേഹം കാണുമ്പോൾ നീലിമയ്ക്ക് നിർമല എന്തിനാണ് ഈ സ്നേഹം വേണ്ടെന്ന് വച്ച് പോയതെന്നും ഒരുപക്ഷെ സൂര്യനെ ഒരു മോശക്കാരനായി തെറ്റിദ്ധരിച്ചിട്ട് ജീവൻ വെടിഞ്ഞതാണോ എന്നൊക്കെയോർത്ത് അവൾക്കാകെ സംശയമായി.
അങ്ങനെയാണ് ഇക്കാര്യം സൂര്യനോട് നേരിട്ട് തന്നെ ചോദിച്ചു കളയമെന്ന് നീലിമ വിചാരിച്ചത്. പക്ഷേ കിട്ടിയ മറുപടി അവളെ നിരാശപ്പെടുത്തി.
പൂർവ്വകാമുകനാൽ ഗർഭം ധരിക്കപ്പെട്ട് ഒടുവിൽ അവന്റെ കൈകൊണ്ട് തന്നെ അവളുടെ അന്ത്യവും സംഭവിച്ചുവെന്ന് നീലിമയോട് പറയാൻ സൂര്യന് മനസ്സ് വന്നില്ല. അതുകൊണ്ടാണ് അവളോട് അവൻ ഒന്നും പറയാതെ പൊയ്ക്കളഞ്ഞത്. തന്റെ വായിൽ നിന്ന് ഇക്കാര്യം വേറെയാരും അറിയണ്ടെന്ന് സൂര്യന് തോന്നി.
നിർമലയുടെ വസ്ത്രങ്ങൾ വൃത്തിയിൽ മടക്കി ഓരോന്നായി അലമാരയിൽ എടുത്തു വയ്ക്കുകയാണ് നീലിമ. അപ്പോഴാണ് നിലത്ത് ചിതറി കിടന്ന തുണികൾക്കിടയിൽ നിന്ന് നാലായി മടക്കിയ ഒരു കടലാസ് കഷ്ണം അവൾക്ക് കിട്ടിയത്. അലസമായി അവൾ അതെടുത്തു തുറന്ന് നോക്കി.
കടലാസിൽ എഴുതിയിരുന്ന വരികൾക്കിടയിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചപ്പോഴാണ് സൂര്യന് വായിക്കാൻ വേണ്ടി നിർമല അവസാനമായി എഴുതിയ കത്താണ് അതെന്ന് നീലിമയ്ക്ക് മനസ്സിലായത്.
“പ്രിയപ്പെട്ട സൂര്യേട്ടന്, അങ്ങനെ വിളിക്കാൻ യോഗ്യതയില്ലെന്ന് അറിയാം. എങ്കിലും സൂര്യേട്ടൻ എനിക്കെന്നും പ്രിയപ്പെട്ടവനാണ്. ഏട്ടനെന്നെ എത്ര വെറുത്താലും എനിക്കൊരിക്കലും ഏട്ടനെ വെറുക്കാൻ കഴിയില്ല. അത്രയേറെ സൂര്യേട്ടനെ ഞാൻ സ്നേഹിക്കുന്നുണ്ട്.
എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന സൂര്യേട്ടനോട് പൊറുക്കാൻ പാടില്ലാത്ത തെറ്റാ ഞാൻ ചെയ്തതെന്ന് എനിക്കറിയാം. അതുകൊണ്ട് എന്നോട് ക്ഷമിക്കാനൊരിക്കലും ഞാൻ പറയില്ല. പക്ഷേ, ഏട്ടനെ ഞാൻ മനഃപൂർവം ചതിച്ചതല്ല. ഏട്ടൻ പുറത്ത് പോയിരുന്ന ഒരു ദിവസം മഹേഷ് ഇവിടെ വന്നിരുന്നു. അന്നയാൾ എന്നെ ബലാത്‌കാരമായി കീഴ്പ്പെടുത്തുകയായിരുന്നു. സൂര്യേട്ടൻ ഒരിക്കൽ എന്റെ നെറ്റിയിലും ചുണ്ടിലും കയ്യിലുമൊക്ക കണ്ട മുറിവുകൾ ഓർമ്മയുണ്ടോ? അതൊക്കെ അയാളുടെ സമ്മാനമായിരുന്നു.
ദൂരെ എവിടെയെങ്കിലും ഒരു വീട് ശരിയാക്കി എന്നെ കൂട്ടി കൊണ്ട് പോകാൻ വരുമെന്ന് പറഞ്ഞാണ് അന്നയാൾ ഇവിടെ നിന്ന് പോയത്. എന്റെ സമ്മതത്തോടെയല്ല അയാളെന്നെ തൊട്ടതെങ്കിൽ കൂടിയും അതൊന്നും ഏട്ടനോട് തുറന്ന് പറയാൻ എനിക്കന്ന് ധൈര്യമില്ലാതെ പോയി. സൂര്യേട്ടൻ അയാളെ എന്തെങ്കിലും ചെയ്തിട്ട് ജയിലിൽ പോയാൽ എനിക്കത് താങ്ങാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാനെല്ലാം മറച്ചു വച്ചത്.
എന്റെ തെറ്റുകളെ ന്യായീകരിക്കാൻ വേണ്ടിയല്ല ഞാനിത്രേം പറഞ്ഞത്. സൂര്യേട്ടന്റെ ജീവിതത്തിലിനി ഒരു കരടായി ഞാനുണ്ടാവില്ല. നാളെ നേരം പുലർന്ന് കഴിഞ്ഞാൽ ഞാനെന്റെ വീട്ടിലേക്ക് പോകും.
ഏട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എല്ലാ അർത്ഥത്തിലും ഏട്ടന്റെ സ്വന്തമായി മാറി സൂര്യേട്ടനോടൊപ്പം ഞാൻ മോഹിച്ച ജീവിതം ജീവിക്കണമെന്ന് ആഗ്രഹിച്ചു കാത്തിരുന്ന ദിവസമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് മാത്രമാ ഞാൻ തിരിച്ചു വീട്ടിലേക്ക് തന്നെ പോകുന്നത്. ഇനിയൊരിക്കലും തമ്മിൽ കണ്ട് മുട്ടാതിരിക്കട്ടെ…
നിർമല
അവളുടെ കണ്ണുനീർ വീണ് പലയിടത്തും മഷി പടർന്നു പോയിട്ടുണ്ടായിരുന്നു. അത് വായിച്ചു കഴിഞ്ഞതും നിർമലയുടെ മരണത്തിൽ നീലിമയ്ക്ക് പല സംശയങ്ങളും തോന്നി. സൂര്യൻ തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു പിടിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.
നീലിമ വേഗം തുണികളെല്ലാം മടക്കി അലമാരയിൽ വച്ചിട്ട് താക്കോലുമായി സൂര്യന്റെ അടുത്തേക്ക് പോയി.
“സൂര്യേട്ടാ… ഇതാ താക്കോൽ.”
“എല്ലാം അടുക്കി വച്ചിട്ടില്ലേ?”
“ഉവ്വ്…”
“ഇടയ്ക്കൊക്കെ അതിനകം അടിച്ചു വാരിക്കോ. പൊടി പിടിച്ചു കിടക്കണ്ട.” സൂര്യന്റെ പറച്ചിൽ കേട്ട് അവൾ അന്തംവിട്ട് പോയി. കുറച്ചു മുൻപ് വരെ ആ മുറിയിൽ കയറേണ്ടെന്ന് പറഞ്ഞ ആളാണ് ഇപ്പോ മാറ്റി പറയുന്നത്.
“നേരത്തെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.”
“ആ മുറി വൃത്തികേടായി കിടക്കുന്നത് കാണുമ്പോ മനസ്സിനെന്തോ അസ്വസ്ഥത. അഞ്ചുനിമിഷം പോലും എനിക്ക് അതിനുള്ളിൽ നിൽക്കാൻ കഴിയില്ല. നിർമലയുടെ ഓർമ്മകൾ എന്നെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നും. അല്ലെങ്കിൽ ഞാൻ തന്നെ വൃത്തിയാക്കി ഇട്ടേനെ. നിർമല മരിച്ച ശേഷം ഞാൻ അതിനുള്ളിലേക്ക് കയറിയിട്ടേ ഇല്ല.”
“അത് കൊണ്ടാവും സൂര്യേട്ടൻ, നിർമല ചേച്ചി എഴുതിയ ഈ കത്ത് കാണാതെ പോയതല്ലേ.”
“എന്ത് കത്തിനെ കുറിച്ചാ നീ പറയുന്നത്.” സൂര്യൻ മനസ്സിലാകാത്ത ഭാവത്തിൽ അവളെ നോക്കി.
“ഈ കത്ത്… ഇത് തുണികൾക്കിടയിൽ നിന്ന് കിട്ടിയതാ. ഏതോ സാരിക്കുള്ളിൽ നിന്ന് വീണതാണെന്ന് തോന്നുന്നു.” ആ കടലാസ് കഷ്ണം നീലിമ അവന് നേർക്ക് നീട്ടി.
വിറയ്ക്കുന്ന കരങ്ങളോടെയാണ് സൂര്യനത് വാങ്ങിയത്. നിർമല തനിക്ക് അവസാനമായി എഴുതിയ എഴുത്തായിരുന്നു അതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ ഹൃദയം പിടഞ്ഞുപോയി.
മരിക്കുന്ന ദിവസം വരെ നിർമല അനുഭവിച്ച വേദനയും മാനസിക സംഘർഷങ്ങളും ഓർത്തപ്പോൾ സൂര്യന് ദുഃഖമടക്കാനായില്ല. ആ കടലാസ് കഷ്ണം നെഞ്ചോട് ചേർത്ത് അവൻ പൊട്ടിക്കരഞ്ഞുപോയി.
ആദ്യമായിട്ടാണ് സൂര്യൻ കരയുന്നത് നീലിമ കാണുന്നത്. അവന്റെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കണ്ട് നിൽക്കാൻ അവൾക്കായില്ല.
“സൂര്യേട്ടാ… നിർമല ചേച്ചിക്ക് എന്താ പറ്റിയത്. ഇത് വായിച്ചപ്പോ എനിക്ക് മനസ്സിലായത് ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാ. പിന്നെ എങ്ങനെയാ ചേച്ചി മരിച്ചത്.”
“അവള് ആത്മഹത്യ ചെയ്തതല്ല… കൊന്നതാ…”
“കൊന്നെന്നോ?? ആര്…” സൂര്യന്റെ വാക്കുകൾ കേട്ട് നീലിമ നടുങ്ങി തരിച്ചുപോയി.
സൂര്യൻ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം നീലിമയോട് തുറന്നു പറഞ്ഞു.
“ഇതൊന്നും ആരും അറിയണ്ടെന്നാ ഞാൻ വിചാരിച്ചത്. ഞാൻ നിർമലയെ മനസ്സിലാക്കിയത് പോലെ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ലല്ലോ. അപ്പോ അവരുടെ കണ്ണിൽ എന്റെ ഭാര്യ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെടില്ലേ. ഇതൊക്കെ കേട്ടിട്ട് നിർമല ഒരു മോശം പെണ്ണായി നിനക്കും തോന്നുന്നുണ്ടോ നീലു.” സൂര്യന്റെ ശബ്ദം നേർത്തു പോയിരുന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…