സൂര്യനെ മോഹിച്ചവൾ: ഭാഗം 66
രചന: ശിവ എസ് നായർ
“സനൽ… നീ… നീയിവിടെ…” സൂര്യന്റെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു.
“എന്നെ നീ തീരെ പ്രതീക്ഷിച്ചില്ലല്ലേ സൂര്യാ. പണ്ടേയ്ക്ക് പണ്ടേ നിന്നെ ഞാൻ നോട്ടമിട്ട് വച്ചതാ. പക്ഷേ അന്ന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോ നിന്നെ കണ്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഒരു കത്തി കുത്ത് കേസിൽ പോലീസിന്റെ പിടിയിൽ ഞാൻ പെട്ടുപോയി. അല്ലെങ്കിൽ ഇതിനുമുൻപേ ഞാനിവിടെ എത്തിയേനെ.” സനൽ ഗൂഢമായി ചിരിച്ചു.
“അന്നെന്റെ കൈയ്യിൽ നിന്ന് കിട്ടിയതൊന്നും പോരെന്നുണ്ടോ?” സൂര്യന്റെ മുഖം ദേഷ്യത്താൽ ചുവന്നു.
“അന്ന് എനിക്ക് കിട്ടിയതിന്റെ ഇരട്ടി പലിശ സഹിതം തരാൻ തന്നെയാ ഞാൻ വന്നത്.” സനൽ അവന് നേർക്ക് ചുവടുകൾ വച്ചു.
“നീയിപ്പോ ചിന്തിക്കുന്നുണ്ടാവും ഞങ്ങൾ തമ്മിൽ എങ്ങനെയാ പരിചയമെന്ന്. നാലഞ്ചു കൊല്ലം മുൻപ് ഞാനും ഇവനും ജയിലിൽ ഒരുമിച്ചുണ്ടായിരുന്നു. അന്ന് പരിചയപ്പെട്ടതാ ഞങ്ങൾ. പിന്നെ ജയിലിൽ നിന്നിറങ്ങിയിട്ട് എനിക്കങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല.
പല നാടുകളിൽ പല പെണ്ണുങ്ങൾക്കൊപ്പം ജീവിച്ച് നിർമലയുടെ നാട്ടിലെത്തി. അവിടുന്ന് അവളെ വളയ്ക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന പെണ്ണിനെ റെയിൽവേ ട്രാക്കിൽ തള്ളിയിട്ടു കൊന്നു.
നിർമലേം കൊണ്ട് ഒളിച്ചോടാൻ തീരുമാനിക്കുമ്പോഴാണ് അവളുടെ ബന്ധുക്കൾ എന്നെ അടിച്ചു കൊല്ലാറാക്കി തെരുവിൽ ഉപേക്ഷിച്ചത്. അവിടുന്ന് വഴിയിൽ പോയ ആരോ കരുണ തോന്നി ആശുപത്രിയിൽ കൊണ്ടിട്ടു.
പിന്നെ അവിടുന്ന് ഇറങ്ങിയപ്പോ കൈയ്യിൽ കാശൊന്നുമില്ലാതെ കുറെ തെണ്ടി തിരിഞ്ഞു ഒരു നാടക സംഘത്തിനൊപ്പം ഇവിടെയെത്തി. ഇവിടെ ജാനകിയുടെ വീട്ടിൽ കേറിപ്പറ്റി അവളെ ഭർത്താവായി ജീവിക്കുമ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന പോലെ നിർമലയെ നീ വിവാഹം ചെയ്ത് കൊണ്ട് വരുന്നത്. പിന്നത്തെ കാര്യങ്ങൾ നിനക്കറിയാലോ.
നീയും സനലും തമ്മിൽ പണ്ട് ജയിലിൽ വച്ചുണ്ടായ പ്രശ്നങ്ങളൊക്കെ എനിക്കറിയാം. രണ്ട് മാസം മുൻപ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സനൽ നിന്നെ തേടിപ്പിടിച്ച് ഇവിടെയെത്തിയപ്പോഴാണ് ഞങ്ങൾ തമ്മിൽ വീണ്ടും കണ്ട് മുട്ടുന്നത്. നിന്നെ തറപ്പറ്റിക്കാൻ എനിക്ക് കൂട്ടായി സനലും എന്നോടൊപ്പം നിന്നു. അതുകൊണ്ട് കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായി. കൂടെ സഹായത്തിന് ആരെങ്കിലും ഇല്ലാതെ നിന്റെ തറവാട്ടിലേക്ക് ഞാനൊറ്റയ്ക്ക് കേറി വരുമെന്ന് നീ വിചാരിച്ചോ സൂര്യാ?” പരിഹാസത്തോടെ രതീഷ് ചോദിച്ചു.
“നീ പത്തുപേരെ കൂട്ടി വന്നാലും തല്ലി ജയിക്കാനുള്ള ആരോഗ്യം എനിക്കിപ്പോ ഉണ്ട്. അതുകൊണ്ട് വെല്ലുവിളി എന്നോട് വേണ്ട രതീഷേ.
നാട് നീളെ പെണ്ണും പിടിച്ചു നിന്റെ പൂതി മാറുമ്പോ അവരെ കൊന്ന് അടുത്ത ഇരകളെ തേടി പോവുന്ന നീയൊക്കെ ജീവിച്ചിരിക്കാൻ അർഹനല്ല. ഇനിയൊരു പെണ്ണും നിന്റെ ഇരയാവാൻ പാടില്ല. അതിന് ഞാൻ സമ്മതിക്കില്ല.” സൂര്യന്റെ കൂസലില്ലായ്‌മ സനലിനെ ചൊടിപ്പിച്ചു.
“രതീഷേ… ഇവനെ ജീവനോടെ വിടുന്നത് അത്ര നല്ലതല്ലെന്നാണ് എനിക്ക് തോന്നുന്നത്. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആരും ഒരിക്കലും അറിയാതിരിക്കണമെങ്കിൽ ഇവനെ തീർക്കണം. ഇതിന്റെ പേരിൽ നമ്മളെ ആരും അന്വേഷിച്ചു വരാൻ പാടില്ല.” സനലാണ് അത് പറഞ്ഞത്.
“ഇതിന്റെയൊക്കെ പിന്നിൽ ഞാനുണ്ടെന്ന് ആ പോലീസിനറിയാം. ഇവന്റെ സുഹൃത്താ അവൻ. ഇവനെ കൊല്ലുവാണെങ്കി അവനേം തീർക്കേണ്ടി വരും.” രതീഷ് പറഞ്ഞു.
“അവന്റെ കാര്യം ഞാനേറ്റു. രണ്ടെണ്ണത്തിന്റെയും കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയാൽ പിന്നെ നമുക്ക് സ്വസ്ഥത കിട്ടും. അല്ലെങ്കിൽ ഇവനൊക്കെ വീണ്ടും നമ്മളെ തേടി വന്നേക്കാം.”
“എങ്കിൽ പിന്നെ സൂര്യനെ കൊണ്ടുള്ള നിന്റെ ആവശ്യം കഴിഞ്ഞാൽ നമുക്കിവനെ കൊന്ന് കെട്ടിത്തൂക്കാം. മറ്റവനെ വല്ല വണ്ടി ഇടിപ്പിച്ചു തീർത്തേക്ക് നീ.” രതീഷ് നിസ്സാര മട്ടിൽ പറയുമ്പോൾ സൂര്യൻ നീലിമയെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു.
അവിടുന്ന് ഓടി രക്ഷപെടാനാണ് തന്നോടവൻ പറഞ്ഞതെന്ന് മനസ്സിലായ നീലിമ രതീഷിനെ പിടിച്ച് തള്ളിയിട്ട് അടുക്കള വാതിൽ ലക്ഷ്യമാക്കി ഓടി. നിലതെറ്റി വീണ രതീഷ്, ഉരുണ്ടു പിരണ്ട് എണീക്കുമ്പോൾ അടുക്കളയിൽ കൂടി പുറത്തിറങ്ങിയവൾ പുറത്ത് നിന്നും വാതിൽ പൂട്ടിയിട്ട് മുൻവശത്തേക്ക് പാഞ്ഞു.
“സനലേ… നീ സൂര്യനെ നോക്കിക്കോ. ഞാനവളെ പിടിക്കട്ടെ. അവള് രക്ഷപ്പെട്ടാൽ നമ്മുടെ പദ്ധതിയൊക്കെ പൊളിയും.” പറഞ്ഞതും രതീഷ് മുൻവാതിലിന് നേർക്ക് ഓടി.
“ഞാൻ കൊണ്ട് വന്ന പിക്കപ്പ് വാൻ പറമ്പിൽ നിർത്തിയിട്ടിട്ടുണ്ട്. നീ അവളേം കൊണ്ട് അതിൽ കേറി പൊയ്ക്കോ. ഇവനെ തീർത്തിട്ട് ഞാൻ പിന്നാലെ വന്നോളാം.” സനൽ വിളിച്ചു പറഞ്ഞു.
സനലിന്റെ ശ്രദ്ധ രതീഷിലാണെന്ന് കണ്ടതും സൂര്യൻ ഒറ്റകുതിപ്പിന് നിലത്ത് നിന്നും ചാടിയെഴുന്നേറ്റു. ഒന്ന് മലക്കം മറിഞ്ഞതും ഇരുകൈകളും മുന്നോട്ടായി.
അത് കണ്ടതും സനൽ അവന് നേരെ അടിക്കാനായി പാഞ്ഞ് വന്നു. വിദഗ്ധമായി അവന്റെ അടിയിൽ നിന്ന് ഒഴിഞ്ഞു മാറി. വേഗത്തിൽ മുന്നോട്ടു വന്ന സനൽ ബാലൻസ് തെറ്റി തറയിലേക്ക് കമഴ്ന്നടിച്ചു വീണുപോയി. സൂര്യൻ പെട്ടെന്ന് തന്റെ കയ്യിലെ കെട്ട് പല്ല് കൊണ്ട് കടിച്ചു മുറിച്ചു. അധികം മുറുക്കമല്ലാത്തത് കൊണ്ട് അവനാ കുരുക്ക് പെട്ടെന്ന് അഴിച്ചെടുക്കാൻ പറ്റി.
നിലത്ത് നിന്നും ചാടി എണീക്കാൻ തുടങ്ങിയ സനലിനെ സൂര്യൻ അവിടെ തന്നെ അടിച്ചിട്ടു.
“നിന്നെ ഞാൻ കൊല്ലുമെടാ *&%₹ മോനെ.” പച്ച തെറി വിളിച്ചു കൊണ്ട് സനൽ എഴുന്നേൽക്കാൻ ഭാവിച്ചതും സൂര്യൻ അവന്റെ മർമ ഭാഗത്ത് തന്നെ ആഞ്ഞു തൊഴിച്ചു.
“എന്റമ്മേ…” ഇരുകാലുകളും പിണച്ചു വച്ച് കൈകൾ കൊണ്ട് അടിവയറ്റിന് താഴെ പൊത്തി പിടിച്ചു സനൽ കുനിഞ്ഞിരുന്നു പോയി.
ആ സമയം കൊണ്ട് സൂര്യൻ ഒരു കയർ എടുത്ത് വന്ന് സനലിനെ വരിഞ്ഞു മുറുക്കി കെട്ടി.
“എന്നെയങ്ങു എളുപ്പത്തിൽ തട്ടിയിട്ട് രണ്ടിനും കൂടി ഇവിടുന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ചോ? നിനക്കൊക്കെ എന്നെ ശരിക്കങ്ങു മനസ്സിലാവാത്തതിന്റെ കുഴപ്പമാ. കൊണ്ടും കൊടുത്തും തന്നെയാ സൂര്യൻ ഇതുവരെ എത്തിയത്.
എന്തായാലും നിന്നെയൊക്കെ ഇനി ജീവനോടെ വിടാൻ ഉദ്ദേശിക്കുന്നില്ല ഞാൻ.”
“ഈ കെട്ടഴിച്ചു വിടെടാ നായെ…” ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ സനൽ അവന്റെ പിടിയിൽ നിന്നും രക്ഷപ്പെടനെന്നോണം കുതറി പിടഞ്ഞു.
സനലിന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ട് സൂര്യനവനെ മുറ്റത്തേക്ക് വലിച്ചിഴച്ചു. പെട്ടെന്നാണ് നീലിമയുടെ ഉറക്കെയുള്ള നിലവിളി ശബ്ദം സൂര്യൻ കേട്ടത്.
ഒരുവേള സൂര്യനൊന്ന് പകച്ചു. നീലിമയെ രതീഷ് എന്തോ ചെയ്തുവെന്ന് സൂര്യന് തോന്നി. സനലിനെ അവിടെയിട്ട് അവൻ ശബ്ദം കേട്ട ദിക്കിലേക്ക് പാഞ്ഞു.
പടിപ്പുര വഴി പുറത്തേക്കിറങ്ങി രക്ഷപ്പെടാനായിരുന്നു നീലിമ ശ്രമിച്ചത്. പക്ഷേ മുൻവാതിൽ വഴി അവളുടെ അടുത്തേക്ക് വേഗത്തിൽ ഓടി വന്ന രതീഷ് നീലിമയെ കടന്ന് പിടിക്കുകയായിരുന്നു.
ആരുടെയും കണ്ണിൽ പെടാതെ അവളെ പിക്കപ്പിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു അവന്റെ ലക്ഷ്യം. രതീഷിന്റെ കൈയ്യിൽ കിടന്ന് കുതറി പിടഞ്ഞ് അവൾ രക്ഷപ്പെടാൻ കിണഞ്ഞു പരിശ്രമിച്ചു. തന്നെക്കാൾ ബലവാനായ രതീഷിനൊപ്പം പിടിച്ചു നിൽക്കാൻ നീലിമയ്ക്ക് കഴിയുന്നില്ലായിരുന്നു. എങ്കിലും തന്നെകൊണ്ട് ആവും വിധം അവൾ പ്രതിരോധം തീർത്തു.
“ആരെ കണ്ടിട്ടാടി നീ കിടന്ന് നെഗളിക്കുന്നത്. നിന്നെ രക്ഷിക്കാൻ ഇവിടെ ഒരുത്തനും വരാൻ പോണില്ല.” കലിപൂണ്ട രതീഷ് അവളുടെ കവിളിൽ ആഞ്ഞൊരടി അടിച്ചു.
ഒരു നിലവിളിയോടെ കവിൾ പൊത്തിപ്പിടിച്ച് നീലിമ മണ്ണിലേക്ക് വീണു. രതീഷ് അവളെ നിലത്തൂടെ വലിച്ചിഴച്ച് വാനിന്റെ അടുത്തേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. അപ്പോഴേക്കും സൂര്യനും അങ്ങോട്ടേക്കെത്തി.
“രതീഷേ… എനിക്ക് ജീവനുണ്ടെങ്കിൽ അവളെ ഇവിടുന്ന് കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല. അവളെ വിടുന്നതാ നിനക്ക് നല്ലത്.”
“നിന്നെ കൊന്നിട്ടായാലും ഞാൻ മനസ്സിൽ തീരുമാനിച്ചത് നടത്തിയിരിക്കും സൂര്യാ.”
“എന്നെ കൊല്ലാൻ നീയൊരുത്തനെ കൊണ്ട് വന്നതല്ലേ. അവനിപ്പോ അടികൊണ്ട് ചതഞ്ഞു അകത്ത് കിടപ്പുണ്ട്.” സൂര്യൻ പരിഹാസത്തോടെ പറഞ്ഞു.
അത് കേട്ടതും രതീഷിന്റെ കണ്ണുകളൊന്ന് കുറുകി. അവൻ നീലിമയിലെ പിടി വിട്ട് എളിയിൽ തിരുകിയിരുന്ന കഠാരയുടെ പിടിയിൽ കയ്യമർത്തി അതവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തി. രതീഷിന്റെ ചലനങ്ങൾ ശ്രദ്ധിച്ച സൂര്യൻ അവന്റെ ആക്രമണത്തെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങൾ മനസ്സിൽ കണക്ക് കൂട്ടി.
ഇരുവരും പോര് കോഴികളെ പോലെ അന്യോന്യം നോക്കി കൊണ്ട് അൽപ്പ സമയം അനങ്ങാതെ നിന്നു. നീലിമ ഭയന്ന് വിറച്ച് മുറ്റത്തിന്റെ കോണിലേക്ക് ഒതുങ്ങി കൂടി.
തറവാടിന് ചുറ്റിനും രണ്ടാൾ പൊക്കത്തിൽ ചുറ്റ് മതിലായതിനാൽ അവിടെ നടക്കുന്ന രംഗങ്ങൾ ആർക്കും കാണാൻ കഴിയില്ല. പടിപ്പുര വാതിലും അടഞ്ഞു കിടക്കുകയാണ്. മുറ്റത്ത് നിന്നും പടിപ്പുര വരെ എത്താൻ അത്യാവശ്യം നല്ല ദൂരമുള്ളതിനാൽ വഴിയേ പോകുന്നവർക്ക് ഉള്ളിലെ കോലാഹലങ്ങൾ കേൾക്കാനും പറ്റില്ല.
സൂര്യന്റേം രതീഷിന്റേം നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ അവർ തമ്മിൽ ഒരു ഏറ്റുമുട്ടൽ നീലിമ പ്രതീക്ഷിച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ നല്ല അടിപിടിയായി.
പരസ്പരം വിട്ട് കൊടുക്കാൻ ഭാവമില്ലാതെ സൂര്യനും രതീഷും അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു. രതീഷിന്റെ കൈകരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സൂര്യൻ കുറച്ചു ബുദ്ധിമുട്ടി.
നിലത്ത് കിടന്ന് പിടിവലി നടത്തുന്നതിനിടയിൽ രതീഷ് സൂര്യന്റെ കഴുത്തിനു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാനൊരു ശ്രമം നടത്തി. ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലാണ് സൂര്യന് ഒരു ഇഷ്ടിക കൈയ്യിൽ തടഞ്ഞത്. പെട്ടന്നവൻ അതെടുത്തു രതീഷിന്റെ തലമണ്ട നോക്കി ഒരടി അടിച്ചു. ഇഷ്ടിക മൂന്ന് കഷ്ണമായി ചിതറുകയും രതീഷ് അലറി കൊണ്ട് തലയ്ക്കു കൈ കൊടുത്ത് മണ്ണിലേക്ക് ചരിഞ്ഞു വീഴുകയും ചെയ്തു. ആ കാഴ്ച കാണാനാവാതെ നീലിമ മുഖം തിരിച്ചു കളഞ്ഞു.
രതീഷിന്റെ ശിരസ്സ് പൊട്ടി ചോര ഒഴുകാൻ തുടങ്ങി. വേദന സഹിക്കാൻ പറ്റാതെ അവൻ പുഴുവിനെ പോലെ പിടഞ്ഞു. അതേസമയം കഴുത്തു തിരുമി കൊണ്ട് ശ്വാസം വലിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു സൂര്യൻ. അത് കണ്ടതും സൂര്യനോടുള്ള പകയിൽ രതീഷ് തന്റെ വേദന കടിച്ചമർത്തി എളിയിൽ തിരുകിയിരുന്ന കഠാര പുറത്തെടുത്ത് അവന്റെ വയറ്റിൽ കുത്തിയിറക്കി.
“ആ.. ആഹ്… അമ്മേ….” വയറും പൊത്തിപ്പിടിച്ച് സൂര്യൻ തറയിലേക്കിരുന്നുപോയി. രതീഷും അവന്റെ അടുത്തായി തളർന്നു വീണു.
“സൂര്യേട്ടാ…” കരച്ചിലോടെ നീലിമ സൂര്യന്റെ അടുത്തേക്ക് പാഞ്ഞു വന്നു.
ഒഴുകി പടരുന്ന ചോര… സൂര്യന്റെ കണ്ണുകൾ സാവധാനം അടഞ്ഞു. അവന്റെ ശിരസ്സ് മടിയിലെടുത്തു വച്ച് നീലിമ വാവിട്ട് കരഞ്ഞു.
അതേ സമയത്താണ് പടിപ്പുര വാതിൽ തുറന്ന് അഭിഷേകും സംഘവും അകത്തേക്ക് പ്രവേശിക്കുന്നത്….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…