സൗന്ദര്യയുടേത് അപകട മരണമല്ല, കൊലപാതകം; നടൻ മോഹൻ ബാബുവിനെതിരെ പരാതി

ദക്ഷിണേന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം. തെലുങ്ക് നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. മോഹൻ ബാബുവിനെതിരെ ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിൽ ഒരാൾ പരാതി നൽകി. സൗന്ദര്യയുടേത് അപകട മരണമായിരുന്നില്ലെന്നും കൊലപാതകമായിരുന്നുവെന്നും പരാതിയിൽ പറയുന്നു
സൗന്ദര്യ മരിച്ച് 21 വർഷമാകുമ്പോഴാണ് ഗുരുതര ആരോപണം ഉയരുന്നത്. ചിട്ടിമല്ലു എന്നയാളാണ് മോഹൻ ബാബുവിനെതിരെ പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയത്. മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഷംഷാബാദിലെ ജാൽപ്പള്ളിയിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതി വാങ്ങിയെന്നും ചിട്ടിമല്ലു ആരോപിച്ചു. 2004 ഏപ്രിൽ 17നാണ് സൗന്ദര്യ ചെറു വിമാനം തകർന്ന് മരിച്ചത്.