വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ഒഴിവാക്കിയെന്ന ആരോപണം തെറ്റെന്ന് എംവി ഗോവിന്ദൻ

മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചു
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായാണ് വിഎസിന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. സിപിഎം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
പ്രായപരിധിയെ തുടർന്ന് കേന്ദ്ര കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കാറുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്.