രോഹിതിന് സെഞ്ച്വറി, ഇന്ത്യ ഡിക്ലയർ ചെയ്തു; ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 394, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

രോഹിതിന് സെഞ്ച്വറി, ഇന്ത്യ ഡിക്ലയർ ചെയ്തു; ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 394, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 323 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 72 റൺസിന്റെ ലീഡുണ്ടായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 395 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.

രണ്ടാമിന്നിംഗ്‌സിൽ അതിവേഗത്തിലുള്ള സ്‌കോറിംഗാണ് ഇന്ത്യൻ ബാറ്റ്്‌സ്മാൻമാർ നടത്തിയത്. മായങ്ക് അഗർവാളിനെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും രോഹിതും പൂജാരയും ചേർന്ന് സ്‌കോർ 190 വരെ എത്തിച്ചു. പൂജാര 81 റൺസെടുത്ത് പുറത്തായി. സ്‌കോർ 239 ൽ നിൽക്കെ രോഹിത് 127 റൺസിന് വീണു. 149 പന്തിൽ ഏഴ് സിക്‌സും 10 ഫോറും സഹിതമാണ് രോഹിത് 127 റൺസ് എടുത്തത്.

പൂജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ജഡേജ 32 പന്തിൽ മൂന്ന് സിക്‌സ് സഹിതം 40 റൺസുമായി മടങ്ങി. കോഹ്ലി 25 പന്തിൽ 31 റൺസുമായും രഹാനെ 17 പന്തിൽ 27 റൺസുമായും പുറത്താകാതെ നിന്നു. ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുന്നതിന് മുമ്പുള്ള അവസാന പത്തോവറിൽ മാത്രം ഇന്ത്യ 83 റൺസാണ് അടിച്ചുകൂട്ടിയത്

നാലാം ദിനമായ ഇന്ന് 15 ഓവർ ദക്ഷിണാഫ്രിക്കക്ക് ബാറ്റ് ചെയ്യാൻ സാധിക്കും. വിജയലക്ഷ്യത്തിലേക്ക് നോക്കാതെ പരമാവധി സമനിലയാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. മറിച്ചാണെങ്കിൽ ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക് നീങ്ങും.

Share this story