ഒരു താരത്തിന് സ്ഥാനം നഷ്ടപ്പെടും; ടീം ഇന്ത്യയിൽ നിർണായക മാറ്റത്തിന് സാധ്യത

ഒരു താരത്തിന് സ്ഥാനം നഷ്ടപ്പെടും; ടീം ഇന്ത്യയിൽ നിർണായക മാറ്റത്തിന് സാധ്യത

പൂണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റത്തിന് സാധ്യത. മധ്യനിരയിൽ ഹനുമ വിഹാരിയെ മാറ്റി പകരം ഒരു പേസ് ബൗളറെ കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. പൂണെയിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണത്തിന് കോഹ്ലി ഒരുങ്ങുന്നത്. അങ്ങനെയെങ്കിൽ ഇഷാന്ത് ശർമക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് ഇന്ത്യൻ ടീമിലെത്തും.

ഓപ്പണിംഗ് സ്ഥാനത്ത് തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മായങ്ക് അഗർവാളിനും രോഹിത് ശർമയും ടീമിൽ സ്ഥാനം ഉറപ്പാണ്. മൂന്നാമനായി പൂജാരയും നാലാം നമ്പറിൽ കോഹ്ലിയും കളത്തിലിറങ്ങും. വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയാണ് അഞ്ചാം സ്ഥാനത്ത് ബാറ്റേന്തുക. ആറാം നമ്പറിലാണ് ഇന്ത്യ പ്രതീക്ഷിക്കുന്ന മാറ്റത്തിന് സാദ്ധ്യതയുള്ളത്. വിഹാരിയ്ക്ക് പകരം വിക്കറ്റ് കീപ്പർ സാഹയാകും കളിക്കുക.

സ്പിന്നർമാരായി ജഡേജയും അശ്വിനും തുടരും. ബൗൺസ് കുറഞ്ഞ പിച്ചിൽ ഉമേഷ് അപകടകാരിയാകുമെന്നാണ് ടീം ഇന്ത്യ വിലയിരുത്തുന്നത്. ഇതായിരിക്കും പൂണെയിലെ ടീം ഇന്ത്യുടെ ഒരേയൊരു മാറ്റം.

Share this story