ഒരു ഡബിൾ സെഞ്ച്വറി, ഒരു സെഞ്ച്വറി, മൂന്ന് അർധ സെഞ്ച്വറി; ഇന്ത്യ 601ന് ഡിക്ലയർ ചെയ്തു

ഒരു ഡബിൾ സെഞ്ച്വറി, ഒരു സെഞ്ച്വറി, മൂന്ന് അർധ സെഞ്ച്വറി; ഇന്ത്യ 601ന് ഡിക്ലയർ ചെയ്തു

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 601 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നായകൻ വിരാട് കോഹ്ലിയുടെ ഡബിൾ സെഞ്ച്വറിയും മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയും പൂജാര, രഹാനെ, ജഡേജ എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 59 റൺസിനാണ് രഹാനെ പുറത്തായത്. പിന്നാലെ എത്തിയ ജഡേജയും കോഹ്ലിയും ചേർന്ന് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇതിനിടെ കോഹ്ലി തന്റെ ഏഴാം ഇരട്ട ശതകം തികച്ചു. ഒരു സിക്‌സർ പോലുമില്ലാതെയാണ് കോഹ്ലി ഡബിൾ സെഞ്ച്വറി തികച്ചത്. എന്നാൽ ഇതിന് ശേഷം സ്‌കോറിംഗ് വേഗത കൂട്ടിയ അദ്ദേഹം രണ്ട് സിക്‌സറുകൾ പറത്തുകയും ചെയ്തു. 336 പന്തിൽ രണ്ട് സിക്‌സും 33 ഫോറും സഹിതം 254 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു

ജഡേജ 104 പന്തിൽ 91 റൺസെടുത്തു പുറത്തായി. ജഡേജ പുറത്തായതിന് പിന്നാലെ കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. എട്ട് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഒന്നാം ദിനം ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടിരുന്നത്. 108 റൺസെടുത്ത മായങ്കും 14 റൺസെടുത്ത രോഹിത് ശർമയും 58 റൺസെടുത്ത പൂജാരുമാണ് ആദ്യ ദിനം പുറത്തായത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. റൺസൊന്നുമെടുക്കാതെ മർക്രാമാണ് പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. നിലവിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസ് എന്ന നിലയിലാണ്.

Share this story