കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിൽ രോഹിത് ശർമ; ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിൽ രോഹിത് ശർമ; ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ രോഹിത് ശർമക്ക് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ കുതിപ്പ്. 722 പോയിന്റുമായി രോഹിത് പത്താം റാങ്കിലെത്തി. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിലാണ് രോഹിത് എത്തിയത്.

മൂന്ന് ടെസ്റ്റുകളിൽ നിന്നായി ഒരു ഇരട്ട സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും സഹിതം 525 റൺസാണ് താരം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. റാഞ്ചി ടെസ്റ്റിന് മുമ്പ് വരെ ടെസ്റ്റ് റാങ്കിംഗിൽ 22ാം സ്ഥാനത്തായിരുന്നു രോഹിത്. ഇരട്ട ശതകത്തോടെ 12 സ്ഥാനങ്ങൾ കയറി പത്താം റാങ്കിലെത്തുകയായിരുന്നു. ഏകദിനത്തിൽ രണ്ടാം റാങ്കിലും ടി20യിൽ എട്ടാം സ്ഥാനത്തുമാണ് രോഹിതുള്ളത്.

ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അജിങ്ക്യ രഹാനെ അഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം റാഞ്ചി ടെസ്റ്റിൽ തിളക്കം മങ്ങിയത് കോഹ്ലിയുടെ പോയിന്റ് നിലയെ ബാധിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 937 പോയിന്റും കോഹ്ലിക്ക് 926 പോയിന്റുമാണുള്ളത്. അതേസമയം ഒമ്പതാം സ്ഥാനത്ത് നിന്നുമാണ് രഹാനെ അഞ്ചാം റാങ്കിലേക്ക് കയറിയത്. പൂജാര നാലാം സ്ഥാനത്ത് തുടരുകയാണ്.

 

Share this story