31ാം ഓവറിൽ ബംഗ്ലാദേശ് 106ന് പുറത്തായി; അശ്വിനെ പന്തെറിയാൻ വിടാതെ പേസർമാർ തന്നെ തീർത്തു

31ാം ഓവറിൽ ബംഗ്ലാദേശ് 106ന് പുറത്തായി; അശ്വിനെ പന്തെറിയാൻ വിടാതെ പേസർമാർ തന്നെ തീർത്തു

കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ഡേ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായി. 30.3 ഓവർ മാത്രമാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചുനിൽക്കാനായത്. ഒരാൾ റിട്ട. ഹർട്ടായതിനെ തുടർന്ന് 12 ബാറ്റ്‌സ്മാൻമാർ ക്രീസിലെത്തിയെങ്കിലും ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല

നാല് പേരാണ് ബംഗ്ലാദേശ് നിരയിൽ പൂജ്യത്തിന് പുറത്തായത്. മൂന്ന് പേർ മാത്രമാണ് രണ്ടക്കം തികച്ചത്. ഇതിൽ 29 റൺസെടുത്ത ഓപണർ ഷാദ്മാൻ ഇസ്ലാമാണ് ടോപ് സ്‌കോറർ. ലിറ്റൻ ദാസ് 24 റൺസും നയീം ഹസൻ 19 റൺസുമെടുത്തു.

അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമയുടെ പ്രകടനമാണ് ബംഗ്ലാ നിരയുടെ മുട്ടൊടിച്ചത്. 12 ഓവറിൽ 22 റൺസ് മാത്രം വിട്ടുനൽകിയാണ് ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഉമേഷ് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി 2 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ ഒരോവർ മാത്രമെറിഞ്ഞപ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയിലെ സ്റ്റാർ സ്പിന്നർ അശ്വിന് പന്തെടുക്കേണ്ട അവസരം പോലും വന്നില്ല

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 3 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിലാണ്. 10 റൺസുമായി മായങ്ക് അഗർവാളും 7 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ

 

Share this story